രണ്ട് സോദ്ദേശ്യ കഥകള്‍

പൊതുവേ ഒരു തോന്നലുണ്ട്, പൊതുജനാരോഗ്യം എന്നാല്‍, ഒരുപറ്റം ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുകവഴി സാധ്യമാകുമെന്ന്. ഇവ ഇല്ലാതെ ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കാന്‍ സാധിക്കുകയില്ല എന്ന സത്യം മറക്കുന്നില്ല. എന്നാല്‍, ഇതോടൊപ്പം തുല്യപ്രാധാന്യം അര്‍ഹിക്കുന്നവയത്രെ സ്വതന്ത്രമായി ചിന്തിക്കാനും ധിഷണയും അനുഭവവും ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളില്‍ ഇടപെടാനുള്ള കഴിവും ആര്‍ജിച്ച് മാനവശേഷി വികസിപ്പിക്കുക എന്നതും. രണ്ട് അടിസ്ഥാന ചിന്താരീതി ഇതിന് ആവശ്യമാണ്. ഒന്ന്, പ്രശ്നാധിഷ്ഠിതമായി ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള കഴിവ്. രണ്ട്, ഏത് ചെറിയ കാര്യമാണെങ്കിലും ഗവേഷണരീതി ശാസ്ത്രം ഉപയോഗിക്കാനുള്ള പെരുമാറ്റരീതി (Research Methodology). ഇവ രണ്ടും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ശിക്ഷണത്തിലൂടെ ലഭ്യമാക്കേണ്ടതുണ്ട്.

ഡേവിഡ് ബോം (David Bohm) തന്‍െറ ‘പൂര്‍ണതയും സംശ്ളേഷിത വ്യവസ്ഥയും’ (Wholeness and the Implicate Order) എന്ന പുസ്തകത്തില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടതും പ്രശ്നപരിഹാരവും തമ്മിലുള്ള ബന്ധത്തെ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്‍െറ അഭിപ്രായത്തില്‍, ‘എല്ലാ ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും ഏറ്റവും നിര്‍ണായകമായ ചുവട് ശരിയായ ചോദ്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. അതിനാല്‍ ഏത് അന്വേഷണവും തുടങ്ങേണ്ടത് കൃത്യവും സ്പഷ്ടവുമായ ചോദ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ എന്ന വിശകലനത്തിലൂടെയാകണം. പല വലിയ കണ്ടുപിടിത്തങ്ങളും ആരംഭിച്ചിട്ടുള്ളത് തുലോം പഴയ ചോദ്യങ്ങളില്‍നിന്നുതന്നെയാണ് -പക്ഷേ, ആ ചോദ്യങ്ങളിലെ തെറ്റുകള്‍ കണ്ടത്തെുകയും പുതിയ ശരികളിലേക്ക് യാത്രചെയ്യുകയുമായിരുന്നു ഗവേഷകരുടെ രീതി’. ഈ തത്വം പ്രായോഗികതലത്തില്‍ എങ്ങനെയുണ്ടാവും എന്നുകാണിക്കുന്ന രണ്ട് അനുഭവകഥകള്‍ പരിഗണിക്കാം.

