കാന്‍സറിന്‍െറ വഴികള്‍

ഇന്ത്യയുടെ കാന്‍സര്‍ ഭൂപടത്തില്‍ കേരളത്തിന് വ്യക്തമായ സ്ഥാനമുണ്ട്. പ്രതിവര്‍ഷം 35,000ത്തിനും 50,000ത്തിനും ഇടയില്‍ പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാവുന്നൂവെന്ന കണക്ക് നമ്മെ അലോസരപ്പെടുത്തേണ്ടതുണ്ട്. ഇന്ന് ഓരോരുത്തര്‍ക്കും കാന്‍സര്‍ ബാധിച്ച ഒന്നിലധികംപേരെ നേരിട്ടറിയാം എന്ന നില വന്നിരിക്കുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ചില കാന്‍സറുകളില്‍ ഇന്ത്യയിലെ ഏറ്റവും രോഗാ തുരമായ അഞ്ചു പട്ടണങ്ങളില്‍ പെടുന്നുണ്ട്. ഇതും പ്രത്യേകശ്രദ്ധ പതിയേണ്ട കാര്യമാണ്.

നാം ആരോഗ്യം അളക്കാനുപയോഗിക്കുന്ന സ്കെയിലുകള്‍ പലതാണ്. മരണനിരക്ക്, മാതൃ-ശിശു മരണനിരക്ക് എന്നിവ കേരളത്തില്‍ വളരെ അനുകൂലമായ രീതിയിലാണ് കാണപ്പെടുന്നത്. ഇതിലേക്ക് നയിച്ച ഘടകങ്ങളില്‍ പ്രധാനം സാക്ഷരതയും ആരോഗ്യബോധവുമാണ്്. എന്നാല്‍, ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കാന്‍സറില്‍ മുന്നേറുന്നത്്. കേരളത്തിലെ ഓരോ ജില്ലയിലെയും കാന്‍സര്‍ ഭൂപടം (Map) ലഭ്യമാണ്. ലോകത്തെ വായയിലെ കാന്‍സര്‍ തോതില്‍ തിരുവനന്തപുരം ജില്ല പ്രത്യേകശ്രദ്ധ നേടുന്നുണ്ട്. ഏറക്കുറെ എല്ലാ ജില്ലകളിലും പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദം വര്‍ധിച്ച തോതില്‍ കാണപ്പെടുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ പോലത്തെന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ് തൈറോയ്ഡ് കാന്‍സറുകള്‍.

രോഗനിര്‍ണയം പോലെ പ്രാധാന്യമുള്ളതാണ് ചികിത്സ. ശങ്കരനാരായണന്‍െറ പഠനങ്ങളില്‍ കണ്ടത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വായയിലെ കാന്‍സര്‍ കണ്ടത്തെിയ വലിയൊരു ശതമാനം പേര്‍ തുടര്‍ചികിത്സയില്‍ അമാന്തംകാട്ടി എന്നാണ്. ഇത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാന്‍സര്‍ ചികിത്സയില്‍ കാണുന്ന അലംഭാവം പഠനാര്‍ഹമാണ്. പല ഘടകങ്ങളുണ്ടാവും അതിന്. കാന്‍സര്‍ വിദഗ്ധരുടെ ലഭ്യത, ചികിത്സാസൗകര്യം, ചികിത്സാ ചെലവ് എന്നിവയുടെ ബുദ്ധിമുട്ടുകളൊക്കെ ഇതിലേക്ക് നയിക്കുന്നുണ്ട് എന്നതും സത്യമാണ്. സ്വകാര്യമേഖലയില്‍ കാന്‍സര്‍ ചികിത്സ പലര്‍ക്കും കഴിവിനപ്പുറം തന്നെ. എന്നാല്‍, സര്‍ക്കാര്‍ മേഖലയിലെ ചികിത്സയും ഭാരിച്ച സാമ്പത്തികബാധ്യത ഏല്‍പിക്കുന്നതാണ്. 25 ശതമാനത്തോളം പേര്‍ ചികിത്സമൂലം സാമ്പത്തികപ്രതിസന്ധിയിലോ കടബാധ്യതയിലോ എത്തുന്നൂവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജീവിക്കുന്ന പരിസ്ഥിതി, ജീവിതരീതി, ഭക്ഷണക്രമം, ജീവിതശൈലി എന്നിവ കാന്‍സറുമായി പല രീതികളിലായി ബന്ധപ്പെട്ടിരിക്കുന്നു. ജപ്പാനില്‍ ആമാശയ കാന്‍സര്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജപ്പാനില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരില്‍ ആമാശയ കാന്‍സര്‍ തോത് കുറയുകയും ഏറക്കുറെ അമേരിക്കന്‍ തോതിലേക്ക് എത്തുകയും ചെയ്തതായി കാണുന്നു. ‘ലാന്‍സെറ്റ്’ പത്രത്തിലെ ഒരു പഠനം സൂചിപ്പിക്കുന്നത് കേരളത്തില്‍ പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ 40 ശതമാനം പുകയിലയുമായി ബന്ധപ്പെട്ടതാണ് എന്നാണ്. പുകയിലക്കെതിരായി ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും എന്തുകൊണ്ടാണ് അത് രോഗാതുരതയില്‍ പ്രതിഫലിക്കാത്തത്? ഒരുവേള പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരസ്യമായ പുകയില ഉപയോഗത്തെ രഹസ്യമാക്കി മാറ്റിയിരിക്കാമോ?

