അമേരിക്കയിൽ പ്രത്യേകിച്ചും, ലോകത്ത് പൊതുവെയും സാമ്രാജ്യത്വ വലതു യാഥാസ്ഥിതികത്വത്തിനും വെള്ളഭീകരതക്കും സമീ പകാലത്തു ലഭിച്ച മാന്യത ചരിത്രത്തിലെ വലിയൊരു തിരിച്ചടിതന്നെയാണ്. എെൻറ അഭിപ്രായത്തിൽ ഇതിെൻറ ഏറ്റവും ശക്ത മായ ആഘാതം ഏൽക്കേണ്ടി വരുന്നത് ഫലസ്തീന്‍ ജനതയാണ്. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഫലസ്തീൻ പ്രശ്നം കാലങ്ങളായി അപരിഹ ൃതമായി കിടക്കുകയായിരുെന്നങ്കിലും ലോകരാഷ്ട്രങ്ങളിൽ ഒരു വലിയ വിഭാഗം ഫലസ്തീൻ ജനതയുടെ വിമോചനസമരത്തെ അങ്ങേയ റ്റം അനുഭാവത്തോടെയും സഹഭാവത്തോടെയുമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടിരുന്നത്. ‘ഫതഹ്’ (Fatah-Palestinian National Liberation Movement) ആയാലും പി.എൽ.ഒ (PLO- Palestine Liberation Organization) ആയാലും പിന്നീട് ‘ഹമാസ്’ ആയാലും ഇസ്രായേലിെൻറ കടന്നാക്രമണങ്ങൾക്കും വഞ്ചനകൾക്കും ഇരയാ വുന്ന ഒരു ജനതയുടെ വിമോചനവാഞ്ഛയുടെ പ്രതീകങ്ങളെന്ന നിലക്കാണ് പല ലോകരാഷ്ട്രങ്ങളും അവരോട് ഇടപെട്ടിരുന്നത്. മ ുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പി.എൽ.ഒ നേതാവ് യാസിര്‍ അറഫാത്തിനെ ‘സഹോദരാ’ എന്ന് വിളിച്ച് ആലിംഗനം ചെയ്യുന്ന ചിത്രത്തിന് ഒരു കാലത്ത് ലോകമാധ്യമങ്ങളിൽ ഐക്കണിക് സ്ഥാനമാണുണ്ടായിരുന്നത്. ലോകത്തിനു ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാർഢ്യത്തിെൻറയും സ്നേഹത്തിെൻറയും പ്രതീകമായിപ്പോലും ആ ചിത്രം അന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പലരുടെയും മനസ്സിൽ ഫലസ്തീെൻറ സ്വാതന്ത്ര്യം ആസന്നമാണ് എന്നൊരു ധാരണ പോലും അക്കാലത്ത് രൂഢമൂലമായിരുന്നു. അമേരിക്കയും ഇസ്രായേലും അന്താരാഷ്ട്രവേദികളിൽ ഏതാണ്ട് പൂർണമായും ഒറ്റപ്പെട്ടിരുന്നു.
ശീതയുദ്ധ കാലം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വളരെ സങ്കീർണമായ ഒന്നായിരുന്നു എന്ന് കാണാന്‍ കഴിയും. അമേരിക്കയും സോവിയറ്റ് യൂനിയനും പ്രത്യയശാസ്ത്രപരമായ ദൂരമാണ് തമ്മിൽ പുലർത്തിയിരുന്നതെങ്കിലും അതു പല അവസരങ്ങളിലും ഇരുകൂട്ടർക്കും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാന്‍ സാഹചര്യം സൃഷ്ടിക്കുകകൂടി ചെയ്തിരുന്നു എന്ന് ഇന്ന് നമുക്കറിയാം. ശീതയുദ്ധകാലം രണ്ടു ശാക്തികചേരികളുടെ പോരാട്ടം മാത്രമായിരുന്നില്ല. അവരുടെ ഇടപെടലുകളെ നീതിമത്കരിച്ചിരുന്ന ഒരു ലോകവ്യവസ്ഥയായി അതു വളരെപ്പെട്ടെന്ന് മാറുകയായിരുന്നു. ഈ ലോകവ്യവസ്ഥയിലെ ഒരു പ്രധാന ഘടകമായിരുന്നു ചേരിചേരാപ്രസ്ഥാനം (NAM-Non-Alignment Movement). അമേരിക്കയോടും സോവിയറ്റ് യൂനിയനോടും ചേരാതെ നിൽക്കുന്ന രാജ്യങ്ങള്‍ എന്ന നിലയിലാണ് അതിലെ അംഗരാഷ്ട്രങ്ങളുടെ പ്രാതിനിധ്യത്തെ അന്ന് മനസ്സിലാക്കിയിരുന്നത്. പക്ഷേ, വ്യക്തമായും അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള എതിർപ്പും അവരുടെ നിലപാടുകളോടുള്ള കടുത്ത വിയോജിപ്പും ചേരിചേരാ പ്രസ്ഥാനത്തിെൻറ മുഖമുദ്രയായിരുന്നു.
