?????????? ?????????????? ??????????? ?????????????? ?????????? ?????????? ???????????

കശ്മീരിലെ അവസാനിക്കാത്ത അശാന്തികള്‍

ആശങ്കഭരിതമായ ഒരു ചിത്രമാണ് കശ്മീരില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അവിടെ സ്ഥിതി അനുദിനം വഷളാവുകയാണ്. ഇന്ത്യന്‍ പട്ടാളവും പൊതുജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും ഇതിനകം ചൂണ്ടിക്കാട്ടിയപോലെ ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ ഓര്‍മിപ്പിക്കുകയാണ്. ഈ താരതമ്യം ചരിത്രപരമായി കൃത്യമായിരിക്കില്ല. പക്ഷേ, വാര്‍ത്തകളും വാര്‍ത്താ ദൃശ്യങ്ങളും ചില സമാനതകളിലേക്ക് വിരല്‍ചൂണ്ടുന്നു. പൊരുതുന്ന ഒരു ജനതയും അടിച്ചമര്‍ത്തുന്ന പട്ടാളവും എന്നൊരു ദൃശ്യവിചാരം ആ ചിത്രങ്ങള്‍ തീര്‍ച്ചയായും നല്‍കുന്നുണ്ട്. ചരിത്രപരമായി സംഘര്‍ഷം നടക്കുന്ന സ്ഥലമാണത്. എന്നാല്‍, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അവസ്ഥ തികച്ചും ഭീതിജനകമാണ്.

ഇപ്പോള്‍ നടക്കുന്നതൊന്നും ഒറ്റക്കൊറ്റ ക്കെടുത്താല്‍ കശ്മീരില്‍ പുതുമയല്ല. ഇന്ത്യയുടെ നെറുകയിലെ ഒരു ചോരത്തുള്ളിയായി കശ്മീര്‍ നീറിനില്‍ക്കാന്‍ തുടങ്ങിയതിന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തോളം തന്നെ പഴക്കമുണ്ട്. എന്നാല്‍, യഥാര്‍ഥ  കശ്മീര്‍ ചരിത്രം ഇന്ത്യാചരിത്രത്തിന് ഇന്ന് അപരിചിതമായിരിക്കുന്നു. ഇത് രണ്ടും തമ്മിലുള്ള ബന്ധം മാധ്യമവിചാരണകളിലും പൊതുവ്യവഹാരങ്ങളിലുംനിന്ന് അറ്റുപോയിരിക്കുന്നു. ഇന്ത്യയുടെ അവിഭാജ്യഘടകമായ ഒരു സംസ്ഥാനത്ത് നടക്കുന്ന വിഘടനപ്രവര്‍ത്തനവും തീവ്രവാദി ആക്രമണവും എന്ന സാമാന്യതയിലേക്ക് ഈ ചരിത്രം മുഴുവന്‍ വെട്ടിച്ചുരുക്കപ്പെട്ടിരിക്കുന്നു.

ഇതിനു മുമ്പുള്ള കാര്യങ്ങളൊക്കെ അപ്രസക്തമാണെന്നും ഇപ്പോള്‍ ഏറ്റവും പ്രധാനം കശ്മീരിലെ പാകിസ്താന്‍ സഹായത്തോടെയുള്ള തീവ്രവാദം ഇല്ലായ്മചെയ്യുക മാത്രമാണ് എന്നുമുള്ള ചര്‍ച്ചകള്‍ക്കാണ് മാധ്യമലോകത്ത് ഇടമുള്ളത്. അതിനപ്പുറമുള്ള കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതുപോലും ദേശദ്രോഹവും തീവ്രവാദവുമായാണ് കണക്കാക്കപ്പെടുന്നത്. ചരിത്രബദ്ധവും യുക്തിപൂര്‍ണവും വസ്തുനിഷ്ഠവുമായ ഒരു സംവാദത്തിന്‍െറ തലത്തില്‍ നിന്നുകൊണ്ട് കശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ജനാധിപത്യപരമായ ഒരു സംവാദസാധ്യത ഏതാണ്ട് പൂര്‍ണമായും അടഞ്ഞുപോയിരിക്കുന്നു.