ഇതെല്ലാം വിരല്‍ചൂണ്ടുന്നത് കാന്‍സര്‍ ഒരു രോഗം-ചികിത്സ രീതിയില്‍ ഒതുങ്ങുന്നില്ളെന്നാണ്. കാന്‍സര്‍ സാമൂഹികവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്നതാകയാല്‍ അതൊരു വികസന പ്രശ്നമായി കാണേണ്ടതുണ്ട്. ഇതിനര്‍ഥം കേരള വികസനമാതൃക എന്നൊന്നുണ്ടെങ്കില്‍ അതില്‍ കാന്‍സര്‍ രോഗനിയന്ത്രണം, സാന്ത്വനം എന്നിവയും ഉള്‍പ്പെട്ടിരിക്കണം. കാന്‍സര്‍ ബാധിച്ച ഒരു ശരാശരി കുടുംബത്തിന്‍െറ അവസ്ഥ എന്താണെന്നുനോക്കാം. മഹല്‍, കരണ്‍, എറ്റല്‍ എന്നിവരുടെ 2013ലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കാന്‍സര്‍ ഭവനങ്ങള്‍ വ്യക്തമായ സാമ്പത്തികപ്രതിന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ്. അവര്‍ക്ക് വായ്പയെടുക്കേണ്ടതായും ഉള്ള സമ്പത്ത് ക്രയവിക്രയം ചെയ്യേണ്ടതായും വരുന്നു. അവര്‍ കൂടുതല്‍ ആവര്‍ത്തി ആശുപത്രിസേവനങ്ങള്‍ക്കു പോവുകയും യാത്ര, താമസം ഇത്യാദി ചെലവുകള്‍ക്കായി പണം കണ്ടെത്തേണ്ടതായും വരുന്നു. സ്വന്തം വരുമാനത്തില്‍നിന്നുള്ള ചെലവ് (Out of Pocket Expense) വളരെയധികം വര്‍ധിക്കുന്നു. ഇതുതന്നെ ഉദ്ദേശം 35 ശതമാനം വാര്‍ഷികബാധ്യത ഉണ്ടാക്കുന്നുവെന്ന് കരുതാം. സമാനമായ മറ്റു പഠനങ്ങളും ലഭ്യമാണ്. 2015ല്‍ പ്രസിദ്ധീകരിച്ച മുംബൈയിലെ ടാറ്റാ ഹോസ്പിറ്റല്‍ പഠനങ്ങള്‍ കാണിക്കുന്നത്, ഒരാള്‍ക്ക് കാന്‍സര്‍ വന്നാല്‍ ആ കുടുംബത്തിന്‍െറ വേതന-വരുമാന സാധ്യതയെയും പൊതുവെ ധനാഗമന മാര്‍ഗത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ്. മറ്റൊരു പഠനം സൂചിപ്പിക്കുന്നത്, ഒരു കാന്‍സര്‍ രോഗിയുള്ള കുടുംബത്തില്‍ 45 ശതമാനം സാമ്പത്തികപ്രതിസന്ധി നേരിടുകയും 25 ശതമാനം ദാരിദ്ര്യരേഖക്കുതാഴെ പോവുകയും ചെയ്യും. കുട്ടികള്‍ക്ക് നേരത്തേ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴിലിലേര്‍പ്പെടാനുള്ള സമ്മര്‍ദമുണ്ടാവുകയും മറ്റു ചിലര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്‍െറ പൊതു മാനവശേഷിയെ ബാധിക്കുന്ന കാര്യമാണല്ളോ.

