നെഹ്റു വിരുദ്ധതയുടെ ശുഷ്ക രാഷ്ട്രീയം

നമ്മുടെ കണ്‍മുന്നില്‍ ഇന്ത്യ മാറുകയാണ്. ഈ മാറ്റത്തിനു സംഘ്പരിവാര്‍ നല്‍കുന്ന താത്ത്വികവ്യാഖ്യാനം നെഹ്റൂയിസത്തില്‍നിന്ന് ഭാരതീയമായ ദേശീയത്തനിമയിലേക്കു രാജ്യം നീങ്ങുന്നു എന്നാണ്. ഇന്ത്യയുടെ തകര്‍ച്ചക്ക് മുഴുവന്‍ ഉത്തരവാദി നെഹ്റുവായിരുന്നു എന്ന് സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതിനു പിന്നില്‍ രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇപ്പോഴും നെഹ്റുകുടുംബമുണ്ട്, അതുകൊണ്ട് ഈ വിമര്‍ശം അവരെ പ്രതിരോധത്തില്‍ ആക്കാനിടയുണ്ട് എന്നതിനാല്‍. രണ്ട്, ലിബറല്‍ ജനാധിപത്യത്തിന്‍െറ സ്വാതന്ത്ര്യാനന്തര പശ്ചാത്തലത്തില്‍ അതിനെതിരെയുള്ള തങ്ങളുടെ വിമര്‍ശം ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള വിചാരങ്ങളിലേക്ക് ചുരുക്കുന്നതാണ് കേവലമായ സൗകര്യം എന്നതിനാല്‍.

ബി.ജെ.പിയുടെ വിമര്‍ശം യഥാര്‍ഥത്തില്‍ നെഹ്റുവിന് എതിരെയല്ല. നെഹ്റു അവര്‍ക്ക്  ഒരു രൂപകമാണ്. അത് പ്രതിനിധാനംചെയ്യുന്ന പാരമ്പര്യങ്ങളോടുള്ള എതിര്‍പ്പാണ് പ്രധാനം. അതിനെ മറയാക്കി തങ്ങളുടെ രാഷ്ട്രീയത്തിന് സാധൂകരണം തേടാനുള്ള ഹതാശമായ ശ്രമമാണ് അമിത് ഷായും കൂട്ടരും നടത്തുന്നത്. അടിസ്ഥാനപരമായ പല മാറ്റങ്ങളും സമസ്തമേഖലകളിലും കൊണ്ടുവരുന്നത് ഒരേയൊരു ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന ചില ലിബറല്‍ മൂല്യങ്ങളെ അപകീര്‍ത്തിപ്പെടുത്തി പ്രതിരോധത്തിലാക്കി ആക്രമിക്കുക എന്നതാണത്.  അതിനുള്ള മുന്നൊരുക്കം മാത്രമാണ് ഇപ്പോള്‍ അഴിച്ചുവിട്ടിരിക്കുന്ന നെഹ്റു വിമര്‍ശം.

നെഹ്റു വിമര്‍ശാതീതനല്ല. രാം മനോഹര്‍ ലോഹ്യ നെഹ്റുവിനെ നിശിതമായി  വിമര്‍ശിച്ചിട്ടുണ്ട്. തോല്‍ക്കുമെന്നറിഞ്ഞു കൊണ്ടുതന്നെ, സുരക്ഷിത മണ്ഡലങ്ങള്‍ വെടിഞ്ഞ്, 1962ലെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഏകനായി നെഹ്റുവിനെതിരെ ഫുല്‍പ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചുതോറ്റിട്ടുണ്ട്. ഒരര്‍ഥത്തില്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയം നെഹ്റുവിന്‍െറ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ട് രൂപംകൊടുത്തതായിരുന്നു. മാര്‍ക്സിസത്തിന്‍െറ വിമര്‍ശം ലോഹ്യയുടെ ദാര്‍ശനികസമീപനത്തിന്‍െറ കാതലായിരിക്കുമ്പോള്‍പോലും അദ്ദേഹത്തിന്‍െറ പ്രായോഗികസമീപനങ്ങള്‍ നെഹ്റുവിന്‍െറ പരിപ്രേക്ഷ്യത്തോടുള്ള കടുത്ത വിമര്‍ശത്തില്‍നിന്നാണ് രൂപംകൊണ്ടിട്ടുള്ളത്. സോഷ്യലിസ്റ്റ് രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ എങ്ങനെ മനസ്സിലാക്കും, നിര്‍വചിക്കും എന്ന ആഴത്തിലുള്ള ഒരു സന്ദേഹം ലോഹ്യ വെച്ചുപുലര്‍ത്തിയത് നെഹ്റുവിന്‍െറ സാമ്പത്തികനയങ്ങളോടും രാഷ്ട്രീയസമീപനങ്ങളോടുമുള്ള വിപ്രതിപത്തിയും വിശ്വാസരാഹിത്യവും തുറന്നുപറഞ്ഞുകൊണ്ടായിരുന്നു. നെഹ്റുവിനെതിരെ അദ്ദേഹം അവിശ്വാസപ്രമേയം കൊണ്ടുവന്നു. ആസൂത്രണകമീഷന്‍െറ പ്രവര്‍ത്തനങ്ങളെ, അവരുടെ കണ്ടത്തെലുകളെ അദ്ദേഹം  രൂക്ഷമായി  ആക്രമിച്ചു. വിട്ടുവീഴ്ചയില്ലാതെ നെഹ്റുവിനും നെഹ്റൂയിസത്തിനുമെതിരെ അദ്ദേഹം പോരാടി.