ഫലസ്തീനെ അതിൽ അംഗമാക്കുന്നതിലൂടെ ചേരിചേരാ പ്രസ്ഥാനം ആ രാജ്യത്തിെൻറ വിമോചനസമരത്തോടൊപ്പം നിൽക്കുന്നു എന്ന ശക്തമായ സന്ദേശമായിരുന്നു അമേരിക്കക്കും ഇസ്രായേലിനും നൽകിയത്. സോവിയറ്റ് യൂനിയന്‍ ചില ആദ്യകാല സന്ദിഗ്ധതകള്‍ വെടിഞ്ഞു സയണിസ്റ്റ് രാഷ്ട്രീയത്തോട് തീർത്തും പ്രതികൂലമാവുകയും അറുപതുകളുടെ ഒടുവിൽ പി.എൽ.ഒയെ ഫലസ്തീന്‍ സമരത്തിെൻറ മുന്നണി പ്രസ്ഥാനമായി അംഗീകരിക്കുകയും ചെയ്തതോടെ ചേരിചേരാപ്രസ്ഥാനത്തിെൻറ ഉള്ളിൽ ഫലസ്തീന്‍ സ്വീകാര്യത വർധിക്കുകയും ചെയ്തു. ഇതിെൻറ കൂടി ഫലമായി ഫലസ്തീന്‍ അനുകൂലവും ഇസ്രയേലിെൻറയും അമേരിക്കയുടെയും നിലപാടുകൾക്ക് വിരുദ്ധവുമായ നിരവധി പ്രഖ്യാപനങ്ങളും പ്രമേയങ്ങളും ഐക്യരാഷ്ട്രസഭയിൽതന്നെ രേഖപ്പെടുത്തപ്പെട്ടു എന്ന് നമുക്കറിയാം. നിരന്തരമായ ഇസ്രായേൽ ആക്രമണങ്ങളിൽ ആകെ പതറിപ്പോകാതെ ഫലസ്തീന്‍ പിടിച്ചുനിന്നതിനു പിന്നിൽ അറബ് ലോകത്തിെൻറയും ചേരിചേരാപ്രസ്ഥാനത്തിെൻറയും ധാർമികപിന്തുണയും സഹായങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, എല്ലാക്കാലത്തും അനന്യമായ പോരാട്ടവീര്യമാണ് ഫലസ്തീന്‍ ജനതക്ക് ഉണ്ടായിരുന്നതും. ഇന്നും അതിനുമാത്രം ഒരു മാറ്റവും ഉണ്ടായിട്ടില്ല.
