ഉത്തരംമുട്ടിച്ച ചോദ്യം

മലയാളത്തിലെ ഏറ്റവും പ്രമുഖമായ രണ്ട് പത്രങ്ങളില്‍ ഒന്നായ ‘മാതൃഭൂമി’ക്ക് പറ്റിയ ഒരക്കിടി അതിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയ സന്ദര്‍ഭത്തിലാണീ വരികള്‍ കുറിക്കുന്നത്. പ്രതിസന്ധി പത്രം വൈകാതെ തരണംചെയ്യാനാണിട. ബിസിനസ്പരമായി മാധ്യമങ്ങള്‍ക്കിടയില്‍ കടുത്ത മത്സരം നടക്കുന്ന കാലഘട്ടമായിരുന്നിട്ടും സഹജീവികളാരും ഈ പ്രയാസത്തില്‍നിന്ന് മുതലെടുക്കാനോ വിഷയം  ആളിക്കത്തിക്കാനോ ശ്രമിക്കുന്നില്ളെന്നത് ആരോഗ്യകരമായ പ്രവണതയാണ്. മാതൃഭൂമി ഖേദംപ്രകടിപ്പിച്ചതോടെ ജനരോഷം സ്വാഭാവികമായും കെട്ടടങ്ങാനാണ് സാധ്യത.
അതേയവസരത്തില്‍ മാധ്യമലോകം പൊതുവെ ഉള്‍ക്കൊള്ളേണ്ട ഒരു പാഠം സംഭവത്തിലുണ്ട്. ലോകത്തിലെ രണ്ടാമത്തെ മതസമുദായമായ മുസ്ലിംകള്‍ മാത്രമല്ല മനുഷ്യസമൂഹം സാമാന്യമായിത്തന്നെ അങ്ങേയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മഹല്‍ വ്യക്തിത്വമാണ് മുഹമ്മദ് നബി. അമേരിക്കന്‍ ഗ്രന്ഥകാരനായ മൈക്കല്‍ ഹാര്‍ട്ട് വിശ്വചരിത്രത്തിലെ സര്‍വോന്നതരായ 100 വ്യക്തിത്വങ്ങളെ വിലയിരുത്തിയപ്പോള്‍ പ്രഥമസ്ഥാനം മുഹമ്മദ് നബിക്ക് നല്‍കിയത് വെറുതെയല്ലല്ലോ. ആ മഹാത്മാവിന്‍െറ പേര്‍ പോലും കേട്ടിട്ടില്ലാത്തവരും അദ്ദേഹത്തെപ്പറ്റി അതിനീചമായ ആരോപണങ്ങള്‍ എഴുതിപ്പിടിപ്പിച്ചപ്പോള്‍ അത് തിരിച്ചറിയാന്‍ കഴിയാതെപോയവരും മാധ്യമപ്രവര്‍ത്തകരില്‍ എങ്ങനെയുണ്ടായി എന്നതാണ് മുഖ്യ ചിന്താവിഷയമെന്ന് എനിക്ക് തോന്നുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രവാചകനെ കരിതേച്ചുകാണിച്ച വിദ്വാന്‍ തീര്‍ച്ചയായും മനപ്പൂര്‍വം മതസ്പര്‍ധ സൃഷ്ടിക്കാനും പ്രകോപനം ആളിപ്പടര്‍ത്താനും തന്നെയാവണം അത് ചെയ്തിരിക്കുക. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തില്‍ വര്‍ഗീയധ്രുവീകരണം വളര്‍ത്തി മുതലെടുക്കാനുളള ദുശ്ശക്തികളുടെ നീക്കത്തിന്‍െറ ഭാഗവുമാകാം ഫേസ്ബുക്കിലെ ക്ഷുദ്രരചന. പക്ഷേ, ഒരു മാധ്യമ പ്രവര്‍ത്തകനോ പ്രവര്‍ത്തകയോ തികഞ്ഞ ലാഘവബുദ്ധിയോടെ അതെടുത്ത് പ്രമുഖ പത്രത്തിന്‍െറ പംക്തിയില്‍ ചേര്‍ക്കണമെങ്കില്‍ എത്രത്തോളം പിടിപ്പുകേട് വേണം എന്നതിലാണ് എന്‍െറ ബേജാറ്. നിര്‍ഭാഗ്യവശാല്‍ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയില്‍ ഇത്തരം പ്രാഥമിക വിവരക്കേടുകള്‍വരെ സുലഭമായി കാണപ്പെടുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ അവരെന്നോട് ക്ഷോഭിക്കരുത്.
ഒപ്പം മറ്റൊരു ഗൗരവതരമായ അനാസ്ഥയിലേക്ക് വിരല്‍ചൂണ്ടാതെ വയ്യ. മൂന്നുനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് കാരന്തൂരിലെ മര്‍കസ് സ്സഖാഫ$ സുന്നിയ്യയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നതിന്‍െറ മുന്നോടിയായി മര്‍കസില്‍ ഈയുള്ളവനടക്കം പത്രപ്രതിനിധികളെ വിളിച്ചുചേര്‍ത്തിരുന്നു സംഘാടകര്‍. മര്‍കസ് മേധാവി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഞങ്ങളോട് സംവദിക്കേ ആമുഖമായി പറഞ്ഞു: ‘ചില പദപ്രയോഗങ്ങളുടെ കാര്യത്തില്‍ പത്രക്കാര്‍ സൂക്ഷ്മത പാലിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ഉദാഹരണത്തിന് ഇസ്ലാമിക് ടെററിസം എന്ന പ്രയോഗം. ഇസ്ലാം ഭീകരതയുടെ മതമല്ല. ഇസ്ലാമില്‍ ഭീകരതക്ക് സ്ഥാനവുമില്ല. അതുകൊണ്ട് ‘ഇസ്ലാമിക ഭീകരത’ എന്ന് പ്രയോഗിക്കാതിരിക്കലല്ലേ ശരി?’ ഉടനെ പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്‍െറ പ്രതിനിധി പ്രതികരിച്ചു: ‘എന്‍െറ പത്രത്തില്‍ അങ്ങനെ പ്രയോഗിക്കാറുണ്ട്. ഇനിയും പ്രയോഗിക്കും. കാരണം അത് തെറ്റാണെന്ന് ഇത്രയുംകാലം നിങ്ങളാരെങ്കിലും ഞങ്ങളെ പഠിപ്പിച്ചോ?’  ചോദ്യത്തിന്‍െറ മുന്നില്‍ ഉസ്താദ് മൗനിയായി. ഞാനാകട്ടെ നിശ്ചയമായും ചൂളിപ്പോയി. കേരളത്തില്‍ ഇത്രയേറെ മതസാമുദായിക സംഘടനകളും സ്ഥാപനങ്ങളും മാധ്യമങ്ങളുമുണ്ടായിട്ടും അമുസ് ലിം സഹോദരന്മാര്‍ക്ക് ഇസ് ലാമിനെയും പ്രവാചകനെയും പ്രാഥമികമായിപോലും പരിചയപ്പെടുത്താനോ തെറ്റായ ധാരണകള്‍ തിരുത്താനോ കഴിയാതെപോയത് ആരുടെ കുറ്റമാണ്? പരമാവധി സമയവും ഊര്‍ജവും തമ്മില്‍തല്ലാനേ ഉപയോഗിച്ചുകൂടൂ എന്ന ശാഠ്യംകൊണ്ടല്ലേ ഈ ദുരവസ്ഥ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.