ചികിത്സയിലെ പ്രതിസന്ധി
കാന്‍സര്‍ ചികിത്സവ്യാപനത്തിലും ഈ പ്രതിസന്ധി കാണാനാവും. രാജ്യത്തെ പ്രധാന കാന്‍സര്‍ ചികിത്സാകേന്ദ്രമായ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ 50,000 രോഗികള്‍ പുതുതായും 4,50,000 രോഗികള്‍ തുടര്‍ചികിത്സക്കായും എത്തുന്നു. ഇവരെ പരിചരിക്കുന്നത് സ്ഥിരമായി ജോലിചെയ്യുന്ന 150 ഡോക്ടര്‍മാര്‍ മാത്രം. വികസിത രാജ്യങ്ങളില്‍ ഇതേസ്ഥാനത്ത് 700 ഡോക്ടര്‍മാരുണ്ടാകും. ഇത്തരത്തിലുള്ള മാനവവിഭവത്തിലെ പോരായ്മ നമ്മുടെ സര്‍ക്കാര്‍ മേഖലയിലും കാണാം. 900 കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളെങ്കിലും ആവശ്യമുള്ള ഇന്ത്യയിലിപ്പോള്‍ ഉള്ളത് 200 കേന്ദ്രങ്ങള്‍. അതില്‍ പലതും അഭികാമ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമല്ല. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. കാന്‍സര്‍ ചികിത്സക്ക് ഭാരിച്ച ചെലവുണ്ടാകുമെന്നാണ് മറുവാദമെങ്കില്‍ നാമോര്‍ക്കേണ്ടത് ഫലപ്രദമായ കാന്‍സര്‍ ചികിത്സ ഉല്‍പാദിപ്പിക്കുന്ന സാമൂഹിക കാര്യക്ഷമത, മാനവശേഷി, വിദ്യാഭ്യാസത്തിലും സമ്പത്ത് ആര്‍ജിക്കുന്നതിലും ഉണ്ടാകുന്ന മുന്നേറ്റം, ആയുര്‍ദൈര്‍ഘ്യം, കുടുംബങ്ങളിലെ സുസ്ഥിതി എന്നിവയുടെ സാമൂഹികസാമ്പത്തിക നേട്ടം എങ്ങനെ കണക്കുകൂട്ടും?  ഇതിന്‍െറ ശാസ്ത്രീയ മോഡലുകള്‍ പഠിച്ചാല്‍മാത്രമേ, കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ സര്‍ക്കാറിന് ബാധ്യതയാണോ എന്ന് പറയാനാവൂ. ഇപ്പോള്‍തന്നെ കാന്‍സറുകള്‍ കണ്ടത്തെുന്നത് പലപ്പോഴും പരിധിക്കപ്പുറം വ്യാപിച്ചശേഷമാണ്. ചികിത്സാചെലവ് അമിതമായി വര്‍ധിക്കുന്നതിന് ഒരു കാരണം യഥാസമയം കാന്‍സര്‍ നിര്‍ണയം സാധിക്കുന്നില്ളെന്നുള്ളതും ചികിത്സ ആരംഭിക്കുന്നതില്‍ രോഗികള്‍ അമാന്തിക്കുന്നുവെന്നുള്ളതും തന്നെ. ഇവിടെയാണ് കേരളത്തിന് തമിഴ്നാട് മാതൃകയിലെ കാന്‍സര്‍ നിര്‍ണയ ശൃംഖലയെക്കുറിച്ച് ആലോചിക്കാവുന്നത്. ഇതുകൂടാതെ, കാന്‍സര്‍ വലിയൊരളവില്‍ പ്രതിരോധിക്കാനാവുന്ന രോഗമാണെന്നുള്ളതിന് ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഇതിനുവേണ്ടിയുള്ള പൊതുജനാരോഗ്യ മുന്നേറ്റം അനിവാര്യമാണ്. ഇതുമൊരു മാനവശേഷി പ്രശ്നം തന്നെയാണ്. വായിലെ കാന്‍സറുകളുടെ ശരാശരി ചികിത്സാച്ചെലവ് മൂന്നുലക്ഷത്തിലധികമാണ്. എന്നാല്‍, ഇത് ജീവിതരീതികൊണ്ടും കാന്‍സര്‍ സ്ക്രീനിങ് കൊണ്ടും ഏറക്കുറെ പൂര്‍ണമായി പ്രതിരോധിക്കാനാവും. അപ്പോള്‍ അതില്‍നിന്നുമാത്രം ഉല്‍പാദിപ്പിക്കാവുന്ന സാമൂഹിക നേട്ടമെത്ര?
