തീവണ്ടി യാത്രക്കിടയിലെ സൗഹൃദങ്ങൾ

തിരുവനന്തപുരം മുതൽ കോഴിക്കോട്ടുവരെയും തിരിച്ചുമുള്ള എന്‍റെ യാത്രകൾ തുടങ്ങിയിട്ട് നാല്​ പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു, സ്ഥിരമായിട്ടുള്ള ഈ സഞ്ചാരത്തിനിടയിൽ  കിട്ടിയിട്ടുള്ള സൗഹൃദങ്ങൾ എത്രയെന്നും അതിൽ എത്രപേർ ഇന്നും എന്‍റെ കൂട്ടുകാരുടെ ലിസ്റ്റിൽ ഉണ്ടെന്നും ഓർത്തെടുക്കുവാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. അന്ന് ഫേസ്ബുക്ക് ഉണ്ടായിരുന്നുവെങ്കിൽ അതനുസരിച്ചു ഒരു സൗഹൃദ ലിസ്റ്റ് തന്നെ തയാറാക്കി വെക്കാമായിരുന്നു. തികച്ചും യാദ്രിശ്ചികമായും നാടകീയമായും പഴയ കൂട്ടുകാരെയും ഗുരുനാഥന്മാരെയും ഒക്കെ കണ്ടെത്തുവാനും ഇത്തരം യാത്രകൾ സഹായിച്ചിട്ടുണ്ട്. അതുപോലൊരു നാടകീയ സംഭവത്തെ തുടർന്നായിരുന്നു മുൻ മന്ത്രിയും യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും ആയിരുന്ന സുജനപാലിനെ ഞാൻ പരിചയപ്പെട്ടത്. 1980ൽ ആയിരുന്നത്. വൈകുന്നേരം ആറു മണിക്ക് തിരുവന്തപുരത്തു നിന്ന് പുറപ്പെടുന്ന ഒരു തീവണ്ടിയുണ്ടായിരുന്നു. എനിക്ക് അടുത്ത ദിവസം രാവിലെ അന്നത്തെ ആർ. ഇ.സിയിൽ ഒരു ക്യാമ്പിന്‌ എത്തേണ്ടിയിരുന്നു.

വണ്ടി കൃത്യസമയത്തു തന്നെ പുറപ്പെട്ടു. കൊല്ലത്തു എത്തിയപ്പോൾ രാത്രി ഭക്ഷണം കോട്ടയത്തെത്തുമ്പോൾ വിതരണം ചെയ്യുന്നതാണെന്ന് കാണിച്ചു യൂണിഫോമിട്ട ഒരാൾ മുൻ‌കൂർ കാശും വാങ്ങി ഓർഡർ സ്വീകരിച്ചു ഒരു കടലാസും നൽകി മടങ്ങി. ഏതാണ്ട് ആ ബോഗിയിൽ ഉണ്ടായിരുന്നവർ ഒക്കെ കാശുകൊടുത്തു ആ കടലാസു കഷ്ണം വാങ്ങി കാത്തിരുന്നു. വണ്ടി കോട്ടയം വിട്ടിട്ടും കാശുവാങ്ങിപ്പോയവനെയോ ഭക്ഷണമോ കാണാഞ്ഞിട്ട് യാത്രക്കാർ മെല്ലെ അന്വേഷണം തുടങ്ങി. ഇന്നത്തേതു പോലെ കൈയിൽ കരുതുവാനോ വാങ്ങുവാനോ കുപ്പിവെള്ളം കിട്ടാത്ത കാലം വിശന്നും ദാഹിച്ചും സഹികെട്ട യാത്രക്കാർ ബഹളം വെച്ചപ്പോൾ മെലിഞ്ഞു നീണ്ടു സുന്ദരനായ ഒരു യുവാവ് അടുത്ത വലിയ സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് യാത്ര തുടർന്നാൽ മതി എന്ന് പറഞ്ഞു കൊണ്ട് ചങ്ങല പിടിച്ചു വണ്ടി പുറപ്പെടുന്നത് തടഞ്ഞു നിർത്തി. ഒടുവിൽ റെയിൽവേ അധികൃതർ എത്തി എറണാകുളത്തു ഭക്ഷണം ഏർപ്പാടാക്കാം എന്ന വ്യവസ്ഥയിൽ ആണ് വണ്ടി വീണ്ടും പുറപ്പെട്ടത്. അതിനു നേതൃത്വം കൊടുത്ത ചെറുപ്പക്കാരൻ സുജനപാൽ ആയിരുന്നു. അന്ന് മുതൽ ഞങ്ങൾ അടുത്ത കൂട്ടുകാരുമായി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്   അംഗമായപ്പോഴും ചിലപ്പോഴൊക്കെ ഇക്കഥ പറഞ്ഞു ഞങ്ങൾ ചിരിച്ചിരുന്നു. അദ്ദേഹത്തിൻറെ മരണം വരെ ആ സൗഹൃദം തുടരുകയും ചെയ്തിരുന്നു.
 
