കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മൂന്നു കുട്ടികൾ അസാധാരണമാംവിധം മരിച്ചു. ഗൗരവമുള്ള രോഗത് താലല്ലാതെ കുട്ടികൾ മരിക്കുന്നത് അംഗീകരിക്കാനാവില്ല. നാം കൈവരിച്ച സാമൂഹികവും ആരോ ഗ്യപരവും ആയ പുരോഗതി കുട്ടികൾക്ക് പൂർണസുരക്ഷ ഒരുക്കാൻ പോന്നതാണ്. അഞ്ചു വയസ്സുവര െ എത്തുന്ന കേരളത്തിലെ കുട്ടികൾക്ക് പ്രായപൂർത്തിയാകും വരെ ആരോഗ്യത്തോടെ ജീവിക്കാനു ള്ള സാഹചര്യം ഇന്നുണ്ട്. മാതാപിതാക്കളുടെ സംരക്ഷണയിലുള്ള കാലം അവർ സുരക്ഷിതരാണെന് നർഥം.
ജീവിത സാഹചര്യം അങ്ങനെയായിരിക്കെ ഏതാനും ആഴ്ചകൾക്കുള്ളിൽ സംസ്ഥാനത്തെ മൂന് നു കുട്ടികൾ അസാധാരണ സാഹചര്യത്തിൽ മരിച്ചെങ്കിൽ അതന്വേഷിക്കാനുള്ള ധാർമിക ബാധ്യത സമൂഹത്തിനും സാമൂഹിക സ്ഥാപനങ്ങൾക്കുമുണ്ട്. ആദ്യമരണം തിരുവനന്തപുരത്ത് ചെങ്കൽ എ ന്ന സ്ഥലത്താണ്. ഉറങ്ങുന്ന പെൺകുട്ടിയെ പാമ്പു കടിച്ചു. ബന്ധുക്കൾ അടുത്തുള്ള വിഷവൈദ്യ െൻറ അരികിലെത്തിച്ചു ചികിത്സ നടത്തി. മണിക്കൂറുകൾക്കുള്ളിൽ പാമ്പുവിഷബാധ വ്യാപിച്ചു. കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ മാത്രമാണ് വിഷവൈദ്യന് മനസ്സിലാകുന്നത്. തുടർന്ന് കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിെച്ചങ്കിലും ആ 14കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ മരണം കണ്ണൂരിൽ. അവിടെയും സംഭവിച്ചത് പഴയതുതന്നെ. എട്ടു വയസ്സുള്ള കുട്ടി സന്ധ്യക്ക് പാമ്പുകടിയേറ്റു. ഉടൻ വിഷചികിത്സകെൻറ അടുത്തെത്തിച്ചു; അയാളുടെ ചികിത്സ രോഗം മൂർച്ഛിച്ച് ബോധം നഷ്ടപ്പെടുന്നതുവരെ തുടർന്നു. പിന്നീട് കുട്ടിയെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.
മൂന്നാമത്തെ മരണവും തിരുവനന്തപുരത്തുതന്നെ. ഒരു വ്യത്യാസം, ഇത് പാമ്പുകടിയല്ല. എങ്കിലും പല രീതിയിലും മറ്റു രണ്ടു സംഭവവുമായി പൊരുത്തമുള്ളതാണ്. 16 വയസ്സുള്ള ആൺകുട്ടി പനിയും ന്യുമോണിയയും ബാധിച്ചു കിടപ്പായി. കടുത്ത ന്യുമോണിയ ആയതിനാൽ മെഡിക്കൽ കോളജിൽ ചികിത്സ തേടണം എന്ന വിദഗ്ധാഭിപ്രായം ലഭിച്ചിരുന്നെങ്കിലും കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലെ ചികിത്സ വേണ്ടെന്നുവെച്ച് കുട്ടിയെ തമിഴ്നാട്ടിലെ ദേവാലയത്തിൽ പ്രാർഥനക്കു വിധേയനാക്കി. പ്രാർഥനക്കുശേഷം വീട്ടിലെത്തിയ കുട്ടിക്ക് രോഗം മൂർച്ഛിച്ചു മരിച്ചു.
