കേരളത്തില്‍ ആയിരത്തിനടുത്ത് ആരോഗ്യകേന്ദ്രങ്ങളുണ്ട്. ഇവ പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം എന്നിങ്ങനെ അറിയപ്പെടുന്നു. ജനസംഖ്യാനുപാതികമായി സൃഷ്ടിച്ച ഈ ആരോഗ്യകേന്ദ്രങ്ങളാണ് മിക്കവാറും എല്ലാ പ്രോജക്ടുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചിത്വം, മലിനീകരണം, മാതൃ-ശിശുസംരക്ഷണം, പോഷകാഹാര പദ്ധതികള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നിങ്ങനെയുള്ള എല്ലാ ആരോഗ്യ ദൗത്യങ്ങളും സാക്ഷാത്കരിക്കുന്നത്. അതിനാല്‍, ആരോഗ്യരംഗത്തെ പുനരുദ്ധാരണത്തില്‍ ആരോഗ്യകേന്ദ്രങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന ഒരു ആശയം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി പരിഷ്കരിക്കുക എന്നതാണ്. ഇത് തീര്‍ച്ചയായും നല്ളൊരു ആശയമാണ്. എന്നാല്‍, ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ സങ്കീര്‍ണമാണെന്ന് കാണണം. പേരില്‍വരുന്ന മാറ്റം പ്രവര്‍ത്തനത്തിലും സേവനത്തിലും ഉള്ള രൂപാന്തരീകരണമാവില്ലല്ളോ. തുടക്കത്തില്‍തന്നെ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയും ഈ ലിങ്ക് അടുത്ത തലത്തിലുള്ള ആശുപത്രികളുമായി പങ്കിടാനുള്ള സംവിധാനം ഒരുക്കുകയും വേണം. താലൂക്ക്, ജില്ലാ ആശുപത്രികളിലെ ചികിത്സകള്‍ എല്ലാംതന്നെ പ്രാഥമിക കേന്ദ്രങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തതിന്‍െറ അടിസ്ഥാനത്തിലാകണമെന്ന നിയമസംവിധാനം കൂടിയായാലേ ഈ ശൃംഖലക്ക് പ്രവര്‍ത്തനക്ഷമത കൈവരിക്കാനാകൂ. ചികിത്സാ ചെലവിന്‍െറ റിഇംബേഴ്സ്മെന്‍റ്, സബ്സിഡി മുതലായവയും ഇത്തരം ലിങ്കിങ് പദ്ധതിയിലൂടെ നടപ്പാക്കിയാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യമുണ്ടാകും. ഇത് ഇപ്പോള്‍തന്നെ ബ്രിട്ടന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷിച്ചുപോരുന്നുണ്ട്.
ഇത്തരം സംവിധാനത്തില്‍ താലൂക്ക്, ജില്ല ആശുപത്രികള്‍ പ്രത്യേകതരം വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം. മാത്രമല്ല, അത്യാഹിതവിഭാഗം (Emergency Medicine) എന്ന പുതിയ വിശേഷസേവനം (Speciality) മുന്‍ നിശ്ചയിക്കപ്പെട്ട താലൂക്കുതല ആശുപത്രികളിലെങ്കിലും ഉറപ്പാക്കേണ്ടതുണ്ട്. പറയുമ്പോള്‍ എളുപ്പമായി തോന്നാമെങ്കിലും വളരെ പണച്ചെലവുള്ള പദ്ധതിയാവുമിത്. പലതരം ജനപങ്കാളിത്ത മോഡലുകള്‍ ചര്‍ച്ചചെയ്യപ്പെടാവുന്നതാണ്; ഒരുപക്ഷേ, അപ്രകാരം മാത്രമേ പൂര്‍ണമായ മാറ്റം സാധ്യമാവൂ.
