ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. അതായത് ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് തന്‍െറ ഗര്‍ഭം തുടര്‍ന്നുകൊണ്ടുപോകേണ്ട എന്ന് തോന്നിയാല്‍ ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള അവസരം ഇന്ത്യന്‍ നിയമം ഉറപ്പുനല്‍കുന്നു. ഇപ്രകാരം നിയമവിധേയമായി സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭച്ഛിദ്രം തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു സ്ത്രീയില്‍ നിക്ഷിപ്തമാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കുക.
ഇത് നമ്മുടെ നാട്ടിലുള്ള ഒരു പൊതുധാരണയാണ്. തികച്ചും തെറ്റുമാണ്. എന്നാല്‍, ഇത് ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് വളരെ അടുത്തുനടന്ന ഒരു സംഭവം സൂചിപ്പിക്കാം. പതിനാറുവയസ്സുള്ള ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇത് അദ്ഭുതപ്പെടുത്തുന്ന വാര്‍ത്തയല്ല. അവള്‍ ആരുമായിക്കൊള്ളട്ടെ - റോസിയോ, സാലിയോ, കവിതയോ ആരും -അവള്‍ ഗര്‍ഭിണിയാകുന്നത് വിവാഹ വാഗ്ദാനം നല്‍കി മോഹിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഒരാളില്‍ നിന്നാവും. ഈ പെണ്‍കുട്ടിക്കും അതുതന്നെ സംഭവിച്ചു. ഗര്‍ഭിണിയായിക്കഴിഞ്ഞപ്പോള്‍ കമിതാവ് സംസ്ഥാനം വിടുകയും ചെയ്തു. ഗര്‍ഭം പകുതിയിലധികം കാലം ചെന്നതിന് ശേഷമാണ് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള ചിന്തകള്‍ അവരുടെ രക്ഷിതാക്കള്‍ ഗൗരവമായി പരിഗണിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത പട്ടണത്തിലെ ഗര്‍ഭച്ഛിദ്രവിദഗ്ധയെ കണ്ടത്തെുകയും അവിടെവെച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു.
ശരിയായ വൈദഗ്ധ്യമില്ലാതെ, നിയമവിരുദ്ധവും രഹസ്യവുമായി വ്യാജഡോക്ടര്‍മാര്‍ ചെയ്യുന്ന ലക്ഷക്കണക്കിന് ഗര്‍ഭച്ഛിദ്രങ്ങളില്‍ ഒന്നായിരുന്നു അത്. മണിക്കൂറുകളോളം ഈ പെണ്‍കുട്ടി നരകതുല്യമായ അനുഭവത്തിലൂടെ കടന്നുപോയി. വയറില്‍ ശക്തിയായി അമര്‍ത്തിപ്പിടിച്ചായിരുന്നു വളര്‍ച്ച പുരോഗമിച്ചിരുന്ന ഭ്രൂണത്തെ പുറത്തേക്ക് തള്ളിക്കൊണ്ടുവന്നത്. വേദനയും ക്ഷീണവും കൊണ്ട് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീട്ടിലേക്കയക്കാനും വ്യാജഡോക്ടര്‍ അനുവദിച്ചില്ല. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കാരണം. പിന്നീട് പൊലീസത്തെി പെണ്‍കുട്ടിയെ മോചിപ്പിക്കുകയും തുടര്‍നടപടികളുണ്ടാവുകയും ചെയ്തു. ഇത്തരം കഥകളാണ് ഇന്ത്യന്‍ ഗര്‍ഭച്ഛിദ്രനിയമത്തിലെ പഴുതുകളും പോരായ്മകളും എന്തൊക്കെയാണെന്ന് നമ്മെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്.