നെഹ്റുവിന്‍െറ ഭരണത്തില്‍ ഇന്ത്യ സോഷ്യലിസ്റ്റ് ആശയങ്ങള്‍ കൈവെടിയുകയാണ് എന്നതായിരുന്നു അദ്ദേഹത്തിന്‍െറ വിമര്‍ശത്തിന്‍െറ കാതല്‍. എന്നാല്‍, നെഹ്റുവിമര്‍ശത്തിന്‍െറ പശ്ചാത്തലത്തില്‍ ഉള്ളതായിരുന്നുവെങ്കില്‍പോലും മാര്‍ക്സിസത്തില്‍നിന്ന് ഭിന്നമായി തന്‍െറ സന്ദേഹവും സന്ദേശവും മനസ്സിലാക്കപ്പെടണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. പാര്‍ലമെന്‍റിന് അകത്തും പുറത്തും ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍െറ സാമ്പത്തിക-സാമൂഹിക-ചരിത്ര രചനകള്‍ ഈ വഴിക്ക് വെളിച്ചംവീശുന്നവയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് വേറിട്ട് ഒരു കോണ്‍ഗ്രസിതര ലിബറല്‍ രാഷ്ട്രീയം ഇന്ത്യയില്‍ ശക്തമാവണം എന്ന് തീവ്രമായി ആഗ്രഹിച്ച നേതാവും ദാര്‍ശനികനും ആയിരുന്നു ലോഹ്യ. ജാതിവ്യവസ്ഥയുടെ നിതാന്തവിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

നെഹ്റുവിനു ശേഷവും അദ്ദേഹം നെഹ്റുകുടുംബത്തെ എതിര്‍ത്തിരുന്നു. നെഹ്റു മരിച്ചശേഷം  അദ്ദേഹം സ്വന്തം മണ്ഡലമായ കനൌജിനെക്കാള്‍ കൂടുതല്‍ ശ്രദ്ധനല്‍കി  ഫുല്‍പ്പൂരില്‍ വിജയലക്ഷ്മി പണ്ഡിറ്റിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. അതിലെല്ലാമുപരി നെഹ്റുകുടുംബത്തെയും ‘സ്റ്റാലിനിസ’ത്തെയും ഒരുമിച്ചെതിര്‍ക്കാന്‍  കിട്ടിയ ഒരു അവസരം അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ജോസഫ് സ്റ്റാലിനിന്‍െറ മകള്‍ സ്വെ്ലാന ഇന്ത്യയില്‍ വന്ന്, തന്‍െറ ജീവിതപങ്കാളി ആയിരുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടി  നേതാവും അലഹബാദിലെ കാലാകങ്കര്‍  രാജകുടുംബാംഗവും ആയിരുന്ന ബ്രജേഷ് സിങ്ങിനു സ്മാരകം പണിയാന്‍ ശ്രമിച്ച സന്ദര്‍ഭത്തിലായിരുന്നു അത്. സോവിയറ്റ് നേതൃത്വം സ്വെ്ലാനക്ക് ഇന്ത്യയില്‍ കഴിയാന്‍ അവസരം നല്‍കുന്നതിന് എതിരായിരുന്നു.  ഇന്ദിര ഗാന്ധി അതിനു വഴങ്ങുക ആയിരുന്നു എന്നത് ലോഹ്യയെ ചൊടിപ്പിച്ചു. ബ്രജേഷ് സിങ്ങിന്‍െറ അടുത്ത ബന്ധുവായിരുന്നു അന്ന് ഇന്ദിരാ മന്ത്രിസഭയിലും പിന്നീട് നരസിംഹറാവു മന്ത്രിസഭയിലും അംഗമായിരുന്ന ദിനേശ് സിങ്. എന്നിട്ടും സ്വെ്ലാന മാനസികമായി പീഡിപ്പിക്കപ്പെട്ടു. നെഹ്റുവിന്‍െറ മകള്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സ്റ്റാലിനിന്‍െറ മകള്‍ ഭര്‍ത്താവിനു സ്മാരകം പണിയാന്‍ വിസാ കാലാവധി നീട്ടിക്കിട്ടാന്‍ ഇന്ത്യയില്‍ കെഞ്ചിനടക്കുന്നതിന്‍െറ ഐറണി ലോഹ്യ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.        

ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ലെനിന്‍ നേരിട്ടു ഏഷ്യന്‍ വിപ്ളവങ്ങളുടെ ചുമതല ഏല്‍പിച്ച  പ്രതിഭാശാലിയും ആയിരുന്ന എം.എന്‍. റോയിയും നെഹ്റുവിനെയും നെഹ്റുയിസത്തെയും നിരന്തരം വിമര്‍ശിച്ചിട്ടുണ്ട്. രക്തസാക്ഷി ഖുദിറാം ബോസിന്‍െറ സ്മാരകത്തിന് തറക്കല്ലിടാന്‍ അഹിംസാ സിദ്ധാത്തിന്‍െറ പേരില്‍ വിസമ്മതിച്ച നെഹ്റുവിനെതിരെ ‘ദേശീയതയും അഹിംസാ സിദ്ധാന്തവും’ എന്ന ലേഖനം എഴുതിയത് മാത്രമല്ല. നെഹ്റു തന്‍െറ ഭൂപരിഷ്കരണ നിലപാടുകളെ സോഷ്യലിസവുമായി ബന്ധപ്പെടുത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. നെഹ്റു ‘വര്‍ഗസമരം’ കളിക്കണ്ടെന്നു പരിഹസിച്ചിട്ടുണ്ട്. ഗാന്ധിയുടെ യുക്തിരാഹിത്യങ്ങള്‍ക്ക്  ഭാഷ്യം ചമക്കുകയാണ് നെഹ്റു എന്നത്  റോയിയുടെ വിമര്‍ശം ആയിരുന്നു. നെഹ്റുവിന്‍െറ ബ്രിട്ടീഷ് വിരോധം ഒരുതരം മാനസികരോഗമാണെന്നും മസോക്കിസത്തിന്‍െറ വകഭേദമാണെന്നും റോയി എഴുതിയിട്ടുണ്ട്. നന്നേ ചെറുപ്പത്തില്‍ ആധുനികതയുടെ സ്വാധീനത്തില്‍ പെട്ടതിനോടുള്ള പ്രതിഷേധവും മുറിവുണക്കലുമാണ് നെഹ്റുവിന്‍െറ മുഴുവന്‍ രാഷ്ട്രീയ ജീവിതവുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ പക്ഷം.   ഇ.എം.എസും മറ്റു സ്റ്റാലിനിസ്റ്റുകളും നെഹ്റുവിനെ വിമര്‍ശിച്ചിട്ടുണ്ട്, അധിക്ഷേപിച്ചിട്ടുണ്ട്. ‘നെഹ്റുവും നെഹ്റൂയിസവും’ എന്നൊരു പുസ്തകമോ ലേഖനപരമ്പരയോ ഇ.എം.എസ് എഴുതിയതു വായിച്ചതോര്‍ക്കുന്നു.  

