അഴിമതിക്കാരുടെ ആധിപത്യം

അഗസ്റ്റവെസ്റ്റ്ലന്‍ഡ് അഴിമതിക്കേസില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പേരും പൊന്തിവന്നിരിക്കുന്നു. ഈ അഴിമതി നടക്കുമ്പോള്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു അദ്ദേഹം. പ്രണബിന്‍െറ പേര്‍ പുറത്തിട്ടത് സി.ബി.ഐ അല്ല. ഇറ്റലിയിലെ മിലാനിലെ ഒരു ഏജന്‍സിയാണ് കോടതിയില്‍ ആ പേര് പരാമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗമായ സി.ബി.ഐക്ക് സ്വതന്ത്ര ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നത് വിശദീകരണം ആവശ്യമില്ലാത്ത യാഥാര്‍ഥ്യമാണ്. സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കാത്ത ഭരണകൂടങ്ങള്‍ ഇല്ളെന്ന് നാളിതുവരെയുള്ള ചരിത്രം രാജ്യത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ അഴിമതിക്കഥകള്‍ വിദേശ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുമ്പോള്‍ മാത്രമാണ് നമുക്ക് അറിയാന്‍ അവസരം ലഭിക്കാറുള്ളത്. ഹെലികോപ്ടര്‍ അഴിമതിക്കഥ ഒരു ഉദാഹരണം മാത്രം.
ഇടനിലക്കാരന്‍ ജയിംസ് ക്രിസ്റ്റ്യന്‍ മിഷേലിന്‍െറ കത്ത് സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഒന്നും എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു. ഈ കത്തില്‍ പ്രണബ് മുഖര്‍ജി, മന്‍മോഹന്‍ സിങ്, അഹ്മദ് പട്ടേല്‍ ഓസ്കര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധ്യമായില്ളെന്ന സി.ബി.ഐയുടെ വാദം വിശ്വാസയോഗ്യമല്ല. പ്രതിരോധ മന്ത്രാലയം വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ഹെലികോപ്ടറുകള്‍ നിശ്ചിത ഉയരത്തില്‍ പറക്കാന്‍ പ്രാപ്തമായിരിക്കണമെന്ന് തുടക്കംമുതല്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ഫ്രാന്‍സിലെ ഒരു കമ്പനിയുടെ ഹെലികോപ്ടറുകള്‍ ഈ ഉയരമാനദണ്ഡം പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍, കരാര്‍ നല്‍കിയതാകട്ടെ താഴ്ന്ന ഉയരത്തില്‍ പറക്കുന്ന അഗസ്റ്റവെസ്റ്റ്ലന്‍ഡ് കമ്പനിക്കും. ഈ കമ്പനിക്കുവേണ്ടി ഉയരപരിധി വെട്ടിക്കുറച്ചതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇത്തരം അഴിമതികള്‍ക്ക് ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കളുടെയോ ഉദ്യോഗസ്ഥ പ്രമുഖരുടെയോ പേരുകള്‍ അന്വേഷകര്‍ പുറത്തുവിടാറില്ല. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം വഞ്ചനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടതല്ളേ?  കോപ്ടര്‍ അഴിമതിയില്‍ പങ്കില്ളെന്ന് ശക്തിയായി  വാദിച്ചുവരുകയാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയ സെക്രട്ടറി അഹ്മദ് പട്ടേലും അവരെ ന്യായീകരിക്കാന്‍ രംഗപ്രവേശം ചെയ്തു. പക്ഷേ, ഇതേ വേദിയില്‍ സ്വന്തം അഴിമതിയെ പ്രതിരോധിക്കാനും പട്ടേല്‍ സന്നദ്ധനാവുകയുണ്ടായി.