ഇന്ത്യയില്‍ പ്രതിവര്‍ഷം വ്യാജന്മാരും നാട്ടിലെ ‘ഗര്‍ഭച്ഛിദ്ര വിദഗ്ധരും’ ചെയ്യുന്ന അലസിപ്പിക്കല്‍ മൂലം 3600 സ്ത്രീകള്‍ മരിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനേക്കാളും കൂടുതലാവും യാഥാര്‍ഥ്യം. ഉദ്ദേശം 60 ലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നുവെന്ന് സര്‍ക്കാറും 112 ലക്ഷത്തോളമാണ് ശരിയായ കണക്കെന്ന് സന്നദ്ധ സംഘടനകളും പറയുന്നു. എന്തായാലും ഇത് സൂചിപ്പിക്കുന്നത് ഗര്‍ഭകാലപരിചരണം സുഗമ്യമല്ല എന്നുതന്നെ. മാത്രമല്ല, ഗര്‍ഭച്ഛിദ്രവും അനുബന്ധ പരിചരണവും ലഭിക്കേണ്ടവര്‍ക്ക് പല കാരണങ്ങളാല്‍ അവ നിഷേധിക്കപ്പെടുന്നുവെന്നും കാണേണ്ടതുണ്ട്. ഗര്‍ഭച്ഛിദ്രത്തിലൂടെ കടന്നുപോകേണ്ടിവരുന്നവരില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം യുവതികള്‍ക്ക് വിവിധ തരത്തിലുള്ള ശാരീരികവും മാനസികവുമായ ക്ളേശങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടേണ്ടിവരുന്നു. നാമോര്‍ക്കേണ്ടത്, ഗര്‍ഭച്ഛിദ്രനിയമം (Medical Termination of Pregnancy Act 1972 (എം.ടി.പി) ) നിലവില്‍ വന്നശേഷം നാല്‍പതിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഇതിന് ശേഷം നിലവില്‍വന്ന വൈദ്യശാസ്ത്രത്തിലെ പ്രധാന ചുവടുവെപ്പുകള്‍ പരിശോധിച്ചാല്‍ ഗര്‍ഭച്ഛിദ്രത്തില്‍ നിലനില്‍ക്കുന്ന ദു$ഖകരമായ അവസ്ഥ വ്യക്തമാകും. ഹൃദ്രോഗത്തിന് ആവശ്യമുള്ള ബൈപാസ് ശസ്ത്രക്രിയ ഇപ്പോള്‍ വളരെ സുരക്ഷിതമാണ്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മരണം ഒരുശതമാനത്തിലും വളരെ താഴെയാണ്. ഹണ്ട്, ബെന്‍-ഷ്ളോമൊ എന്നിവര്‍ 2013ല്‍ പ്രസിദ്ധീകരിച്ച ലാന്‍സറ്റ് പഠനമനുസരിച്ച് പൂര്‍ണ ജഘന സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ (Total Hip Replacement Surgery) മരണനിരക്ക് 2011ല്‍ തന്നെ 0.29 ശതമാനത്തിന് താഴെ എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ ശസ്ത്രക്രിയകള്‍ ഗൗരവമുള്ള രോഗങ്ങള്‍ ഉള്ളവരില്‍ നടക്കുന്നതാണെന്ന് കാണണം. ഗര്‍ഭച്ഛിദ്രമാകട്ടെ ആരോഗ്യമുള്ള യുവതികളില്‍ നടക്കുന്നതും.
ഇങ്ങനെ ആയിരക്കണക്കിന് സ്ത്രീജീവിതങ്ങളാണ് അകാലത്തില്‍ പൊലിഞ്ഞുപോകുന്നത്. സര്‍ക്കാറിന്‍െറ തന്നെ കണക്കനുസരിച്ച് 15നും 24നും ഇടയില്‍ പ്രായമുള്ള യുവതികളില്‍ കാണപ്പെട്ട മാതൃമരണത്തില്‍ 41 ശതമാനവും ലൈംഗിക പ്രത്യുല്‍പാദന ആരോഗ്യപ്രശ്നങ്ങള്‍ നിമിത്തമാണ്. രണ്ട് പ്രധാന കാരണങ്ങള്‍ നാമോര്‍ക്കേണ്ടതാണ്. ഒന്ന്, 1972ല്‍ പ്രാബല്യത്തില്‍ വന്ന ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ഇന്നും ഗ്രാമപ്രദേശങ്ങളില്‍ കഴിയുന്നവരില്‍ എത്തിയിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ നിയമങ്ങള്‍ ഒരുക്കിയിട്ടുള്ള സാധ്യതകളും അവസരങ്ങളും അവര്‍ ജീവിക്കുന്ന ഗ്രാമങ്ങളുടെ പരിസരങ്ങളില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും എത്തിയിട്ടില്ല. രണ്ട്, ലൈംഗിക പ്രത്യുല്‍പാദന ജീവിതത്തില്‍, മറ്റ് മേഖലയിലെന്നപോലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്ത്രീജീവിതങ്ങളില്‍ തന്നെ അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നു. ലൈംഗികതയെക്കുറിച്ചോ ഗര്‍ഭധാരണത്തെക്കുറിച്ചോ ശാസ്ത്രീയമായ അറിവ് 15-24ന് ഇടക്കുള്ള യുവതികള്‍ക്ക് പലപ്പോഴും ലഭ്യമല്ല. ഗര്‍ഭച്ഛിദ്രം ആശുപത്രികളിലൂടെ ചെയ്യാമെന്നുള്ള അറിവുപോലും നല്ലശതമാനം ചെറുപ്പക്കാര്‍ക്കും അറിയില്ല എന്നതാണ് സത്യം.
