യു.എ.പി.എയെ തുറന്നെതിര്‍ക്കുക

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ യു.എ.പി.എ (UAPA) ചുമത്തിയിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. അതിന്‍െറ പേരിലാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. സി.ബി.ഐ ഒരു പ്രാവശ്യം അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. പിന്നീട് ചോദ്യംചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുപ്രാവശ്യം അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി യിരുന്നു. രണ്ടുതവണയും പ്രതിയാക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് ജാമ്യമനുവദിച്ചില്ല. പ്രതിയാക്കപ്പെട്ടപ്പോഴാവട്ടെ, യു.എ.പി.എ ചുമത്തിയതിനാല്‍ ആ നിയമപ്രകാരം അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തു.
സി.ബി.ഐ പ്രതിയാക്കി എന്നതുകൊണ്ട് അദ്ദേഹം കുറ്റവാളിയാകണമെന്നില്ല. ഇത്തരം കേസുകളില്‍ ലോക്കല്‍ പൊലീസായാലും സി.ബി.ഐ ആയാലും പല രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും വഴങ്ങാറുണ്ട്, ആരുടെ ഭരണകാലത്തും. എന്നാല്‍, ഇവിടെ കൂടുതല്‍ ആഴത്തിലുള്ള പ്രശ്നം അദ്ദേഹത്തിനെതിരെ യു.എ.പി.എ എന്ന കരിനിയമം ചുമത്തിയിരിക്കുന്നു എന്നതാണ്. ഇത് കരിനിയമമല്ല എന്നുവിശ്വസിക്കുന്ന ഒരു പോളിറ്റ് ബ്യൂറോ മെംബറെങ്കിലുമുള്ള പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് അദ്ദേഹം. നിയമത്തിനു കുഴപ്പമില്ല, അതുപയോഗിക്കുന്ന രീതിക്കാണ് കുഴപ്പമെന്ന് അര്‍ഥംവരുന്ന വിധം പിണറായി വിജയന്‍ പരാമര്‍ശം  നടത്തിയെന്നാണ് പത്രങ്ങളില്‍നിന്ന് മനസ്സിലാവുന്നത്.
നിലനില്‍ക്കുന്ന നിയമം ദുരുപയോഗം ചെയ്താണ് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.പി.എം ഭരണം അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റുചെയ്ത് കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിയാക്കാന്‍ കൈമാറിയത്. 1992ല്‍ നടത്തിയതെന്ന് പറയപ്പെടുന്ന ഒരു പ്രസംഗത്തിന്‍െറ പേരില്‍ 1998ല്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു. ജാമ്യം നിഷേധിച്ചു ജയിലിലടച്ചു. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യേക അന്വേഷണസംഘത്തിനു  കൈമാറുകയാണുണ്ടായത്. ഇന്ന് യു.എ.പി.എ ദുരുപയോഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന അതേ ബി.ജെ.പിക്കുവേണ്ടിയാണ് ഈ തെറ്റായ അറസ്റ്റും ജാമ്യനിഷേധവും ഉണ്ടായത്. അറസ്റ്റിന്‍െറ കാരണം മഅ്ദനിയെ അറിയിക്കുകയോ, വക്കീലിനെ കാണാനനുവദിക്കുകയോ ചെയ്തില്ല ഇടതുഭരണകൂടം.
അദ്ദേഹത്തിനെതിരെ കരിനിയമങ്ങള്‍ ചുമത്തുകയും ഒരു ദശാബ്ദക്കാലത്തോളം  ജാമ്യം നിഷേധിച്ചു ഇരുമ്പഴിക്കുള്ളില്‍ അടക്കുകയും ചെയ്തു. ജയില്‍മോചിതനായ അദ്ദേഹത്തെ വീണ്ടും വ്യാജമായ ഒരു ആരോപണത്തിന്‍െറ പേരില്‍ യു.എ.പി.എ ചുമത്തി വീണ്ടും ജയിലിലടച്ചിരിക്കുകയാണ്. വളരെക്കാലത്തെ ശ്രമഫലമായാണ് അദ്ദേഹത്തിന് ചികിത്സക്കായി കര്‍ക്കശനിബന്ധനകളോടെ താല്‍ക്കാലിക ജാമ്യം കിട്ടിയത്. മഅ്ദനിമാത്രമല്ല, യു.എ.പി.എ നിയമമുപയോഗിച്ചു അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളവരില്‍ ഭൂരിപക്ഷവും വൈര്യനിര്യാതനബുദ്ധിയോടെ പ്രതിചേര്‍ക്കപ്പെട്ടവരാണ്. ഇന്ത്യയിലാകമാനം  ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍  ഏതു കേസിലാണ് അറസ്റ്റുചെയ്യപ്പെട്ടത് എന്നുപോലും അറിയാതെ വര്‍ഷങ്ങളായി ജയിലുകളില്‍ കഴിയുന്നുണ്ട്.  ഈ  കരിനിയമത്തെ തുടക്കം മുതല്‍ ഇന്ത്യയിലെ സിവില്‍സമൂഹ സംഘടനകള്‍, വിശേഷിച്ച് മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സി.പി.എമ്മില്‍ പലരും പലതും പറയും എന്ന സ്ഥിതിയുണ്ടായതിനാലാവണം അവരുടെ ഇക്കാര്യത്തിലുള്ള കൃത്യമായ നിലപാടെന്താണെന്ന് വ്യക്തമല്ല. ഇടതുപാര്‍ട്ടികളടക്കം മറ്റു പല പാര്‍ട്ടികളും അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്. സി.പി.എമ്മിന്‍െറ കാര്യത്തില്‍ രണ്ടു മുന്‍കാല സന്ദര്‍ഭങ്ങള്‍ നല്‍കുന്നത് രണ്ടു വ്യത്യസ്ത സന്ദേശങ്ങളാണ്.
