സിറിയയും ഇറാഖും ഫലസ്തീനും രക്തക്കളമാക്കുന്ന യുദ്ധപ്പേക്കൂത്ത് അരങ്ങേറുകയാണ്. ഇറാഖിനെ അസ്ഥിരപ്പെടുത്തിയ തങ്ങളുടെ യുദ്ധനയങ്ങളാണ് ഇതിന് ആത്യന്തികമായി വഴിവെച്ചത് എന്നൊക്കെ ഒബാമയും ടോണി ബ്ളെയറും ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും വിശേഷിച്ച് ഐ.എസിന്‍െറ കാര്യത്തില്‍ ആത്മാര്‍ഥതയുടെ തരിമ്പുപോലും അതില്‍ ഉണ്ടെന്നു തോന്നുന്നില്ല. കാരണം അവര്‍ ഉറ്റുനോക്കിയിരുന്നതും സൃഷ്ടിക്കാന്‍ ആഗ്രഹിച്ചിരുന്നതുമായ രക്തച്ചൊരിച്ചിലിന്‍െറ അതേ സാഹചര്യമാണ് അവിടെ സംജാതമായിരിക്കുന്നത്. ‘ഇന്‍റര്‍സെപ്റ്റ്’ എന്ന പ്രസിദ്ധീകരണം ഈയിടെ പുറത്തുവിട്ട ‘ദ ഡ്രോണ്‍ പേപ്പേഴ്സ്’ എന്ന അമേരിക്കന്‍ രഹസ്യരേഖാസഞ്ചയം മനസ്സിലാക്കിത്തരുന്നത് നിയന്ത്രിതയുദ്ധം എന്നപേരില്‍ അമേരിക്ക അറിഞ്ഞുകൊണ്ട് നടത്തുന്ന നിഷ്ഠുരമായ മനുഷ്യവേട്ടകളുടെ കഥകളാണ്. ഇതിനു പുറമെ ഇപ്പോള്‍ വര്‍ധിതവീര്യത്തോടെ ആയിരക്കണക്കിന് സിവിലിയന്മാരെ കൊന്നുതള്ളാനായി നേരിട്ട് സൈന്യങ്ങളെ വിന്യസിച്ച് ആ മേഖലയില്‍ കൂടുതല്‍ മനുഷ്യനാശത്തിന് കളമൊരുക്കുകയും ചെയ്യുന്നു. ഇസ്ലാമിക തീവ്രവാദം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ മനുഷ്യക്കുരുതി, കൃത്യമായ പദ്ധതിയനുസരിച്ച് ചരിത്രഗതിയെ നിയന്ത്രിച്ചതിന്‍െറകൂടി ആത്മസക്ഷാത്കാരമാണ് അമേരിക്കക്ക്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ 40 കൊല്ലക്കാലമേ ശീതയുദ്ധം നീണ്ടുനിന്നുള്ളൂ എന്നതില്‍ അദ്ഭുതപ്പെടാനില്ല. എന്തായിരുന്നു ശീതയുദ്ധം? അത് അമേരിക്കയും സോവിയറ്റ് യൂനിയനും ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ ആധിപത്യം നേടുന്നതിന് നടത്തിയ രാഷ്ട്രതന്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന ഒരു ലോകവ്യവസ്ഥ ആയിരുന്നു. ശീതയുദ്ധത്തെ ഇത്തരത്തില്‍ ഒരു ലോകവ്യവസ്ഥയായി അക്കാലത്ത് വിശേഷിപ്പിച്ചത് ഇ.പി. തോംസണ്‍ ആയിരുന്നു. ലോകത്തെ രണ്ടു ചേരിയായി അത് വിഭജിച്ചു നിര്‍ത്തിയിരുന്നു. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ചില കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പക്ഷേ, ഇതില്‍ അഭിപ്രായവ്യത്യാസമുണ്ടാവാം. കാരണം, അന്നും ഇന്നും അവര്‍ സോവിയറ്റ് യൂനിയന്‍ ലോകവിപ്ളവത്തിന്‍െറ പൂര്‍ത്തീകരണത്തിനാണ് ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് വിശ്വസിക്കുന്നവരാണ്.
ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളില്‍ പലതും ഇരുചേരിയിലും നേരിട്ട് ചേര്‍ന്നില്ളെങ്കിലും ചേരിചേരാ രാഷ്ട്രങ്ങളില്‍ ഭൂരിപക്ഷവും അമേരിക്കന്‍ ആധിപത്യത്തെ എതിര്‍ക്കുകയും സോവിയറ്റ് യൂനിയനോട് അടുപ്പംകാണിക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂനിയനും ചൂഷണാധിഷ്ഠിതമായ ഒരു സാമ്രാജ്യത്വബന്ധമാണ് മൂന്നാംലോക രാജ്യങ്ങളുമായി പുലര്‍ത്തിയിരുന്നത് എന്നത് അക്കാലത്തെ വലിയൊരു വിമര്‍ശമായിരുന്നു. അതിന്‍െറ പ്രതിലോമ സമ്പദ്ശാസ്ത്രം വിവരിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും അക്കാലത്ത് കേരളത്തിലെ സി.പി.ഐ-എം.എല്‍ സംഘങ്ങളും ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍, ഫലസ്തീന്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ചേരിചേരാ രാഷ്ട്രങ്ങള്‍ അമേരിക്ക-ഇസ്രായേല്‍ കൂട്ടുകെട്ടിനെ ശക്തമായി എതിര്‍ത്തുപോന്നു. ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്ത് ‘സഹോദരീ’ എന്നുവിളിച്ച് ഇന്ദിര ഗാന്ധിയെ ഹസ്തദാനംചെയ്യുന്ന ചിത്രം ഈ രാഷ്ട്രീയത്തിന്‍െറ പ്രതാപപ്രതീകമായിരുന്നു കുറെക്കാലം. ഈ രാജ്യങ്ങളിലെ ബൂര്‍ഷ്വാ ലിബറല്‍ ഭരണകൂടങ്ങള്‍ക്ക് അവിടങ്ങളിലെ പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലും വിഷമത്തിലാക്കി സോവിയറ്റ് യൂനിയന്‍ പിന്തുണ നല്‍കിപ്പോന്നിരുന്നു. ചേരിചേരാ രാഷ്ട്രങ്ങളെ പിന്താങ്ങുന്ന നയമായിരുന്നു അവരുടേത് എന്നതുകൊണ്ട് സോവിയറ്റ് പ്രചാരണ സാഹിത്യം വന്‍തോതില്‍ വിതരണം ചെയ്യാന്‍ അവര്‍ അനുവദിച്ചിരുന്നു. ബുദ്ധിജീവികള്‍ക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കിയിരുന്നു. അമേരിക്ക ഇതിനെ മറികടക്കാന്‍ അവരുടേതായ സാംസ്കാരിക സാഹിത്യ പ്രത്യയശാസ്ത്ര ഇടപെടലുകള്‍ നടത്തിയിരുന്നു. അമേരിക്കന്‍ സ്കോളര്‍ഷിപ്പുകളും മറ്റു പാരിതോഷികങ്ങളും ഇതിന്‍െറ ഭാഗമായിരുന്നു.
ശീതയുദ്ധത്തിന്‍െറ കാലം ഇതുപോലെ കേവലമായ സാംസ്കാരികാധിനിവേശത്തിന്‍േറതു മാത്രമായിരുന്നില്ല. അതിന്‍െറ കേന്ദ്രയുക്തി ഡോണ ഹരാവേ ‘യുദ്ധത്തിന്‍െറ ആണത്ത രതിക്കൂത്ത്’ (masculinist orgy of war) എന്നുവിളിച്ച നക്ഷത്രയുദ്ധ ദുരന്തത്തിന്‍െറ (star war apocalypse) രാഷ്ട്രീയസമ്പദ്ശാസ്ത്രമായിരുന്നു. സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തുന്നതിന് എന്നപേരില്‍ സോവിയറ്റ് യൂനിയനും ‘കമ്യൂണിസ്റ്റ് ഭീഷണിയെ’ ചെറുക്കുന്നതിന് അമേരിക്കയും ആണവായുധങ്ങള്‍ അടക്കമുള്ള പടക്കോപ്പുകള്‍ കുന്നുകൂട്ടി. മുതലാളിത്തം പിടിച്ചുനിന്നതുപോലെ ഈ ആയുധപ്പന്തയത്തില്‍ പക്ഷേ, സോവിയറ്റ് സോഷ്യലിസത്തിനും അതിന്‍െറ സോഷ്യല്‍ ഫാഷിസത്തിനും പിടിച്ചുനില്‍ക്കാനായില്ല. അതിന്‍െറ ആന്തരിക രാഷ്ട്രീയവും സമ്പദ്വ്യവസ്ഥയും ദ്രവിച്ചുതുടങ്ങിയിരുന്നു. അങ്ങനെ എണ്‍പതുകളുടെ ഒടുവില്‍ കമ്യൂണിസ്റ്റ് ചേരി തകര്‍ന്നുവീഴാന്‍ തുടങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോവിയറ്റ് യൂനിയന്‍ നിപതിച്ചതോടെ ശീതയുദ്ധം ചരിത്രത്തിന്‍െറ ഭാഗമായി. ചേരിചേരാ രാഷ്ട്രീയം അപ്രസക്തമാവുകയും വിസ്മരിക്കപ്പെടുകയും ചെയ്തു. അമേരിക്ക മാത്രം ശാക്തിക മേധാവിത്വം വഹിക്കുന്ന ഏകധ്രുവലോകം നിലവില്‍വന്നുവെന്ന് പരക്കെ പ്രചാരണമുണ്ടായി. ഫ്രാന്‍സിനസ് ഫുക്കുയാമ ചരിത്രം അവസാനിച്ചുവെന്നും ഇന്ന് കാണുന്ന ഈ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയല്ലാതെ മറ്റൊന്നും ഇനി പരീക്ഷിക്കപ്പെടാനില്ളെന്നും പ്രഖ്യാപിക്കുകയും ചെയ്തു. പ്രത്യയശാസ്ത്ര സംഘര്‍ഷത്തിന്‍െറ കാലം എന്നേക്കുമായി അസ്തമിച്ചിരിക്കുന്നു എന്നുകൂടി ഫുക്കുയാമ പ്രഖ്യാപിച്ചു.
എന്നാല്‍, അമേരിക്കന്‍ നയതന്ത്രസാമര്‍ഥ്യം ഇതിലെ അപകടം മനസ്സിലാക്കി. അമേരിക്കന്‍ മേധാവിത്വമുള്ള ഏകധ്രുവലോകം എന്ന സ്വപ്നതുല്യമായ അവസ്ഥ സൃഷ്ടിക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം യുദ്ധവെറിയെയും ആയുധപ്പുരയെയും സംരക്ഷിക്കുന്ന സോവിയറ്റ് ലോകാധിപത്യം പോലുള്ള മറ്റൊരു പുകമറ നിലനിര്‍ത്തുന്നതായിരിക്കും എന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. സാമുവല്‍ ഹണ്ടിങ്ടണിന്‍െറ ‘സംസ്കാരങ്ങളുടെ സംഘര്‍ഷം’ എന്ന സിദ്ധാന്തം പിറവിയെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. പ്രത്യയശാസ്ത്രസംഘര്‍ഷത്തിന്‍െറ കാലം അവസാനിച്ചെങ്കില്‍ അത് സംസ്കാരങ്ങളുടെ പുതിയ സംഘര്‍ഷത്തിന് വഴിതെളിച്ചിരിക്കുകയാണെന്ന് ഹണ്ടിങ്ടണ്‍ 1993ല്‍ എഴുതിയ തന്‍െറ ലേഖനത്തില്‍ പ്രഖ്യാപിച്ചു. നിരവധി ലോകസംസ്കാരങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം പറയുന്നുണ്ടെങ്കിലും ഇതെല്ലാം ഒരേയൊരു വാദം പറഞ്ഞുറപ്പിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു -ഇനി ഉണ്ടാകാനുള്ള മുഖ്യസംഘര്‍ഷം ഇസ്ലാമും പാശ്ചാത്യ അമേരിക്കന്‍ സംസ്കാരവും തമ്മിലുള്ളതാണ്.
