കലയിലെ വര്‍ഗ–സ്വത്വ വിചാരണകള്‍

സമീപകാലത്ത് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്‍െറ ‘ബിരിയാണി’ എന്ന കഥയും (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഏതാണ്ട് അതേസമയത്ത് ഇറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍െറ ‘പിന്നെയും’ എന്ന സിനിമയും സാമൂഹിക മാധ്യമങ്ങളിലും പുറത്തും നിശിതമായ ചില നിരീക്ഷണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രചനയുടെ ബലംകൊണ്ടാണോ സര്‍ഗാത്മക പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള ഇവരുടെ ഭൂതകാലത്തിന്‍െറ ശക്തികൊണ്ടാണോ ഈ ചര്‍ച്ച ഉണ്ടായതെന്ന് ചര്‍ച്ചയെക്കുറിച്ചുവരെ സംശയം ഉണര്‍ന്ന സംവാദങ്ങളാണ് നടന്നത്.

സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച എന്നുപറയുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആശയങ്ങളും വായിക്കാന്‍ കഴിയുകയില്ല എന്നത് ഓര്‍ക്കേണ്ടതുണ്ട്. അതങ്ങനെ വേരുകള്‍പോലെ കെട്ടുപിണഞ്ഞുപോകും പലയിടങ്ങളിലേക്ക്. അതില്‍ വളരെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. ‘മലയാളികളുടെ ഫേസ്ബുക്’ എന്നൊക്കെ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്. ആ പ്രപഞ്ചത്തില്‍ അല്‍ഗോരിതത്തിന്‍െറ അജ്ഞാത പ്രവര്‍ത്തനം നല്‍കുന്ന ചില കാഴ്ചകള്‍ക്കപ്പുറത്തേക്ക് പോകാന്‍ പലര്‍ക്കും കഴിയണമെന്നില്ല. എങ്കിലും രാഷ്ട്രീയമായി സജീവമായിരിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പെടുന്ന ചില സംവാദങ്ങള്‍ കൂടുതല്‍ സൂക്ഷ്മതയോടെ പിന്തുടരാനും കഴിയും.

‘ബിരിയാണി’യും ‘പിന്നെയും’ പല തലങ്ങളില്‍ വായിച്ചെടുക്കാന്‍ കഴിയുന്ന രചനകള്‍ ആയതുകൊണ്ടാണ് ഇത്രയും ചര്‍ച്ചതന്നെ ഉണ്ടാവുന്നത്. ഇത് രണ്ടും ഏച്ചിക്കാനത്തിന്‍െറയോ അടൂരിന്‍െറയോ ഏറ്റവു നല്ല രചനകളില്‍പെടുന്നില്ല എന്നു പറയുന്നവരാണ് അനുകൂല-പ്രതികൂല വിമര്‍ശങ്ങള്‍ നടത്തിയവരില്‍ പലരും എന്നാണ് എനിക്ക് മനസ്സിലായത്. അടൂരിന്‍െറ മിക്കവാറും എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. സന്തോഷിന്‍െറ ചില കഥകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ‘പിന്നെയും’ എന്ന സിനിമയെ അടൂരിന്‍െറ മറ്റു സിനിമകളുടെ കൂടി വായനയുടെ പശ്ചാത്തലത്തില്‍ കാണാന്‍ കഴിയുന്നതുപോലെ സമഗ്രമായൊരു സമീപനം സന്തോഷിന്‍െറ കഥയുടെ കാര്യത്തില്‍ എനിക്ക് സ്വീകരിക്കാന്‍ കഴിയില്ല.

അടൂരിന്‍െറ മറ്റു സിനിമകളെ അപേക്ഷിച്ച് ദുര്‍ബലമായ സൗന്ദര്യ-ദാര്‍ശനിക സമീപനമാണ് ഇതിലുള്ളത് എന്നാണ് തോന്നിയത്. സമീപകാല മലയാളസിനിമ തൊടുന്ന ചില പരീക്ഷണങ്ങളുടെ ഉയരങ്ങളിലേക്ക് ഈ സിനിമ എത്തിയതായി തോന്നിയില്ല. പക്ഷേ, അത് മാത്രമല്ലല്ളോ സിനിമയുടെ വിശകലനത്തിനുള്ള മാനദണ്ഡം. അതുപോലെ മലയാള കഥാരംഗത്തെ ചില മുന്നേറ്റങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഉള്ളടക്കത്തിലും രൂപത്തിലും കേശവദേവിന്‍െറയും തകഴിയുടെയുമൊക്കെ ചില കഥകളെ ഓര്‍മിപ്പിച്ചു ‘ബിരിയാണി’ എന്ന കഥ എന്നതും പറയേണ്ടതുണ്ട്. പക്ഷേ, ഈ രണ്ടു രചനകളിലും ചലച്ചിത്രകാരനും കഥാകാരനും നടത്തുന്ന കാലനിര്‍മിതി അവഗണിക്കാന്‍ കഴിയാത്തവിധം ഇവയില്‍ പിടഞ്ഞുനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവ രണ്ടും തീര്‍ത്തും പഴഞ്ചനായി തോന്നിയതുമില്ല.

