‘ചോര’ തുപ്പുന്നവരെ വെറുതെ വിടരുത് !

പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, കെ.ടി.എസ്. തുള്‍സിയുടെ നേതൃത്വത്തില്‍ തന്നെ വന്നുകണ്ട രാജ്യസഭാ എം.പിമാരുടെ സംഘത്തോട് പറഞ്ഞതായി ഇന്നത്തെ (20.7.16) ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരക്കെ തുപ്പുന്നത് സാംക്രമിക രോഗങ്ങള്‍ പരക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് അവര്‍ പരാതിപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മിക്ക നഗരസഭകളും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധം കര്‍ശനമായി നടപ്പാക്കാന്‍ ആരും മിനക്കെടാറില്ല. വെറ്റില മുറുക്ക് സാര്‍വത്രിക ശീലമായ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലാണ് തുപ്പല്‍ ഒരു വന്‍ സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നത്. കേരളത്തിലും നേരത്തേ മുറുക്കിത്തുപ്പുന്നവരുടെ ജനസംഖ്യ വളരെ കൂടുതലായിരുന്നു. കല്യാണ വീട്ടില്‍ മാത്രമല്ല മരണവീട്ടിലും മുറുക്കാനുള്ള വക തളികകളിലാക്കി ഡിസ്പ്ലെ ചെയ്യുന്നതായിരുന്നു സംവിധാനം.

ചെല്ലപ്പെട്ടിയില്ലാത്ത വീടുകള്‍ നന്നെ വിരളം. എന്‍റെ ഉമ്മയും ബാപ്പയും മുറുക്ക് മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ ആരാണ് ജയിക്കുക എന്ന് പറയാന്‍ പ്രയാസം. ബാപ്പ ബീഡി വലിക്കാത്തപ്പോഴാണ് മുറുക്കുക എന്ന വ്യത്യാസമുണ്ട്! അവസാനം വായില്‍ വന്ന അര്‍ബുദമാണ് ആറ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അദ്ദേഹത്തിന്‍റെ ജീവനെടുത്തതും. ഉമ്മക്ക് ഒരുനാള്‍ വായില്‍ വ്രണമുണ്ടായപ്പോള്‍ ഞാന്‍ അവരെയും കൂട്ടി നഗരത്തിലെ ഇ.എന്‍.ടി സ്പെഷലിസ്റ്റിനെ പോയി കണ്ടു. വയോധികനായ അദ്ദേഹം പരിശോധനക്കു ശേഷം ഉമ്മയോട് പറഞ്ഞു: ഇപ്പോള്‍ വന്നത് സാരമില്ല. മരുന്നു തരാം. മേലില്‍ സൂക്ഷിക്കണം. ഇത് വേറെ വല്ലതുമായിത്തീരാന്‍ സാധ്യതയുണ്ട്.

മുറുക്ക് നിര്‍ത്തുന്നതാണ് നല്ലത്. ‘ഉം’ ഉമ്മ മൂളി. ഞാനവരെയുമായി മടങ്ങി വീട്ടിലെത്തിയപ്പോള്‍ ഉമ്മ ആദ്യം ചെയ്തത് പ്രിയപ്പെട്ട ചെല്ലപ്പെട്ടി എടുത്ത് വിസ്തരിച്ച് മുറുക്കുകയാണ്. ‘ഇതെന്ത് പണിയാണ് നിങ്ങള്‍ ചെയ്യുന്നത്?’ ഡോക്ടര്‍ പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ? ഞാന്‍ നീരസത്തോടെ ചോദിച്ചപ്പോള്‍ ഉമ്മയുടെ മറുപടി: ‘നിനക്കും അയാള്‍ക്കുമൊക്കെ പിരാന്താണ്.’ പിന്നെ ഉമ്മ നാട്ടില്‍ കാന്‍സര്‍മൂലം മരിച്ചുപോയ അഞ്ചെട്ട് ആളുകളുടെ പേരെണ്ണിപ്പറഞ്ഞു. അവരാരും മുറുക്കിയിരുന്നില്ല. കാന്‍സര്‍ രോഗം മൂലമല്ലാതെ മരണപ്പെട്ട എട്ടുപത്തു പേരുടെ പട്ടികയും നിരത്തി. അവരൊക്കെ മുറുക്കിയിരുന്നുതാനും. എങ്ങനെയുണ്ട് ഉമ്മയുടെ റിസര്‍ച്ച്!

