വിധവകള്‍ ശുഭ്രവസ്ത്രം ധരിച്ച് അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് ഹൈന്ദവ ബ്രാഹ്മണ്യം അനുശാസിക്കുന്നത്. എന്നാല്‍, അചിന്ത്യമായൊരു സംഭവവികാസമാണ് ഈയിടെ വൃന്ദാവനില്‍ അരങ്ങേറിയത്. നാലു നൂറ്റാണ്ടായി തുടരുന്ന വിലക്കുകളും പതിവുകളും മാറ്റിവെച്ച് വലിയൊരു സംഘം വിധവകള്‍ ഹോളി ആഘോഷത്തില്‍ പങ്കാളികളായി.
പരസ്പരം ചായങ്ങളൊഴിച്ച് അവര്‍ സമത്വത്തിന്‍െറയും സ്നേഹത്തിന്‍െറയും വര്‍ണമേളത്തില്‍ ഏക മനസ്കരായി. ശ്ളാഘനീയമായ പരിവര്‍ത്തനം എന്ന് ന്യായമായും ഇതിനെ വിലയിരുത്താം. എന്നാല്‍, സംഭവത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ദേശീയ മാധ്യമങ്ങള്‍ തയാറായില്ല. ഹൈന്ദവ സമുദായത്തില്‍ വിധവകള്‍ക്ക് വലിയ സാമൂഹിക സ്ഥാനം ലഭിക്കാറില്ല. അവരെ അശുഭകാരിണികളായി ചിലര്‍ പഴിക്കുമ്പോള്‍ വര്‍ണവസ്ത്രങ്ങള്‍ അണിയുന്നത് മറ്റുചിലരും വിലക്കുന്നു. അവര്‍ക്ക് സാധാരണ ജീവിതം നയിക്കാമെന്നാണ് ഋഗ്വേദമൊഴി. എന്നാല്‍, പൗരോഹിത്യത്തിന്‍െറ വിലക്കുകള്‍ വിധവകളെ വരിഞ്ഞുമുറുക്കിയിരിക്കുന്നു.
മുന്‍വിധികളില്‍നിന്നും വിലക്കുകളില്‍നിന്നും വിധവകളെ വിമോചിപ്പിക്കുന്നതിനുള്ള ഭരണഘടനാപരവും നിയമപരവുമായ നീക്കങ്ങളും പരാജയപ്പെടുക തന്നെയായിരുന്നു. എന്നാല്‍, ബ്രാഹ്മണ പൗരോഹിത്യത്തിന്‍െറ തീട്ടൂരങ്ങളെ ചോദ്യംചെയ്യാനുള്ള സാഹസിക ധീരതയാണ് വൃന്ദാവനിലെ വിധവകള്‍ ഹോളി ആഘോഷത്തില്‍ അണിനിരന്ന് പ്രകടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രപ്രവേശത്തിനുവേണ്ടി ഹൈന്ദവ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റത്തിന് സമാനമായ നീക്കമാണിതെന്ന് പറയാം. ഫാഷിസ്റ്റ് ശക്തികള്‍ മതേതരത്വ ചട്ടക്കൂട് തകര്‍ക്കാന്‍ മുതിരുമ്പോള്‍ മതേതരത്വത്തെ ബലപ്പെടുത്തുന്ന പ്രകടനമാണ് വിധവകള്‍ കാഴ്ചവെച്ചത്.