എന്നാൽ, ശീതയുദ്ധം അവസാനിച്ച തൊണ്ണൂറുകൾക്കു ശേഷമുള്ള കാലഘട്ടത്തിൽ ഇസ്ലാമിനെ ഒരു ഭീകര പ്രത്യയശാസ്ത്ര സത്തയായി മാത്രം കണ്ടെത്തി അപരവത്കരിച്ചുകൊണ്ട് പശ്ചിമേഷ്യന്‍ ഇടപെടലുകൾക്ക് രാഷ്ട്രീയ നീതിമത്കരണം ചമയ്ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ തീവ്രശ്രമം ലക്ഷ്യം കാണാന്‍ തുടങ്ങിയതോടെയാണ് ഫലസ്തീന്‍ പ്രശ്നത്തിന് ലഭിച്ചിരുന്ന ആഗോളപിന്തുണയിൽ വ്യക്തമായ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങിയത്. തൊണ്ണൂറുകളുടെ ആരംഭം മുതൽ ശക്തമായ വെള്ളഭീകരതയും വർധിച്ച അമേരിക്കന്‍ സാമ്രാജ്യത്വ ഇടപെടലുകളും പ്രതിരോധിച്ചിരുന്ന പല രാജ്യങ്ങളിലും ജനാധിപത്യശക്തികൾക്ക് മുന്‍തൂക്കം നഷ്ടപ്പെടുകയും ചേരിചേരാപ്രസ്ഥാനംതന്നെ തകരുകയും ചെയ്തു. അമേരിക്കന്‍ മുൻകൈയിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ ഫലസ്തീന്‍ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന സമാധാനശ്രമങ്ങള്‍ തുടങ്ങിവെക്കുകയുണ്ടായി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഫലസ്തീന്‍ സമാധാനതാൽപര്യങ്ങളില്ല എന്ന് വരുത്തിത്തീർക്കാനുള്ള ഒരു ഗൂഢലക്ഷ്യം അതിലുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, 1991-93 കാലത്തെ മഡ്രിഡ്- ഓസ്ലോ സമാധാന ഉടമ്പടികള്‍ പ്രകാരം ഉണ്ടാവേണ്ട ഒരു രാഷ്ട്രീയപരിവർത്തനവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഇസ്രായേലിെൻറയോ അമേരിക്കയുടെയോ നിലപാടുകളിൽ ഒരു മാറ്റവും ഉണ്ടായില്ല. ഫലസ്തീന്‍ ലഭിക്കും എന്ന് കരുതിയ പരിമിതമായ സ്വാതന്ത്ര്യങ്ങള്‍ പോലും അനുവദിക്കപ്പെട്ടില്ല. അഞ്ചുവർഷത്തിനുള്ളിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കും എന്നത് വെറും ജലരേഖയായി. 2000ത്തിൽ ഉണ്ടായ രണ്ടാം ‘ഇൻതിഫാദ’യും കൂടുതൽ ശക്തിയായി വെസ്റ്റ് ബാങ്കിലും ഗസ്സയിലും നിയമവിരുദ്ധമായി നടന്ന ഇസ്രായേലി കടന്നുകയറ്റങ്ങളും അതിർത്തിപ്രദേശങ്ങളിൽ ഇസ്രായേൽ നിരന്തരം നടത്തുന്ന കൂട്ടക്കൊലകളും മനുഷ്യാവകാശ ലംഘനങ്ങളും ഔദ്യോഗികമായ സമാധാനശ്രമങ്ങളുടെ പര്യവസാനവുമാണ് ഈ കരാറുകൾക്കുശേഷം ലോകം കണ്ടത് എന്ന വസ്തുത പകൽവെളിച്ചം പോലെ നമ്മുടെ മുന്നിലുണ്ട്. എന്നാൽ, സമാധാന ശ്രമങ്ങള്‍ പരാജപ്പെടുന്നതിെൻറ ഉത്തരവാദിത്തം മുഴുവനും അമേരിക്കയും ഇസ്രായേലും ചാർത്തിക്കൊടുക്കുന്നത് ഫലസ്തീന്‍ ഭീകരവാദമെന്ന് അവര്‍ മുദ്രയടിക്കുന്ന ദേശീയവിമോചനസമരത്തിെൻറ മേലാണ്. ആ നുണയാണ് ഇപ്പോള്‍ ലോകമാധ്യമങ്ങള്‍ ചരിത്രവസ്തുതകളെ പാടെ വിസ്മരിച്ച് സത്യാനന്തരയുക്തിയുടെ ചുവടുപിടിച്ചും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇതിനു സമാന്തരമായാണ് ഫലസ്തീൻ അനുകൂലമായ ആഗോളജാഗ്രതയുടേതായ ലോകസാഹചര്യം അട്ടിമറിച്ചു ഫലസ്തീനെ ഒറ്റപ്പെടുത്താനും അവിടത്തെ വിമോചനസമരത്തെ ഒരു