പിന്നീടൊരിക്കൽ കണ്ടെത്തിയത് എന്‍റെ ഗുരുനാഥന്മാരായിരുന്ന ഒ.എൻ.വി സാറിനെയും എം. കൃഷ്ണൻ നായർ സാറിനെയും കുമാരപിള്ള സാറിനെയും ആയിരുന്നു. അതുപോലെ സഹപാഠി ആയിരുന്ന എം.എ ബേബിയെയും അയൽക്കാരനായിരുന്ന മുൻ സ്പീക്കർ ജി. കാർത്തികേയനെയും.
 
2013ൽ ഞാൻ തിരുവന്തപുരത്ത് വിമാനമിറങ്ങി എന്‍റെ മുൻ സ്റ്റുഡന്‍റ് കൂടിയായിരുന്ന ചീഫ് റിസർവേഷൻ സൂപ്രണ്ട് പദ്‌മിനി തോമസ് സംഘടിപ്പിച്ചു തന്ന ടിക്കറ്റുമായി ഓടിപ്പിടിച്ചു രാത്രി ട്രെയിനിൽ കടന്നു കൂടിയപ്പോൾ ഒരാൾ ശാന്തനായി കണ്ണടച്ച് ഇരുന്നു ധ്യാനിക്കുന്നു. ശല്യമുണ്ടാക്കാതെ ഞാൻ നേരെ മുന്നിലുള്ള എന്‍റെ സീറ്റിൽ ഇരുന്നതും പതിവ് ശല്യക്കാരനായ മൊബൈയിൽ ഫോണിൽ മണി മുഴങ്ങി ശല്യപ്പെടുത്താത്തിരിക്കുവാനായി ഫോൺ ഓഫ് ചെയ്യാനാണ് ഞാൻ ആദ്യം ശ്രമിച്ചത്. എന്നാൽ, വിളി വന്നത് ജർമനിയിലെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നായതു കൊണ്ടും തലേ ദിവസം ഡ്യൂസ്സൽഡോർഫ് ഫ്രാൻക് ഫുർട്ട് യാത്രക്കിടയിൽ എന്‍റെ സകല സാധനങ്ങളും കൊള്ളയടിക്കപ്പെട്ടതു കൊണ്ടു അത് സംബന്ധിച്ച വല്ല വിവരവും ആകുമെന്ന് കരുതി ഞാൻ കാൾ എടുത്തു സംസാരിച്ചപ്പോൾ ആവേശം കൊണ്ടു ശബ്‍ദം അൽപം ഉച്ചത്തിലായിപ്പോയി. സംഗതി ഞാൻ കരുതിയത് തന്നെയായിരുന്നു മോഷണം പോയത് കണ്ടെത്തുവാൻ ആയില്ലെന്ന അവിടുത്തെ പൊലീസ് വിഭാഗത്തിന്‍റെ അറിയിപ്പ്...!! അപ്പോഴേക്കും ധ്യാനത്തിൽ ആയിരുന്ന ആൾ കണ്ണുതുറന്നു സൗഹൃദത്തോടെ ഒന്ന് ചിരിച്ചു. സംസാരിച്ച ഭാഷ മനസിലാക്കി ചോദിച്ചു ജർമനിയിൽ നീന്നാണല്ലേ വരുന്നത്. അത് മറ്റാരും ആയിരുന്നില്ല നമ്മുടെ സാക്ഷാൽ എൻജിനീയറിങ് കുലപതി, കൊങ്കൺ റെയിൽവേ, മെട്രൊമാൻ ഇ. ശ്രീധരൻ. അദ്ദേഹം ഷൊർണൂരിൽ ഇറങ്ങും വരെ ഒരുപാടു കാര്യങ്ങൾ പറഞ്ഞിരിക്കുവാൻ അന്ന് കഴിഞ്ഞു.
 