അമേരിക്കന്‍ വിദേശനയങ്ങള്‍ രൂപവത്കരിക്കുന്നതില്‍ മുഖ്യ സൈദ്ധാന്തിക മുന്‍കൈയുള്ള ‘ഫോറിന്‍ അഫയേഴ്സ്’ മാസികയില്‍ ഇത് പ്രസിദ്ധീകരിക്കുന്ന സമയത്ത് ഇന്ന് കാണുന്ന പല തീവ്രവാദസംഘങ്ങളും പിറവിയെടുക്കുകയോ പിന്നീട് ഈ പട്ടം കിട്ടിയ ചില സംഘടനകള്‍ ഈ ലേബലിലേക്ക് മാറ്റപ്പെടുകയോ ചെയ്തിരുന്നില്ല. ഹണ്ടിങ്ടണിന്‍േറതു പ്രവചനമായിരുന്നില്ല. ‘സൃഷ്ടിക്കൂ ആ പുതിയ ശത്രുവിനെ, അപരത്വത്തെ’, എന്ന് അമേരിക്കന്‍ യുദ്ധബൗദ്ധിക കേന്ദ്രങ്ങളോടുള്ള ആഹ്വാനമായിരുന്നു.
പിന്നീട് നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിച്ചും അശാന്തികള്‍ വളര്‍ത്തി യും സൈനിക നടപടികള്‍ക്ക് സാഹചര്യങ്ങളുണ്ടാക്കിയും അമേരിക്ക ലോകത്തെമ്പാടും പരോക്ഷമായും പശ്ചിമേഷ്യയില്‍ പ്രത്യക്ഷമായും നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെ ഇത്തരമൊരു സംഘര്‍ഷം യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നൊരു സംഭീതി പരത്താനും അതിന്‍െറയടിസ്ഥാനത്തില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലിനുള്ള സാധൂകരണം നേടാനും അമേരിക്കക്ക് കഴിയുന്നതാണ് നാം കണ്ടത്. ഇപ്പോഴത്തെ സിറിയന്‍ പ്രതിസന്ധിയും ഐ.എസ് പോലുള്ള ഒരു ഹിംസാത്മക രാഷ്ട്രരൂപത്തിന്‍െറ ഉയര്‍ച്ചയുമെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ് എന്നത് ഇന്ന് വെറുമൊരു ഗൂഢാലോചനാ സിദ്ധാന്തമല്ല.
ഫലസ്തീന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യതകള്‍ എന്നേക്കുമായി കൊട്ടിയടക്കുക, ഗള്‍ഫ് മേഖലയിലെ എണ്ണപ്പാടങ്ങള്‍ക്കുമേലുള്ള ആധിപത്യം നഷ്ടപ്പെടാതിരിക്കുക, സ്വന്തം സമ്പദ്വ്യവസ്ഥയുടെ നെടുന്തൂണുകളിലൊന്നായ ആയുധവ്യാപാരത്തിന് ഇടിവുതട്ടാതിരിക്കുക, റഷ്യയുടെയും ചൈനയുടെയും വന്‍ശക്തിമോഹങ്ങള്‍ തടയിട്ടുനിര്‍ത്തുക, മൂന്നാംലോക രാജ്യങ്ങള്‍ക്കുമേലുള്ള സാമ്രാജ്യത്വത്തിന്‍െറ വിഭവചൂഷണാധികാരം ചോദ്യംചെയ്യപ്പെടാതിരിക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര അജണ്ടകളാണ് ഗള്‍ഫ് മേലഖലയില്‍ ദിനംപ്രതി നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന അമേരിക്കയുടെ ഇസ്ലാംവിരുദ്ധതയുടെ മറവിലുള്ളത് എന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്.
തീവ്രവാദത്തെ ആഗോളഭീഷണിയായി അവതരിപ്പിക്കുന്നതില്‍ അമേരിക്ക വിജയിച്ചുകഴിഞ്ഞു. ആ പ്രോപഗാന്‍ഡയുടെ നിസ്സഹായരായ ഇരകളാണ് നാമെല്ലാം എന്നതാണ് വസ്തുത. കൂടുതല്‍ തീവ്രവാദി ആക്രമണങ്ങളും അതിന്‍െറ പേരില്‍ കൂടുതല്‍ അമേരിക്കന്‍ ഇടപെടലുകളും എന്ന പുതിയ ലോകയുദ്ധവ്യവസ്ഥയുടെ അവ്യവസ്ഥയിലേക്ക്, അനിശ്ചിതത്വത്തിലേക്ക് ചരിത്രം എത്തിയിരിക്കുന്നു. അജ്ഞതയുടെ സംഘര്‍ഷം (clash of ignorance) എന്ന് എഡ്വേഡ് സെയിദ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത് വെറുതെയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.