ജനാധിപത്യഭാരതം അനേകം രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോയ പ്രദേശമാണ്. അതില്‍ ഏറ്റവും കടുത്ത പരീക്ഷണം ഭരണഘ ടനയില്‍ അധിഷ്ഠിതമായ ജനായത്തസമ്പ്രദായം വലിയ പരിക്കുകള്‍ ഏല്‍ക്കാതെ നിലനിര്‍ത്തുക എന്നതുതന്നെ ആയിരുന്നു. അധ ിനിവേശാനന്തര ലോകം സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. ലിബറല്‍ ജനാധിപത്യം ഏറ്റവും സ്വീകാര്യമായി മനസ്സിലാക്കപ്പെ ട്ടിരുന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള കാലം അങ്ങേയറ്റത്തെ വെല്ലുവിളികള്‍ വികസ്വരരാജ്യങ്ങളില്‍ ന േരിട്ടത് പ്രാതിനിധ്യ ബഹുകക്ഷി ജനാധിപത്യവും അതിെൻറ ഭരണസംവിധാനങ്ങളും കോട്ടംവരാതെ സൂക്ഷിക്കുന്നതിലായിരുന് നു എന്ന് നിസ്സംശയം പറയാം. പല രാജ്യങ്ങളിലും ആന്തരികപ്രശ്നങ്ങള്‍കൊണ്ടും സാമ്രാജ്യത്വശക്തികളുടെ ശീതയുദ്ധ പ്രക ോപിതമായ ഇടപെടലുകള്‍കൊണ്ടും അല്ലെങ്കില്‍ മറ്റു ചരിത്രപരമായ കാരണങ്ങള്‍കൊണ്ടും ജനാധിപത്യം സമൂലം പ്രതിരോധരഹിത മായി അനുഭവപ്പെട്ട കാലഘട്ടം കൂടിയായിരുന്നു അത്.
യാഥാസ്ഥിതികമായ സാമൂഹികഘടനകള്‍, ഫ്യൂഡൽ പാരമ്പര്യങ്ങള്‍, അവ ികസിതമായ മുതലാളിത്തത്തിെൻറ സാമ്പത്തികസന്ദേഹങ്ങള്‍, ഭരണകൂടത്തിെൻറ രാഷ്ട്രീയ സന്ദിഗ്ധതകള്‍, സായുധവിപ് ലവങ്ങളുടെ അനിഷേധ്യമായ സാധ്യതകള്‍, ആഗോള സാമ്രാജ്യത്വനയങ്ങളുടെ ചൂഷണസ്വഭാവം ഇതെല്ലാം ചേര്‍ന്ന് ഒരുതരത്തില്‍ അ ല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അധിനിവേശാനന്തര രാഷ്ട്രങ്ങളെ ജനാധിപത്യത്തിെൻറ പാതയില്‍നിന്ന് വളരെ വേഗം വ്യതിചലിപ്പിക്കാവുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചിരുന്നു. ആ കാലഘട്ടത്തെ ഏതാണ്ട് വിജയകരമായി തരണം ചെയ്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ എന്നത് അവിതര്‍ക്കിതമായ കാര്യമാണ്.