ഇക്കഴിഞ്ഞ 22നു പെട്ടെന്ന് എനിക്ക് തിരുവന്തപുരത്തേക്കു പോകേണ്ടിവന്നു. ഇരുന്നോ കിടന്നോ പോകുവാൻ ഒരു മാർഗവും ഇല്ല, എല്ലാം ഫുൾ. പതിവ് പോലെ എന്‍റെ സ്റ്റുഡന്‍റ് കൂടിയായ കോഴിക്കോട് ചീഫ് റിസർവേഷൻ ഓഫീസർ ഇബ്രാഹിം ചീനിക്കയെ വിളിച്ചു. "സാർ രാവിലെ പത്തു മണിക്ക് സ്റ്റേഷനിൽ എത്തുക വഴിയുണ്ടാക്കാം", അതുപോലെ ഞാൻ എത്തി. നേത്രാവതി എക്സ്പ്രസിൽ ടിക്കറ്റ് റെഡി. വണ്ടി കാത്തിരുന്നപ്പോൾ പെട്ടെന്നാണ് തോട്ടടുത്തു പത്രത്തിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മുഴുകൈയുള്ള വെള്ള കുപ്പായം ഇട്ടിട്ടുള്ള ഒരാളെ ഞാൻ ശ്രദ്ധിച്ചത്. അറിയാതെ ഞാൻ ചാടി എഴുന്നേറ്റു വിഷ് ചെയ്തു. അത് ഒ. അബ്‌ദു റഹ്മാൻ സാറായിരുന്നു. 'മാധ്യമ'ത്തിന്‍റെയും എന്‍റെയും ചീഫ് എഡിറ്റർ. 'മാധ്യമം' തുടങ്ങിയ ദിവസം മുതൽ ഞാൻ അതിൽ എഴുതിയ ആൾ.

എത്രയോ ഐ.ഡി കാർഡുകൾ സാർ ഒപ്പിട്ടു എനിക്ക് അയച്ചു തന്നിരിക്കുന്നു. ഓരോ ലോക കപ്പ് ഒളിമ്പിക്സ്, യൂറോ മത്സരങ്ങൾ കഴിയുമ്പോൾ അയച്ചു തരാറുള്ള അഭിനന്ദനക്കത്തുകൾ, ചെക്കുകൾ ഒക്കെ ഓർത്ത് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നപ്പോൾ വണ്ടിയെത്തി. ഞങ്ങളുടെ ഇരിപ്പിടങ്ങൾ തികച്ചും യാദൃശ്ചികമായി മുഖാമുഖവും. എന്നാൽ, അതിനുശേഷം ഞങ്ങൾ ഇരുവരും ഒപ്പംപിടിച്ച പുലിവാൽ കഥ പറഞ്ഞു വണ്ടി എറണാകുളത്തു എത്തും വരെ ഞങ്ങൾ തലതല്ലി ചിരിച്ചു. വക്കീലന്മാരും പത്രക്കാരും തമ്മിൽ ഉടലെടുത്തിട്ടുള്ള പുതിയ പ്രശ്നം പരിഹരിക്കുവാൻ ചീഫ് ജസ്റ്റിസ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുവാൻ കൊച്ചിയിലേക്കായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര.
 

ലേഖകൻ മൊബൈലിൽ പകർത്തിയ ഒ. അബ്‌ദുറഹ്മാന്‍റെ ചിത്രം
 


ഞങ്ങൾക്ക് അനുവദിച്ച ഇരിപ്പിടത്തിന് മുന്നിലായി മുംബൈയിൽ നിന്ന് വരുന്ന മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. 80ൽ അധികം പ്രായമുള്ള ഒരു അമ്മയും അറുപതിനു അടുത്തുള്ള അതോ അത് കഴിഞ്ഞതോ ആയ രണ്ടു മക്കളും. അതുമല്ലെങ്കിൽ ഒന്ന് മരുമകളും മറ്റേത്‌ മകളും ആകാം. ഞങ്ങൾ കടന്നിരുന്നതോടെ വല്യമ്മച്ചി നല്ല ഫോമിലായി. ആദ്യം ഹിന്ദിയിൽ ചാർ ബാത്, പിന്നെ അവർ അങ്ങ് വീട്ടുകാരിയുമായി. "എടീ ചൂലെടുത്തു ഇവിടൊക്കെ വൃത്തിയാക്കി സോഫ പിടിച്ചു നേരെയിടെടീ, നമ്മുടെ അതിഥികൾക്ക് അസൗകര്യം ഒന്നും വരരുത്.." അബ്ദുറഹ്മാൻ സാർ കാര്യം പിടികിട്ടിയ മട്ടിൽ ഒന്ന് കണ്ണിറുക്കി. പിന്നെയാണ് വല്യമ്മ അങ്ങ് ശരിക്കും ഫോമിലായത്. "ആരുപറഞ്ഞു ചെറുപ്പക്കാരെ നിങ്ങളോടു എന്‍റെ സോഫയിൽ കയറി ഇരിക്കാൻ, എഴുന്നേറ്റു മാറിക്കോ വേഗം"... അവരുടെ ശാസനയും മക്കളുടെ സമാധാനപ്പെടുത്തലും  കൂടിയായപ്പോൾ പുലിവാൽ പിടിച്ചമട്ടിലായി ഞാനും സാറും.