അഡയാര്‍ കാന്‍സര്‍ കേന്ദ്രത്തിലെ ഡോ. രാജ്കുമാര്‍ പറയുന്നത് ഇതാണ്: ‘അഡയാറിലത്തെുന്ന ഗര്‍ഭാശയ കാന്‍സറുകളില്‍ 80 ശതമാനവും വരുന്നത് സ്റ്റേജ് രണ്ടുംമൂന്നും ആകുമ്പോഴാണ്. ഇതിനര്‍ഥം ഏറ്റവും മെച്ചപ്പെട്ട ചികിത്സാഫലം ലഭിക്കുന്നഘട്ടം കഴിഞ്ഞിരിക്കുന്നുവെന്നുകൂടിയാണ്. എന്നാല്‍പോലും ഇവരില്‍ 60 ശതമാനത്തോളം പേര്‍ക്ക് നല്ലരീതിയില്‍ രോഗനിയന്ത്രണം ലഭിക്കുന്നു. ഇതുപോലെ കുട്ടികളിലെ ലിംഫോബ്ളാസ്റ്റിക് ലൂക്കീമിയ, ഹോജ്കിന്‍സ് ലിംഫോമ എന്നിവക്കും 50-80 ശതമാനം വരെ രോഗമുക്തി ലഭിക്കും. ഡോ. അനില്‍ അഗര്‍വാളിന്‍െറ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ കാന്‍സറുകളും ഒപ്പം പരിഗണിച്ചാല്‍ രോഗമുക്തി ഏറക്കുറെ 50 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ്.

പരിസ്ഥിതി, ജീവിതശൈലി
അഗര്‍വാള്‍ പറയുന്നത്  ഇപ്പോഴത്തെ തെളിവുകള്‍ പരിശോധിച്ചാല്‍ ഏതാണ്ട് 70 ശതമാനത്തിലധികം കാന്‍സറുകളും പരിസ്ഥിതി, ജീവിതശൈലി മുതലായ കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്. അതിനര്‍ഥം ശക്തമായ സര്‍ക്കാര്‍ നിലപാടുകള്‍കൊണ്ട് കാന്‍സര്‍ തടയാനാകുമെന്നാണ്. ഈ പ്രധാനഘടകം കണ്ടത്തെിയത് സ്വീഡനിലെ കരൊലിന്‍ സ്കാ ഇന്‍സ്റ്റിറ്റ്യൂട്ട് 90,000 ഇരട്ടകളെ പഠിച്ചശേഷം പുറത്തുവിട്ട പ്രബന്ധത്തിലുണ്ട്. ഇരട്ടകളില്‍ ഒരാള്‍ക്ക് കാന്‍സര്‍ വരുകയും മറ്റേയാള്‍ക്ക്് വരാതിരിക്കുകയും ചെയ്താല്‍ ജനിതകകാരണങ്ങള്‍ കൊണ്ടാണെന്നു പറയാനാവില്ലല്ളോ. അദ്ദേഹത്തിന്‍െറ അഭിപ്രായത്തില്‍ അന്തരീക്ഷമലിനീകരണം, അണുപ്രസാരണം, പുകയിലയുടെ ഉപയോഗം, ഭക്ഷണം, ആവര്‍ത്തിച്ചുള്ള അണുബാധ എന്നിവയാണ് നമ്മുടെ കാന്‍സറുകളുടെ പ്രധാന കാരണങ്ങള്‍. ഉദ്ദേശം 30 ശതമാനം പേര്‍ക്കുമാത്രമേ ജനിതകകാരണങ്ങളാല്‍ കാന്‍സര്‍ ഉണ്ടായി എന്നുപറയാനൊക്കൂ.
പല കാന്‍സറുകളും നാമിവിടെ ജീവിക്കുന്നുവെന്നതില്‍ നിന്നുതന്നെ ഉടലെടുക്കുന്നു. ഭക്ഷണം, അണുബാധ, അണുവികിരണം എന്നിവയില്‍ വ്യക്തികള്‍ക്ക് കാര്യമായി പ്രവര്‍ത്തിക്കാനാവില്ലല്ളോ, അപ്പോള്‍ ഈ കാര്യങ്ങളില്‍ സുശക്തമായ സര്‍ക്കാര്‍ നിലപാട് ഉണ്ടാകേണ്ടതായുണ്ട്.
അത് വികസന അജണ്ടയില്‍ പ്രാമുഖ്യം നേടണമെന്നും ആവശ്യമായ മാനവശേഷി, ധനം എന്നിവ നിക്ഷേപിക്കണമെന്നുമുള്ള പൊതുബോധം ആവശ്യമായി വരുന്നു. എന്നാല്‍ മാത്രമേ, ഒരുപക്ഷേ, ഈ ദിശയിലേക്ക് സര്‍ക്കാര്‍ ശ്രദ്ധപതിയാനും വ്യക്തമായ ഒരു കാന്‍സര്‍ നയം  രൂപവത്കരിക്കാനുമാകൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.