എന്നാല്‍, ലോഹ്യ മുതല്‍ ഇ.എം.എസ് വരെയുള്ളവരുടെ നെഹ്റുവിമര്‍ശമല്ല  അമിത് ഷായുടെയും കൂട്ടരുടെയും.  നെഹ്റുവിന്‍െറ സോഷ്യലിസ്റ്റ് സ്റ്റാലിനിസ്റ്റ് വിമര്‍ശകര്‍ ശരിയോ തെറ്റോ ആയ, പ്രായോഗികമോ അപ്രായോഗികമോ ആയ, എന്നാല്‍  ജനകീയ രാഷ്ട്രീയത്തിന്‍േറതുകൂടിയായ ബദലുകളില്‍നിന്നുകൊണ്ട്,  സ്വന്തം ജനാധിപത്യപരീക്ഷണങ്ങളുടെ പരിപ്രേക്ഷ്യങ്ങളില്‍ നിന്നുകൊണ്ട് നെഹ്റൂവിയന്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ആയിരുന്നു. പൂര്‍ണമായ നിരാസവും ഉള്‍ക്കൊള്ളലും അവരുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ ജനകീയബദലുകളെ ഉയര്‍ത്തി ക്കാണിക്കാനാണ് അവര്‍ നെഹ്റൂവിയന്‍ സമീപനങ്ങളെ എതിരിട്ടത്. അതില്‍ ചിലത് നെഹ്റുവിന്‍െറ ജനാധിപത്യസാമ്പത്തിക സങ്കല്‍പങ്ങളെക്കാള്‍  വിശാലവും ചിലത് അതിലും ഇടുങ്ങിയതും ആയിരുന്നിരിക്കാം. എങ്കിലും അവയില്‍ പലതിനും നെഹ്റുവിന്‍െറ നിലപാടുകളോടുള്ള അടുപ്പം ശ്രദ്ധേയമായിരുന്നു.
ഏറെ പരിമിതികള്‍ക്കുള്ളിലും താന്‍ ഭരിച്ച പതിനേഴു കൊല്ലവും ഒരു ഏകാധിപത്യഭരണം സ്ഥാപിക്കാനല്ല, മറിച്ചു ജനാധിപത്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ് നെഹ്റു ശ്രമിച്ചിരുന്നത്. നെഹ്റുവിന്‍െറ വികസനസങ്കല്‍പത്തില്‍ ഒട്ടേറെ പോരായ്മകള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭക്രാനംഗല്‍ അണക്കെട്ടിനെ ആധുനിക ഇന്ത്യയുടെ അമ്പലമെന്ന് വിളിച്ചപ്പോള്‍ തന്നെ അതിന്‍െറ ഉള്ളിലെ വൈരുധ്യങ്ങള്‍ കുത്തിയൊഴുകി. അദ്ദേഹത്തിന്‍െറ മിശ്രസമ്പദ്വ്യവസ്ഥയോടുള്ള അഭിനിവേശവും ഇറക്കുമതിവിരുദ്ധതയും  മറ്റനവധി സോഷ്യലിസ്റ്റ് എന്ന പ്രതീതിജനിപ്പിക്കുന്ന സാമ്പത്തികനയങ്ങളും ഇന്ത്യന്‍ മൂലധനത്തിന്‍െറ താല്‍പര്യങ്ങളെയോ സോഷ്യലിസ്റ്റുകളുടെ മുതലാളിത്തവിരുദ്ധ രാഷ്ട്രീയത്തെയോ പൂര്‍ണമായും തൃപ്തിപ്പെടുത്തിയില്ല എന്നത് ഇരുകൂട്ടരെയും അദ്ദേഹത്തിന്‍െറ നിതാന്ത വിമര്‍ശകരാക്കി. പക്ഷേ, ശക്തമായ ആഭ്യന്തരവിപണി സൃഷ്ടിക്കുന്നതിനും അതിലൂടെ  സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുതലാളിത്തവികസനത്തിന്‍െറ അടിസ്ഥാനശിലകള്‍ പാകുന്നതിനും അദ്ദേഹത്തിന്‍െറ നയങ്ങള്‍ സഹായകമായി.  ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന്‍െറ കാര്യത്തില്‍  ഇന്ത്യയിലെ മതേതരത്വം പഴുതുകള്‍ ഇല്ലാത്തതല്ളെന്നു നെഹ്റുവിനുതന്നെ ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് മുസ്ലിം വ്യക്തിനിയമം തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്. സര്‍ദാര്‍ പട്ടേലിനോ മറ്റു പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമോ ഇത്തരം സാമൂഹികമായ സങ്കീര്‍ണതകളെയും സന്ദിഗ്ധതകളെയും ഉള്‍ക്കൊള്ളാനുള്ള രാഷ്ട്രീയ വിവേകം ഉണ്ടായിരുന്നില്ല.  

ഞാന്‍ നെഹ്റുവിന്‍െറയോ നെഹ്റൂയിസത്തിന്‍െറയോ ആരാധകനല്ല.  ആ രാഷ്ട്രീയത്തിന്‍െറ പരിമിതികളെക്കുറിച്ച് ഉത്തമബോധ്യങ്ങളമുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ  ഹിന്ദുത്വ അജണ്ടക്കു വേണ്ടി, അതിന്‍െറ ശുഷ്കവും വിഭാഗീയവുമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി, നെഹ്റുവിന്‍െറ രാഷ്ട്രീയപാരമ്പര്യം മുഴുവന്‍ ബലിനല്‍കണമെന്ന അമിത് ഷാ സിദ്ധാന്തത്തോട് യോജിക്കാന്‍ ജനാധിപത്യവാദികള്‍ക്ക് സാധിക്കില്ല. നെഹ്റുവിനെ പൂര്‍ണമായും തള്ളിക്കളയുന്ന പുതിയ രാഷ്ട്രീയതന്ത്രത്തിന് പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിയുക എന്നത് പ്രധാനമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ചില റിപ്പബ്ളിക്കന്‍ മൂല്യങ്ങളെ വെല്ലുവിളിക്കാനുള്ള മറയായി നെഹ്റുവിമര്‍ശം മാറുന്നതിനെ പ്രതിരോധിക്കുക എന്നത് രാഷ്ട്രീയമായ ജാഗ്രതയുടെ അടയാളംകൂടി ആവുകയാണിപ്പോള്‍.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.