എല്ലാതരം വിശ്വാസികള്‍ക്കും ഒരേ പരിഗണനയും സ്വാതന്ത്ര്യവും നല്‍കുന്നതാകണം മതേതരത്വം. എന്നാല്‍, ന്യൂനപക്ഷങ്ങളെയും എതിരഭിപ്രായം വെച്ചുപുലര്‍ത്തുന്നവരെയും ബഹുതലങ്ങളില്‍ ഒറ്റപ്പെടുത്താനും കുരുക്കാനുമുള്ള യത്നങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായിരിക്കുന്നു. രാജ്യത്തെ അമ്മയായി കണ്ട് ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യമുയര്‍ത്തില്ളെന്ന് പ്രഖ്യാപിച്ച ന്യൂനപക്ഷ സമുദായാംഗത്തെ സഭയില്‍നിന്ന് പുറത്താക്കിയ സംഭവം ഈയിടെ മഹാരാഷ്ട്രയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനഗണമന എന്ന ദേശീയഗാനംപോലെയോ സാരേ ജഹാംസേ അച്ചാ എന്ന ദേശഭക്തിഗാനം പോലെയോ പ്രാധാന്യം കല്‍പിക്കേണ്ട വാക്യമല്ല ‘ഭാരത് മാതാ കീ ജയ്’ എന്ന കാര്യം ഓരോ പൗരനും ചിന്തിക്കേണ്ടിയിരിക്കുന്നു.
അഭിപ്രായ -വിശ്വാസ സ്വാതന്ത്ര്യത്തെ മൗലികാവകാശമായി ഇന്ത്യന്‍ ഭരണഘടന അസന്ദിഗ്ധമായി പ്രഖ്യാപിച്ചുവെന്ന വസ്തുതയും നിഷേധിക്കാനാകില്ല. സ്വാഭിപ്രായങ്ങള്‍ മറ്റൊരാള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യവിരുദ്ധമല്ളേ. തീവ്രദേശീയതക്കുവേണ്ടിയുള്ള അനാവശ്യ വ്യഗ്രതകള്‍ തകൃതിയായി തുടരുന്നതിനിടയില്‍ ഭഗത്സിങ്ങിന്‍െറ രക്തസാക്ഷിത്വദിനം പാടേ വിസ്മരിക്കപ്പെട്ടു.
ഒരുപക്ഷേ, ഹിന്ദുത്വത്തിന് ഊന്നല്‍ നല്‍കുന്ന അധികാരശക്തികളുടെ വാഴ്ചയില്‍ ഭഗത്സിങ്ങിനെപ്പോലുള്ള നിരീശ്വര വിശ്വാസികള്‍ അവഗണിക്കപ്പെടുന്നത് സ്വാഭാവികമാകാം. സ്വതന്ത്ര ചിന്താഗതിക്കാരെ അമര്‍ച്ചചെയ്യാനുള്ള നീക്കങ്ങള്‍ ജനാധിപത്യത്തിന്‍െറ തകര്‍ച്ചയിലേക്കാണ് രാജ്യത്തെ നയിക്കുക.
ദലിതരോടും ഇതര കീഴാള വിഭാഗങ്ങളോടുമുള്ള നിഷേധാത്മക നയം തുടരുന്നത് എന്തിനെന്ന പുനരാലോചനക്ക് ഹിന്ദുസമുദായം തയാറാകേണ്ടിയിരിക്കുന്നു. പശുക്കളെക്കാള്‍ താഴ്ന്ന സ്ഥാനമാണ് കീഴാളര്‍ക്ക് ഇന്ത്യയില്‍ ലഭിച്ചുവരുന്നത്. ദലിതന്‍ കൊല്ലപ്പെടുന്നതിനെക്കാള്‍ പശു കൊല്ലപ്പെടുന്നതാണ് ചിലര്‍ക്ക് കൂടുതല്‍ വേദനാജനകമായിത്തീരുന്നത്.
ദലിത് വിവേചനം അവസാനിപ്പിക്കാന്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്ന ആര്‍.എസ്.എസുകാര്‍ എന്തുകൊണ്ട് തയാറാകുന്നില്ല? നൂറ്റാണ്ടുകളായി ഹിന്ദുസമൂഹങ്ങളില്‍ ഈ ഉച്ചനീചത്വം നിലനില്‍ക്കുന്നു. എന്നാല്‍, മുസ്ലിംകള്‍ക്കിടയില്‍ ഇത്തരം അയിത്തസമ്പ്രദായമില്ല. അവര്‍ പള്ളികളിലും ഭോജനശാലകളിലും ഒരുമിച്ച് പ്രാര്‍ഥിക്കുന്നു, ആഹരിക്കുന്നു.
