മോഹന്‍ലാല്‍ പറഞ്ഞതും പറയാത്തതും

കഴിഞ്ഞയാഴ്ച പ്രമുഖ മലയാളസിനിമാതാരം മോഹന്‍ലാല്‍ രാജ്യസ്നേഹത്തെക്കുറിച്ച് ബ്ളോഗില്‍ കുറിപ്പെഴുതുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും പരിഹസിച്ചും ധാരാളം  പ്രതികരണങ്ങളും കാണാനിടയായി. രാജ്യത്തിന്‍െറ അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍  നിയമസഭയിലും പാര്‍ലമെന്‍റിലും ഒക്കെ നടക്കുന്ന ബഹളങ്ങളെക്കുറിച്ചും യൂനിവേഴ്സിറ്റികളില്‍ രാജ്യസ്നേഹത്തെച്ചൊല്ലി തല്ലുനടക്കുന്നതിനെക്കുറിച്ചും ബാര്‍കോഴയെക്കുറിച്ചും  രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും അടുത്ത തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള  വാര്‍ത്തകള്‍കൂടി പത്രങ്ങളില്‍ കാണാനിടയായത് തന്നെ ദു$ഖിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം എഴുതിയിരുന്നത്. എല്ലാവരിലും രാജ്യസ്നേഹം ഉണ്ടാവേണ്ടതിന്‍െറ അളവുകോലായി പട്ടാളക്കാരോടുള്ള സ്നേഹവും ആദരവും അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നു.

എഴുത്തിലെ അതിവൈകാരികതയും ഒരു ജനതയെ ഒന്നാകെ ഉപദേശിക്കാന്‍മാത്രം ജനപ്രിയത തനിക്കുണ്ട് എന്ന തോന്നലില്‍നിന്ന് ഉണ്ടായ  ഗര്‍വിത വാചാടോപവും മാറ്റിനിര്‍ത്തിയാല്‍ രാജ്യമാണ് വലുത്, വ്യക്തികളല്ല എന്നതായിരുന്നു മോഹന്‍ലാലിന്‍െറ കുറിപ്പിലെ സന്ദേശം. രാജ്യസ്നേഹത്തെ പട്ടാളക്കാരുടെ ത്യാഗങ്ങളെ ആദരിക്കുന്നതുമായി ബന്ധിപ്പിച്ച സമീപനമാണ് കൂടുതല്‍ വിമര്‍ശത്തിനു കാരണമായത്. പട്ടാളക്കാര്‍മാത്രമല്ല, രാജ്യമെന്നും പട്ടാളത്തെ ഇങ്ങനെ അമിതമായി വാഴ്ത്തുന്നത് അനഭിലഷണീയമാണെന്നും സൂചിപ്പിച്ച് എഴുത്തുകാരന്‍ ബെന്യാമിനെപ്പോലെ പലരും പ്രതികരിച്ചിരുന്നു. രാജ്യമാണ് വലുത്, വ്യക്തിയല്ല എന്നു പറയുമ്പോള്‍ അതിന്‍െറ മറുപുറമായി വ്യക്തിവാദികള്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ളത് പൗരനാണ്/പൗരിയാണ് വലുത്, പൗരനുവേണ്ടിയാണ് രാജ്യം എന്നാണ്. ഇതേ പ്രശ്നത്തിന്‍െറ പേരില്‍ ആരാണ് കൂടുതല്‍ രാജ്യസ്നേഹികള്‍ എന്നതിനെക്കുറിച്ച് കടുത്ത സംവാദവും നടക്കാറുണ്ട്. മറ്റുള്ളവരുടെ രാജ്യസ്നേഹത്തെ, ഇപ്പോള്‍ മോഹന്‍ലാല്‍ ചെയ്തതുപോലെ ചോദ്യംചെയ്ത് സംഘ്പരിവാറും സംഘ്പരിവാറിന്‍െറ രാജ്യസ്നേഹത്തെ ചോദ്യംചെയ്ത് മറ്റുള്ളവരും രംഗത്തുവരാറുണ്ട്. തങ്ങളുടെ ദീര്‍ഘമായ രാജ്യസ്നേഹ പാരമ്പര്യം ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇരുകൂട്ടരും സമര്‍ഥിക്കുന്നു.

