പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അപക്വവും അനവസരത്തിലുള്ളതുമായ പ്രസ്താവനയോടെ, തേടി നടന്ന വള്ളി കാലില്‍ തടഞ്ഞ ആഹ്ലാദത്തിലാണ് പിണറായി സര്‍ക്കാര്‍. ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയ യു.ഡി.എഫ് സര്‍ക്കാറിന്‍െറ ‘പോഴത്തം’ തിരുത്താന്‍ വഴിതേടി നടക്കുകയായിരുന്നു ഇടതുമുന്നണി. മദ്യസാമ്രാട്ടുകളുടെയും അബ്കാരി രാജാക്കളുടെയും ഉദാരമായ സഹായം കൊണ്ടാണ് ഇടതുമുന്നണിക്ക് ഇലക്ഷനെ വിജയകരമായി അതിജീവിക്കാന്‍ സാധിച്ചതെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചതില്‍ ശരിയുണ്ടെങ്കിലും ഇല്ളെങ്കിലും ധനക്കമ്മി കൊണ്ട് പൊറുതിമുട്ടുന്ന പുതിയ സര്‍ക്കാര്‍ പ്രതിസന്ധി നേരിടാന്‍ മദ്യത്തിലാണ് കണ്ണുവെച്ചതെന്ന കാര്യം രഹസ്യമല്ല. മദ്യനിരോധമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ അജണ്ട എന്ന് ഇലക്ഷന്‍ മാനിഫെസ്റ്റോയിലും പുറത്തും പറഞ്ഞുവെച്ചതും കൂടുതല്‍ ശക്തമായി ഇപ്പോള്‍ ആവര്‍ത്തിക്കുന്നതും മദ്യത്തിന്‍െറ ഉല്‍പാദനവും വില്‍പനയും കൂടുതല്‍ ഉദാരമാക്കാനാണെന്ന് സാമാന്യ ബുദ്ധിയുള്ളവരൊക്കെ മനസ്സിലാക്കിയതാണ്.
അടുത്ത ഏപ്രിലോടെ പ്രഖ്യാപിക്കാനിരിക്കുന്ന പിണറായി സര്‍ക്കാറിന്‍െറ മദ്യനയം മദ്യത്തിന്‍െറ ലഭ്യത കുറക്കാനല്ല, പരമാവധി വര്‍ധിപ്പിക്കാനും സുഗമമാക്കാനുമാണെന്നതും വ്യക്തം. അതുപക്ഷേ, പരസ്യമായി പറയാന്‍ മടിച്ചിരിക്കുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ തേന്മഴയായി വര്‍ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതില്‍ മദ്യനയവും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന സൂചനയാണ് രമേശ് കലാകൗമുദിയുമായുള്ള അഭിമുഖത്തില്‍ നല്‍കിയത്. ഒച്ചപ്പാടായപ്പോള്‍ അദ്ദേഹം തലകുത്തി മറിഞ്ഞെങ്കിലും ഇടതുസര്‍ക്കാറും നേതാക്കളും വിടാന്‍ തയാറല്ല. ഞങ്ങള്‍ ആദ്യമേ ചൂണ്ടിക്കാട്ടിയത് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവും സമ്മതിച്ചില്ളേ എന്ന മട്ടിലാണ് പ്രചാരണം.
വിനോദ സഞ്ചാര വകുപ്പിന്‍െറ ചുമതലയേറ്റ മന്ത്രി എ.സി. മൊയ്തീന്‍ വാദിക്കുന്നത് ടൂറിസം മേഖലയില്‍ മദ്യനിരോധംമൂലം കനത്ത തിരിച്ചടി നേരിടുന്നു എന്നാണ്. സംസ്ഥാനത്തിന്‍െറ മുഖ്യവരുമാനമാര്‍ഗം ടൂറിസമാണ് എന്നിരിക്കെ, വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സംഭവിക്കുന്ന കുറവ് സാമ്പത്തികരംഗം കൂടുതല്‍ വഷളാക്കും എന്നാണ് ടൂറിസം വകുപ്പിന്‍െറ മുന്നറിയിപ്പ്. അതിനാല്‍ ടൂറിസം പോയന്‍റുകളിലെങ്കിലും മദ്യം സുലഭമാക്കാന്‍ നടപടികളെടുക്കണമെന്നാണ് മന്ത്രിയുടെയും വകുപ്പിന്‍െറയും ആവശ്യം. (ആ പോയന്‍റുകള്‍ യഥാസമയം യഥേഷ്ടം വര്‍ധിപ്പിക്കാം.) ഈയാവശ്യത്തെ പിന്താങ്ങുന്ന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മറ്റ് രണ്ടു കാര്യങ്ങള്‍കൂടി ഊന്നിപ്പറയുന്നുണ്ട്. ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതുകൊണ്ട് വിവിധ ഭാഗങ്ങളിലൂടെ അനധികൃത മദ്യം സംസ്ഥാനത്തേക്ക് ഒഴുകുന്നു എന്നാണൊന്ന്.