എന്നാല്‍, ഇന്ത്യന്‍ മുസ്ലിംകളിലെ സയ്യിദുമാര്‍ ബ്രാഹ്മണരെപ്പോലെ ആഢ്യസ്വഭാവം പ്രകടിപ്പിക്കുന്നതായി ആരോപണമുണ്ട്. ഇസ്ലാമിന്‍െറ പൊതുസ്വഭാവത്തിന് നിരക്കാത്ത അപവാദമായിരിക്കും ഇത്. ഹിന്ദു സമ്പ്രദായങ്ങള്‍ ചെലുത്തിയ ദു$സ്വാധീനമാണിതെന്നും ചില മുസ്ലിംകള്‍ ചൂണ്ടിക്കാട്ടുന്നു. സ്വയം വിഭാവനംചെയ്യുന്ന സ്വാതന്ത്ര്യസങ്കല്‍പത്തിന് നിരക്കാത്ത ചില വരട്ടുസിദ്ധാന്തങ്ങളുടെ തടവറയിലാണിപ്പോള്‍ ഹിന്ദുമതം. ഹിന്ദുമതത്തെ സങ്കുചിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ദശകങ്ങളായി ആര്‍.എസ്.എസ് തുടരുകയും ചെയ്യുന്നു. രാജ്യത്ത് സഹിഷ്ണുത മുമ്പില്ലാത്തവിധം അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു.
ബംഗ്ളാദേശില്‍നിന്ന് പുറത്താക്കപ്പെട്ട വിവാദ എഴുത്തുകാരി തസ്ലീമ നസ്റീന്‍െറ വാക്കുകള്‍ ചിന്തോദ്ദീപകമാണ്. ഇന്ത്യയില്‍ സഹിഷ്ണുത നിലനില്‍ക്കുന്നുവെന്നാണ് അവരുടെ വാദം. സഹിഷ്ണുതയില്ലായിരുന്നുവെങ്കില്‍ വര്‍ഗീയ കലാപത്താല്‍ ജനങ്ങള്‍ തല്ലിത്തല്ലി ഒടുങ്ങിപ്പോകുമായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍, ഹിന്ദുക്കളും മുസ്ലിംകളും ഇന്ത്യയില്‍ പലയിടത്തും രണ്ടു ദേശങ്ങള്‍പോലെയാണ് കഴിയുന്നത് എന്ന യാഥാര്‍ഥ്യം വിസ്മരിക്കുകയാണ് ഈ എഴുത്തുകാരി. പല സ്ഥലത്തും ഇരു സമുദായങ്ങളുടെയും സാമൂഹികബന്ധങ്ങള്‍ നിലച്ചുപോയതായും കാണാം.
എന്‍െറ ചെറുപ്പകാലത്ത് ഇതായിരുന്നില്ല സ്ഥിതി. മുസ്ലിംകളും അമുസ്ലിംകളും പരസ്പരം സന്ദര്‍ശിച്ചു. ഈദും ഹോളിയും ദീപാവലിയും ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. വിഭജനത്തോടെ ഈ സാഹോദര്യാന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ഇപ്പോഴാകാട്ടെ, പരസ്പര അകലങ്ങള്‍ക്ക് ദൂരം കൂടിക്കൊണ്ടേയിരിക്കുന്നു. വിഭജനം മികച്ച പരിഹാരമായി കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് ജിന്നയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘അറിയില്ല. കാലം അതിന് ഉത്തരം നല്‍കുമായിരിക്കും.’ ഇരുസമുദായങ്ങളെയും കൂടുതല്‍ ഒരുമിപ്പിക്കുന്ന പാലമാകാന്‍ വിഭജനത്തിന് സാധിച്ചില്ല എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് ആര്‍ക്കും ഒളിച്ചോടാനാകില്ല. നമ്മെ ഒരുമിപ്പിക്കുന്ന മറ്റു പോംവഴികള്‍ ആരായേണ്ട സമയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.