സുരക്ഷിതമായ ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ ലഭ്യമായത് 1976ല്‍ 1877 കേന്ദ്രങ്ങളിലായിരുന്നെങ്കില്‍, 2010ല്‍ അത് 12510 കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിനിടെയുണ്ടായ ജനസംഖ്യാ വര്‍ധനകൂടി പരിഗണിച്ചാല്‍ ഈ വര്‍ധന അപര്യാപ്തമാണെന്ന് കാണാം. ഗുറ്റ്മാഹര്‍ (Guttmacher) സ്ഥാപനം 2014ല്‍ പ്രസിദ്ധീകരിച്ച പഠനമുണ്ട്. ‘ഇന്ത്യയിലെ ഗര്‍ഭച്ഛിദ്രം - താരതമ്യപഠനം’ എന്ന പ്രബന്ധം തയാറാക്കിയത് സ്റ്റില്‍മാന്‍, ഫ്രോസ്റ്റ്, സിങ്, മൂര്‍ എന്നിവരും മറ്റുമാണ്. ഇവരുടെ റിപ്പോര്‍ട്ടില്‍ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ യഥാര്‍ഥ അവസ്ഥ വിവരിക്കുന്നു. പിന്നാക്കാവസ്ഥയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്ര സേവനങ്ങളുടെ ആവശ്യം ഏറെയാണെങ്കിലും ആനുപാതികമായി സേവനങ്ങള്‍ ലഭ്യമല്ല. വിവാഹിതയായ അമ്മമാര്‍ ഗര്‍ഭകാലത്തിന്‍െറ ആദ്യപാദത്തിലും അവിവാഹിതരായ അമ്മമാര്‍ ഗര്‍ഭകാലത്തിന്‍െറ രണ്ടാം പാദത്തിലുമാണ് ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ക്കായി ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നത്. ഇത് സേവനങ്ങളെക്കുറിച്ചുള്ള അജ്ഞതയും സേവനകേന്ദ്രങ്ങള്‍ പലപ്പോഴും അഗമ്യമായി വര്‍ത്തിക്കുന്നതും കൊണ്ടാവണം എന്ന് കരുതുന്നു. 2005ല്‍ 94 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 69 ശതമാനം സാമൂഹികാരോഗ്യകേന്ദ്രങ്ങളും ഗര്‍ഭച്ഛിദ്രസേവനങ്ങള്‍ നല്‍കിയിരുന്നില്ല.