ഈ വിജയത്തിന് പിന്നില്‍ ജനാധിപത്യത്തെ അതിെൻറ ലിബറല്‍ മാനങ്ങളില്‍- അതിനെന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും- മനസ്സിലാക്കിയ ഒരു ഭരണനേതൃത്വത്തിെൻറ ശക്തമായ ഇച്ഛാശക്തി പ്രവര്‍ത്തിച്ചിരുന്നു എന്ന് കാണാന്‍ കഴിയും. ഭരണകൂടം സ്വാഭാവികമായും അതിെൻറ വർഗ/ജാതി സ്വാധീനങ്ങളില്‍നിന്ന് മുക്തമായിരുന്നില്ല. അങ്ങനെ ചരിത്രശൂന്യമായ ഒരവസ്ഥ നിലനില്‍ക്കുക സാധ്യമല്ല. പക്ഷേ, ലിബറല്‍ ജനാധിപത്യത്തിന് അനുപേക്ഷണീയമായ വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും സന്നദ്ധമായ ഒരു ഭരണകൂടമായിരുന്നു അത്. അതിെൻറ ഏറ്റവും നല്ല ഉദാഹരണം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനെ തള്ളിപ്പറയുകയും സായുധസമരത്തിലേക്ക് നീങ്ങുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി വളരെ വേഗം ആ പാത ഉപേക്ഷിക്കുകയും ഈ ഭരണകൂട സംവിധാനത്തിെൻറ ലിബറല്‍ ജനാധിപത്യഘടന സ്വീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മാത്രമല്ല, ഇന്ന് അവര്‍ ഈ ലിബറല്‍ സംവിധാനത്തിെൻറയും അതിെൻറ ഭരണഘടനയുടെയും ഉത്തമ വക്താക്കള്‍കൂടിയായി സ്വയം പ്രതിനിധാനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഈ മാറ്റത്തിെൻറ അടിസ്ഥാനം ലിബറല്‍ ജനാധിപത്യേതരമായ വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യന്‍ ഭരണസംവിധാനത്തിെൻറ ആന്തരികമായ കരുത്തുതന്നെയായിരുന്നു. വലിയ രക്തച്ചൊരിച്ചില്‍ ഇല്ലാതെ കമ്യൂണിസ്റ്റ് സായുധ സമരത്വരകളെ നശിപ്പിക്കാനും ലിബറല്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും മറ്റു പല രാജ്യങ്ങളിലും അക്കാലത്തു കഴിഞ്ഞിരുന്നില്ല.
ഈ ഭരണസംവിധാനം, ജനാധിപത്യലോകം-അതിെൻറ എല്ലാ വർഗ/അധീശത്വ ദൗർബല്യങ്ങളോടും കൂടിത്തന്നെ- ചരിത്രപരമായി വളര്‍ത്തിയെടുത്ത അധികാര വിഭജനസമ്പ്രദായത്തെ മുറുകെപ്പിടിച്ചിരുന്നു. ലെജിസ്ലേറ്റിവ് വ്യവസ്ഥകള്‍ വികേന്ദ്രീകൃതയുക്തിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന-കേന്ദ്രഭരണങ്ങളായി പ്രാതിനിധ്യ ജനാധിപത്യത്തിെൻറ പ്രമാണങ്ങള്‍ക്കനുസരിച്ചു നിശ്ചയിക്കപ്പെട്ടു. കൊളോണിയല്‍ പാരമ്പര്യം ഏറ്റവും കൂടുതല്‍ നിക്ഷിപ്ത താൽപര്യങ്ങള്‍ സൃഷ്ടിച്ചിരുന്ന എക്സിക്യൂട്ടിവ് ഏതാണ്ട് അതുപോലെ നിലനിര്‍ത്തപ്പെട്ടു എങ്കിലും അതിെൻറ അലകും പിടിയും സാവധാനമെങ്കിലും മാറ്റാന്‍ കഴിയും എന്ന ശുഭപ്രതീക്ഷ ശക്തമായി നിലനിന്നിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിയമങ്ങള്‍ക്കു പകരം പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമുള്ള സമീപനം ആ മേഖലയില്‍ പൊതുവില്‍ ഭരണകൂടത്തിെൻറ നേരിട്ടുള്ള ഇടപെടലുകള്‍ അസാധ്യമാക്കിയ രീതിയിലായിരുന്നു വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ഇതിലെല്ലാം ഉപരി ജുഡീഷ്യറിയെ തീര്‍ത്തും സ്വതന്ത്രമാക്കി ഭാവന ചെയ്യുകയും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ സ്വയംഭരണ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഇവയെല്ലാം തമ്മില്‍ വർഗ/വർണ അധീശത്വത്തിേൻറതായ ഒരു ആന്തരികബന്ധം അനിവാര്യമായും പുലര്‍ത്തിയിരുന്നുവെങ്കിലും ലിബറല്‍ ജനാധിപത്യഘടന ആവശ്യപ്പെടുന്ന സ്വാച്ഛന്ദ്യം ഈ നെടുംതൂണുകള്‍ക്ക് ഉണ്ടായിരുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്. ഇതിെൻറ തീവ്രതയെക്കുറിച്ച്, ഫലസിദ്ധികളെക്കുറിച്ച്, ആക്ഷേപങ്ങള്‍ ഉള്ളവരുണ്ടാകാം. പക്ഷേ, അവയുടെ ആപേക്ഷികമായ സ്വാതന്ത്ര്യം പൂർണമായും നിരാകരിക്കാന്‍ കഴിയുന്നതായിരുന്നില്ല.