‘ബിരിയാണി’ ആയാലും ‘പിന്നെയും’ ആയാലും പ്രാഥമികമായി സര്‍ഗാത്മക രചനകളാണ്. അവയുടെ രൂപവും ഉള്ളടക്കവും തീര്‍ച്ചയായും വിമര്‍ശവിധേയമാക്കാവുന്നതാണ്. രണ്ടിലും വര്‍ഗ-സ്വത്വ വിചാരണകള്‍ കടന്നുവന്നിട്ടുണ്ട്. ശൂദ്ര-നായര്‍ സ്വത്വത്തിന്‍െറ സാമൂഹികമായ ദ്രവീകരണത്തെ തികഞ്ഞ സഹാനുഭൂതിയോടെ സമീപിച്ചിരിക്കുന്നു ‘പിന്നെയും’ എന്ന സിനിമയില്‍. മുതലാളിത്തമായാലും കമ്യൂണിസമായാലും ആധുനികതയോടുള്ള ശൂദ്ര- സ്വത്വ മാധ്യസ്ഥ്യങ്ങള്‍ ശിഥിലീകരണത്തിലേക്കാണ് ചരിത്രപരമായി നീങ്ങുന്നതെന്ന വേവലാതി അടൂരിന് എപ്പോഴുമുണ്ട് (എലിപ്പത്തായം, മുഖാമുഖം). ദലിത്-കീഴാള നേതൃത്വത്തില്‍ നടന്ന കേരള നവോത്ഥാനത്തിന്‍െറ രാഷ്ട്രീയ സന്തതികളായ സവര്‍ണ നേതാക്കന്മാരില്‍ മന്നം, ഇ.എം.എസ്, വി.ടി തുടങ്ങി നിരവധി പേരില്‍ ഉണ്ടായിരുന്ന ഈ സ്വത്വസംഘര്‍ഷം ഇന്നും കേരളത്തിലെ ശൂദ്ര-ബ്രാഹ്മണ രാഷ്ട്രീയത്തില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. അത് ആ തലമുറകളില്‍ മാത്രം ഒതുങ്ങാതെ ആധുനികതയുടെ വഴികളിലേക്ക് ഒഴുകിപ്പരക്കുന്നതിന് കേരളചരിത്രം സാക്ഷിയായിട്ടുണ്ട്.

അതിന്‍െറ മറ്റൊരു രൂപമാണ് പിന്നെയും എന്ന സിനിമയില്‍ കാണാന്‍ കഴിയുന്നത്. നാടകീയമായ സംഭാഷണം എല്ലാ കഥാപാത്രങ്ങള്‍ക്കും നല്‍കുന്ന രീതിയാണ് ഈ സിനിമയില്‍ അവലംബിച്ചിരിക്കുന്നത്. ‘എന്തൊരു സ്പീഡ്’ എന്ന് പറയിപ്പിക്കുന്ന (കൊടിയേറ്റം) അടൂരിനെയല്ല, മറിച്ച് ഒരു സവിശേഷ നാടകശൈലിയില്‍ എല്ലാ കഥാപാത്രങ്ങളും സംസാരിക്കണം എന്ന് നിര്‍ബന്ധം പുലര്‍ത്തുന്ന ചലച്ചിത്രകാരനെയാണ് ഇതില്‍ കാണുന്നത്. അവസാന ഭാഗത്തെ താരതമ്യേന ദുര്‍ബലമായ ഫാന്‍റസി ഘടകത്തെ സഹായിക്കാനാവാം ഈ ശൈലി സ്വീകരിച്ചതെന്ന് ഞാന്‍ കരുതുന്നു. കേരളത്തിന്‍െറ സമകാലിക ചരിത്രത്തില്‍ പിടികൂടപ്പെടാതെപോയ ഏറ്റവും വിഖ്യാതനായ കുറ്റവാളിയുടെ കഥ അടിസ്ഥാനപ്രമേയമാക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന പരിചിതത്വം പ്രേക്ഷകര്‍ക്ക് വൈകാരികമായ ഒരു നിലപാട് ചലച്ചിത്രകാരന്‍െറ ഭാഷ്യത്തോട് സ്വീകരിക്കാന്‍ പ്രാപ്തിനല്‍കുന്നുണ്ട് എന്നത് അടൂര്‍ വിസ്മരിച്ചുവോ എന്ന് ഞാന്‍ സംശയിക്കുന്നു. അതുകൊണ്ടുതന്നെ ശൂദ്രസ്വത്വത്തിന്‍െറ ഈ ദ്രവീകരണവും ജീര്‍ണതയും ചരിത്രപരമായും സമകാലികമായും ദയ അര്‍ഹിക്കുന്നുവെന്ന സിനിമയുടെ നിഗമനം നിരാകരിക്കപ്പെട്ടാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല.