നിയമനിര്‍മാണത്തിനുശേഷം 33 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ അവസ്ഥയെന്നോര്‍ക്കണം. 2014ല്‍ പോലും ഈ കേന്ദ്രങ്ങളില്‍ വലിയ ശതമാനത്തിനും സുരക്ഷിതമായ ഗര്‍ഭച്ഛിദ്രസേവനങ്ങള്‍ ഉറപ്പാക്കാനായിട്ടില്ല. ഇന്ത്യയില്‍ ഏതാണ്ട് 70000 സ്ത്രീരോഗ സ്പെഷലിസ്റ്റുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 30000 പേരെങ്കിലും അവരുടെ ഫെഡറേഷനില്‍ അംഗങ്ങളാണ്. ഇവരുടെ സന്നദ്ധ സേവനം പരിമിതമായി പല സംസ്ഥാനങ്ങളിലും നല്‍കുന്നുണ്ട്. എന്നാല്‍, സമൂഹത്തിന് വേണ്ടുന്നത്ര ലഭിക്കാനാവശ്യമായ നയ പരിപാടികളോ, ലോകാരോഗ്യ സംഘടന ശിപാര്‍ശ ചെയ്യുന്ന ഗുണമേന്മ രാജ്യമെമ്പാടും ഉറപ്പാക്കാനുള്ള കര്‍മപരിപാടിയോ ആവിഷ്കരിക്കപ്പെട്ടിട്ടില്ല. ഇതിനും ഈ പഠനങ്ങള്‍ തെളിവ് തരുന്നുണ്ട്. ഗര്‍ഭച്ഛിദ്രസേവനങ്ങള്‍ നല്‍കേണ്ട സ്പെഷലിസ്റ്റിനുപോലും ചില സ്ത്രീവിരുദ്ധ നിലപാടുകളില്‍ നിന്ന് മുക്തമാകാനായിട്ടില്ല. കൗണ്‍സലിങ്, ഗര്‍ച്ഛിദ്രം, ഗര്‍ഭനിരോധ ഉപാധികളെക്കുറിച്ചുള്ള അറിവ് എന്നിവ അവിവാഹിതര്‍ക്ക് നല്‍കാന്‍ പല സ്പെഷലിസ്റ്റുകള്‍ക്കും വൈമനസ്യമുണ്ട്. ആരോഗ്യത്തിലും മനോഭാവത്തിലും മുന്‍പന്തിയിലാണെന്ന് നാം ശഠിക്കുന്ന കേരളത്തില്‍ പോലും അവിവാഹിതര്‍ക്ക് ഗര്‍ഭനിരോധ ഉപാധികള്‍, ഗര്‍ഭച്ഛിദ്രം എന്നിവ തുല്യമായി നല്‍കണമെന്ന കാര്യത്തില്‍ വിവേചനമില്ലാതെ സമീപിക്കാന്‍ സ്പെഷലിസ്റ്റുകള്‍ വൈമുഖ്യം കാട്ടുന്നു.
ഇതുപോലെ ശ്രദ്ധേയമായ മറ്റൊരു പഠനമാണ് റിപ്രൊഡക്ടിവ് ഹെല്‍ത്ത് എന്ന പ്രസിദ്ധീകരണത്തില്‍ ബാനര്‍ജി, ആന്‍ഡേര്‍സണ്‍, വാര്‍വഡേക്കര്‍ മുതല്‍പേര്‍ പ്രസിദ്ധീകരിച്ച പ്രബന്ധം. ഇതില്‍ ലൈംഗിക - പ്രത്യുല്‍പാദന ആരോഗ്യത്തെക്കുറിച്ച് സ്ത്രീകളുടെ നിലപാടും അവരുടെ ആരോഗ്യപ്രശ്നങ്ങളുമാണ് ചര്‍ച്ചചെയ്യുന്നത്. ഗര്‍ഭച്ഛിദ്രനിയമം പ്രാബല്യത്തിലത്തെി 40 വര്‍ഷം കഴിഞ്ഞിട്ടും അതിന്‍െറ നിയമ സാധുതയെക്കുറിച്ചുള്ള അറിവ് ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ഇല്ലായിരുന്നു. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് 15 വയസ്സ് മുതല്‍ വിവാഹപ്രായമാണ്. പലപ്പോഴും ഈ പെണ്‍കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ചോ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനോ നിഷേധിക്കാനോ ഉള്ള അവകാശത്തെക്കുറിച്ചോ അറിവുണ്ടാവുകയില്ല. ഗര്‍ഭധാരണത്തിനുള്ള സമയം തീരുമാനിക്കാനിവര്‍ക്ക് കഴിയാത്തതിനാല്‍ ലൈംഗിക ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ അധികം വൈകാതെ ഈ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകും. മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ ജീവിച്ചിരുന്ന ഈ കുട്ടികള്‍ വിവാഹത്തിനു ശേഷം ഭര്‍ത്താവിന്‍െറ കൂടുതല്‍ കര്‍ശനമായ നിയന്ത്രണത്തിലാണ് എത്തിപ്പെടുക. അതിനാല്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാനോ, പണം ചെലവാക്കാനോ, ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാനോ അവര്‍ അശക്തരാണ്. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഇതിന്‍െറ പതിന്മടങ്ങ് സ്ത്രീവിരുദ്ധത സഹിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ സ്ത്രീസൗഹൃദമാണോ എന്ന് നോക്കേണ്ടത്.
