മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനോടും കുറെ വിദ്യാർഥികളോടും ഞാൻ ഒരിക്കൽ ഒരു ചോദ്യമുന്നയിച്ചിരുന്നു. ഹിന്ദു, മുസ്ലിം വിദ്യാർഥികൾക്കിടയിൽ കൂടുതൽ സ്നേഹം ഉൗട്ടിയുറപ്പിച്ചുകൂടെയെന്നായിരുന്നു ചോദ്യം. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഒരേ പാർപ്പിടകേന്ദ്രങ്ങളിൽ താമസിക്കാൻ കഴിയാത്തിടത്ത് എങ്ങനെ ഇത് സാധ്യമാകാമെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. ഇത് ശരിക്കും യാഥാർഥ്യത്തിൽ അധിഷ്ഠിതമായിരുന്നു. ചില പ്രത്യേക സ്ഥലങ്ങളിൽ മുസ്ലിംകൾക്ക് വാടക വീടു പോലും ലഭിക്കില്ല. ഇതിനെതിരെ പലരും പ്രതികരിച്ചിട്ടും ഫലമുണ്ടായിട്ടുമില്ല.
മുംബൈയിൽ മാത്രമല്ല, മറ്റു നഗരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണെന്നാണ് ഖേദകരം. ഇൗ വിടവ് ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇരു സമുദായങ്ങളും ദൈനംദിന ജീവിതത്തിൽ ഒന്നിച്ചിടപഴകുന്ന അവസ്ഥ ഇല്ലാതായി. ‘അപരനെ’ക്കുറിച്ച് കാൽപനിക കഥകളുടെയും തെറ്റിദ്ധാരണയുടെയും പേരിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച വർധിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഹിന്ദുവിനും മുസ്ലിമിനും പ്രണയിച്ച് വിവാഹം കഴിക്കാൻ ധൈര്യമില്ല. വലതുപക്ഷ ഗുണ്ടകളും പൊലീസും ഇത്തരം ദമ്പതികളെ വേട്ടയാടുന്നു. അടുത്ത ദിവസം മീറത്തിൽ മുസ്ലിം സുഹൃത്തിെൻറ വീട്ടിൽ ഇരുന്നതിന് പ്രായപൂർത്തിയായ ഹിന്ദു യുവതിയെ പൊലീസ് അപമാനിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുവരും മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കുന്നവരായിരുന്നു. വലതുപക്ഷ ഗുണ്ടകളാണ് കള്ളക്കഥകളുണ്ടാക്കി പൊലീസിനെ വിവരമറിയിച്ചത്. ഇരുവരെയും വലതുപക്ഷ ഗുണ്ടകൾ സാമുദായികമായി അധിക്ഷേപിച്ചപ്പോൾ അവരെ രക്ഷിക്കുന്നതിനു പകരം പ്രഹരിക്കാനാണ് പൊലീസ് തയാറായത്. ഇതിന് മുന്നിൽനിന്നത് ഒരു വനിത കോൺസ്റ്റബിൾ ആണെന്നതാണ് വിരോധാഭാസം.ഇൗ സംഭവം വിലയിരുത്തുേമ്പാൾ, കൂടുതൽ വനിതകളെ ഉൾപ്പെടുത്തുന്നത് പൊലീസിനും മറ്റും കൂടുതൽ മാനുഷികമുഖം നൽകുമെന്നത് തെറ്റിദ്ധാരണജനകമല്ലേ എന്ന് തോന്നിപ്പോകും. ആർ.എസ്.എസും ബി.ജെ.പിയും ക്രമാനുഗതമായി ജനങ്ങൾക്കിടയിൽ വർഗീയവിഷം പരത്തുകയാണ്. ബാബരി മസ്ജിദ് പൊളിക്കുന്നതിന് എൽ.കെ. അദ്വാനി രഥയാത്ര നടത്തിയത് മുതൽ വലതുപക്ഷ തീവ്രവാദികളുടെ ദൗത്യം പള്ളി പൊളിക്കൽ മാത്രമായിരുന്നില്ല, മുസ്ലിംകളുടെ പ്രതിച്ഛായ തകർക്കൽകൂടി അവരുടെ ലക്ഷ്യമായിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം അഹ്മദാബാദ് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം ഒാർമവരുന്നു. ഒരു പരിപാടിയുടെ വേദിയിലേക്ക് പോകവെ ടാക്സി ഡ്രൈവർ പറഞ്ഞത് ഇങ്ങനെ: ‘‘മുസ്ലിംകൾ അപകടകാരികളും ചീത്ത മനുഷ്യരുമാണ്. ബോംബുണ്ടാക്കുകയും കുട്ടികളെ ഉൽപാദിപ്പിക്കുകയുമാണ് അവരുടെ പണി.’’ ഞാൻ മുസ്ലിം ആണെന്നറിയാത്ത അയാൾ യാത്രയിലുടനീളം വർഗീയവിഷം ചീറ്റിക്കൊണ്ടേയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുളവാക്കുന്ന യാത്രയായിരുന്നു അത്. തീർച്ചയായും, ഇൗ ഡ്രൈവറുടെ സ്കൂൾകാലം തൊട്ട് കുത്തിവെച്ചതായിരിക്കും ഇൗ വിഷജ്വരം.
ഇത്തരം വിഷലിപ്തമായ മനോഭാവം ഇന്ന് പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. ഒരു സമുദായത്തിലെ ഒരു തലമുറ മുഴുവൻ ഇത് അനുഭവിക്കാൻ വിധിക്കപ്പെട്ടു എന്നതാണ് വസ്തുത. ഇൗ ദുരന്തം ഇല്ലായ്മ ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടാവുന്നുമില്ല.
ബി.െജ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം വർഗീയ പ്രചാരണത്തിന് ആക്കംകൂട്ടുന്ന നടപടികളാണ് വന്നുകൊണ്ടിരിക്കുന്നത്. 2019ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിരപരാധികളായ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്നത് വർധിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജസ്ഥാനിലെ ബി.ജെ.പി നേതാക്കൾ പ്രകോപനപരമായ പ്രസംഗമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.വൈകാരിക വിഷയങ്ങൾ പുറത്തെടുത്ത് വർഗീയവിേദ്വഷം വളർത്തുകയാണിവർ. വോട്ടു നേടുകയാണ് ഇവരുടെ ഉദ്ദേശ്യം. നേരെയാക്കാൻ പറ്റാത്തവിധം വർഗീയ ധ്രുവീകരണമുണ്ടാവുന്നതിൽ ഇക്കൂട്ടർക്ക് ഒരു വേവലാതിയുമില്ല. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലികളിലും മറ്റും സംഘ്പരിവാർ നടത്തുന്ന വിദ്വേഷപ്രസംഗത്തിൽ ചെറുവിരലനക്കാൻേപാലും തെരഞ്ഞെടുപ്പ് കമീഷനോ മറ്റേതെങ്കിലും ഏജൻസികളോ തയാറാവുന്നില്ല. ഇത്തരം അവസ്ഥയിൽ ഹതഭാഗ്യരായ നമുക്ക് എന്തു ചെയ്യാൻ കഴിയും? മനുഷ്യരെ കൊന്നൊടുക്കുന്ന രാഷ്ട്രീയ വൈകൃതം സഹിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയാണ് നാം; ലവ് ജിഹാദിെൻറ പേരിലായാലും ഗോരക്ഷയുടെ പേരിലായാലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.