രാഷ്ട്രം യുവതക്കെതിരെ തിരിയുമ്പോള്‍

ജെ.എന്‍.യുവില്‍ നടന്ന അപലപനീയമായ പൊലീസ് നടപടികള്‍ക്കുശേഷം  ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ പൊലീസ് അതിക്രമം ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിനേക്കാള്‍ ദൗര്‍ഭാഗ്യകരമായിരുന്നു ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ ഭക്ഷണവും വെളിച്ചവും വെള്ളവും നിഷേധിച്ച് പീഡിപ്പിക്കാന്‍ യൂനിവേഴ്സിറ്റി അധികാരികള്‍ നടത്തിയ ശ്രമം. വിദ്യാര്‍ഥികളുടെ എ.ടി.എം കാര്‍ഡുകള്‍ ബ്ളോക്കുചെയ്യുക, ഇന്‍റര്‍നെറ്റ് സംവിധാനം പിന്‍വലിക്കുക തുടങ്ങിയ നടപടികളും ഉണ്ടായി. ഒരു ശത്രുരാജ്യത്തിന്‍െറ കോട്ടവളഞ്ഞ് ഉപരോധംകൊണ്ട് കീഴടക്കുന്ന പഴയ ഫ്യൂഡല്‍ പട്ടാളത്തെപ്പോലെ ഒരു ആധുനിക ഭരണകൂടവും അതിന്‍െറ വക്താക്കളും നിരായുധരും നിസ്സഹായരുമായ വിദ്യാര്‍ഥികളോട് ചെയ്യുമെന്ന് ഭാവന ചെയ്യാന്‍കൂടി കഴിയുന്നില്ല. ഹോസ്റ്റല്‍ മെസ് അടച്ചതിനെ തുടര്‍ന്ന്  സ്വയം ഭക്ഷണം പാകപ്പെടുത്തി കഴിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചു എന്നും അതിലൊരാള്‍ അത്യാസന്ന നിലയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു എന്നും വാര്‍ത്തകളില്‍നിന്ന് മനസ്സിലാവുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ അവരെ രഹസ്യകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയും പൊലീസ് വാഹനത്തിലും ജയിലിലും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നും വെളിവായിരിക്കുന്നു. അംബേദ്കര്‍ പഠനകേന്ദ്രം തലവന്‍ കെ.വൈ രത്നം, ഗണിതശാസ്ത്ര അധ്യാപകന്‍ തഥാഗതദാസ് ഗുപ്ത, രോഹിത് വെമുലയുടെ മരണത്തെക്കുറിച്ച് സിനിമ നിര്‍മിക്കുന്ന ഡോക്യുമെന്‍ററി സംവിധായകന്‍ മോസെസ് തുളസി എന്നിവരെയും അറസ്റ്റു ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.