ഈ ലേഖനത്തിന്‍െറ തുടക്കത്തില്‍ ഉയര്‍ത്തിയ വാദമുണ്ട് - ഗര്‍ഭച്ഛിദ്രം നിയമ വിധേയമായി സ്ത്രീക്ക് അനുവദിച്ചിട്ടുണ്ടോ എന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഗര്‍ഭച്ഛിദ്രനിയമം ഒരു സ്ത്രീ തന്‍െറ ഗര്‍ഭത്തെ അതിന്‍െറ ന്യായമായ പരിസമാപ്തിയിലത്തെിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നിയമം ആകെ ചെയ്യുന്നത് ആരോഗ്യകാരണങ്ങളാല്‍ ഗര്‍ഭം തുടരാനുള്ള പ്രയാസമുണ്ടായാല്‍ അത് അവസാനിപ്പിക്കാന്‍ അനുവദിക്കുന്നു എന്ന് മാത്രം. നിയമത്തിന്‍െറ ഖണ്ഡിക മൂന്ന്, നാല്, അഞ്ച് എന്നിവ ഇതിനുള്ള മാര്‍ഗ നിര്‍ദേശം തരും. ഗര്‍ഭിണിയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിന് ഹാനികരമെന്ന് തോന്നിയാല്‍ ഗര്‍ഭച്ഛിദ്രം നടത്താനാകും. ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യമുണ്ടെങ്കിലും നിയമത്തിന്‍െറ പരിഗണന ലഭിക്കും. എന്നാല്‍, ഇത് 20 ആഴ്ചകള്‍ക്കുള്ളിലാവണമെന്നുണ്ട്. മറ്റ് ചില സാഹചര്യങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. അതായത് ആരോഗ്യ കാരണങ്ങളാല്‍, ഒരു പ്രത്യേക കാലയളവിനുള്ളില്‍, അംഗീകൃത കേന്ദ്രങ്ങളില്‍ വെച്ച് മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിക്കുകയുള്ളൂ. ഇത്തരം നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിക്കൂ എന്ന് പറയുമ്പോള്‍ സ്ത്രീവിരുദ്ധ നിലപാടുകളുള്ള സമൂഹത്തില്‍ വലിയൊരു ശതമാനം സ്ത്രീകള്‍ക്കും ഈ സേവനം നിഷേധിക്കപ്പെടും. അതുകൊണ്ടാണ് ഗര്‍ഭച്ഛിദ്രത്തിന്‍െറ കണക്കുകളില്‍ സര്‍ക്കാറിനും സന്നദ്ധസംഘടനകള്‍ക്കും പ്രകടമായ വൈരുധ്യമുള്ളത്. അതുകൊണ്ടുതന്നെയാണ് രോഗികളില്‍ ചെയ്യുന്ന മേജര്‍ ശസ്ത്രക്രിയകള്‍ വളരെ സുരക്ഷിതമായ ഇക്കാലത്ത് തുലോം ലളിതമായ ഗര്‍ഭച്ഛിദ്രം മൂലം ദിനം പ്രതി ഒമ്പതോ അതിലധികമോ ആരോഗ്യ വതികളായ ചെറുപ്പക്കാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്.