ഒരു ക്യൂബന്‍ കഥ

സോവിയറ്റ് യൂനിയന്‍ ശിഥിലമായ പശ്ചാത്തലത്തിലുണ്ടായ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി അങ്ങകലെ ക്യൂബ എന്ന രാജ്യത്തിന്‍െറ ആരോഗ്യനിലയെ ബാധിച്ചതെങ്ങനെയാണ്? തൊണ്ണൂറുകളുടെ തുടക്കത്തില്‍ ക്യൂബയില്‍ ഭീമമായ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നിലവില്‍വന്നു. സോവിയറ്റ് സഹായങ്ങള്‍ പൊടുന്നനെ നിര്‍ത്തലായതാണ് ഇതിനുകാരണം. ഇതോടൊപ്പം നിരവധിപേര്‍ക്ക് ഒരു പകര്‍ച്ചവ്യാധിക്ക് സമാനമായ രീതിയില്‍ കാഴ്ച നഷ്ടപ്പെട്ടുതുടങ്ങി. കാഴ്ചയുടെ വ്യാപ്തിയിലും നിറങ്ങള്‍ കാണാനുള്ള കഴിവിലുമാണ് മാറ്റമുണ്ടായത്. ഏതാനും മാസത്തിനുള്ളില്‍ ഏകദേശം 25,000 പേര്‍ക്ക് അന്ധത ബാധിച്ചു. 1993 ആയപ്പോള്‍ 50,000ത്തിലധികം പേര്‍ പൂര്‍ണമായും അന്ധരായി. അനേകം പേര്‍ക്ക് ഭാഗികമായ അന്ധത വന്നു. സുശക്തമായ പ്രാഥമികാരോഗ്യരംഗം കെട്ടിപ്പെടുത്ത രാജ്യമാണ് ക്യൂബ എന്നോര്‍ക്കണം. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന വൈറസ് പഠനകേന്ദ്രങ്ങളും ക്യൂബയിലുണ്ട്. തുടക്കത്തില്‍ ഇത് ഒരു വൈറസ് രോഗബാധയാകും എന്നാണ് ക്യൂബന്‍ ഗവേഷകര്‍ കരുതിയത്. ഇതിനൊരു കാരണവുമുണ്ട്. പോഷകാഹാരക്കുറവും ഭക്ഷണത്തിലെ വിഷാംശവുമാണ് രോഗകാരണമെന്ന സംശയം ക്യൂബന്‍ ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. അവരുടെ റിപ്പോര്‍ട്ട് മന്ത്രിമാരായ ഹെക്ടര്‍ ടെറി, ജൂലിയോറ്റേയ എന്നിവര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, സര്‍ക്കാറിലെ ഉന്നത കേന്ദ്രങ്ങളില്‍ ഈ റിപ്പോര്‍ട്ട് അസംതൃപ്തിയുണ്ടാക്കുകയും എന്തുകൊണ്ടാണ് പട്ടിണിയുള്ള മൂന്നാംലോക രാജ്യങ്ങളില്‍ അന്ധത വരാത്തതെന്ന മറുചോദ്യവുമായി മുന്നോട്ടുവരുകയുമാണ് ഉണ്ടായത്. ‘ഇതൊരു വൈറസാണ് അതുകണ്ടുപിടിക്ക്’ എന്ന് കാസ്ട്രോ ആജ്ഞാപിക്കുകപോലും ചെയ്തുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് അന്ധതരോഗം ആഴ്ചയില്‍ 3000 മുതല്‍ 4000 വരെ പുതിയ രോഗികളുണ്ടാകുന്ന നിലയിലേക്ക് 1993ല്‍ വ്യാപിച്ചത്.

ഫിഡല്‍ കാസ്ട്രോ
 


അപ്പോള്‍, 30,000ത്തോളം പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും മറ്റുള്ളവര്‍ ഭീതിയിലാവുകയും ഡോക്ടര്‍മാരും ഗവേഷകരും ഏറക്കുറെ നിശ്ശബ്ദരാകുകയും ചെയ്തപ്പോള്‍ ക്യൂബന്‍ സര്‍ക്കാര്‍ വിദേശ ഏജന്‍സികളുടെ സഹായം തേടുകയുണ്ടായി. അങ്ങനെയാണ് ലോകാരോഗ്യ സംഘടന (WHO), വിശാല അമേരിക്കന്‍ ആരോഗ്യ സംഘടന (Pan America Health Organization, PAHO), ഓര്‍ബിസ് (Orbis) എന്നീ വേദികള്‍ ക്യൂബ സന്ദര്‍ശിച്ച് വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. അന്ധത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പലര്‍ക്കും ശരിയായ അന്ധത ഇല്ലായിരുന്നെന്നും തുടക്കത്തില്‍ മനസ്സിലാക്കിയിരുന്നു, മാത്രമല്ല കാഴ്ച വൈകല്യം ഉണ്ടായവരില്‍ പലര്‍ക്കും മറ്റ് നാഡീവ്യൂഹ ആഘാതങ്ങളും ദൃശ്യമായിരുന്നു. കൈകാലുകളിലെ സ്പര്‍ശന ശേഷിക്കുറവ്, നടത്തത്തിലെ അസന്തുലിത എന്നിവയായിരുന്നു മറ്റു പ്രശ്നങ്ങള്‍. രസകരമായ കാര്യം, ക്യൂബയിലെ ഡോക്ടര്‍മാര്‍ ഇത് പകര്‍ച്ചവ്യാധിയോ വൈറസ് രോഗമോ ആണെന്ന് കരുതിയിരുന്നില്ല.

