ഭൂമിയിൽ മനുഷ്യരാകെയും മരണത്തിന് മുഖാമുഖം നിൽക്കുകയാണ്; രക്ഷപ്പെടുകയോ കീഴടങ്ങുകയോ ചെയ്യാം എന്ന സാധ്യതകളോടെ. ഈ സന്ദർഭത്തിലാണ്, വലിയ ജനസാന്ദ്രതയുള്ള കേരളം കോവിഡ്വ്യാപനത്തെ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും പ്രതിരോധിക്കുകയും ചികിത്സിച്ച് സുഖപ്പെടുത്തുകയും മരണനിരക്ക് നാമമാത്രമാക്കുകയും ചെയ്ത അനുഭവങ്ങളെ, കേരള ആരോഗ്യ മാതൃകയെ ഇന്ത്യയാകെയും ലോകമാകെയും അത്ഭുതത്തോടെയും ആദരവോടെയും ഉറ്റുനോക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാഴ്ചകൾ സമാധാനം തരുന്നത്. എന്നാൽ, ഈ വിജയത്തിെൻറ അവകാശം തിരുവിതാംകൂർ രാജവംശഭരണത്തിനും കൂടി കൊടുക്കേണ്ടതാണ് എന്നുതുടങ്ങിയ വാദങ്ങളും വിശകലനങ്ങളും തർക്കങ്ങളും തീർത്തും അപ്രസക്തമാണ്, അരോചകവുമാണ്. കേരളത്തേക്കാൾ എത്രയോ മടങ്ങ് അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളുമുള്ള അമേരിക്കപോലുള്ള രാജ്യങ്ങൾ കോവിഡിനു മുന്നിൽ തോറ്റ് തകർന്നുകിടക്കുന്നു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ ചരിത്രമുള്ള തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് മാത്രം നോക്കിയാലും മതി. കോവിഡിനെ അതിജീവിക്കുന്നതിൽ ഭരണാധികാരികളുടെ നേതൃഗുണവും ഭരണപാടവവും ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസന രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ഈ ഘട്ടത്തിൽ അടിയന്തര ഗുണഫലങ്ങൾ നൽകുന്നത് എന്നാണ് ഇതിൽനിന്ന് സവിശേഷമായി മനസ്സിലാക്കാൻ കഴിയുന്നത്.
അഞ്ചു ദിവസത്തോളം രാജ്യമാകെ കാത്തിരുന്നാണ് ധനമന്ത്രിയുടെ കോവിഡ് സാമ്പത്തിക പാക്കേജ് കേട്ടത്. മുൻകാലത്ത് ഇന്ത്യ ഭരിച്ച കോൺഗ്രസ് മുന്നണി സർക്കാറുകളുടെയും ശാസ്ത്രസമൂഹത്തിെൻറയും കർഷകരുെടയും തൊഴിലാളികളുെടയും കാർഷിക നയ, പരിപാടികളുെടയും ഗവേഷണഫലങ്ങളിലൂടെയും അധ്വാനഫലത്തിലൂെടയും നേടിയ ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിലുള്ള സ്വയം പര്യാപ്തതമൂലം ഇപ്പോഴും ഗോഡൗണുകളിലെത്തുന്ന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്നതൊഴിച്ചാൽ മറ്റൊന്നും ആ പ്രഖ്യാപനത്തിൽ ആശ്വാസകരമായി ഇല്ല. ഇന്ത്യയിലെ ദരിദ്രരായ മനുഷ്യരെ വീണ്ടും കൂടുതൽ അരക്ഷിതരാക്കുംവിധമുള്ള വായ്പ പദ്ധതികൾ വാഗ്ദാനം ചെയ്യുകയും തൊഴിലാളിനിയമങ്ങൾ തകർക്കുകയും ആഗോള കോർപറേറ്റ് മുതലാളിത്തത്തിന് പശ്ചാത്തല സൗകര്യവികസനത്തിനായുള്ള സാമ്പത്തിക സഹായമടക്കം നൽകുകയും അങ്ങനെ ഇന്ത്യയെ സാമ്രാജ്യത്വ കോർപറേറ്റ് മുതലാളിത്തത്തിെൻറ അടിമരാജ്യമാക്കുകയും ചെയ്യുന്ന പ്രഖ്യാപനങ്ങളാണ് രാജ്യം ഞെട്ടലോടെ കേട്ടത്. ഹിന്ദുത്വഭരണകൂടത്തിന് ഇന്ത്യയിൽ തുല്യപൗരരെന്ന അവകാശങ്ങളോടെ ആവശ്യമില്ലാത്തവർ മുസ്ലിം മതവിഭാഗങ്ങൾ മാത്രമല്ല, ദരിദ്രരായ തൊഴിലാളിവർഗവും കൂടിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കലാണ് കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് എന്ന വ്യാജേന തുറന്നുപറഞ്ഞത്.