വൈസ്ചാന്‍സലറുടെ വസതിക്ക് മുന്നില്‍ സമാധാനപരമായി സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് നീക്കംചെയ്യുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ കാണുകയുണ്ടായി. പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും പ്രകോപനം ഒന്നുമില്ലാതെ ഒരുപോലെ ബലപ്രയോഗവും അസഭ്യവര്‍ഷവും നടത്തുന്നത് അതില്‍ കാണാം. പെണ്‍കുട്ടികളെ പുരുഷപൊലീസ് കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ആ നിയമം അവിടെ ലംഘിക്കപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികളെ പൊലീസ് വലിച്ചിഴക്കുന്നതും അറസ്റ്റിനു വഴങ്ങിയവരെപ്പോലും  പിടിച്ചുകൊണ്ടുപോവുന്നതിനിടയില്‍ മര്‍ദിക്കുന്നതും കാണാമായിരുന്നു. ഒടുവില്‍ ഒറ്റപ്പെട്ടവരെ മാധ്യമങ്ങളെ മാറ്റിനിര്‍ത്തി മര്‍ദിക്കുന്നതും തുടര്‍ന്ന്  പ്രധാന കവാടം തുറന്ന് വെളിയിലേക്കിറങ്ങിയ പൊലീസ് സംഘം കണ്ണില്‍കണ്ടവരെയൊക്കെ തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു പ്രകോപനവും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇടക്കെപ്പോഴോ ആരോ ഒരു കല്ല് വലിച്ചെറിഞ്ഞു രോഷം കാണിച്ചപ്പോള്‍ തന്നെ മറ്റുള്ളവര്‍ അത് തടഞ്ഞു. പൊലീസ് വിദ്യാര്‍ഥി തെരുവുയുദ്ധമോ, മണിക്കൂറുകള്‍ നീളുന്ന കല്ളേറോ ആക്രമണങ്ങളോ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായില്ല. അവര്‍ സമാധാനപരമായി പ്രതിഷേധിക്കുമ്പോള്‍ അറസ്റ്റ്്ചെയ്തു നീക്കുന്നതിനെ പ്രതിരോധിച്ചത് കൈകള്‍ ചേര്‍ത്തു പിടിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നു. ആരെങ്കിലും പൊലീസ് വാഹനത്തിനുനേരെ അക്രമം കാണിക്കുകയോ പൊലീസുകാരെ ആക്രമിക്കുകയോ ചെയ്തിരുന്നില്ല. ഒരു ജനാധിപത്യരാജ്യത്തെ പൗരന്മാര്‍ക്ക്  തികച്ചും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിക്കുകമാത്രമായിരുന്നു.  
ഇവിടെ വിദ്യാര്‍ഥികള്‍ അക്രമത്തിലേക്ക് തിരിഞ്ഞില്ല എന്നത് അവിടെ നില്‍ക്കട്ടെ. അഹിംസയുടേതായ സമീപനമാണ് പ്രതിഷേധങ്ങളില്‍ അഭികാമ്യം എന്നതിലും തര്‍ക്കമില്ല. എന്നാല്‍, പ്രക്ഷോഭകര്‍ ഒരിക്കലും പ്രകോപനം ഉണ്ടാക്കുകയില്ളെന്നോ അക്രമത്തിലേക്ക് തിരിയുകയില്ളെന്നോ പറയാന്‍ കഴിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൊലീസും ഭരണകൂടവും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളോട് എന്ത് അതിക്രമവും കാണിക്കാന്‍ പൊലീസിനു അധികാരമില്ല. ഒരു അടിയന്തരസാഹചര്യവും അതിനെ നീതിമത്കരിക്കുന്നില്ല. പ്രക്ഷോഭങ്ങളെ നേരിടാന്‍ നിയമവ്യവസ്ഥയെ പൊലീസും പട്ടാളവും