മറ്റേത്, ബിവറേജ് കോര്‍പറേഷന്‍െറ ഒൗട്ട് ലെറ്റുകളില്‍ ക്യൂനിന്ന് കുഴയുന്ന വി.ഐ.പികളോടും വേണ്ടേ കരുണ കാണിക്കാന്‍ എന്ന ചോദ്യവും. അനധികൃത മദ്യക്കടത്ത് എക്കാലവും ഇവിടെ നടക്കുന്ന ഏര്‍പ്പാടാണ്. അത് തടയാന്‍ എക്സൈസ് വകുപ്പിനോ പൊലീസിനോ മറ്റു നിയമപാലകര്‍ക്കോ സാധിക്കാറില്ല; അവര്‍ക്കതില്‍ താല്‍പര്യവുമില്ല. ബാറുകള്‍ മുഴുവന്‍ തുറന്നാലും എണ്ണം കൂട്ടിയാലും വ്യാജ മദ്യവും മദ്യത്തിന്‍െറ കള്ളക്കടത്തും നടക്കും, സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും അത് തടയണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമില്ലെങ്കില്‍. ബിവറേജസ് ഒൗട്ട് ലെറ്റുകളിലെ നീണ്ട ക്യൂവില്‍ ‘ത്യാഗം സഹിച്ച്’ നിലയുറപ്പിക്കുന്നവര്‍ വി.ഐ.പികളോ മാന്യദേഹങ്ങളോ അല്ല, അവരുടെ കൂലിക്കാരും ബിനാമികളുമാണെന്ന് എക്സൈസ് മന്ത്രിക്ക് അറിയാതെയല്ല. സര്‍ക്കാര്‍ ആശുപത്രികളിലോ മാവേലി സ്റ്റോറുകളിലോ വില്ലേജ് ഓഫിസുകളിലോ ക്യൂ നിന്ന് വലയുന്ന ശരാശരി പൗരന്മാരോടില്ലാത്ത അനുഭാവവും സഹതാപവും കുടിയന്മാരോട് വേണമെന്നാണോ?
നഷ്ടത്തില്‍ മുങ്ങിയ കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷപ്പെടുത്താന്‍ അതിന്‍െറ തലപ്പത്ത് അവരോധിതനായ സ. മഹ്ബൂബിന്‍െറ കണ്ണും മദ്യത്തില്‍ തന്നെ. ഓണനാളുകളിലെ ലഹരിദാഹം തീര്‍ക്കാന്‍ ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യണമെന്നാണ് അധ്വാനവര്‍ഗത്തിന്‍െറ വിനീത വിധേയന്‍െറ ആവശ്യം. എന്നല്ല, എക്സൈസ് വകുപ്പ് മേധാവി ഋഷിരാജ് സിങ്ങിന്‍െറ തടസ്സവാദങ്ങള്‍ പരിഗണിക്കാതെ ഓണ്‍ലൈന്‍ മദ്യവില്‍പന ആരംഭിക്കുമെന്നു തന്നെ മഹ്ബൂബ് പറയുന്നു. പ്രായമോ മറ്റ് നിയന്ത്രണങ്ങളോ നോക്കാതെ എല്ലാവര്‍ക്കും എത്ര അളവിലും മദ്യം സപൈ്ള! അങ്ങനെ സാക്ഷാല്‍ സോവിയറ്റ് യൂനിയനെ അപ്രത്യക്ഷമാക്കിയ വോദ്ക വിപ്ലവം കേരനാട്ടിലും നടക്കട്ടെ. ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ച 2014നെക്കാള്‍ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചത് ബാറുകള്‍ക്ക് താഴ്വീണ 2015 ലാണെന്ന് -5.86 ശതമാനം- കണക്കുകള്‍ വ്യക്തമാക്കുമ്പോഴും മന്ത്രി മൊയ്തീന്‍െറ ശാഠ്യം മദ്യപാനത്തിന് വിപുലമായ സൗകര്യങ്ങളും സന്നാഹങ്ങളും ഏര്‍പ്പെടുത്തണമെന്നുതന്നെ.
സ്വന്തം നാടുകളില്‍ ആ സാധ്യത അസുലഭമായിരിക്കുമെന്നത് കൊണ്ടായിരിക്കുമല്ലോ ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നത്! അബ്കാരികളുടെ സ്വന്തം മൊയ്തീന്‍ എന്ന ഖ്യാതി സമ്പാദിക്കാനാണ് അദ്ദേഹത്തിന്‍െറ ശ്രമമെങ്കില്‍ നമ്മളതിന് തടസ്സം നില്‍ക്കേണ്ടതില്ല. പക്ഷേ, കുറഞ്ഞപക്ഷം ഒരാര്‍ജവമുള്ള നിലപാട് ധീരശൂര സഖാക്കളില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നു. ‘ആര് എതിര്‍ത്താലും 1967ല്‍ മുസ്ലിം, ക്രൈസ്തവ പ്രതിനിധികളെയടക്കം കൂട്ടി കേരളത്തിലെ മദ്യനിരോധം എടുത്തുകളഞ്ഞ ഇ.എം.എസ് സര്‍ക്കാറിന്‍െറ പിന്മുറക്കാരായ ഞങ്ങള്‍ ആബാലവൃദ്ധം ജനങ്ങള്‍ക്ക് മതിയാവോളം മദ്യം ലഭ്യമാക്കുന്ന ഉദാര നയവുമായി മുന്നോട്ടുപോവും, മൗലികവാദികളും സഭാ പിതാക്കളും കുരക്കട്ടെ!’ എന്ന ധീരമായ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.