മതേതരത്വം ഇന്ത്യ ഉയര്‍ത്തിപ്പിടിക്കണം

വലിയ സിനിമാ കമ്പക്കാരനല്ല ഞാന്‍. എന്നാല്‍, ആമിര്‍ ഖാനെപ്പോലെയുള്ള മികച്ച നടന്മാരുടെ ചിത്രങ്ങള്‍ കാണാറുണ്ട്. കാരണം സ്വാഭാവികമായ അഭിനയസിദ്ധിയുണ്ട് ഈ നടന്മാര്‍ക്ക്. അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഭാവനാസൃഷ്ടമായ നാടകീയതകള്‍ കണ്ടിരിക്കുകയാണെന്ന തോന്നലുണ്ടാവാറില്ല. മറിച്ച് എന്‍െറ ജീവിതാനുഭവങ്ങള്‍തന്നെയല്ളേ ഈ ചിത്രങ്ങളില്‍ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നതെന്ന ചിന്തയാണ് മുന്നിട്ട് നില്‍ക്കാറ്. പക്ഷേ, ഗോയങ്കെ അവാര്‍ഡ്ദാന ചടങ്ങില്‍ ആമിര്‍ ഖാന്‍ നടത്തിയ പ്രസ്താവന എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ളെന്ന വസ്തുതയും ഇവിടെ പങ്കുവെക്കുന്നു. ഏതെങ്കിലും അന്യദേശത്തേക്ക് കുടിയേറിപ്പാര്‍ത്തുകൂടേയെന്ന് ഭാര്യ തന്നോട് ചോദിക്കാറുണ്ടെന്ന ആ പ്രസ്താവനയുടെ പേരില്‍ പിന്നീട് ആമിര്‍ ഖാന്‍ ക്ഷമാപണം നടത്തുകയുണ്ടായി. അതോടെ കെട്ടടങ്ങേണ്ടതായിരുന്നു വിവാദം.

എന്നാല്‍, മോദി സര്‍ക്കാര്‍ വിവാദം വീണ്ടും കുത്തിപ്പൊക്കി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് ആമിറിനെ മാറ്റിക്കൊണ്ടായിരുന്നു സര്‍ക്കാറിന്‍െറ പ്രതികാരനടപടി.
ആമിറിന്‍െറ പ്രസ്താവന വിചിത്രമായിരുന്നു. പക്ഷേ, ശിക്ഷ നല്‍കാന്‍മാത്രം പ്രകോപനസ്വഭാവമുള്ള വല്ലതും താരം പറഞ്ഞുവെന്ന് കരുതാന്‍ വയ്യ. മുന്‍കാല അസഹിഷ്ണുതകളെ രാജ്യം കളഞ്ഞുകുളിച്ചെന്ന പരിഭവംമാത്രമായിരുന്നു ആ വാക്കുകളില്‍. എന്നിട്ടും ബ്രാന്‍ഡ് അംബാസഡര്‍ പദവി പുതുക്കാതെ പ്രതികാരം ചെയ്യുകയായിരുന്നു മോദി സര്‍ക്കാര്‍. ഇതിനെതിരെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കാനും സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാറിന്‍െറ വിശ്വാസ്യതക്കു മീതെതന്നെയാണ് സംശയങ്ങളുടെ നിഴല്‍വീണിരിക്കുന്നത്.

സര്‍വര്‍ക്കും ഒപ്പം, സര്‍വരുടെയും വികസനം (സബ്കാ സാഥ്, സബ്കാ വികാസ്) എന്ന മുദ്രാവാക്യം ന്യൂനപക്ഷങ്ങളെ ശാന്തരാക്കാന്‍ മാത്രമായിരുന്നോ? ആര്‍.എസ്.എസിന്‍െറ നിലപാടുകള്‍ മാത്രമാണ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളുടെ ഏക പ്രേരക സ്രോതസ്സ് എന്ന ആശങ്കയെ ശക്തിപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അനുദിനം പ്രത്യക്ഷമാകുന്നത്. സ്വന്തം ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് റേഡിയോ ശൃംഖലപോലും അനുവദിക്കപ്പെടുകയുണ്ടായി. ഇത്തരം നടപടികള്‍ നിയമപരമായി ശരിയാണെന്ന് സര്‍ക്കാറിന് വാദിക്കാം. എന്നാല്‍, ധാര്‍മികമായി ഇത് ന്യായീകരണം അര്‍ഹിക്കുന്നില്ല. മുസ്ലിംകളിലും ഇതര ന്യൂനപക്ഷങ്ങളിലും കൂടുതല്‍ അരക്ഷിതബോധം പകരാനേ ഇവ ഉതകൂ. ഉദ്യോഗസ്ഥ നിയമനങ്ങളിലും സങ്കുചിത ചിന്താഗതി സര്‍ക്കാറിനെ നിയന്ത്രിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു വാഴ്സിറ്റിയില്‍ ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുന്നതിനുള്ള നീക്കം വിദ്യാര്‍ഥികള്‍ വിജയകരമായി പ്രതിരോധിക്കുകയുണ്ടായി.