ദക്ഷിണ കാലിഫോര്‍ണിയ സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ആല്‍ഫ്രഡോ സാഡന്‍ ആണ് വളരെ കൃത്യമായ ഈ ക്യൂബന്‍ അന്ധതാരോഗത്തിന്‍െറ ചുരുളഴിച്ചത്. സാമ്പത്തികപ്രശ്നത്തില്‍ ഉഴറുന്ന ക്യൂബയില്‍ ഭക്ഷ്യപ്രശ്നം അതിരൂക്ഷമായിരുന്നു. കഴിക്കാന്‍ ധാന്യങ്ങളല്ലാതെ -അതും റേഷന്‍ അടിസ്ഥാനത്തില്‍- മറ്റൊന്നും ലഭ്യമായിരുന്നില്ല. മാംസാഹാരം, മുട്ട, പാല്‍ തുടങ്ങിയ വിഭവങ്ങള്‍ മാസത്തിലൊരിക്കലെങ്കിലും ലഭിച്ചാലായി. ശരാശരി ക്യൂബക്കാരന്‍ പതിവായി മദ്യം (Rum) ഉപയോഗിക്കുകയും 95 ശതമാനം പുരുഷന്മാര്‍ പുകവലിക്കുകയും ചെയ്യാറുണ്ട്. സാമ്പത്തിക ഉപരോധത്തിന്‍െറ ഭാഗമായി ക്യൂബയില്‍  ഉല്‍പാദിപ്പിച്ചിരുന്ന മദ്യം ഏറക്കുറെ പൂര്‍ണമായും കയറ്റുമതിക്കായി മാറ്റിവെച്ചതിനാല്‍ ആഭ്യന്തര വിപണിയില്‍ മദ്യം ലഭ്യമായിരുന്നില്ല. അതിനാല്‍, കരിമ്പില്‍നിന്ന് വാറ്റുന്ന ചാരായം സര്‍വസാധാരണമായി. ഏറക്കുറെ എല്ലാ വീട്ടിലും ചാരായം വാറ്റുമെന്ന നിലയിലായി. ഈ വ്യാജമദ്യം പൂര്‍ണമായി ശുദ്ധീകരിച്ചതാവില്ലല്ളോ.

ഈ അസംസ്കൃത മദ്യത്തില്‍ മെഥനോള്‍ (മീഥൈല്‍ ആല്‍ക്കഹോള്‍), സൈനൈഡ് എന്നീ രാസവസ്തുക്കള്‍ ഉണ്ടായിരിക്കും. ഇതാണ് കാഴ്ച നഷ്ടത്തിന്‍െറ രസതന്ത്രം. സാധാരണ ഈ അളവിലെ സൈനൈഡ്, മെഥനോള്‍ എന്നിവയെ ഭക്ഷണത്തിലുള്ള ഫോളിക് ആസിഡ്  എന്ന വിറ്റമിന്‍ -ബി ഘടകം നിര്‍വീര്യമാക്കും. പോഷകാഹാരക്കുറവുമൂലം ക്യൂബയിലെ വലിയൊരുവിഭാഗം ജനങ്ങളില്‍ ബി വിറ്റാമിനുകളുടെ ദൗര്‍ലഭ്യം പ്രകടമായിരുന്നുതാനും. വിദേശ ഏജന്‍സികളില്‍നിന്നത്തെിയ ഈ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും അതിനോട് അനുകൂലമായി ഫിഡല്‍ കാസ്ട്രോ പ്രതികരിച്ചുവെന്നതും രോഗനിയന്ത്രണത്തിന് അനുകൂലഘടകങ്ങളായി. ഗുണപാഠം: എത്രനല്ല ആരോഗ്യ ശൃംഖലയുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈകല്യം ആരോഗ്യപ്രവര്‍ത്തകരെ നിര്‍വീര്യമാക്കും. ശാസ്ത്രസത്യങ്ങളോട് മുഖംതിരിച്ചാല്‍ ഉണ്ടാകുന്ന സാമൂഹികനഷ്ടം വളരെ വലുതായിരിക്കകയും ചെയ്യും.