സംസ്ഥാനങ്ങളുടെ സമ്മർദങ്ങൾക്കു മുന്നിൽ മടിച്ചു മടിച്ച് സാമ്പത്തിക സഹായം കൊടുക്കുമ്പോൾ കടുത്ത ഉപാധികളാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. ഈവിധം കഷ്ടപ്പെടുത്തുന്ന കേന്ദ്ര ഭരണകൂടത്തിനു കീഴിലാണ് വിശേഷിച്ച് രണ്ട് വലിയ പ്രളയങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ നേരിട്ട് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന കേരള സർക്കാർ ഈ കോവിഡ് ദുരന്തകാലത്ത് കേരള ആരോഗ്യമാതൃക ഇന്ത്യക്കും ലോകത്തിനും മുന്നിൽ വിജയകരമായി മുന്നോട്ടുവെക്കുന്നത്.
ആരോഗ്യരംഗത്തെ കേരളമാതൃക കോവിഡ് കാലത്ത് മുന്നേറുകതന്നെയാണ്. അതേസമയം, സാമൂഹിക വികസനത്തിെൻറ പൊതുകേരളമാതൃകയിലെ അടിസ്ഥാനപരമായ വൈരുധ്യങ്ങൾ ഭയാനകമായി വെളിപ്പെട്ടുനിൽക്കുന്ന കാലംകൂടിയാണിത്. കേരളത്തിലെ ജാതി, മത നവോത്ഥാന പ്രവർത്തനങ്ങൾക്കും സ്വാതന്ത്ര്യ ലബ്ധിക്കും ശേഷം മാത്രം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന സമയത്ത് ഭൂപരിഷ്കരണനിയമത്തിന് നേതൃത്വം കൊടുത്ത കെ.ആർ. ഗൗരിയമ്മയെ ആക്രമിക്കുന്ന പുരുഷ ലൈംഗിക, ജാതി അധികാര വെറികൾ നിറഞ്ഞ ഒരു തെറിപ്പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ജാതീയതയുടെയും ലിംഗാധികാരത്തിെൻറയും രാഷ്ട്രീയാധികാരരൂപങ്ങളുെടയും ഒരു ചരിത്രരേഖ എന്ന നിലയിലാണതിനെ ഇപ്പോൾ കാണാനാവുക. 60 വർഷങ്ങൾക്കുശേഷം ഇതിലെ ജാതിവെറി മറ്റൊരു രൂപത്തിൽ പരസ്യമായി രാഷ്ട്രീയമുദ്രാവാക്യങ്ങളായി കേരളത്തിൽ അഴിഞ്ഞാടിയത് സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാൻ ഇടതുസർക്കാർ ശ്രമിച്ചപ്പോഴായിരുന്നു. ജാതിയിൽ നായരാണ് എന്നതൊഴികെ മറ്റൊരു അധികാരബലവുമില്ലാത്ത പ്രായംചെന്ന ഒരു സ്ത്രീയിൽനിന്നാണ് അന്ന് മുഖ്യമന്ത്രി പരസ്യമായി ജാതിത്തെറിവിളി കേട്ടത്! ഇത്രയും കാലംകൊണ്ട് സാമൂഹിക വികസനം നേടിയ കേരളത്തിൽ ജാതീയത കുറഞ്ഞിട്ടുണ്ടോ കൂടിയിട്ടുണ്ടോ എന്നത് അടിയന്തരമായി പൊതു കേരളമാതൃകയുടെ െഫ്രയിം വർക്കിനുള്ളിൽ കാണുകയും മനസ്സിലാക്കുകയും അഭിസംബോധന ചെയ്യുകയും വേണം.