ആരോഗ്യകേന്ദ്രങ്ങളിലെ ഉദാസീനതയും ഇച്ഛാഭംഗവും മാറ്റി സചേതനമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെനിലയില്‍ ലഘുഭേദഗതികളിലൂടെ ഇതു സാധ്യമല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും സംസ്ഥാന ആരോഗ്യവകുപ്പില്‍നിന്ന് വിഭജിച്ച് പുതിയ പബ്ളിക് ഹെല്‍ത്ത് വകുപ്പ് സൃഷ്ടിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. ഇങ്ങനെയായാല്‍ ആരോഗ്യകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് പുതിയ കരിയര്‍ സാധ്യതയുണ്ടാകുകയും വകുപ്പ് അധ്യക്ഷന്‍ വരെയുള്ള തസ്തികകളിലേക്ക് മുന്നേറാനാകുകയും ചെയ്യും. അടിസ്ഥാനപരമായി ഇത് ലക്ഷ്യമിടുന്നത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ തസ്തിക ഒരു തൊഴില്‍ എന്നതില്‍നിന്ന് ഒരു കരിയര്‍ (Career) എന്നതിലേക്ക് മാറ്റുക എന്നതാണ്. അപ്പോള്‍ അവര്‍ക്ക് ആദ്യവര്‍ഷം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യവികസനം, മാനേജ്മെന്‍റ് ശിക്ഷണം, പ്രോജക്ട് നടപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനംനല്‍കി ഈ മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കും. ക്രമേണ പൊതുജനാരോഗ്യമേഖലയിലെ തന്ത്രജ്ഞരായും (Strategists), ആസൂത്രകരായും (Planners) പ്രവര്‍ത്തിക്കാന്‍ കെല്‍പുള്ള ഒരു തിങ്ക്ടാങ്ക് (think tank) രൂപപ്പെട്ടുവരുമെന്നതില്‍ സംശയമില്ല. പില്‍ക്കാലത്തെ കേരള മോഡലായി വരാവുന്നതാണിത്.
ഈ രംഗത്തെ മറ്റൊരു പ്രശ്നം ആരോഗ്യകേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ സാധ്യത തുറക്കപ്പെട്ടില്ല എന്നതാണ്. ഇപ്പോള്‍ ലഭ്യമായ അവസരം ക്ളിനിക്കല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം സമ്പാദിച്ച് സമ്പൂര്‍ണ പ്രാക്ടിസ് ഏറ്റെടുക്കുകയോ ആശുപത്രികളിലേക്ക് മാറുകയോ സ്വകാര്യസ്ഥാപനങ്ങളിലേക്ക് പോകുകയോ ആണ്. പൊതുജനാരോഗ്യ വൈദ്യശാസ്ത്രം (Community Medicine) എന്ന പി.ജി പഠനം ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അത് തുലോം ദുര്‍ലഭവും മെഡിക്കല്‍ കൗണ്‍സില്‍ നിയന്ത്രിക്കുന്നതുമാണ്. ഇതില്‍ ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ പൊതുവേ ഭരണകേഡര്‍ തെരഞ്ഞെടുക്കുകയാണ് പതിവ്. പകരം പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്കുതകും വിധം പബ്ളിക് ഹെല്‍ത്ത് മെഡിസിന്‍ വികസിപ്പിക്കേണ്ടതുണ്ട്.
ഈ മേഖലയില്‍ എം.ഫില്‍, പിഎച്ച്.ഡി, എം.ബി.എ എന്നീ ബിരുദങ്ങള്‍ നേടാനുള്ള സാഹചര്യം ഒരുക്കുകയാണ് ഒരു പോംവഴി. ഇന്നത്തെ പൊതുജനാരോഗ്യം ഒരു ഇന്‍റര്‍ ഡിസിപ്ളിനറി വിഷയമായി പരിണമിച്ചു. അതിനാല്‍ സാമൂഹികശാസ്ത്രം, നരവംശ ശാസ്ത്രം, ആരോഗ്യം, മെഡിസിന്‍, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ഒരു സമ്മിശ്ര ശാസ്ത്രമായാണ് പൊതുജനാരോഗ്യം ഇന്ന് നിലകൊള്ളുന്നത്. കേരളത്തിലെ മിക്ക സര്‍വകലാശാലകളിലും പൊതുജനാരോഗ്യം (Public Health), ആരോഗ്യശാസ്ത്രം (Health science) എന്നീ ഡിപ്പാര്‍ട്മെന്‍റുകള്‍ ഇപ്പോള്‍തന്നെ നിലവിലുണ്ട്. ഇഗ്നോ ആരോഗ്യശാസ്ത്ര പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ പഠനം നടത്തി പിഎച്ച്.ഡി പ്രബന്ധങ്ങള്‍ ഇപ്പോള്‍തന്നെ പലരും നടത്തിവരുന്നുമുണ്ട്. ഈ രീതി മറ്റു മേഖലയിലുള്ള ഡോക്ടര്‍മാര്‍ക്കും തുറന്നുകൊടുത്താല്‍ അവര്‍ ചെയ്യുന്ന ബൃഹത്തായ പ്രയത്നത്തിന് അംഗീകാരമാകുകയും ആരോഗ്യരംഗത്തെക്കുറിച്ചുള്ള അനേകം പ്രബന്ധങ്ങള്‍ മെഡിക്കല്‍ പരിജ്ഞാനമുള്ളവരില്‍നിന്ന് പുറത്തുവരുകയും ചെയ്യും. ഇത്തരം പഠനങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങളുടെ പരിധിക്കുപുറത്തായതിനാല്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ഭീതിക്കും സ്ഥാനമില്ല.