കോപ്ടര്‍ അഴിമതിക്കേസില്‍ കൈക്കൂലി കൈപ്പറ്റിയവര്‍ക്ക് മിലാന്‍ കോടതി ശിക്ഷവിധിച്ചു. എന്നാല്‍, കൈക്കൂലി നല്‍കിയവരെ ശിക്ഷിക്കാന്‍ എന്തു മാര്‍ഗമാണുള്ളത്? ഇവിടെയാണ് ബി.ജെപി സര്‍ക്കാറിന്‍െറ റോള്‍. അഴിമതിക്കഥകളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാന്‍ ബി.ജെ.പി സര്‍ക്കാറിന് സി.ബി.ഐയില്‍ സമ്മര്‍ദംചെലുത്താം. പക്ഷേ, അടുത്ത ഭരണകൂടം തങ്ങളെ ഉപദ്രവിക്കുമോ എന്ന ഭയപ്പാടിലാണ് സി.ബി.ഐ.
പ്രശ്നത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചുകൊണ്ട് പാര്‍ലമെന്‍റ് നടപടികള്‍വരെ തടസ്സപ്പെടുത്തുന്ന നയമാണ് കോണ്‍ഗ്രസ് എം.പിമാര്‍ കൈക്കൊണ്ടത്. രാജീവ് ഗാന്ധിയുടെ ബോഫോഴ്സ് തോക്കിടപാട് അഴിമതിയും വേണ്ടത്ര അന്വേഷണങ്ങളില്ലാതെ അവസാനിക്കുകയായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായ കമല്‍നാഥിന് ഇതുസംബന്ധമായ എല്ലാ രഹസ്യങ്ങളും അറിയാമായിരുന്നു. എന്നാല്‍, പാര്‍ട്ടിക്കൂറ് കലശലായതിനാല്‍ അദ്ദേഹം മൗനം ദീക്ഷിച്ചു.
നെഹ്റു ഗവണ്‍മെന്‍റിന്‍െറ കാലത്ത് ജഗ്ജീവന്‍ റാമിനുനേരെയായിരുന്നു സംശയങ്ങളുടെ കുന്തമുന. തെളിവുകള്‍ ഒന്നും ലഭ്യമാകാതിരുന്നിട്ടും അദ്ദേഹത്തിന്‍െറ വിശ്വാസ്യതക്കുമീതെ കരിനിഴല്‍ പടര്‍ന്നു. 1990കളിലെ ജെയിന്‍ ഹവാല കേസില്‍ എല്‍.കെ. അദ്വാനി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവരുകയുണ്ടായി. വി.ഐ.പികളുടെ പേരുകള്‍ ധാരാളമായി രേഖപ്പെടുത്തിയ ജെയിന്‍ സഹോദരങ്ങളുടെ ഡയറിയും അക്കാലത്ത് കണ്ടുകിട്ടി. പക്ഷേ, എന്തുഫലം? ബി.ജെ.പിയിലെയോ കോണ്‍ഗ്രസിലെയോ ഒറ്റനേതാവും ശിക്ഷിക്കപ്പെടുകയുണ്ടായില്ല.
എന്നാല്‍ മാധ്യമങ്ങള്‍, വിശേഷിച്ച് ദൃശ്യ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന ഈ ഘട്ടത്തില്‍ അഴിമതിക്കഥകള്‍ അത്രവേഗത്തില്‍ മാഞ്ഞുപോകാനിടയില്ല. വോട്ടുതന്ന ജനങ്ങളും ഇപ്പോള്‍ കൂടുതല്‍ സക്രിയരാണ് എന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് പാര്‍ലമെന്‍റ് അംഗങ്ങളും ബോധവാന്മാരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്പരം പഴിചാരാം, ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കാം. എന്നാല്‍, സര്‍വവും കണ്ടുനില്‍ക്കുന്ന ജനങ്ങളുടെ അമര്‍ഷം കണ്ടില്ളെന്നു നടിക്കാനാകില്ല. അഴിമതിക്കാരും കൈക്കൂലി നല്‍കുന്നവരും സ്വീകരിക്കുന്നവരും തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.