കശ്മീര്‍ നാല്‍പത്തേഴില്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നതും ഇപ്പോഴും അന്താരാഷ്ട്രതലത്തില്‍ പരിഹരിച്ചിട്ടില്ലാത്ത ഒരു പ്രശ്നമാണതെന്നും അംഗീകരിക്കാന്‍കൂടി കഴിയാത്തതരത്തില്‍ സംവാദങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മറ്റേതൊരു സംസ്ഥാനവും പോലെയാണ് കശ്മീര്‍ എന്നു വിശ്വസിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത് എന്നുകരുതുന്നതില്‍പോലും തെറ്റില്ല. അത്രക്ക് ഭൂതകാലം സമകാല വ്യവഹാരങ്ങളില്‍നിന്ന് അകന്നുപോയിരിക്കുന്നു.

ഒരുകാലത്ത് ഇന്ത്യയില്‍ പലയിടത്തും ദേശീയസമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിലേറ്റവും ശക്തം പഞ്ചാബിലെ ഖലിസ്ഥാന്‍ സമരമായിരുന്നു. അതുണ്ടാവുന്നതിനു പല കാരണങ്ങളും ഉണ്ടായിരുന്നു. അതില്‍ കൂടുതല്‍ പ്രധാനം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഹിന്ദു വ്യാപാരികളും ജാട്ട് കര്‍ഷകരും തമ്മിലുള്ള വര്‍ഗവൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ചതായിരുന്നു. സ്വത്വവും വര്‍ഗവും ഇടകലര്‍ന്ന  സങ്കീര്‍ണമായ ഒരു സാഹചര്യം അവിടെ ഉരുത്തിരിഞ്ഞുവന്നിരുന്നു. അന്നത്തെ പല അനന്തപൂര്‍ സാഹിബ് പ്രമേയങ്ങളും ഇതിന്‍െറ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നവയായിരുന്നു. ആ സമരത്തിന്‍െറ പ്രഭാവം  അവസാനിച്ചത് ഇന്ദിര ഗാന്ധി പട്ടാളത്തെ ഉപയോഗിച്ച് അമൃത്സറിലെ ക്ഷേത്രം ആക്രമിച്ചു ഭിന്ദ്രന്‍വാലയെ വധിച്ചതോടെയായിരുന്നു. പിന്നീട് ഇതിന്‍െറ പ്രതികാരമായാണ് സിഖ് മതവിശ്വാസികളായ  അംഗരക്ഷകര്‍ അവരെ വെടിവെച്ചുകൊന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്രയും സംഘടിതമായും സായുധമായും അല്ളെങ്കിലും ഇന്ത്യയിലെ മറ്റുപല പ്രദേശങ്ങളിലും ദേശീയ വിമോചനസമരങ്ങളും ആശയങ്ങളും പൊട്ടിമുളച്ചിട്ടുണ്ട് പലകാലത്തും. പക്ഷേ, അതില്‍ നിന്നൊക്കെ ഭിന്നമായ ചരിത്രമാണ് കശ്മീരിനുള്ളത്. അതുകൊണ്ടുകൂടിയാണ് ആ പ്രശ്നം ഇപ്പോഴും അണയാതെനില്‍ക്കുന്നത്.   

ആ ചരിത്രംതന്നെ അപ്രസക്തമാണ് പിന്നീടുണ്ടായ സംഭവങ്ങളുടെ വെളിച്ചത്തില്‍ എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍, അത്ര പെട്ടെന്ന് പറഞ്ഞവസാനിപ്പിക്കാവുന്ന ചരിത്രമല്ല അതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യ വിഭജിക്കുമ്പോള്‍ ഇന്ത്യയുടെ ഭാഗമല്ലാതിരുന്ന ജമ്മുവും കശ്മീരും ഇന്ന് ഒരു ഇന്ത്യന്‍ സംസ്ഥാനമാണ്. പക്ഷേ, അതിനു ചില പ്രത്യേക അവകാശങ്ങള്‍ കൊടുത്തിട്ടുണ്ട്. ആ അവകാശങ്ങള്‍ സ്വയം സംസാരിക്കുന്നവയാണ്. അതിനെല്ലാം അപ്പുറം വലിയൊരു രാജ്യാന്തരവഞ്ചനയുടെ ചരിത്രം കശ്മീര്‍ പ്രശ്നത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അത് മറ്റൊന്നുമല്ല, നടക്കാതെപോയ ഹിതപരിശോധനയാണ്. ഇന്ന് അതേക്കുറിച്ച് പറയാന്‍കൂടി പാടില്ലാതായിരിക്കുന്നു.

