മാവേലി നാട് നീങ്ങീടും കാലം

ഓണം വാമനജയന്തി ആണെന്ന ചില ഹൈന്ദവ തീവ്രവാദികളുടെ നിലപാട് വലിയ ഒച്ചപ്പാടിന് കാരണമായിട്ടുണ്ട്. ഞാന്‍ എക്കാലത്തും അമ്പരന്നിരുന്ന ഒരു കാര്യമാണ് കേരളത്തിലെ സവര്‍ണ സമൂഹം വാമനജയന്തിയെ എന്തുകൊണ്ട് മറ്റൊരു ഐതിഹ്യത്തിന്‍െറ മറവില്‍ ആഘോഷിച്ചു പോരുന്നു എന്നത്. ഓണത്തിന്‍െറയും അയ്യന്‍െറയും ഐതിഹ്യങ്ങള്‍ ഒൗത്തരാഹ മിത്തോളജിയില്‍നിന്നുള്ള കടംവാങ്ങലാവുമ്പോഴും അവയെ കേരളീയ ഹിന്ദുബോധത്തില്‍ പ്രതിസ്ഥാപിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ മാനങ്ങളോടെയാണ്. ഇത് എനിക്ക് കൂടുതല്‍ അനുഭവപ്പെട്ടത് മേല്‍പത്തൂരിന്‍െറ ‘നാരായണീയം’ വായിച്ചതോടെയാണ്.

സുപ്രധാനമായ ഒരു ചരിത്രസന്ധിയില്‍ കേരള ചരിത്രബോധം മേല്‍പത്തൂരിനെ പൂന്താനത്തിന്‍െറയും എഴുത്തച്ഛന്‍െറയുമൊക്കെ സമകാലികനായി മനസ്സിലാക്കുന്നു. അല്ളെങ്കില്‍തന്നെയും ഏതാണ്ട് രണ്ടു നൂറ്റാണ്ടുകള്‍ക്കുള്ളിലുള്ള ഒരു ചരിത്രകാലത്ത് സമൂഹസ്മൃതിയില്‍ ഇങ്ങനെ കൂടിക്കുഴയുന്നവണ്ണം ഇവര്‍ ജീവിച്ചിരുന്നിരിക്കണം. അതില്‍ മേല്‍പത്തൂരിന്‍െറ നാരായണീയം എഴുതപ്പെട്ടത് ഗുരുവായൂരിലാണ് എന്നത് വിശ്വസിച്ചാല്‍ ശ്രദ്ധയില്‍പെടുന്ന ഒരു കാര്യം ‘അയ്യന്‍ ഐതിഹ്യ’ത്തിന്‍െറയും  ‘ഓണം ഐതിഹ്യ’ത്തിന്‍െറയും ഒൗത്തരാഹമൂലത്തെ ഏതാണ്ട് കൃത്യമായി പിന്തുടരുന്ന അദ്ദേഹം മഹാബലിയെക്കുറിച്ചുള്ള ഈ കേരളപാഠവും അയ്യനെക്കുറിച്ചുള്ള കേരളപാഠവും പരാമര്‍ശിക്കുന്നതേയില്ല എന്നതാണ്. ഇതില്‍നിന്ന് രണ്ടുകാര്യങ്ങള്‍ അനുമാനിക്കാം. ഒന്ന് അന്ന് ആ പാഠഭേദങ്ങള്‍ ഇവിടെ നിലനിന്നിരുന്നില്ല, അല്ളെങ്കില്‍ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. രണ്ട്, അഥവാ ഉണ്ടായിരുന്നെങ്കില്‍തന്നെ അദ്ദേഹത്തിന് അത് അവഗണിക്കാനുള്ള പ്രാധാന്യമേ അവക്ക് ഉണ്ടായിരുന്നുള്ളൂ.