ലംഘിക്കുന്ന സാഹചര്യം അനഭിലഷണീയമാണ്. ഈയിടെ അനുമതി കിട്ടിയാല്‍ പ്രമുഖ പത്രപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിനെ ഏറ്റവും ഹീനമായ രീതിയില്‍ അപമാനിക്കാന്‍ തനിക്കു മടിയില്ളെന്ന് പറഞ്ഞ മുന്‍സൈനികനായ രവി എന്ന സംവിധായകന്‍ തന്‍െറ സിനിമയിലെ ചില കഥാപാത്രങ്ങളെക്കൊണ്ട് മനുഷ്യാവകാശപ്രവര്‍ത്തകരെ നിന്ദ്യമായി അധിക്ഷേപിപ്പിക്കുന്ന രംഗം സാമൂഹികമാധ്യമങ്ങളില്‍ ആരൊക്കയോ ഷെയര്‍ചെയ്തു കണ്ടിട്ടുണ്ട്. പട്ടാളവും പൊലീസുമൊക്കെ നടത്തുന്ന നീതിനിഷേധങ്ങളും ലൈംഗികാക്രമണങ്ങളും ശരിയാണെന്ന വിശ്വാസം ആന്തരികവത്കരിച്ചവര്‍ക്കേ ഇങ്ങനെ ‘അനുവാദം’ വാങ്ങി താന്‍ എന്ത് ഹീനകൃത്യവും ചെയ്യും എന്ന് പ്രസ്താവിക്കാന്‍ കഴിയൂ. സ്വന്തം അധമവാസനകള്‍ അടയ്ക്കാന്‍ കഴിയാതെ അവ നിര്‍വഹിക്കാന്‍ അനുവാദം കിട്ടുമോ എന്നുകൂടി അന്വേഷിക്കുന്ന തരത്തിലേക്ക് അധ$പതിക്കുന്നവര്‍ രാഷ്ട്രത്തിന്‍െറ സ്വാതന്ത്ര്യചരിത്രത്തെ ചോദ്യംചെയ്യുന്നവരാണ്. അധികാരികള്‍ ചെയ്യാന്‍ പറയുന്ന തെറ്റായ ഉത്തരവുകള്‍പോലും അനുസരിക്കരുത് എന്നതാണ് നിയമത്തോട് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥര്‍ ചിന്തിക്കുക.
ധീരമായ ചെറുത്തുനില്‍പായിരുന്നു വിദ്യാര്‍ഥികളുടേത്. തങ്ങളെ അറസ്റ്റ് ചെയ്യാനും മര്‍ദിക്കാനും വന്ന പൊലീസുദ്യോഗസ്ഥരോട് അടികൊണ്ടുവീഴുമ്പോഴും നിയമത്തെയും ഭരണഘടനയെയും കുറിച്ച് ആ കുട്ടികള്‍ സംസാരിച്ചുകൊണ്ടിരുന്നു. പെണ്‍കുട്ടികളുടെ നിര്‍ഭയമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചില വനിതപൊലീസുകാര്‍ പകച്ചുപോയെങ്കിലും അവരോട് വിദ്യാര്‍ഥികളെ മര്‍ദിച്ചു വായടപ്പിക്കാന്‍ ചില പൊലീസ് മേധാവികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ചിലര്‍ എല്ലാ പരിധികളും ലംഘിച്ചു പെണ്‍കുട്ടികളെ കടന്നുപിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ക്ക്  നേരെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗഭീഷണി മുഴക്കി. മണിക്കൂറുകള്‍ നീണ്ട ഈ പൊലീസ് ഇടപെടലിനെ സംയമനത്തോടും സ്വന്തം രാഷ്ട്രീയത്തിന്‍െറ നൈതികതയെക്കുറിച്ചുള്ള ആത്മവിശ്വാസം നല്‍കുന്ന അദമ്യമായ ഇച്ഛാശക്തിയോടും നേരിടുന്ന വിദ്യാര്‍ഥികളെയാണ് ഹൈദരാബാദില്‍ കണ്ടത്. അവര്‍ മൂന്നാംമുറകള്‍ക്ക്് വിധേയരാക്കപ്പെട്ടു. അവര്‍ക്ക്  ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ജാമ്യമില്ലാത്ത വകുപ്പുകള്‍ അവര്‍ക്കെതിരെ ചുമത്തപ്പെട്ടു. ഒരു രാഷ്ട്രവും അതിന്‍െറ യുവതക്കെതിരെ ഇത്തരം നിഷ്ഠുരമായ നടപടികള്‍ കൈക്കൊള്ളാന്‍ പാടില്ല.