ഒരു ചൈനീസ് ദൗത്യം

2015ലെ നൊബേല്‍ സമ്മാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ശാസ്ത്രജ്ഞയാണ് യുയു ടു എന്ന ചൈനീസ് ഗവേഷക. ഇവര്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടെമിസിനിന്‍, ഡൈഹൈഡ്രോ ആര്‍ട്ടെമിസിനിന്‍ എന്നീ ഒൗഷധങ്ങള്‍ സൃഷ്ടിച്ച ആരോഗ്യരംഗത്തെ പരിവര്‍ത്തനമാണ് നൊബേല്‍ കമ്മിറ്റി ശ്ളാഘിച്ചത്. ഇതിലേക്ക് വഴിവെച്ച രാഷ്ട്രീയവും ശാസ്ത്രീയവുമായ ചുവടുകള്‍ പഠിക്കുന്നത് നന്നായിരിക്കും. 1960കളില്‍ ഹോചിമിന്‍ മലേറിയ മരണങ്ങളുടെ പരിഹാരം തേടുകയുണ്ടായി. ദക്ഷിണ വിയറ്റ്നാമുമായുള്ള യുദ്ധത്തില്‍ ലക്ഷക്കണക്കിന് സേനാംഗങ്ങളാണ് മലേറിയമൂലം മരണപ്പെട്ടത്. ഇതിനൊരു പരിഹാരം കണ്ടത്തൊനുള്ള അഭ്യര്‍ഥന ചൗ എന്‍ലായ്ക്ക് ലഭിച്ചു. അദ്ദേഹം മാവോയെ ബോധ്യപ്പെടുത്തിയാണ് അതീവ രഹസ്യമായ പ്രോജക്ട് 523ന് തുടക്കമിട്ടത്. സാംസ്കാരിക വിപ്ളവകാലത്ത് പൊതുവേ പഠനഗവേഷണ കേന്ദ്രങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് രാജ്യത്തെമ്പാടും നിലനില്‍ക്കുമ്പോള്‍ ഇത്തരം ഒരു തീരുമാനം രഹസ്യമായിരിക്കേണ്ടത് അത്യാവശ്യമാണല്ളോ. യുയു ടുവിന് ചൈനക്കുള്ളില്‍ ഗവേഷണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഈ ഒരു രാഷ്ട്രീയ തീരുമാനമാണ് ആര്‍ട്ടെമിസിനിന്‍ എന്ന ഒൗഷധത്തിലത്തെിച്ചത്.

യുയു ടു
 


ഇതോടൊപ്പം പരിഗണിക്കേണ്ട ബോം (Bohm) സങ്കല്‍പമുണ്ട്. എങ്ങനെയാണ് ശരിയായ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്? ശരിയായ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക? ഇതിന് യുയു ടു ആദ്യം ചെയ്തത് മലേറിയ ബാധിച്ച വ്യക്തികളെ കാണുക എന്നതാണ്. അസംഖ്യം കുട്ടികള്‍ മലേറിയമൂലം കഷ്ടപ്പെടുന്നതും മരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. അങ്ങനെ ഇതിനൊരു പരിഹാരം കണ്ടത്തെണമെന്നത് തന്‍െറ ദൗത്യമായിക്കഴിഞ്ഞു എന്നവര്‍ തിരിച്ചറിഞ്ഞു. ഇങ്ങനെയുള്ള നേരനുഭവങ്ങളാണ് ശാസ്ത്രത്തിലെ പവിത്രമായ നാഴികക്കല്ലുകള്‍. ചൈനയിലെ സാമ്പ്രദായിക വൈദ്യത്തില്‍ മലേറിയക്ക് പരിഹാരമായി ആയിരത്തോളം ഒൗഷധക്കൂട്ടുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കണ്ടത്തെുകയായിരുന്നില്ല യുയു ടു ചെയ്തത്. അവര്‍ക്കറിയേണ്ടത് എന്തുകൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു ഒൗഷധക്കൂട്ടിനെങ്കിലും സുസ്ഥിരവും തിട്ടപ്പെടുത്താവുന്നതുമായ ഫലം പ്രദാനം ചെയ്യാനാകാത്തത് എന്നായിരുന്നു. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഏതെങ്കിലും ഒൗഷധക്കൂട്ടുകള്‍ക്ക് എന്തെങ്കിലും ഫലമുണ്ടോ എന്നതിനേക്കാള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ കൃത്യവും ആവര്‍ത്തനയോഗ്യവുമായ ഫലം പ്രദാനംചെയ്യുന്നുണ്ടോ എന്നതായിരുന്നു പ്രശ്നം. ഈ ചോദ്യമാണ് അവരെ ആയിരം ഒൗഷധങ്ങളില്‍നിന്ന് അഞ്ഞൂറും അവിടെനിന്ന് ഒന്നിലേക്കും കൊണ്ടത്തെിച്ചത്. 1500 വര്‍ഷമായി ചെയ്തുവരുന്ന ഈ ഒൗഷധത്തിന്‍െറ സാന്ദ്രീകരിക്കല്‍ രീതി ഫലവത്തല്ളെന്നും അതിനൊരു പുതിയ മാര്‍ഗം തേടണമെന്നുമുള്ള ഗവേഷണ പ്രശ്നമാണ് യുയു ടുവിനെ വേറിട്ടുനിര്‍ത്തുന്നത്. ശരിയായ ചോദ്യം ഉയര്‍ന്നപ്പോള്‍ അതിനുതകുന്ന ഗവേഷണമാതൃക ഉണ്ടായിവരുകയും ചെയ്തു. അവിടെനിന്നാണ് ആര്‍ട്ടെമിസിനിന്‍ (Artemisinin), ഡൈഹൈഡ്രോ ആര്‍ട്ടെമിസിനിന്‍ (Dihydroartemisinin) എന്നിവ സൃഷ്ടിക്കപ്പെടുന്നത്.