ഇത് ഇത്ര ശക്തമായി മനസ്സില്‍ തറക്കാനുള്ള കാരണം, അതിനുമുമ്പുതന്നെ ഓണത്തിന്‍െറ വരവിനെക്കുറിച്ചുള്ള ചരിത്രവിശദീകരണങ്ങള്‍ കേസരി മുതല്‍ നിരവധിപേര്‍ എഴുതിയത് ഞാന്‍ വായിച്ചിരുന്നു എന്നതാണ്. എത്ര പുറങ്ങളാണ് അതിനുവേണ്ടി ചെലവാക്കിയിട്ടുള്ളത്! പഴയ ചെന്തമിഴ് സാഹിത്യം മുതല്‍ ഏതെങ്കിലും മധ്യകാല നാടുവാഴിയുടെ അപൂര്‍വമായ ദാനരേഖകളും നാടന്‍പാട്ടുകളും പെരുമാള്‍ കഥയും എന്ന് വേണ്ട സകല ചരിത്രസാക്ഷ്യങ്ങളും പരതിയുള്ള അന്വേഷണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഗ്രീസിലും ഈജിപ്തിലും മാത്രമല്ല, മനുഷ്യവംശത്തിന്‍െറ നിയാണ്ടര്‍ത്താല്‍ കാലംവരെപോലും പരതിപ്പോവാന്‍ ചരിത്രകാരന്മാര്‍ തയാറായിട്ടുണ്ടെന്നു തോന്നുന്നു ഓണത്തെക്കുറിച്ച് പറയാന്‍. ഒരു അവസരം കിട്ടിയാല്‍  ആ കഥയൊക്കെ വിസ്തരിക്കാന്‍ ആളുകള്‍ ഇപ്പോഴും തയാറാണ്. അയ്യന്‍െറ കാര്യത്തില്‍ സമ്പൂര്‍ണമായ ഒരു ഹൈന്ദവമിത്തായി അയ്യനെ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ഒൗത്തരാഹപാഠത്തില്‍ ഒരു മാറ്റം വരുത്തിയിട്ടുള്ളത്. അയ്യന്‍േറത് എന്ന് ഇപ്പോള്‍ പറയുന്ന ക്ഷേത്രം ആരുടെ കൈവശമായിരുന്നു എന്നതിനെക്കുറിച്ചും അതെങ്ങനെ ഹൈന്ദവക്ഷേത്രമായി എന്നതിനെക്കുറിച്ചും സാമുവല്‍ മത്തീറിന്‍െറയും മറ്റും പരാമര്‍ശങ്ങള്‍കൂടി ആസ്പദമാക്കിക്കൊണ്ട് ഞാന്‍ മുമ്പ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് (ശബരിമലയും ദലിത് ചരിത്രവും, ചരിത്രവും ആധുനികതയും എന്ന പുസ്തകം). എന്നാല്‍, ഗുരുവായൂരില്‍വെച്ച് രചിക്കപ്പെട്ടു എന്നുപറയുന്ന നാരായണീയത്തില്‍ ശിവ-വിഷ്ണു സംയോഗത്തിന്‍െറ കഥ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്‍െറ ഒരു ഉപകഥയായിപ്പോലും അയ്യന്‍െറ ജനനമോ ശബരിമലയോ  പരാമര്‍ശിക്കപ്പെടുന്നില്ല. അതായത്, അയ്യനുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം ഇന്നത്തെ ‘ആധികാരിക’ ഹൈന്ദവാരാധന ആശ്രയിക്കുന്ന രേഖകളെയോ ഗ്രന്ഥങ്ങളെയോ  ആസ്പദമാക്കിയുള്ളതല്ല എന്നര്‍ഥം.