സേവനരംഗത്തെ ഏറ്റവും പ്രധാന മൂലധനം അതില്‍ നിക്ഷേപിക്കുന്ന പണമോ ഭൗതികസാമഗ്രികളോ മാത്രമല്ല, മാനവശേഷികൂടിയാണ്. ഈ രീതിയില്‍ പരിഷ്കരിക്കപ്പെട്ട പൊതുജനാരോഗ്യ വിഭാഗത്തിന് ധിഷണയും സര്‍ഗാത്മകതയുമുള്ള പ്രഫഷനലുകളെ ആകര്‍ഷിക്കാനാവും. അവര്‍ക്കുമാത്രമേ വ്യത്യസ്തവും സുവ്യക്തവുമായി ചിന്തിക്കാനും പ്രശ്നങ്ങളെ സമീപിക്കാനുമാകൂ. അവര്‍ക്ക് മാത്രമേ സാമ്പ്രദായികമായ പരിഹാര ഫോര്‍മുലകളെ വെല്ലുവിളിക്കാനുള്ള കെല്‍പുണ്ടാകൂ. കേരളത്തിലിപ്പോള്‍ കോളറ കണ്ടത്തെിയത് ജലസമൃദ്ധമായ ആലപ്പുഴയിലോ ഫാല്‍സിപ്പാരം മലേറിയ കണ്ടത്തെിയത് കൊതുക് ധാരാളമുള്ള കൊച്ചിയിലോ അല്ല. അപ്പോഴാണ് ധിഷണ എന്ന ഉപകരണം ആവശ്യമായിവരുന്നത്.
പൊതുജനാരോഗ്യ മേഖലയിലെ സംഘര്‍ഷത്തിന് മറ്റൊരു കാരണം ഉപഭോക്താക്കളായ ജനങ്ങളുടെ പ്രതീക്ഷയും ആരോഗ്യകേന്ദ്രങ്ങളിലെ സേവനലഭ്യതയും തമ്മിലുള്ള പൊരുത്തക്കേടാണ്. ഘടനാപരമായ മാറ്റങ്ങളിലൂടെ ഇതിന് വലിയൊരളവില്‍ പരിഹാരമുണ്ടാക്കാവുന്നതാണ്. സുശക്തമായ ആംബുലന്‍സ് സര്‍വിസാണ് സുപ്രധാനം. ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിലെ ആശുപത്രികളിലേക്ക് കാലതാമസമില്ലാതെ രോഗികളെ എത്തിക്കാനാവുമെന്ന വിശ്വാസം ഈ കേന്ദ്രങ്ങളിലെ സേവനം കാര്യക്ഷമമാക്കും. ഇ-ഹെല്‍ത്ത് പ്രാവര്‍ത്തികമാക്കുന്നതോടെ വലിയൊരളവില്‍ ആരോഗ്യകേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാവണം. ഉദാഹരണത്തിന് പ്രൈമറി കെയര്‍ ആപ് (Primary care app) എന്ന ഒരു ലളിതമായ ആപ്ളിക്കേഷന്‍ വഴി ജനങ്ങള്‍ക്ക് നിശ്ചിത സമയങ്ങളില്‍ തങ്ങളുടെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാനോ റിസല്‍ട്ടുകള്‍ കൈമാറാനോ ആവര്‍ത്തന പ്രിസ്ക്രിപ്ഷന്‍ ലഭിക്കാനോ സാധ്യമാകും. മൊബൈല്‍ ഫോണ്‍ സര്‍വസാധാരണമായ ഇക്കാലത്ത് ഇത്തരം സേവനം 20 ശതമാനം പേരെങ്കിലും ഉപയോഗിക്കുമെന്നു തീര്‍ച്ച. മൂന്നാമതായി ജന്‍ ഒൗഷധി പദ്ധതി പ്രകാരമുള്ള മരുന്നു കടകള്‍ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തുടങ്ങുക എന്നതാണ്. ഇപ്പോള്‍ തന്നെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സൊസൈറ്റികള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ സഹായിക്കുന്നപക്ഷം ഇവര്‍ക്ക് ജന്‍ ഒൗഷധി പ്രകാരം കുറഞ്ഞ വിലക്ക് ജനറിക് ഒൗഷധങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവും.
നമ്മുടെ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എന്നിവയാണ് ആരോഗ്യത്തിന്‍െറ അടിസ്ഥാന ശില. ആരോഗ്യത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നുവെന്ന ഉറപ്പ് പൗരാവകാശമായി കാണുന്നകാലം വിദൂരമല്ല. കേരളം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ വക്കിലാണെന്ന് അടുത്തിടെ പുറത്തുവരുന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാലാണ് ആരോഗ്യകേന്ദ്രങ്ങള്‍ ഗവേഷണ സ്ഥാപനങ്ങള്‍ കൂടിയാകണം എന്ന നിലപാടിലേക്ക് നാം എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.