‘ബിരിയാണി’ എന്ന കഥയില്‍ മുസ്ലിം നവധനാധിപത്യത്തിന്‍െറയും ഉത്തരേന്ത്യന്‍ കീഴാള ദേശാടനത്തൊഴിലാളിയുടെയും വര്‍ഗ-സ്വത്വ വിചാരണകളുണ്ട്. രണ്ടു കൃതികളിലും യൂനിവേഴ്സല്‍/പര്‍ട്ടിക്കുലര്‍ എന്ന ഒരു വിഭജനം വായനയെ സഹായിക്കുമെന്നാണ് തോന്നുന്നത്. രണ്ടു രചനകളും ഏകസ്വത്വ വിമര്‍ശം മാത്രം ഉള്‍ക്കൊള്ളുന്നതല്ല. അടൂരിന്‍െറ ചിത്രത്തിലെ ശൂദ്രസഹാനുഭൂതിക്ക് ഒരു സാര്‍വലൗകികതലം ഉണ്ട്. അതുപക്ഷേ നിയതമായ കേരളചരിത്രത്തിന്‍െറ പുറത്തു സാര്‍വലൗകിക മനുഷ്യനായി ആ കഥാപാത്രത്തെ കാണുമ്പോഴാണ്. എന്നാല്‍, ആ വായന സാധ്യമാണ് എന്നത് ശൂദ്രസ്വത്വത്തെ കഥയില്‍ കാണുന്നതില്‍നിന്ന് ആരെയും തടയുന്നില്ല. അതുപോലെ മലയാളി ശൂദ്രന്‍െറ ആര്‍ത്തികളുടെ കഥ എന്ന നിലക്കപ്പുറത്തുനിന്നുകൊണ്ട് അതിനെ വായിക്കുന്നതും അതുകൊണ്ടുതന്നെ റദ്ദുചെയ്യപ്പെടുന്നില്ല.

‘ബിരിയാണി’യിലെ കലന്തന്‍ഹാജി സാര്‍വലൗകിക തലത്തില്‍ ഒരു വര്‍ഗപ്രതിനിധാനം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, അത് ഈ ഇസ്ലാമോഫോബിയയുടെ കാലത്ത് തീര്‍ച്ചയായും സത്തവത്കരിക്കപ്പെടാവുന്ന (എസെന്‍ഷ്യലൈസ്) പാത്രസൃഷ്ടിയുമാണ്. അതായത് ആ കഥാപാത്രത്തിലേക്ക് മുഴുവന്‍ മുസ്ലിംകളെയും കയറ്റിനിര്‍ത്തുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനും അതിനു കഴിയും എന്നര്‍ഥം. കഥ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത് അതിന്‍െറ ഈ സ്വത്വപ്രതിനിധാന സാധ്യതയിലാണ് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഈ കഥയില്‍ ഉത്തരേന്ത്യന്‍ ദേശാടനത്തൊഴിലാളിയുടെ ദാരിദ്ര്യവും കേരളീയ മുസ്ലിം നവധനാഢ്യന്‍െറ ധൂര്‍ത്തും എന്നത് നേര്‍ക്കുനേര്‍ വെക്കുമ്പോള്‍ തെളിയുന്ന കേരളചരിത്രം പല അടരുകളുള്ളതാണ്. ആ ചരിത്രത്തെ പുറന്തള്ളിയുള്ള സാര്‍വലൗകിക വായന ലാവണ്യപരമായ ഒരു സാധ്യത മാത്രമാണ്. എല്ലാവര്‍ക്കും സമൃദ്ധഭക്ഷണത്തിന്‍െറ രുചി നല്‍കുന്നതുതന്നെ ഭക്ഷണമില്ലായ്മയുടെയും ബഹിഷ്കൃതത്വത്തിന്‍െറയും സ്വന്തം സമീപ ഭൂതകാലത്തെ വിരുദ്ധഭാവത്തില്‍ ഓര്‍മിച്ചെടുക്കലാണ്.