വിഭജനകാലത്ത് നല്‍കപ്പെട്ട വാഗ്ദാനം എത്ര ലളിതമായാണ് അട്ടിമറിക്കപ്പെട്ടത്. അതില്‍ ആരൊക്കെ എങ്ങനെയൊക്കെ ഉത്തരവാദികളായി എന്നുപറയാന്‍ മാത്രം സൂക്ഷ്മചരിത്രം എന്‍െറ പക്കലില്ല. കാരണം രാഷ്ട്രതന്ത്രത്തിന്‍െറ ആ ആദ്യകാല കഥകള്‍ പൂര്‍ണമായും മനസ്സിലാക്കാന്‍ വഴിയില്ല എന്നതുതന്നെ. പൂഞ്ചില്‍ കലാപമുണ്ടായത് രാജാവിനെതിരെയാണ്. അവരെ സഹായിക്കാന്‍ പാകിസ്താനില്‍നിന്ന് വന്നത് ഒൗദ്യോഗിക സൈന്യമല്ല, പത്താന്‍ ഗോത്രസേനയാണ്. അവര്‍ കീഴടക്കിയ പ്രദേശങ്ങളാണ് ഇന്നും പാക് അധിനിവേശ കശ്മീര്‍ എന്ന് നമ്മളും ആസാദി കശ്മീര്‍ എന്ന് പാകിസ്താനും പറയുന്നത്. ഈ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ഹരിസിങ് രാജാവ് ഇന്ത്യന്‍ സഹായം ആവശ്യപ്പെട്ടതും ഇന്ത്യ രാജ്യം എഴുതിത്തരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതും.

ഇതില്‍ നടന്ന വഞ്ചന പൂഞ്ചിലെ കലാപത്തിനു വഴിമരുന്നിട്ടവരില്‍നിന്ന് തുടങ്ങുന്നുണ്ടാവാം. പത്താന്‍ സൈന്യത്തിന്‍െറ ഉത്തരവാദിത്തം തള്ളിക്കളയാനാവില്ല. ജമ്മു-കശ്മീര്‍ ഇന്ത്യക്ക് എഴുതിനല്‍കാന്‍  ഹരിസിങ്ങിന് അവകാശം ഉണ്ടായിരുന്നില്ല. ജനഹിതം നോക്കിവേണം അത് ചെയ്യേണ്ടതെന്ന് മാര്‍ഗരേഖ ഉണ്ടായിരുന്നു. പത്താന്‍ ഗോത്രസേനയുടെ ആക്രമണത്തെ തടയാനാണ് പക്ഷേ, ഹരിസിങ് ഇന്ത്യന്‍ സഹായം തേടിയത്. അപ്പോള്‍ ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യം ഈ മാര്‍ഗരേഖക്ക് വിരുദ്ധമായിരുന്നു എന്നും പറയാം. സഹായിക്കണമെങ്കില്‍ ഒരു പരസ്പര സേനാ-സഹകരണ കരാര്‍ മതിയല്ളോ. അപ്പോള്‍ അതിനപ്പുറം ചിന്തിക്കുകയും കശ്മീര്‍ അങ്ങനെ ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു.

ഇതിന്‍െറ നിയമസാധുതയെ ഒരുകാലത്തും പാകിസ്താന്‍ അംഗീകരിച്ചിട്ടുമില്ല. ഹിതപരിശോധനയെ അപ്പോഴും ആരും തള്ളിക്കളഞ്ഞിരുന്നില്ല. പക്ഷേ, പുതിയ ഘടകങ്ങള്‍ ഉയര്‍ന്നുവന്നതോടെ ഐക്യരാഷ്ട്രസഭയില്‍ ഉറപ്പുനല്‍കപ്പെട്ട ഹിതപരിശോധനക്ക് എല്ലാവരും എതിരായി. പുതിയ ഉപാധികള്‍ മുന്നോട്ടുവെക്കപ്പെട്ടു. ഇന്ത്യ മാത്രമല്ല, ഒരര്‍ഥത്തില്‍ പാകിസ്താനും അതിനെതിരാണ്. ഇരുകൂട്ടരും ആവശ്യപ്പെട്ടത് സേനാപിന്മാറ്റമാണ്. ഹിതപരിശോധന നടക്കണമെങ്കില്‍ ‘ആസാദി കശ്മീരില്‍’നിന്ന് പാകിസ്താന്‍ പിന്മാറണം എന്ന് ഇന്ത്യയും ഇന്ത്യന്‍സേന കശ്മീരില്‍നിന്ന് പിന്മാറണം എന്ന് പാകിസ്താനും ആവശ്യപ്പെട്ടതോടെ ഹിതപരിശോധന എന്നന്നേക്കും ഒരു അടഞ്ഞ അധ്യായമായി. ഒരു ജനതക്ക് സാമ്രാജ്യത്വശക്തിയായ ബ്രിട്ടനും രണ്ടു പുത്തന്‍ ദേശരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ചേര്‍ന്നുനല്‍കിയ വാഗ്ദാനമാണ് ഇങ്ങനെ ചവിട്ടിമെതിക്കപ്പെട്ടത്.