എല്ലാ ക്ഷേത്രങ്ങളുടെയും ഐതിഹ്യം അങ്ങനെ ആവണമെന്നില്ല എന്ന് എനിക്കറിയാം. പ്രാദേശികൈതിഹ്യങ്ങളുടെ സാമൂഹിക സ്വീകാര്യതയില്‍ ഊന്നിയാണ് ക്ഷേത്രപാരമ്പര്യങ്ങള്‍ വ്യവഹരിച്ചു പോരുന്നത്. ഞാന്‍ പറഞ്ഞുവന്നത് അയ്യന്‍െറ കാര്യത്തില്‍ ആ പ്രാദേശികൈതിഹ്യം തന്നെയും മേല്‍പത്തൂര് അവഗണിക്കുകയോ അദ്ദേഹത്തിന്‍െറ കാലത്ത് അങ്ങയേറ്റം അപ്രസക്തമായിരിക്കുകയോ ചെയ്തിരുന്നു എന്നാണ്. ശബരിമലയുടെ വിശ്വാസഭദ്രതയെക്കുറിച്ചുള്ള വാചാടോപങ്ങള്‍ക്ക് ഇത്രയും ചെറിയ ചരിത്രാനുകൂല്യമേ കണക്കാക്കാന്‍ കഴിയുന്നുള്ളൂ.

അതുപോലെ ഓണത്തിന്‍െറ കാര്യത്തിലും വാമനാവതാരത്തെക്കുറിച്ചും മഹാബലിയെക്കുറിച്ചും നിലവിലുള്ള ഒരു ഒൗത്തരാഹപാഠം ഏതാണ്ട് അതേപടി ആവര്‍ത്തിക്കുന്ന മേല്‍പത്തൂര്‍ കേരളത്തിന്‍െറ ഇന്നത്തെ ഈ ‘ദേശീയോത്സവ’ത്തിന്‍െറ കാര്യം മിണ്ടുന്നതേയില്ല. നരസിംഹാവതാരകഥയില്‍ അവതാരത്തിന്‍െറ അക്ഷയതൃതീയാബന്ധം വിസ്തരിക്കാതെ വിടുന്ന മേല്‍പത്തൂര്‍ തിരുവോണവും ദ്വാദശിയും ചേര്‍ന്ന ദിവസമാണ് വാമനജയന്തി എന്നത് എടുത്തുപറയുന്നുണ്ട് (സാ ദ്വാദശീശ്രാവണപുണ്യദിനേ ഭവന്തം). നമ്മുടെ ദേശീയ ഐതിഹ്യത്തില്‍ വളരെ നിഷ്കളങ്കമായി, വാമനന്‍െറ ജന്മദിനം എന്നുപോലും പലപ്പോഴും പരാമര്‍ശിക്കാതെ, “ചിങ്ങമാസത്തിലെ തിരുവോണത്തിന്‍ നാളില്‍ തന്‍െറ പ്രജകളെ കാണാന്‍ വരാന്‍ അനുവദിച്ചു’ എന്ന വരദാനവും മേല്‍പത്തൂര്‍ പരാമര്‍ശിക്കുന്നില്ല. വാമനന്‍ തന്‍െറ ജന്മദിനത്തില്‍ കേരളം സന്ദര്‍ശിക്കാനുള്ള വരമല്ല മഹാബലിക്ക് നല്‍കുന്നത്, മറിച്ച്, ഇന്ദ്രപദവിയും ആത്മസായുജ്യവുമാണ്. ഈ വാമനാവതാരകഥയും വിഷ്ണുവിന്‍െറ മോഹിനീവേഷകഥയും അടുത്തടുത്ത ദശകങ്ങളിലാണ് പരാമര്‍ശിക്കപ്പെടുന്നത്. പാലാഴിമഥനത്തിലെ മോഹിനീകഥയുടെ അവസാനം അനുരാഗവിവശനായ ശിവന് ‘വീര്യപ്രമോക്ഷം’ സംഭവിച്ചപ്പോള്‍  യാഥാര്‍ഥ്യതാബോധം ഉണ്ടാവുന്നു എന്നേ നാരായണീയത്തില്‍ പറയുന്നുള്ളൂ (ദശകം 29). വൃകാസുരന്‍ താന്‍ തലയില്‍ കൈകൊണ്ടു തൊടുന്നവര്‍ മരിക്കണം എന്ന വരംനേടി അത് ശിവനില്‍തന്നെ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ വിഷ്ണു മോഹിനീവേഷത്തില്‍ രക്ഷിക്കാന്‍ വന്നുവെന്നും അതിനുശേഷം  അവരുടെ സംയോഗത്തില്‍ അയ്യന്‍ ഉണ്ടായി എന്നുമുള്ള പാഠഭേദവും  മേല്‍പത്തൂര്‍ തിരസ്കരിക്കുന്നു (ദശകം 89). വൃകാസുരനെ സ്വന്തം തലയില്‍തന്നെ കൈവെക്കാന്‍ പ്രേരിപ്പിക്കുന്നത് ഒരു ബ്രാഹ്മണബാലനാണ്, ഏതെങ്കിലും മോഹിനിയല്ല. അവിടെയും ശിവ-വിഷ്ണു സംയോഗം നടക്കുന്നതായി അദ്ദേഹം പറയുന്നില്ല.  