പുണെയിലെ വിഖ്യാതമായ ചലച്ചിത്ര പഠനകേന്ദ്രത്തില്‍ (എഫ്.ടി.ടി.ഐ) ഒരുവര്‍ഷമായി അധ്യയനം നിലച്ചിരിക്കുന്നു. കേവലമൊരു സീരിയല്‍ നടന്‍മാത്രമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ചെയര്‍മാനായി നിയമിച്ചതോടെ ഉയര്‍ന്ന പ്രശ്നങ്ങളാണ് സ്ഥാപനത്തെ അവതാളത്തിലാക്കിയത്. യോഗ്യതയുള്ളവരില്‍ പ്രഗല്ഭരുണ്ടായിരുന്നിട്ടും പരിഗണിക്കാതെയായിരുന്നു മോദി സര്‍ക്കാറിന്‍െറ വിവാദനീക്കം.  
അംബാസഡര്‍ പദവി വെച്ചുനീട്ടിയപ്പോള്‍ അത് ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ അമിതാഭ് ബച്ചന്‍ തയാറായി എന്നതാണ് ഖേദകരമായ വസ്തുത. ആരു ഭരിച്ചാലും അധികാരവുമായി ചേര്‍ന്നുനില്‍ക്കുന്ന സമീപനം ബച്ചന്‍ സദാ പ്രദര്‍ശിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്‍െറ ഈ നടപടി അമ്പരപ്പിക്കുന്നതായിരുന്നു. അലഹബാദില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച അമിതാഭ് അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോടൊപ്പം ഉറച്ചുനിന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്‍െറ ബ്രാന്‍ഡ് അംബാസഡറായും വിരാജിച്ചു.
പിടിക്കേണ്ട പുളിങ്കൊമ്പുകളെക്കുറിച്ച് അദ്ദേഹം നന്നായി മനസ്സിലാക്കുന്നു. ഈ പദവികള്‍ നിരാകരിച്ചിരുന്നുവെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശാലിയെന്ന് അദ്ദേഹത്തിന് സ്വയം തെളിയിക്കാനാകുമായിരുന്നു. എന്നാല്‍, നാം പ്രതീക്ഷിക്കുന്ന ആദര്‍ശപ്രമാണങ്ങള്‍ അദ്ദേഹത്തില്‍ കണ്ടത്തൊനാകുന്നില്ല.  ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രം ഉള്‍ക്കൊള്ളേണ്ട നിരവധി പാഠങ്ങളുണ്ടെന്ന് സാരം.

വിമര്‍ശകരുള്‍പ്പെടെ സര്‍വര്‍ക്കും ഇടം നല്‍കുന്നതാകണം ഒരു മതേതര ജനാധിപത്യ രാജ്യം. മതത്തിന് സ്ഥാനം നല്‍കുന്ന പാകിസ്താനില്‍നിന്ന് വ്യത്യസ്തമായി ആവിഷ്കാരസ്വാതന്ത്ര്യത്തിന് വിലക്കില്ലാത്ത ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ബി.ജെ.പിയുടെ കളത്തിലാണിപ്പോള്‍ പന്ത്. സഹിഷ്ണുതയുടെ അന്തരീക്ഷം സ്ഥാപിക്കാന്‍ ശ്രമിക്കേണ്ട ചുമതല ബി.ജെ.പിയുടേതാണ്. എന്നാല്‍, ബഹുസ്വരതയുടെ പാതവിട്ട് രാഷ്ട്രം ഹിന്ദുത്വവത്കരണ പാതയിലേക്ക് നീങ്ങുന്നതായി എനിക്കുപോലും ആശങ്ക തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ പൈതൃകമോ സാംസ്കാരിക മുദ്രയോ അല്ല ഈ രീതി.

അത്തരം രീതികള്‍ക്ക് ഭരണഘടനയും അനുവാദം നല്‍കുന്നില്ല. ബ്രിട്ടനെതിരെ  സമരം ചെയ്തപ്പോള്‍ വര്‍ഗീയധ്രുവീകരണത്തിനെതിരെയും നാം പോരാടുകയുണ്ടായി. ബഹുസ്വരതയുടെയും മതേതരത്വത്തിന്‍െറയും മികച്ച അന്തരീക്ഷമാണ് നാം പടുത്തുയര്‍ത്തേണ്ടത്. ന്യൂനപക്ഷങ്ങളുടെ വേദനനിറഞ്ഞ പരിദേവനങ്ങള്‍ ആമിര്‍ ഖാന്മാര്‍ ഉന്നയിക്കേണ്ടിവരുന്ന സാഹചര്യമില്ലാതാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.