ഈ ചരിത്രത്തിലേക്കാണ് എണ്‍പതുകളുടെ ഒടുവില്‍ ജമ്മുവിലെ ഹിന്ദു പണ്ഡിറ്റുകളുടെ പലായനത്തിന്‍െറ മറ്റൊരു ഘട്ടം ആരംഭിക്കുന്നത്. ഭൂപരിഷ്കരണവും ആദ്യകാല കലാപങ്ങളും ഒരു വിഭാഗം പണ്ഡിറ്റുകളെ അമ്പതുകളില്‍തന്നെ പലായനത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍, തൊണ്ണൂറുകളില്‍ കശ്മീര്‍ സ്വാതന്ത്ര്യസമരം കടുത്തപ്പോള്‍ ഉണ്ടായ ആക്രമണങ്ങളില്‍ കൂടുതല്‍ പേര്‍ക്ക്  പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്കു  പിന്നില്‍ ഭരണകൂട ഗൂഢാലോചന ഉണ്ടായിരുന്നു എന്നാണ് ഒരു ആരോപണം. പതിനായിരക്കണക്കിന് മുസ്ലിംകള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തത് പൂഞ്ച് കലാപത്തിന്‍െറ കാലത്തായിരുന്നു. അതാണ് പത്താന്‍ ഗോത്രസേനയെ കശ്മീര്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് എന്നൊരു വാദമുണ്ട്. ഇതാണ് സൂക്ഷ്മചരിത്രത്തിലെ അവ്യക്തതകള്‍ എന്ന് സൂചിപ്പിച്ചത്. എന്നാല്‍, ഇന്ന് അവിടത്തെ ന്യൂനപക്ഷമായ ഈ പണ്ഡിറ്റുകളെക്കുറിച്ചുള്ള വേവലാതിയും കശ്മീര്‍ പ്രശ്നത്തിന്‍െറ ഭാഗമായിരിക്കുന്നു. ഇന്ത്യയും പാകിസ്താനും ഈ ചോരക്കണക്കുകള്‍ സ്വന്തം രാഷ്ട്രതന്ത്ര വാചാടോപത്തിന്‍െറ ഭാഗമാക്കിയിരിക്കുന്നു.

ഈ ചരിത്രത്തിന്‍െറ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് ഇപ്പോഴത്തെ പട്ടാള ഇടപെടല്‍ എത്രമാത്രം ആശാസ്യമാണ് എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നത്. എന്നാല്‍, അതിനു ത്രാണിയില്ലാതെ ഇന്ത്യയിലെ സിവില്‍ സമൂഹത്തിന്‍െറ നാവ്  താണുതാണുപോവുന്നത് നാം കാണുകയാണ്. അധിനിവേശസേനയുടെ മാനസികാവസ്ഥയില്‍നിന്ന് മാറിച്ചിന്തിക്കാന്‍ ഇന്ത്യന്‍ പട്ടാളത്തിന് കശ്മീരില്‍ കഴിയുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കര്‍ക്കശ നടപടികളും നിലപാടുകളും ഈ സംഘര്‍ഷത്തെ ലഘൂകരിക്കാന്‍ ഉതകുന്നതല്ളെന്ന് ഖേദപൂര്‍വം  പറയേണ്ടിവരുന്നു. ഒപ്പം, അശാന്തിയുടെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിലൂടെ സഞ്ചരിച്ചുകഴിഞ്ഞ ഒരു ജനതയോട് പറയാന്‍ നമുക്ക് ആശ്വാസവാക്കുകളും ഇല്ലാതായിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.