ഈ രണ്ടു സന്ദര്‍ഭങ്ങളും കൂടുതല്‍ ശ്രദ്ധേയമാവുന്നത് പരശുരാമകഥയുടെ പശ്ചാത്തലത്തില്‍ ‘കേരളം’ വീണ്ടെടുത്ത കഥപറയാന്‍ മേല്‍ത്തൂര്‍ വിസ്മരിക്കുന്നില്ല എന്നതുമായി കൂട്ടിവായിക്കുമ്പോഴാണ്. ‘സിന്ധും സ്രുവക്ഷേപണാദുത്സാര്യോദ്ധൃതകേരളോ ഭൃഗുപതേ” എന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട് (ദശകം 36). പരിപൂര്‍ണമായും കേരളീയമായ പാഠഭേദങ്ങള്‍ ഉപേക്ഷിക്കുകയല്ല, മറിച്ചു അപ്രസക്തമോ, തന്‍െറ കാലത്ത് അധികം പ്രചാരത്തിലില്ലാതിരുന്നതോ ആയ ഐതിഹ്യങ്ങള്‍ സ്വാഭാവികമായും അദ്ദേഹത്തിന്‍െറ കൃതിയില്‍ കടന്നുവരാതിരുന്നതാണ് എന്നതിനാണ് സാധ്യത.

കേരളത്തെ സംബന്ധിച്ചേടത്തോളം ഓണം എന്നത് കൂടുതലും ഒരു ശൂദ്രാഘോഷമായിട്ടായിരുന്നു പില്‍ക്കാലത്ത് വികസിച്ചുവന്നത് എന്ന് തോന്നുന്നു. നമ്പൂതിരിമാരുടെ കാര്യത്തില്‍ ഓണത്തിന്നു സാംസ്കാരികമായ വലിയ പ്രാധാന്യം ഉണ്ടായിരുന്നോ എന്ന  കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. എന്നാല്‍, ശൂദ്ര (നായര്‍) വിഭാഗത്തിന് താല്‍പര്യമുള്ള ഒരു ഉത്സവം മറ്റു സവര്‍ണാ വര്‍ണാ വിഭാഗങ്ങള്‍ക്കുകൂടി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതാവുന്നത് കേരളചരിത്രത്തില്‍ അസ്വാഭാവികതയുള്ള കാര്യമല്ല. പഴയ ചരിത്രകാലത്ത് ഈ ശൂദ്രോത്സവം അതിന്‍െറ സവിശേഷമായ ശൂദ്രപ്രഭാവത്തോടെ മറ്റു വിഭാഗങ്ങള്‍ക്കും  അനുഭവപ്പെട്ടിട്ടുണ്ടാവാം. പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികളിലും മറ്റും കാണുന്ന വികസിതമായ നമ്പൂതിരിവിരോധത്തിന്‍െറ ശൂദ്രപ്രാഗ്ബോധം ബ്രാഹ്മണനായി വരുന്ന വാമനനെ ഇകഴ്ത്തുന്ന ഒരു മൃദു പ്രതി-ഹൈന്ദവ മിത്തോളോജിക്കല്‍ അടിത്തറ ഓണത്തിന് നല്‍കിയതാവാം.