സ്വതന്ത്രമായ ഓഡിറ്റിങ് സംവിധാനം, തെരെഞ്ഞടുപ്പു കമീഷന്‍, സംസ്ഥാന നിയമസഭകള്‍, നീതിന്യായ വ്യവസ്ഥ എന്നിവയൊക്കെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക ജനാധിപത്യ സംവിധാനം വിജയിക്കുന്നതിന് ആവശ്യമാണ് എന്ന ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉള്‍ക്കാഴ്ച ഇന്ത്യയെ ഏഷ്യയിലെയും ലോകത്തിലെത്തന്നെയും ഏറ്റവും സുസ്ഥിരമായ ഒരു ലിബറല്‍ ജനാധിപത്യ പരീക്ഷണമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പോലുള്ള താല്‍ക്കാലിക വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെങ്കിലും മുക്കാല്‍ നൂറ്റാണ്ട് നീണ്ട അതിെൻറ ചരിത്രം താരതമ്യേന പ്രശ്നരഹിതമായിരുന്നു എന്നുപറയാന്‍ കഴിയും. ഇതിനിടയിലാണ് സോവിയറ്റ് പരീക്ഷണം തകരുകയും ചൈനീസ് സോഷ്യലിസ്റ്റ് വ്യവസ്ഥ ഏകപാര്‍ട്ടി ഭരണത്തിന്‍ കീഴില്‍ത്തന്നെ ആപാദചൂഡം മുതലാളിത്തവത്കരിക്കപ്പെടുകയും ചെയ്തത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. നിരവധി ആഫ്രിക്കൻ-ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഏകാധിപത്യ ഭരണത്തിലേക്കും പട്ടാള ഭരണത്തിലേക്കും ഒക്കെ കൂപ്പുകുത്തി.
ഈ ജനാധിപത്യ സംവിധാനത്തിന് ഏറ്റവും വലിയ െവല്ലുവിളി ഉയര്‍ത്തിയതും ഇതിനോട് ദുസ്സഹമായ അസഹിഷ്ണുത പുലര്‍ത്തിപ്പോന്നതും തുടക്കംമുതല്‍തന്നെ ഹിന്ദുത്വശക്തികളായിരുന്നു. അവരുടെ ഹിന്ദുത്വ അജണ്ടയില്‍ എക്കാലത്തും ജനാധിപത്യത്തിനല്ല, അവര്‍ക്ക് ഭരണപരമായ ആധിപത്യമുള്ള മതഭൂരിപക്ഷ സംവിധാനത്തിനായിരുന്നു മുന്‍തൂക്കം. അത് സ്ഥാപിച്ചെടുക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായി മാത്രമേ അവര്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തെ കണ്ടിരുന്നുള്ളൂ. ഭരണഘടനയോടോ ലിബറല്‍ ജനാധിപത്യത്തോടോ അതിെൻറ നെടുംതൂണുകളോടോ ഒരു പ്രതിബദ്ധതും അവര്‍ക്ക് ഉണ്ടായിരുന്നില്ല. വി.ഡി. സവര്‍ക്കര്‍ വിഭാവനം ചെയ്ത ന്യൂനപക്ഷ പീഡനത്തിെൻറ സാംസ്കാരികയുക്തിയാണ് അതിനെ നയിക്കുന്നത്. അംബേദ്‌കര്‍ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയതുപോലെ സവര്‍ക്കറുടെ ഇന്ത്യ, മുസ്ലിം ദേശീയതയെ അടിച്ചമര്‍ത്തി ഭരിക്കുന്നതും അതിനു രാഷ്ട്രീയമായ തുല്യത നല്‍കാന്‍ വിസമ്മതിക്കുന്നതുമാണ്. ഹിന്ദുവാഴ്ചക്ക് കീഴടങ്ങി ജീവിക്കേണ്ടതാണ് മുസ്ലിം സംസ്കാരം എന്ന സവര്‍ക്കറുടെ വീക്ഷണത്തെ അംബേദ്‌കര്‍ പൂർണമായും തള്ളിക്കളയുന്നുണ്ട്.