വല്ലവിധവും ഞങ്ങൾ ജീവനും കൊണ്ട് രക്ഷപ്പെട്ടു അടുത്ത  ബോഗിയിൽ കടന്നപ്പോൾ 11 മണിയായിട്ടും ഒരു ഉത്തരേന്ത്യക്കാരനും അയാളുടെ ശ്രീമതിയും നീണ്ടു നിവർന്നു ഒരു കിടപ്പാണ്  ഞങ്ങൾക്ക് ഇരിക്കുവാൻ ഇടം നൽകാതെ. വല്ലവിധവും ഒപ്പിച്ചുകിട്ടിയ ഇടത്തു ഞങ്ങൾ ഇരിക്കുവാൻ ഇടം കണ്ടെത്തിയപ്പോൾ വണ്ടി ഷൊർണൂരിൽ എത്തി. അതോടെ വല്യമ്മച്ചിയും മക്കളും പടുകൂറ്റൻ പെട്ടികളും സഞ്ചികളുമായി അവിടെ ഇറങ്ങിയതോടെ ഞങ്ങൾക്കു അനുവദിച്ചു കിട്ടിയ ഇരിപ്പിടത്തിൽ തിരിച്ചെത്തി ഇരുന്നു സഞ്ചരിക്കുവാൻ "ഭാഗ്യമുണ്ടണ്ടായി". ഇതൊക്കെ ആസ്വദിച്ചു കൊണ്ട് വണ്ടി എറണാകുളത്തു എത്തിയതു അറിഞ്ഞതേയില്ല. സാർ യാത്ര പറഞ്ഞ് അവിടെ ഇറങ്ങിയതോടെ വല്ലാത്ത ഒരു ശൂന്യതയും വിരസതയുമായി തിരുവനന്തപുരം വരെയുള്ള എന്‍റെ യാത്ര. എന്നാൽ, തികച്ചും യാദൃശ്ചികമായ ഒരുമിച്ചുള്ള യാത്ര ഇതുകൊണ്ടു അവസാനിച്ചുവെന്നു കരുതേണ്ട അവിശ്വസനീയമായ യാഥാർഥ്യം പോലെ അത് തുടരുകയാണ്.  

സെപ്റ്റംബർ ഒന്നിനായിരുന്നു മാധ്യമത്തിലെ എന്‍റെ ആദ്യ കാല കൂട്ടുകാരൻ വയലാർ ഗോപകുമാറിന്‍റെ മകൾ ഗായത്രിയുടെ വിവാഹ സൽക്കാരം. നേരത്തെ ഗോപൻ ജർമനിയിൽ വിളിച്ചു വിവരമറിയിച്ചിരുന്നു. വന്നാൽ വിമാനക്കൂലി തരാമെന്ന കരാറും ഞങ്ങൾ ഉറപ്പിച്ചിരുന്നു. ഒരു കാരണവശാലും ഒഴിവാക്കുവാൻ കഴിയാത്ത ഒരു ചടങ്ങായിരുന്നത്. ഗായത്രിയെ  കുഞ്ഞായിരിക്കുമ്പോഴേ ഞാൻ അറിയുന്നതും ഗോപനുമായുള്ള എന്‍റെ ആത്മബന്ധവും കണക്കിലെടുത്തായിരുന്നു ഞാൻ ഇത്തവണത്തെ അവധി ക്രമപ്പെടുത്തിയത്. തിരുവനന്തപുരം ക്ലബ്ബിലെ ചടങ്ങുകൾക്ക് ഞാൻ നേരത്തെ എത്തി മടങ്ങുകയും ചെയ്തു.