‘പിന്നെയും’ എന്ന സിനിമയിലെ ദയ തേടുന്ന ക്രിമിനല്‍ ശൂദ്രനും ‘ബിരിയാണി’യിലെ പുത്തന്‍ പണക്കാരനായ മുസ്ലിമും നിസ്വനായ ഉത്തരേന്ത്യന്‍ കീഴാളനും ഈ സത്തകള്‍ അണിഞ്ഞുകൊണ്ട് ആധുനിക കേരളചരിത്രത്തില്‍നിന്ന് രൂപംകൊള്ളുന്നവരാണ്. സവിശേഷമായ രാഷ്ട്രീയ-സാമ്പത്തിക പ്രക്രിയകളുടെ ഉല്‍പന്നങ്ങള്‍ കൂടിയാണവര്‍. അടൂര്‍ മാപ്പുകൊടുക്കാന്‍ ആവശ്യപ്പെടുന്ന ശൂദ്രനും ഏച്ചിക്കാനം വിമര്‍ശിക്കാന്‍ ആവശ്യപ്പെടുന്ന മുസ്ലിം ധനികനും അദ്ദേഹം നമ്മുടെ മുന്നിലേക്ക് മന$സാക്ഷിയുടെ വിചാരണക്കായി നീക്കിനിര്‍ത്തുന്ന ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട പരദേശിയും ഈ സ്വത്വങ്ങള്‍ക്കപ്പുറത്തു വര്‍ഗ പ്രതിനിധാനങ്ങള്‍ കൂടിയാണെന്നത് നമുക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ളെങ്കില്‍, അത് സമകാലിക ചരിത്രത്തില്‍ ഈ കഥാപാത്രങ്ങള്‍ക്കുള്ള രാഷ്ട്രീയാസ്തിത്വം ശക്തിയായി വെളിവാക്കുകയാണ് ചെയ്യുന്നത്.

സ്വത്വരാഷ്ട്രീയത്തിനു ശേഷമുള്ള നിരൂപണം സ്വാഭാവികമായും അതിന്‍െറ അനുരണനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. അതിന്‍െറ ചൂരടിക്കാതെ ഒരു ദന്തഗോപുരം എഴുത്തുകാര്‍ക്ക് കിട്ടാനില്ല. അമൂര്‍ത്തമായ സാര്‍വലൗകിക ലാവണ്യവാദം ഇന്നാരും ഉപയോഗിക്കുന്നില്ല. സര്‍ഗസൃഷ്ടിയിലും നിരൂപണത്തിലും കടന്നുവരുന്ന മുന്‍വിധികള്‍ നമ്മുടെ സാമൂഹിക ചരിത്രത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതാണ്. ആ ചരിത്രം സൃഷ്ടിച്ച ഒഴിവാക്കാനാവാത്ത വിഭാഗീയതകളില്‍നിന്ന് രൂപംകൊള്ളുന്നവയാണ്. ചിഹ്നങ്ങളാല്‍ ആലേഖനം ചെയ്യപ്പെടുന്ന സാംസ്കാരിക മണ്ഡലത്തില്‍ പ്ളാസ്റ്റിക് സര്‍ജറി ചെയ്തുവരുന്ന പുരുഷോത്തമന്‍ നായരും ‘ബിരിയാണി’യുടെ ധൂര്‍ത്തഗന്ധം വമിക്കുന്ന കലന്തന്‍ഹാജിയും പട്ടിണിയുടെ തടവുകാരനായ ഗോപാല്‍ യാദവും കേവലമനുഷ്യരല്ല. അവര്‍ അവരായിത്തീര്‍ന്ന ചരിത്രപ്രക്രിയയെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്ന രാഷ്ട്രീയ സൂചകങ്ങള്‍ കൂടിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.