സി.പി.എം എം.പിയായ സെയ്ദുല്‍ഹക്ക് ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: യു.എ.പി.എ അനുസരിച്ചുള്ള കോടതി, പൊലീസ് നടപടികള്‍ പരിശോധിച്ചാല്‍ കാണുന്നത് പലയിടത്തും  മുസ്ലിംയുവാക്കള്‍ക്കെതിരെ കള്ളത്തെളിവുകളുണ്ടാക്കി നിരപരാധികളായ അവരെ വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി  ജയിലിലിട്ടു പീഡിപ്പിക്കാനാണ് ഇതുപയോഗിച്ചിട്ടുള്ളത് എന്നാണ്. 18ഉം 19ഉം വയസ്സുള്ള നിരപരാധികളായ മുസ്ലിംയുവാക്കളെയാണ് ഇങ്ങനെ അറസ്റ്റുചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.  ഒടുവില്‍ കോടതി അവരെ വെറുതെവിടുന്നു. ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ജമ്മു-കശ്മീര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് ഹക്കിന്‍െറ അഭിപ്രായം. കേരളവുംകൂടി നമുക്കതില്‍ കൂട്ടിച്ചേര്‍ക്കാം. ടാഡയും (TADA) പോട്ടയും (POTA) പോലെ അപകടകാരിയായ കരിനിയമമാണ് യു.എ.പി.എ എന്ന്  2008ല്‍തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നുവെന്നാണു അദ്ദേഹം പറയുന്നത്.
എന്നാല്‍, ആദ്യത്തെ യു.എ.പി.എ കസ്റ്റഡിമരണം സി.പി.എം ഭരണത്തിനുകീഴില്‍ ബംഗാളിലാണ് നടന്നത്. ബംഗാളില്‍ ഘടകകക്ഷികളുടെപോലും എതിര്‍പ്പവഗണിച്ചു ഈ കരിനിയമം സി.പി.എം ഭരണകൂടം ഉപയോഗിച്ചിട്ടുണ്ട്. സ്വപന്‍ ദാസ്ഗുപ്ത എന്ന പത്രപ്രവര്‍ത്തകനെ അറസ്റ്റുചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ആസ്ത്മരോഗിയായ അദ്ദേഹത്തിനെ മര്‍ദിച്ചും ചികിത്സനിഷേധിച്ചും കൊലചെയ്യുകയായിരുന്നു സി.പി.എം ഭരണകൂടം ചെയ്തത്. പൊലീസ് മരുന്നുനല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ സുഹൃത്തുക്കളോട് മരുന്നുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. അശോക് സെന്‍, സന്‍ഖ ഘോഷ്, അമിയ ദേവ്, സമര്‍ ബാഗ്ചി, അവീക് മജുംദാര്‍ തുടങ്ങിയ കവികളും ശാസ്ത്രജ്ഞരും അക്കാദമിക്കുകളുമൊക്കെ ഈ അറുകൊലയില്‍ പ്രതിഷേധിച്ചിരുന്നു.
രാഷ്ട്രീയപ്പകയുടെ പേരില്‍ മാവോവാദി സഹയാത്രികര്‍ക്കും അനുഭാവികള്‍ക്കുമെതിരെ ബംഗാളില്‍ സി.പി.എം യു.എ.പി.എ ഉപയോഗിക്കുന്നതിനെ മറ്റു ഇടതുപാര്‍ട്ടി കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത് സി.പി.എമ്മിന്‍െറ രഹസ്യ അജണ്ടയാണെന്ന് ആര്‍.എസ്.പി നേതാവ് ഗോസ്വാമിയും  ഇത് മുന്നണിയുടെ കൂട്ടായതീരുമാനത്തിന്‍െറ ലംഘനമാണെന്ന് സി.പി.ഐ നേതാവ് മംജു മജുംദാറും പ്രസ്താവിച്ചിരുന്നു.