ജനാധിപത്യത്തിെൻറ അവസരങ്ങള്‍ മുതലെടുത്ത് ഇപ്പോള്‍ അധികാരത്തിലെത്തിയ ഹിന്ദുത്വശക്തികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിെൻറ ഓരോ മൗലികഘടനകളെയും തകര്‍ക്കാന്‍ വെമ്പുകയാണ്. തെരെഞ്ഞടുപ്പ് കമീഷന്‍ മുതല്‍ കോടതികള്‍ വരെ ഇന്ന് തങ്ങളുടെ ഭൂരിപക്ഷ മതവാദത്തിെൻറ ചൊൽപ്പടിയിലാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. ബാബരി മസ്ജിദ് വിധിയുടെ പ്രായോഗിക ഉള്ളടക്കം സവര്‍ക്കറുടെ സാംസ്കാരികയുക്തിയില്‍നിന്ന് ഏറെ ദൂരെയല്ല എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അതിലെ ഏറ്റവും ഹൃദയശൂന്യമായ ഭാഗമായി എനിക്ക് തോന്നിയത് പള്ളിയുടെ സ്ഥലം ഏറ്റെടുക്കുകയും പള്ളി പൊളിക്കുകയും ചെയ്യണം എന്നതായിരുന്നില്ല. പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണം എന്നതായിരുന്നു. ഒരു പള്ളി പണിയാന്‍ അഞ്ചേക്കറോ അതില്‍ കൂടുതലോ സ്ഥലംവാങ്ങാന്‍ പൊളിച്ചുമാറ്റപ്പെടുന്ന പള്ളിയുടെ യഥാർഥ അവകാശികള്‍ക്ക് കഴിയും എന്നിരിക്കെ ഈ നിർദേശം എന്താണ് അർഥമാക്കുന്നത്?
അവകാശത്തെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, ഇന്ത്യയിലെ ഏത് അവകാശവും ഒരു ഔദാര്യമായി മുസ്ലിം സമുദായം മനസ്സിലാക്കണം എന്ന സന്ദേശംകൂടിയായാണത് അനുഭവപ്പെട്ടത്. ആ ഭൂമി വേണ്ട എന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചതിനെ തീർച്ചയായും ഞാന്‍ സ്വാഗതംചെയ്യും. കാരണം, അത്രമേല്‍ രാഷ്ട്രീയ-സാംസ്കാരിക പാർശ്വവത്കരണം ആ നിർദേശത്തില്‍ ഉൾച്ചേര്‍ന്നിട്ടുണ്ട്. ബാബരി മസ്ജിദ് പ്രശ്നത്തില്‍ വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്നതും അഞ്ചേക്കര്‍ ഭൂമി തിരസ്കരിക്കുന്നതുമാണ് ശരിയായ സമീപനം. മതഭൂരിപക്ഷവാദം ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിെൻറ ജുഡീഷ്യല്‍ അനുഭവം അത്ര നിസ്സാരമല്ല. അതിനെ ചെറുക്കുന്നതില്‍ അംബേദ്‌കര്‍ കൃത്യമായി കണ്ടെത്തിയ സവര്‍ക്കറുടെ സാംസ്കാരിക യുക്തിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവും പ്രതിരോധവും അടങ്ങിയിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.