ഈ രണ്ടു സമീപനവും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല എന്ന ഉള്‍ക്കാഴ്ചയായിരുന്നു ഭരണകൂടത്തെക്കുറിച്ചുള്ള ഒരു മാര്‍ക്സിസ്റ്റ് സമീപനം എക്കാലത്തും മുന്നോട്ടുവെച്ചിരുന്നത്. മാര്‍ക്സിസത്തിന്‍െറ സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പലതും അപ്രസക്തമായെങ്കിലും അതിന്‍െറ ചില ഉള്‍ക്കാഴ്ചകളെ പൂര്‍ണമായും അവഗണിച്ച് രാഷ്ട്രീയവിശകലനം സാധ്യമല്ല. വിശേഷിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി കള്‍ സൈദ്ധാന്തികമായും പ്രായോഗികമായും പാര്‍ലമെന്‍ററി രാഷ്ട്രീയം മുതല്‍ മാവോവാദി പ്രവര്‍ത്തനം വരെ സ്വീകരിച്ചിട്ടുള്ള ഇന്ത്യയുടെ സാഹചര്യത്തില്‍ മാര്‍ക്സിസവുമായുള്ള ഈ വിമര്‍ശാത്മകബന്ധം കൂടുതല്‍ പ്രസക്തവുമാണ്. പൗരന്‍/പൗരി എന്നത് ഒരു രാഷ്ട്രീയ ബന്ധമാണ്. ഭരണകൂടത്തിന്‍െറ സ്വഭാവവുമായി ബന്ധപ്പെട്ടാണ് അത് നിലനില്‍ക്കുന്നത്. അമൂര്‍ത്തമായ ഒരു പൗരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്നു എന്നത് ഒരു ലിബറല്‍ മിഥ്യയാണ്. ഫ്യൂഡലിസത്തില്‍നിന്നുള്ള മുന്നോട്ടുപോക്കാണ് ഭരണഘടനാധിഷ്ഠിതമായ മുതലാളിത്തഭരണം. ഫ്യൂഡലിസത്തില്‍ ‘പൗരന്‍’ ഉണ്ടായിരുന്നില്ല. വ്യക്തിസ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടായിരുന്നതേയില്ല. മുതലാളിത്തമാണ് പൗരനെ സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യം നിര്‍വചിക്കുന്നത്. അതിന്‍െറ അതിരുകള്‍ തീരുമാനിക്കുന്നത്.

ഭരണകൂടം നിലനില്‍ക്കുന്നത് സവിശേഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്, അല്ലാതെ പൗരന് രക്ഷ നല്‍കാനല്ല എന്നത് വളരെ ലളിതമായ ഒരു കാര്യമാണെങ്കിലും അതിനെ ശക്തമായി മറയ്ക്കാന്‍ ഭരണകൂടത്തിനു കഴിയുന്നതിനെയാണ് ആശയപരമായ സ്വത്വവര്‍ഗാധീശത്വം എന്നുപറയുന്നത്. പ്രാതിനിധ്യ ജനാധിപത്യത്തിനും ഇത് ബാധകമാണ്. അതുകൊണ്ടാണ് ഇതിന്‍െറ എതിര്‍ഭാഗത്ത് സിവില്‍സമൂഹം ഉണ്ടാവുന്നത്. ഇതിനെ ചെറുത്തുകൊണ്ടിരിക്കുന്നത്. ഭരണഘടന, പൗരാവകാശം, സാര്‍വത്രിക വോട്ടവകാശം എന്നതൊക്കെ ഈ താല്‍പര്യം സംരക്ഷിക്കുന്നതിനു ചില സവിശേഷ സ്ഥലകാല സംയുക്തങ്ങളില്‍ ഈ അധീശവ്യവഹാരം ഉപയോഗിക്കുന്നതാണ്.

ഏംഗല്‍സും  മാര്‍ക്സും  മറ്റും ഇക്കാര്യം ഊന്നിപ്പറഞ്ഞതിന്‍െറ സാഹചര്യം ലെനിന്‍ അദ്ദേഹത്തിന്‍െറ വിഖ്യാതമായ ‘ഭരണകൂടവും വിപ്ളവവും’ എന്ന കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  പോളാന്ത്സായേ (Paul Antze) പോലുള്ള പോസ്റ്റ് മാര്‍ക്സിസ്റ്റുകള്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇത് കേവലമായ വര്‍ഗാധീശത്വംമാത്രമല്ല, മറിച്ചു വര്‍ണവ്യവസ്ഥയുമായി ഇഴചേര്‍ന്ന വര്‍ണാധീശത്വംകൂടിയാണ് എന്നത് അംബേദ്കര്‍ ഈ ഭരണഘടന എഴുതിയപ്പോള്‍ പ്രയോഗിച്ചു കാണിച്ചുതന്നതാണ്.  