ഇന്ത്യയൊട്ടാകെ ഇന്ന് ആര്‍.എസ്.എസ്-ബി.ജെ.പി ഭരണത്തിന്‍െറ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നു വരുകയാണ്. കാമ്പസുകളില്‍ വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ മുതല്‍ പാര്‍ശ്വവത്കൃതരുടെ അതിജീവനസമരങ്ങള്‍ വരെ നിഷ്ഠുരമായി അടിച്ചമര്‍ത്തപ്പെടുകയാണ്. മുമ്പൊരിക്കലും കാണാത്തവിധം ദലിത്-ന്യൂനപക്ഷ ഐക്യവും സ്വത്വസമരങ്ങളും ശക്തിപ്പെടുകയാണ്. ജനുവരി 30ന് ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭറാലി ഇതിനുദാഹരണമാണ്. സി.പി.എം ഇന്ന് ദേശീയതലത്തില്‍ വലിയ ശക്തിയല്ല. കഴിഞ്ഞ ദശാബ്ദങ്ങളില്‍ അവരുടെ രാഷ്ട്രീയമായ പ്രഹരശേഷി വിവിധ സംസ്ഥാനങ്ങളിലും വലിയതോതില്‍ ക്ഷയിച്ചിരിക്കുന്നു.  അവരുടെ മുദ്രാവാക്യങ്ങള്‍ പക്ഷേ, സിവില്‍സമൂഹ രാഷ്ട്രീയവുമായി കൂടുതല്‍ സമരസപ്പെടുന്നത് കാണുവാന്‍ കഴിയുന്നുണ്ട്. പരിസ്ഥിതി, ലിംഗ, രാഷ്ട്രീയ മേഖലയിലായാലും ദലിത്-ജാതി രാഷ്ട്രീയത്തിന്‍െറയും വധശിക്ഷയുടെയും കാര്യത്തിലായാലും മുമ്പെടുത്തിരുന്ന  നിലപാടുകളിലേയും, ഉറച്ച നിലപാടുകളെടുക്കാതിരിക്കുന്നതിലെയും തെറ്റുകള്‍തിരുത്തി സി.പി.എം പുതിയ രാഷ്ട്രീയം സ്വീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശരംഗത്തും ഈ തിരുത്തലുകള്‍ ഒരുപക്ഷേ, സി.പി.എം വരുത്തിയേക്കുമെന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് പിണറായിയുടെ വാദത്തിനു സി.പി.എമ്മില്‍തന്നെ വലിയ സ്വാധീനമുണ്ടാവില്ളെന്ന് ഞാന്‍ വിശ്വസിക്കുന്നത്. മറിച്ചാണെങ്കില്‍പോലും അധികകാലം ആ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ദേശീയതലത്തില്‍ രൂപപ്പെടുകയാണ് എന്നതും അവഗണിക്കാന്‍ കഴിയുന്ന കാര്യമല്ല. കേരളത്തില്‍ സിവില്‍സമൂഹ സംഘങ്ങള്‍ക്ക് കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകളുടെ അതേ പിന്തിരിപ്പന്‍ നിലപാടുകള്‍ സി.പി.എം പിന്തുടര്‍ന്നപ്പോഴൊക്കെ അവരെ തുറന്നെതിര്‍ക്കേണ്ടിവന്നിട്ടുണ്ട്. മുന്നണി വ്യത്യാസമില്ലാതെ സമരങ്ങളുടെ തുടര്‍ച്ച ഇവിടെയുണ്ടായിട്ടുണ്ട്. ആണവവിരുദ്ധ സമരവും മാവൂര്‍ സമരവും പ്ളാച്ചിമടയും ആദിവാസി-ദലിത് ഭൂസമരങ്ങളും മറ്റനേകം സമരങ്ങളും ഇതിനുദാഹരണങ്ങളാണ്.    
രോഗഗ്രസ്ഥനായ പി. ജയരാജന്, ഒരിക്കലും മഅ്ദനിക്കോ സ്വപന്‍  ദാസ്ഗുപ്തക്കോ മറ്റനേകം മുസ്ലിംയുവാക്കള്‍ക്കോ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കോ സി.പി.എമ്മിന്‍െറ കീഴിലോ മറ്റു ഭരണത്തിന്‍െറ കീഴിലോ ഉണ്ടായ ദുര്‍ഗതിയുണ്ടാവരുത്. എന്നാല്‍, ഈ നിയമം ഇങ്ങനെമാത്രം ഉപയോഗിക്കപ്പെടുന്ന ഒന്നാണെന്നും ഇതില്ലാതാക്കേണ്ടതാണെന്നുമുള്ള പരമമായ ബോധ്യം സി.പി.എം നേതൃത്വത്തിനുണ്ടായില്ളെങ്കിലും ജയരാജനുമേല്‍ യു.എ.പി.എ ചുമത്തപ്പെട്ട സാഹചര്യം,  യു.എ.പി.എ പിന്‍വലിക്കണമെന്ന രാഷ്ട്രീയമാണ് ശരിയെന്നത് ഒരിക്കല്‍കൂടി വെളിവാക്കുകയാണ് ചെയ്യുന്നത്. മറിച്ച്, അത് പിന്‍വലിക്കേണ്ട കാര്യമില്ളെന്നത് സി.പി.എമ്മിന്‍െറ പൊതുനിലപാടാണെങ്കില്‍ നിങ്ങളിത് ഉപയോഗിക്കുമ്പോഴും നിരവധി നാവുകള്‍ ഇതിനെതിരെ ഉയര്‍ന്നുകൊണ്ടേയിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.