എന്തായാലും പൊതുസ്ഥലങ്ങളില്‍ മുറുക്കിയോ അല്ലാതെയോ തുപ്പുന്നത് മഹാമോശം ഏര്‍പ്പാടാണ്. അത് കര്‍ശനമായി തടഞ്ഞേ പറ്റൂ. മിക്കവാറും ഗള്‍ഫ് നഗരങ്ങളിലൊക്കെ കനത്ത പിഴ ചുമത്തുന്ന കുറ്റമാണ് പൊതുസ്ഥലത്തെ തുപ്പല്‍. അറബികള്‍ സാധാരണ മുറുക്കുന്നവരല്ല. എഴുപതുകളില്‍ ഞാന്‍ ഖത്തറില്‍ പ്രവാസിയായിരുന്നപ്പോള്‍ ദോഹയിലെ ഒന്നുരണ്ട് തെരുവുകള്‍ സദാ ചുവന്നു കാണാമായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ തൊഴിലാളികളായിരുന്നു അവിടത്തെ പതിവുകാര്‍. അവര്‍ മുറുക്കിത്തുപ്പി റോഡാകെ ചുകപ്പിക്കുന്നതാണ്. ഇതുകണ്ട് അറബിപ്പിള്ളേരും ഒരു ഹരത്തിന് വേണ്ടി മുറുക്കിത്തുപ്പാന്‍ തുടങ്ങിയപ്പോള്‍ ‘അര്‍റായ:’ ദിനപത്രം ഒരു മുഖപ്രസംഗം എഴുതിയതോര്‍ക്കുന്നു.

ഇന്ത്യ-പാകിസ്താന്‍ മേഖലയില്‍ നിന്നുവന്ന സഹോദരന്മാര്‍ മുറുക്കിത്തുപ്പുന്നത് ഒരു ശീലമാണെന്ന് വെക്കാം. പക്ഷേ, ഇപ്പോള്‍ അവരെ അനുകരിച്ച് ഖത്തരി യുവാക്കളും ‘ചോര തുപ്പാന്‍’ തുടങ്ങിയിരിക്കുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്ന ഈ ഏര്‍പ്പാട് തടയണം എന്നായിരുന്നു മുഖപ്രസംഗത്തിലെ ആവശ്യം. വൈകാതെ നഗരസഭാധികൃതര്‍ മുറുക്കിത്തുപ്പല്‍ നിരോധിച്ചു. പില്‍ക്കാലത്ത് പലപ്പോഴും ഗള്‍ഫ് നഗരങ്ങള്‍ സന്ദര്‍ശിച്ചപ്പോഴൊന്നും മുറുക്കിയോ അല്ലാതെയോ തെരുവുകള്‍ മലിനമാക്കുന്നത് കണ്ടിട്ടില്ല. മനോഹരമായ സിംഗപ്പൂര്‍ നഗരത്തിലെ ഇന്ത്യന്‍ സ്ട്രീറ്റിലും അതില്ലെന്നാണ് ഓര്‍മ.

‘പ്രബോധന’ത്തില്‍ സഹപത്രാധിപരായിരുന്ന കാലത്തെ ഒരനുഭവവും അനുസ്മരിക്കാം. എഡിറ്ററും ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്ന ടി. മുഹമ്മദ് സാഹിബ് നന്നായി മുറുക്കുമായിരുന്നു. അദ്ദേഹം ഇരിക്കുന്ന മുറിയുടെ ജനാല മുഴുവന്‍ ചെഞ്ചായമണിഞ്ഞിരുന്നു. പുറത്തേക്ക് മുറുക്കിത്തുപ്പാറുണ്ടായിരുന്നതാണ് കാരണം. ഒരുനാള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അങ്ങേക്ക് ഒരുപക്ഷേ, കാന്‍സര്‍ ബാധിച്ചില്ലെന്നുവരാം. എന്നാല്‍, ഈ ജനാലക്ക് കാന്‍സര്‍ പിടിക്കുമെന്ന കാര്യത്തില്‍ സംശയമേയില്ല.!’ അദ്ദേഹം ചിരിച്ചതല്ലാതെ ചിരകാലശീലം മാറ്റിയില്ല. അര്‍ബുദബാധിതനായല്ല ആ വലിയ മനുഷ്യന്‍ ലോകത്തോട് വിടവാങ്ങിയതും.

കേരളത്തിലെ ആദിവാസികളുടെ അനാരോഗ്യത്തിനും അകാല മരണങ്ങള്‍ക്കും ഒരു മുഖ്യകാരണം അവര്‍ ആണും പെണ്ണും വ്യത്യാസമില്ലാതെ മുറുക്കും പുകവലിയും ശീലമാക്കിയതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ധനനഷ്ടത്തിനും ആരോഗ്യ നഷ്ടത്തിനും വൃത്തിഹീനതക്കും മാത്രം നിമിത്തമായ മുറുക്കും ഒപ്പം പൊതുസ്ഥലത്തെ ഏതുതരം തുപ്പലും അവസാനിപ്പിക്കേണ്ട കാലം വൈകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.