നമ്പൂതിരിമാര്‍ വന്നു നായന്മാരെ ചവിട്ടിത്താഴ്ത്തി എന്നുമാവാം അതിന്‍െറ അര്‍ഥം. കുറച്ചൊക്കെ മതനിരപേക്ഷമായ ഒരു സാംസ്കാരിക ചിഹ്നമണ്ഡലം ഓണത്തിന്‍െറ ചുറ്റും ചരിത്രപരമായിത്തന്നെ ഉയര്‍ന്നുവന്നിട്ടും കീഴാള കാഴ്ചപ്പാടില്‍ ഇത് മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇതിലെ അധീശത്വഘടനകളെക്കുറിച്ച് തങ്ങള്‍ ബോധ്യമുള്ളവര്‍ ആയിരുന്നു എന്ന് പല ദലിത് എഴുത്തുകാരും അവരുടെ ഓണവിമര്‍ശനങ്ങളിലും ഓണസ്മരണകളിലും സൂചിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ‘മാവേലി നാട് വാണീടും കാലം’ എന്ന നാടന്‍പാട്ടിന്‍െറമാത്രം ബലത്തില്‍ ഇതൊരു സവര്‍ണാഘോഷമല്ളെന്നും എല്ലാവരുടെയുമായിരുന്നു എന്നും പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കൊയ്ത്തുത്സവമായിരുന്നെങ്കില്‍ തന്നെയും ജാതിവിഭജിതമായ സമൂഹത്തില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു മേല്‍ കുത്തകാവകാശമുണ്ടായിരുന്ന വിഭാഗങ്ങള്‍ തന്നെയാവണം ഈ ആഘോഷത്തിനു മുന്‍കൈ എടുത്തിരുന്നത്. പിന്നീട് ജനാധിപത്യ കേരളത്തില്‍ അത് ‘ദേശീയോത്സവ’മായി. ഇപ്പോള്‍ പൂര്‍ണമായും കച്ചവടതാല്‍പര്യങ്ങളിലേക്ക് ആവാഹിക്കപ്പെട്ടുകഴിഞ്ഞ ആഘോഷത്തില്‍ ഇനി വാമനനാണോ മഹാബലിയാണോ നായകനെന്നത് അപ്രധാനമാവുകയാണ്.

കേരളത്തിലെ ഓണാഘോഷത്തിന്‍െറ യഥാര്‍ഥ ചരിത്രമെന്തായാലും  അത് വാമനജയന്തിയായിത്തന്നെ ആഘോഷിക്കണം എന്ന വാദവുമായി ഇപ്പോള്‍ ഹൈന്ദവതീവ്രവാദികള്‍ രംഗത്തത്തെിയിരിക്കുന്നു. മൂന്നോ നാലോ തവണ അവര്‍ വാമനജയന്തി ഘോഷയാത്ര നടത്തിക്കഴിയുമ്പോള്‍ ‘ഇതവര്‍ക്ക്  വിട്ടുകൊടുക്കരുത്, നമ്മളും നടത്തണം’ എന്നുപറഞ്ഞു കുടുമയും പൂണൂലും പാളത്താറും കെട്ടി വാമനന്‍െറ വിജയാപദാനങ്ങളുമായി  തെരുവിലിറങ്ങാന്‍ വെമ്പിനില്‍ക്കുന്ന ഒരു ‘ഇടതുപക്ഷ ഹൈന്ദവബോധം’ കൂടി സാംസ്കാരികരംഗം അടക്കിവാഴുന്ന കേരളത്തില്‍ അനതിവിദൂരമായ ഭാവിയില്‍ത്തന്നെ മഹാബലി ഒരിക്കല്‍കൂടി ചവിട്ടിത്താഴ്ത്തപ്പെട്ടാല്‍  അതില്‍ അദ്ഭുതപ്പെടാനില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.