മറ്റ് അപകടസൂചികകൾ ആണധികാരവും ജാതീയതയും മതവർഗീയതയും ഒരുമിച്ച് പങ്കുവെക്കുന്ന അക്രമാസക്തിയാണ്. മരണം വിതക്കുന്ന കോവിഡ് മഹാമാരിയുടെ മുന്നിൽപോലും സമനില തെറ്റിയ വലിയ പുരുഷനേതാക്കൾ പരസ്യമായി ടെലിവിഷൻ ചാനലിലൂടെ പോലും മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ആക്ഷേപിച്ചാക്രമിക്കുന്നതു കണ്ടു. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെയും മേഴ്സിക്കുട്ടിയമ്മക്കു നേരെയും ജാതിത്തെറികളുെടയും ലൈംഗിക തെറികളുെടയും കോവിഡിെനക്കാൾ മാരകമായ ആരവങ്ങൾ തുടരുകയാണ്.
ഇന്ത്യയിലാകെയുള്ള ഹിന്ദുത്വത്തിെൻറ അധികാരവാഴ്ചയും ഹിംസാസക്തിയും ജാതീയതയെ കേരളത്തിലും കൂടുതൽ വളർത്തി സങ്കീർണമാക്കുന്ന കാലമാണിത്. സമൂഹത്തിലെ നിർമിത സവർണതയുടെ പങ്കുപറ്റുന്ന എല്ലാ പുരുഷന്മാരും സ്ത്രീകളും ആണധികാരത്തിെൻറ സംരക്ഷകരായ മുഴുവൻ പുരുഷന്മാരും അറിഞ്ഞും അറിയാതെയും ഉപകരണങ്ങളും പ്രചാരകരുമായിത്തീർന്ന സ്ത്രീകളും ശബരിമല സ്ത്രീപ്രവേശവിധിയോടെ അതിെൻറ സമീപകാല സഖ്യശേഷി കേരളത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇപ്പോൾ കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ട സമയത്തും അത് മറനീക്കി വെളിയിൽവന്ന് ആസുരരൂപം കാണിച്ച് നിൽക്കുകയാണ്.
ഗൗരിയമ്മയും മേഴ്സിക്കുട്ടിയമ്മയും രമ്യ ഹരിദാസും ബിന്ദു അമ്മിണിയും നേരിട്ടതുപോലുള്ള ജാതിത്തെറികൾ നായർ തൊട്ടങ്ങോട്ടുള്ള സവർണസ്ത്രീകൾ തീർച്ചയായും കേൾക്കേണ്ടിവരില്ല. ക്വീർ സാമൂഹികതയിൽ ജീവിക്കാനുള്ള ഇടമില്ലാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത അഞ്ജനയും ശാരീരികമായി അധ്വാനിച്ച് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ വിവിധതരം ആക്രമണങ്ങൾ നേരിടുന്ന ഹനാനും നമ്മുടെ സാമൂഹിക വികസനമാതൃകയെ പകച്ചുനോക്കുന്നവരാണ്.
കേരളത്തിലെ സാമൂഹിക വികസന സൂചികകളിൽ അന്താരാഷ്ട്ര സാമൂഹിക വികസന സൂചികകൾക്കുമപ്പുറം സവിശേഷമായ പുനർനിർവചനം നടക്കേണ്ടതുണ്ട്. ഒാരോരുത്തരും പലതലങ്ങളിൽ അഭിരമിക്കുന്ന ജാതീയതയുടെ ഒട്ടിപ്പിടിച്ച നിർമിത സവർണതയെ അടിമുടി ഉരിഞ്ഞുകളയാതെ വർഗസമത്വത്തിനോ ലിംഗസമത്വത്തിനോ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയോ വർഗീയതക്കോ ഹിന്ദുത്വ ഫാഷിസത്തിനോ എതിരെ ആത്മാർഥമായി സംസാരിക്കാനും പ്രവർത്തിക്കാനും ആർക്കും കഴിയില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.