പെണ്‍ ഭ്രൂണഹത്യ
പെണ്‍ഭ്രൂണഹത്യയാണ് ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു പ്രശ്നം. പെണ്‍ ഭ്രൂണഹത്യ വ്യാപകമാണെന്നും ഗര്‍ഭച്ഛിദ്രങ്ങള്‍ കൂടുതലും ആണ്‍കുട്ടികളെ തിരഞ്ഞെടുക്കാനാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പെണ്‍ ഭ്രൂണഹത്യ നടക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. പക്ഷേ, ഇപ്പോള്‍ ലഭ്യമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ആകെയുള്ള ഗര്‍ഭച്ഛിദ്രങ്ങളില്‍ ഒമ്പത് ശതമാനത്തിന് താഴെയാണ് എന്നതാണ്. ഇത് ഒരു ചെറിയ സംഖ്യയല്ല എന്ന് സമ്മതിക്കുന്നു. പക്ഷേ, കൂടുതല്‍ കാര്യക്ഷമത ഉറപ്പു വരുത്തിയാല്‍ ഇതിന്‍െറ തോത് നിയന്ത്രിക്കാനാകും എന്നതിലും സംശയം വേണ്ട. 2002ന് ശേഷം ഗര്‍ഭച്ഛിദ്രം സാധിക്കുന്ന മരുന്നുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകാന്‍ തുടങ്ങി. ഇതോടെ ആശുപത്രികളില്‍ പോയി ചെയ്യേണ്ട എന്തെങ്കിലും പ്രയോഗം ആവശ്യമില്ലാതെയാകുമെന്ന നിലവന്നു. അതുപോലെ ഗര്‍ഭകാലത്തെ രണ്ടാം പാദത്തിലെ ഗര്‍ഭച്ഛിദ്രവും കൂടുതല്‍ സുരക്ഷിതമായി. എന്നാല്‍, 2011ലെ കാനേഷുമാരി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, നാട്ടിലെ ആണ്‍-പെണ്‍ അനുപാതം പെണ്‍കുട്ടികള്‍ക്കെതിരാണ് എന്ന നിലയായി. ഇതോടെ ഗര്‍ഭച്ഛിദ്രം കര്‍ക്കശമായ നിയന്ത്രണത്തില്‍ വരികയും മരുന്നുകളുടെ ലഭ്യതകുറക്കുകയും ചെയ്തു. 2012ല്‍ ഐപാസ് (Ipas) എന്ന സംഘടന നടത്തിയ പഠനത്തില്‍ ഗര്‍ഭച്ഛിദ്രമരുന്നുകള്‍ കേവലം പത്ത് ശതമാനം മരുന്നുകടകളില്‍ മാത്രമേ ലഭ്യമായുള്ളൂവെന്ന് കണ്ടത്തെി. 2014 ആയപ്പോഴേക്കും ഗര്‍ഭച്ഛിദ്രമരുന്നുകളുടെ ലഭ്യത ആരോഗ്യ കേന്ദ്രങ്ങളിലും ബഹുഭൂരിപക്ഷം മരുന്നുകടകളിലും ഇല്ലാതായിക്കഴിഞ്ഞു. പെണ്‍ഭ്രൂണഹത്യ തടയാനെന്നപേരില്‍ ഗര്‍ഭച്ഛിദ്രം എന്ന സേവനം ആവശ്യമുള്ള എല്ലാ സ്ത്രീകളെയും ബാധിക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് എത്രകണ്ട് സ്ത്രീ സൗഹൃദ നിലപാടാണ് ?
1971 ലെ നിയമത്തിലുണ്ടായ മാറ്റം പോലും വളരെ സാവധാനത്തിലായിരുന്നു. സ്ത്രീരോഗ വിദഗ്ധരോ അല്ളെങ്കില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ആധുനിക വൈദ്യശാസ്ത്ര ബിരുദ ധാരികള്‍ക്കോ മാത്രമേ ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള അവകാശമുണ്ടാവൂ. ഒരു ഡോക്ടര്‍ 10 ഗര്‍ഭച്ഛിദ്രങ്ങള്‍ വീക്ഷിക്കുകയും അഞ്ചെണ്ണം സഹായിക്കുകയും അഞ്ചെണ്ണം പരിശീലകന്‍െറ മേല്‍നോട്ടത്തില്‍ ചെയ്യുകയും അഞ്ചെണ്ണം സ്വതന്ത്രമായി ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ഒരു ഡോക്ടര്‍ക്ക് ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള സാക്ഷിപത്രം കിട്ടുകയുള്ളൂ. 2000ന് ശേഷമാണ് എം.ടി.പി നിയമങ്ങളുടെ ചട്ടക്കൂടില്‍ ചെറിയ മാറ്റങ്ങള്‍ വന്നത്.
2014ലെ കരട് ബില്ല് ഇപ്പോള്‍ ചര്‍ച്ചയിലാണ്. ഇതനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ ഉപയോഗം കൂടുതല്‍ ഉദാരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് പുറത്തുള്ളവരെയും ഒരളവുവരെ ഗര്‍ഭച്ഛിദ്ര സേവന ദാതാക്കളായി ഈ മേഖലയിലേക്ക് കൊണ്ടുവരാന്‍ ബില്ല് ലക്ഷ്യമിടുന്നുണ്ട്. എം.ടി.പി ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ അതൊരു പുതിയ ചുവടുവെപ്പായിരിക്കും. നിയമത്തിലെങ്കിലും അതിന് ഒരു സ്ത്രീ സൗഹൃദ മുഖം ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.