ഗുണപാഠം: ദുര്‍ഘടം പിടിച്ച സാഹചര്യങ്ങളില്‍പോലും സ്വതന്ത്ര ചിന്തക്കും പ്രവര്‍ത്തനത്തിനും ഇടമുണ്ടെങ്കില്‍ നവീന ആശയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനുള്ള രാഷ്ട്രീയ സാഹചര്യമൊരുക്കാനും ബ്യൂറോക്രസിയില്‍നിന്ന് പരിരക്ഷിക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ മതി.

ഈ രണ്ടു കഥകള്‍ക്കും നമ്മുടെ പൊതുജനാരോഗ്യ പരിപാലനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ട്. ആരോഗ്യത്തിലെ ‘കേരള മോഡല്‍’ എന്ന സങ്കല്‍പം കുറേയെങ്കിലും സമ്മര്‍ദത്തിലാണിപ്പോള്‍. പൊടുന്നനെ പൊട്ടിവരുന്ന പകര്‍ച്ചവ്യാധികള്‍, പുതുതായത്തെുന്ന വൈറസ് രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, റോഡപകടങ്ങള്‍, കാന്‍സര്‍ മുതലായ രോഗങ്ങള്‍ എല്ലാം ചേര്‍ന്ന് സങ്കീര്‍ണമായ രോഗാതുരതയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അന്നനാളത്തിലെ കാന്‍സര്‍, കരള്‍ രോഗങ്ങള്‍, പ്രമേഹം, വളര്‍ച്ചാമാന്ദ്യം, ഗ്രന്ഥീരോഗങ്ങള്‍ എന്നിവ പരമ്പരാഗതമായ ചോദ്യോത്തരങ്ങളിലൂടെ പരിഹരിക്കാനാവുന്നതുമല്ല. വായു, ജലം, രോഗപ്രതിരോധം, ഭക്ഷണം എന്നിവയില്‍ പല ഗവേഷണഫലങ്ങളും ഇപ്പോള്‍തന്നെ ലഭ്യമാണ്. ഇതിന്‍െറ തുടര്‍പഠനങ്ങള്‍ നടത്താനും അതില്‍നിന്നുണ്ടാകുന്ന അറിവ് ആരോഗ്യപ്രവര്‍ത്തനത്തിന്‍െറ ഭാഗമാക്കാനുമുള്ള പുതിയ ആശയസംരംഭങ്ങള്‍ ഉണ്ടായിവരണമെങ്കില്‍ പ്രശ്നാധിഷ്ഠിതമായി കാര്യങ്ങളെ സമീപിക്കുന്ന വിദഗ്ധരുടെ പൊതുജനാരോഗ്യ ശൃംഖല ഉണ്ടായാലേ കഴിയൂ. ഈ കഥകള്‍ അതിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് കരുതട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.