ഭരണഘടന എന്നത് മുന്‍കൂറായി അര്‍ഥം സംഭരിച്ചുവെച്ചിരിക്കുന്ന ഭരണിയല്ല. ഭരണകൂടത്തിന്‍െറ വ്യാഖ്യാനങ്ങളാണ് ആത്യന്തികമായി അംഗീകരിക്കപ്പെടുക. അതുകൊണ്ടുതന്നെ ഭരണഘടനയുടെ ലംഘനങ്ങളെക്കുറിച്ചുള്ള വിലാപങ്ങള്‍ ഒരു പരിധിക്കപ്പുറം പ്രയോജനരഹിതമാണ്. പ്രാതിനിധ്യ ലിബറല്‍ ജനാധിപത്യത്തില്‍ അത് തീര്‍ത്തും നിരുപയുക്തമായ ഒന്നല്ല. എങ്കിലും ഇപ്പോള്‍ ഈ ലിബറല്‍ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുന്ന ചരിത്രഘട്ടത്തില്‍, ഭരണഘടനതന്നെ ദുര്‍ബലമായ ഒരു പിടിവള്ളിയായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  
രോഹിത് വെമുലയുടെ മരണത്തില്‍ വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്‍െറ നടപടികള്‍ നേരിട്ടുതന്നെ കാരണമായിട്ടുണ്ട് എന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തെ സര്‍വകലാശാലയുടെ മേലധികാരിയായി സ്വീകരിക്കാന്‍ ഇപ്പോഴവര്‍ തയാറല്ല. അതിന്‍െറ കൂടി പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്‍െറ ഇത്രയുംകാലത്തെ അവധിപ്രവേശം. എന്നാല്‍, ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത് വിദ്യാര്‍ഥികള്‍ അംഗീകരിക്കുന്നില്ല. അദ്ദേഹത്തിന്‍െറ പേരില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കേണ്ടതും അദ്ദേഹം ഈ പദവി ഒഴിയേണ്ടതുമാണ് എന്നതാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം. ഇതില്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നത് ശരിയല്ല എന്നാണ് എന്‍െറ വിശ്വാസം.  
കേരളത്തില്‍ മുഖ്യധാരാ രാഷ്ട്രീയം ഈ പ്രശ്നത്തെ അവഗണിക്കുന്നുവെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളും ഇതിനെ ‘ദേശീയ’പ്രശ്നമായി കാണുന്നില്ല. ഹൈദരാബാദിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ച് വിദ്യാര്‍ഥി  സംഘടനയായ എസ്.ഐ.ഒ കോഴിക്കോട്ട് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം ഉണ്ടായി. മര്‍ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളടക്കം നിരവധിപേരെ പൊലീസ് അറസ്റ്റുചെയ്തു. ഐ.പി.സി 153 പ്രകാരം കലാപത്തിന് പ്രേരിപ്പിച്ചു എന്ന് കേസെടുത്തിട്ടുണ്ട് എന്നറിയുന്നു. ‘ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍’ എന്ന് മുദ്രാവാക്യം വിളിച്ചതായി പൊലീസ് എഫ്.ഐ.ആറില്‍ വ്യാജപരാമര്‍ശം നടത്തിയെന്നും ഗുരുതരമായ പരാതിയുണ്ട്.
ഇന്ത്യയിലെ കാമ്പസുകളില്‍ യാഥാസ്ഥിതികത്വം ഒരുവശത്ത് പിടിമുറുക്കുന്നു. മറുവശത്ത് അത് സൃഷ്ടിക്കുന്ന അസഹിഷ്ണുതകളെ ഭരണകൂടം താലോലിക്കുന്നു. അതിനെ ചോദ്യംചെയ്യുന്ന രാഷ്ട്രീയം  ഇല്ലാതാക്കാന്‍ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിക്കുന്നു. രാഷ്ട്രം അതിന്‍െറ യുവതയോട് വലിയ അപരാധമാണ് ചെയ്യുന്നത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം  കാലുഷ്യപൂര്‍ണമായ ഈ സമീപനം നമ്മുടെ ജനാധിപത്യത്തിന്‍െറ ഭാവിയെക്കുറിച്ച് ഇപ്പോഴുണ്ടായിട്ടുള്ള ആശങ്കകള്‍ക്ക്  അടിവരയിടുകയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.