രാജ്യംപോലെ രാജ്യാഭിമാനവും മുതലാളിത്തത്തിന്‍െറയോ ആധുനികതയുടെയോ മാത്രം ഉല്‍പന്നമല്ല. ഫ്യൂഡല്‍ ഭരണകൂടങ്ങളും നിലനിന്നിരുന്നത് ‘രാജ്യ’ത്തിന്‍െറ പേരിലാണ്. രാജഭക്തിയും രാജ്യഭക്തിയും അന്ന് പരസ്പരം ഇഴചേര്‍ന്നിരുന്നു. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗദപി ഗരീയസി’ എന്ന് എഴുതിയത് ഈ അമൂര്‍ത്ത ‘രാജ്യ’സങ്കല്‍പത്തിലാണ്. ദേശം മാറിക്കൊണ്ടിരിക്കും. അതിന്‍െറ അതിരുകള്‍ മാറിക്കൊണ്ടിരിക്കും. പക്ഷേ, രാജ്യാഭിമാനം എന്നത് സ്ഥിരമാണ്. കൊല്ലം മുതല്‍ വടക്കോട്ടുണ്ടായിരുന്ന രാജ്യങ്ങള്‍ പിടിച്ചെടുത്താണ് തിരുവിതാംകൂര്‍ രാജ്യം മാര്‍ത്താണ്ഡവര്‍മ സൃഷ്ടിക്കുന്നത്. ബ്രിട്ടീഷ് ഒത്താശയോടെയായിരുന്നു അത്. അതിനുശേഷം അദ്ദേഹം രാജ്യം ദൈവത്തിനു ദാനംചെയ്യുന്നതായി ഭാവിച്ചു. അതോടെ പ്രജകള്‍ രാജാവിന്‍െറ മാത്രമല്ല, ദൈവത്തിന്‍െറകൂടിയായി. അവരുടെ ചെറിയ രാജ്യാഭിമാനങ്ങള്‍ വലിയ തിരുവിതാംകൂറിലേക്ക് ലയിച്ചു. അന്ന് വ്യക്തിസ്വാതന്ത്ര്യം എന്നൊരു സങ്കല്‍പമേയില്ല. എല്ലാ അധികാരവും രാജാവിനുള്ളതാണ്. അതിന്‍െറ വികേന്ദ്രീകരണങ്ങളേയുള്ളൂ.

രാജാവിനു അതിലംഘിക്കാന്‍ കഴിയാത്ത നിയമങ്ങള്‍ മതനിയമങ്ങളാണ്. മതം മാത്രമാണ് രാജാവിനും മുകളില്‍ ഉള്ളത്. എന്നാല്‍, ആംഗ്ളിക്കന്‍ സഭയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഇതില്‍ ചില പ്രശ്നങ്ങളുണ്ടാവുകയും മതവും ഭരണകൂടവും തമ്മില്‍ കലഹിക്കുകയും ചെയ്തിട്ടുണ്ട്. ഫ്യൂഡല്‍ ഭരണകൂടത്തെപ്പോലെ ആധുനിക മുതലാളിത്ത ഭരണകൂടവും വ്യക്തികള്‍ക്ക്  വേണ്ടിയുള്ളതല്ല. അത് രാഷ്ട്രമായി നിലനില്‍ക്കുന്നത് വ്യക്തികള്‍ സ്വന്തം സ്വാതന്ത്ര്യം ഭരണകൂടത്തിനു സമര്‍പ്പിക്കുന്നതുകൊണ്ടാണ്. രാജ്യം എല്ലാറ്റിനും മേലെയാണ്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ സിവിലായോ ക്രിമിനലായോ ഭരണകൂടം മാധ്യസ്ഥ്യം വഹിക്കുന്നത്, ലെനിന്‍ വളരെ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ, വര്‍ഗങ്ങളെ/വര്‍ണങ്ങളെ തമ്മില്‍ രഞ്ജിപ്പിക്കാനല്ല, മറിച്ചു അവതമ്മില്‍ സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ അധീശവര്‍ഗത്തെ, ജാതിവ്യവസ്ഥയെ സംരക്ഷിക്കാനാണ്. അതിനെതിരെയുണ്ടാകുന്ന പ്രതികരണങ്ങളെ നേരിടാന്‍ എന്തെല്ലാം  വ്യത്യസ്ത അളവുകോലുകള്‍ ഉപയോഗിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നു. രാഷ്ട്രീയമായി ശത്രുതയുള്ള പി. ജയരാജനെ അദ്ദേഹത്തിന്‍െറ അസുഖത്തിന്‍െറ പേരില്‍ നാടുനീളെ ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോയി അപമാനിക്കുന്നു എന്നേ അതിന്‍െറ മാധ്യമദൃശ്യങ്ങള്‍ കാണുമ്പോള്‍ തോന്നുന്നുള്ളൂ. എന്നാല്‍, ഈ ചികിത്സാസൗകര്യംപോലും അബ്ദുന്നാസിര്‍ മഅ്ദനിക്ക് വര്‍ഷങ്ങളോളം നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള രൂപേഷിനും ഷൈനിക്കും അതുപോലെ അനേകര്‍ക്കും ഈ സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടേക്കാം. അവര്‍ക്ക്  പരോളോ മറ്റു ആനുകൂല്യങ്ങളോ എന്നെങ്കിലും ലഭിക്കണമെന്നില്ല. ഒരേ ഭരണഘടനയുടെ കീഴിലാണ് ഇതെല്ലാം നടക്കുന്നത്.