8.40ന് പുറപ്പെടുന്ന മാംഗളൂർ എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയേ പുറപ്പെടൂ എന്നറിഞ്ഞു കിട്ടിയ സമയം ഉപയോഗിച്ചു രണ്ടു കളിയെഴുത്തു കൂട്ടുകാരെ കണ്ട ശേഷം ഓടിക്കിതച്ചു ഞാൻ വണ്ടിയിൽ കയറിക്കൂടി എന്‍റെ ഇരിപ്പിടം കണ്ടുപിടിച്ചപ്പോൾ അത്ഭുതവും അതിശയവും കൊണ്ട് ഒരു നിമിഷം എന്‍റെ ശ്വാസം നിന്നു പോയിരുന്നു...! എനിക്ക് അഭിമുഖമായ സീറ്റിൽ ഇരിക്കുന്നു നമ്മുടെ ഒ. അബ്ദുറഹ്മാൻ സാർ, അദ്ദേഹത്തിനും അത് വിശ്വസിക്കുവാനായില്ലെന്ന് ആ കണ്ണുകളിലെ തിളക്കം വിളിച്ചറിയിച്ചു. "എന്താ ഇത് പറഞ്ഞുറപ്പിച്ചതു പോലാണല്ലോ നമ്മുടെ യാത്രകൾ"... അവിശ്വസനീയ യാഥാർഥ്യം അനുഭവിച്ച മട്ടിലുള്ള അദ്ദേഹത്തിന്‍റെ വാക്കുകൾ.....

രസകരമായി ഒരുപാടു കാര്യങ്ങൾ സംസാരിച്ചിരുന്ന ശേഷം തൊട്ടടുത്തിരുന്ന "അപരിചിതൻ" വളരെ സ്വാതന്ത്ര്യത്തോടെ അല്ലാ അഷ്‌റഫ്... അല്ലെ നീ എന്നുവന്നു... എനിക്കൊരുപിടിയും കിട്ടുന്നില്ല, ഞാൻ നിസാറിന്‍റെ കോ ബ്രദർ, അപ്പോഴാണ് കണ്ടു മറന്ന മുഖം എന്‍റെ ഓർമയിൽ എത്തിയത് എന്‍റെ ചേട്ടന്‍റെ കോ ബ്രദർ ആണ്. അദ്ദേഹം ചെമ്മാട് പോവുകയാണ്., ഗിന്നസ് ബുക്കിൽ സ്ഥാനം കണ്ടെത്തിയ പ്രഗത്ഭ ഗൈനോക്കോളജിസ്റ്റ് ഡോ. ലൈലയുടെ ഭർത്താവിന്‍റെ സഹോദരൻ ആണദ്ദേഹം. അടുത്ത ദിവസം പൊതുപണിമുടക്കും ബന്ദും ആയതുകൊണ്ട് തീവണ്ടിയിൽ നിന്ന് പുറത്തിറങ്ങിയാൽ വീട് എത്തുകയെങ്ങിനെ എന്ന് വീട്ടിൽ വിളിച്ചു അന്വേഷിക്കുമ്പോഴാണ്  അബ്ദുറഹ്മാൻ സാറിനെയും പൊട്ടിചിരിപ്പിച്ചു കൊണ്ടുള്ള എന്‍റെ ബന്ധുവിന്റെ ഓഫർ എത്തിയത്. ഞാൻ കൊണ്ടാക്കി തരാം. എന്നെ കൊണ്ടുപോകാൻ ഞങ്ങളുടെ "ആംബുലൻസ്" വരുന്നുണ്ട്. ബന്ദുകാരെ വിഢികളാക്കുവാൻ ഇതിലും വലിയ ഒരു വിദ്യ ഉണ്ടോ എന്ന്  ഓർത്തു ചിരിക്കുമ്പോഴായിരുന്നു അബ്ദുറഹ്മാൻ സാറിന്‍റെ നർമബോധം ഒന്നുകൂടി ആസ്വദിക്കുവാൻ കഴിഞ്ഞത്.

കിടന്നുറങ്ങുവാനായി നൽകിയ കമ്പിളി പുതപ്പും ഷീറ്റുകളും ഞാൻ തുറന്നു നോക്കിയപ്പോൾ അത് കഴുകിയ ശേഷം ഉണക്കാതെ അതുപടി മടക്കിവെച്ചിരിക്കുന്നു. ഈർപ്പമുള്ള ഷീറ്റു വിരിക്കുവാനാകാതെ ഈർഷ്യയോടെ ഞാൻ നിൽക്കുന്നതു കണ്ടു ചീഫ് എഡിറ്റർ പറഞ്ഞത്... "അല്ല നമ്മൾ പരാതി പറയാറുള്ളത്, റെയിൽവേ ഇതൊന്നും കഴുകാതെ അതുപടി മടക്കി കവറിലിട്ട് വീണ്ടും തരുമെന്നല്ലേ, ഇനി ആ പാരാതി നിലനിൽക്കില്ലല്ലോ..." ചിരിക്കാതെ സീരിയസ് ആയി യാത്ര ചെയ്യുന്ന ഒപ്പമുണ്ടായിരുന്ന ഉന്നതന്മാർ ഒന്നടങ്കം ആ കൂട്ടച്ചിരിയിൽ പങ്കുചേർന്നു...!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.