ഭീകരപ്രസ്ഥാനമായി കണക്കാക്കുന്ന തരത്തിലേക്ക് ആഗോള പൊതുബോധത്തെ വാർത്തെടുക്കാനുമുള്ള അമേരിക്കന്‍ യത്നങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങിയത്. ഇതാവട്ടെ, സയണിസ്റ്റ് ഭീകരതക്ക് കൂടുതൽ ശക്തി പകരുകയാണ് ചെയ്തത്. ഇന്ന്, ഗസ്സയിലെ ഇസ്രായേൽ അക്രമങ്ങളും കൂട്ടക്കൊലകളും എല്ലാ അന്താരാഷ്ട്രനിയമങ്ങളെയും കാറ്റിൽ പറത്തുന്നതും ഐക്യരാഷ്ട്രസഭയെ കേവലം നോക്കുകുത്തിയാക്കുന്നതുമാണ് എന്ന യാഥാർഥ്യം ശക്തമായി വിളിച്ചുപറയാന്‍തന്നെ അത് ബോധ്യമുള്ള രാജ്യങ്ങൾക്കു പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മാത്രമല്ല, ഫലസ്തീന്‍ വിമോചനസമരത്തെക്കുറിച്ചുള്ള സത്യാനന്തര കഥനങ്ങൾക്കും വ്യാജവാർത്തകൾക്കും അഭൂതപൂർവമായ സ്വീകരണമാണ് സാമ്രാജ്യത്വമാധ്യമങ്ങളും മറ്റു രാജ്യങ്ങളിലെ അവരുടെ ഉപഗ്രഹങ്ങളായ മാധ്യമങ്ങളും നൽകുന്നത്. പുതിയ തലമുറയെത്തന്നെ നുണകളിലൂടെ സ്വാധീനിക്കുന്നതരത്തിൽ ഫലസ്തീനെതിരെ കുത്സിതമായ ഒരാഗോള മാധ്യമ ആക്രമണംതന്നെ അഴിച്ചുവിട്ടിരിക്കുകയാണ്. ഫലസ്തീന്‍ ജനത ഭീകരവാദികളുടെ ബന്ദികളാണെന്നും അവര്‍ ഇസ്രായേലി സൈന്യത്തെ പ്രകോപിപ്പിച്ചു രക്തപ്പുഴ സൃഷ്ടിച്ച് അതിൽനിന്ന് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നുംവരെ പറയുന്ന തരത്തിലേക്ക് ലോകമാധ്യമങ്ങളിൽ പലതും അധഃപതിച്ചിരിക്കുന്നു. മാത്രമല്ല, തൊണ്ണൂറുകള്‍ മുതൽ സ്വന്തം അധീശത്വരാഷ്ട്രീയത്തിനു സാധുത ലഭിക്കാൻ മാത്രമായി അമേരിക്ക സൃഷ്ടിച്ച ഇസ്ലാമിക ഭീകരവാദം എന്ന അപരത്വത്തിെൻറ ചട്ടക്കൂടിലേക്ക് ഫലസ്തീന്‍ വിമോചനസമരത്തെ തള്ളിയിടുന്നതിനുള്ള അമേരിക്കന്‍ ശ്രമങ്ങൾക്ക് സാമ്രാജ്യത്വ മാധ്യമങ്ങള്‍ നൽകുന്ന പിന്തുണയും വർധിക്കുകയാണ്. നേരിട്ടുള്ള ഹിംസാത്മക ആക്രമണങ്ങള്‍ കൂടാതെ ഫലസ്തീനെതിരെ ഒരു സത്യാനന്തരയുദ്ധം കൂടി നടത്തുകയാണ് അമേരിക്കയും ഇസ്രായേലും.
നോം ചോംസ്കി പറയാറുള്ള സമവായത്തിെൻറ വ്യാജനിർമിതി എന്നത് ആഗോളതലത്തിൽ ഫലസ്തീന്‍ പ്രശ്നത്തിൽ ഏതാണ്ട് പൂർണമായും ഫലത്തിൽ വന്നിരിക്കുകയാണ്. ഫലസ്തീന്‍ ജനതയോടും അവരുടെ സമരത്തോടും ഐക്യപ്പെടുന്നവരെ തെറ്റിദ്ധാരണകളിലൂടെ അവരിൽനിന്ന് അകറ്റുക എന്നതാണ് ഇസ്രായേൽ- അമേരിക്കന്‍ ദൗത്യംതന്നെ. ജനാധിപത്യത്തിലും ദേശീയസ്വയംനിർണയ അവകാശങ്ങളിലും വിശ്വസിക്കുന്ന ലോകത്തിലെ പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും ആഗോള സിവിൽസമൂഹത്തിനും മാത്രമേ ഈ സത്യാനന്തര പൊതുസമ്മതിക്കെതിരെ ഫലപ്രദമായി ശബ്ദമുയർത്താന്‍ കഴിയുകയുള്ളൂ. അവരതിന് തയാറാവുക എന്നത് ഫലസ്തീന്‍ സമാധാനശ്രമങ്ങള്‍ പുനരാരംഭിക്കുന്നതിനും സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിതമാവുന്നതിനുമുള്ള മുന്നുപാധി ആയിരിക്കുന്നു എന്നതാണ് നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.