ജെ.എന്‍.യുവിലെ പൂര്‍വവിദ്യാര്‍ഥിയും ബോളിവുഡ് നടിയുമായ സ്വരാ ഭാസ്കര്‍ ജെ.എന്‍.യു പ്രശ്നവുമായി ബന്ധപ്പെട്ടു ശക്തമായ ഒരു കുറിപ്പെഴുതിയിരുന്നു (The Quint, ഫെബ്രുവരി 22). അത് കനയ്യക്കുവേണ്ടി ആയിരുന്നില്ല. ഉമര്‍ ഖാലിദിനു വേണ്ടി ആയിരുന്നു. അവര്‍ പഠിക്കുന്ന കാലത്ത് വോട്ടുചെയ്തിരുന്നത് ഉമര്‍ മുമ്പ് അംഗമായിരുന്ന ഡി.എസ്.യുവിന് ആയിരുന്നില്ല. മറ്റു ഇടതുസംഘടനകള്‍ക്കാണ്. ഡി.എസ്.യുവിന്‍െറ തീവ്രവാദനിലപാടുകളോട് അവര്‍ക്ക്  യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍, ഉമറിനെ വേട്ടയാടുന്ന പൊലീസിന്‍െറ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും സ്വരാ ഭാസ്കര്‍ നിശിതമായ വിമര്‍ശത്തിനു വിധേയമാക്കുന്നു. ഇപ്പോള്‍ ആ കുറിപ്പ് അവരെഴുതിയതുതന്നെ അവിടത്തെ ഒരു പൂര്‍വവിദ്യാര്‍ഥി  ‘കനയ്യയുടെ കാര്യത്തിലല്ല ഭയം, ഉമര്‍ ഖാലിദിന്‍െറ കാര്യത്തിലാണ്’ എന്നു പറഞ്ഞപ്പോഴാണ്. ഉമറിനെ അന്നും ഇന്നും അവര്‍ക്ക്  അറിയുകയില്ല. നിരപരാധിയായ കനയ്യയെ കുടുക്കുന്നത് ‘മുസ്ലി’മായ, ‘മാവോവാദി’യായ ‘ഐ.എസ് ഭീകര’നായ ഒരു ഉമര്‍ ഖാലിദിനെ കുടുക്കാനാണ് എന്ന തിരിച്ചറിവില്‍നിന്നാണ് സ്വരാ ഭാസ്കര്‍ ആ ലേഖനം എഴുതുന്നത്. ഇത് നമ്മുടെ ഭരണഘടനയുടെ, നിയമവ്യവസ്ഥയുടെ, അധീശരാഷ്ട്രീയത്തിന്‍െറ ഉള്ളറകളുടെ യാഥാര്‍ഥ്യമാണ്. ജനപ്രിയതാരത്തിന്‍െറ രാജ്യസ്നേഹവും നമ്മുടെയൊക്കെ ഭരണഘടനാപ്രേമവും ഇപ്പോഴും മറച്ചുവെക്കുന്നതും ഈ യാഥാര്‍ഥ്യം  തന്നെ. ഇത്തരം പൊട്ടിത്തെറികളുടെ ദുര്‍മുഹൂര്‍ത്തങ്ങളിലെങ്കിലും ഈ ഭീതിതമായ പക്ഷപാതിത്വത്തിന്‍െറ ക്രൂരമുഖം പാടെ കണ്ടില്ളെന്ന് നടിക്കരുത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.