അത്യന്തം ദുഃഖമുളവാക്കുന്ന വർത്തമാനങ്ങളാണിവ. ദീർഘകാലം ജീവിക്കുമായിരുന്ന മൂന്നു കുട്ടികൾക്ക് അവരുടേതല്ലാത്ത തീരുമാനങ്ങൾമൂലം ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. മാതാപിതാക്കൾക്കും സ്റ്റേറ്റിനും കുട്ടികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ ചുമതലയുണ്ട്. സജീവമായ നിയമ, ധാർമിക ചട്ടക്കൂടുകൾകൊണ്ടു വേണം ജനാധിപത്യ വ്യവസ്ഥയിൽ കുട്ടികൾ സംരക്ഷിക്കപ്പെടാൻ. അവർ ദുർബലരായി ന്യൂനപക്ഷമായതാണ് കാരണം. മാതാപിതാക്കൾ, ബന്ധുക്കൾ, സമൂഹം, സ്റ്റേറ്റ് എന്നിവരുടെ നിശ്ശബ്ദതയാണ് ഇവിടെ സംഭവിക്കുന്നത്.
പാമ്പുകടിയേറ്റാൽ ചികിത്സിക്കാൻ സൗകര്യമുള്ള സർക്കാർ ആശുപത്രികൾ എല്ലാ ജില്ലകളിലും സജ്ജമാണ്. സമയം നഷ്ടപ്പെടാതെ അവിടെയെത്തിക്കണം. ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ സമയം നഷ്ടപ്പെടരുത്. ഈ സൗകര്യങ്ങൾ ഉണ്ടായിട്ടും രണ്ടു കുട്ടികൾക്ക് അവിടെയെത്താൻ കഴിഞ്ഞില്ല. പകരം അവർ എത്തിച്ചേർന്നത് വിഷചികിത്സകെൻറ അടുത്ത്. വിഷചികിത്സകരാകട്ടെ, തങ്ങൾക്ക് ചികിത്സിക്കാനാകുന്നതെന്ത്, പറ്റാത്തതെന്ത് എന്നുപോലും തിരിച്ചറിയാൻ പറ്റാത്തവർ. അമിതമായ ആത്മവിശ്വാസമാവാം അവരെ നയിക്കുന്നത്. പാമ്പുകടികളിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമേ മാരകമായുള്ളൂ. ഇതാവാം അവരുടെ ആത്മവിശ്വാസത്തിെൻറ പൊരുൾ. ഒരു കാര്യം വ്യക്തമാണ്; കടിച്ചത് വിഷപ്പാമ്പാണോ അല്ലയോ എന്നുപോലും അവർക്ക് തിരിച്ചറിയാനാവുന്നില്ല. വിഷബാധയുണ്ടാകുന്നതും വ്യാപിക്കുന്നതും രോഗിയുടെ നില വഷളാകുന്നതും മനസ്സിലാക്കാൻ അവർ അശക്തരാണ്. അതാണല്ലോ, ഈ കുട്ടികൾ ജീവനുവേണ്ടി പൊരുതാൻ അശക്തരാകുംവരെ അവർ ചികിത്സ തുടർന്നത്.
പ്രായപൂർത്തിയായൊരാൾ സ്വന്തം ചികിത്സക്ക് വിഷവൈദ്യനെ സമീപിക്കുന്നത് അയാളുടെ സ്വതന്ത്ര തീരുമാനവും തെരഞ്ഞെടുപ്പും ആണെന്ന് കരുതാം; തീരുമാനം സാമാന്യബോധത്തിനെതിരാണെങ്കിൽപോലും. എന്നാൽ, കുട്ടികൾക്ക് മുതിർന്നവരുടെ വിഡ്ഢിത്തംമൂലം ജീവൻ നഷ്ടപ്പെടാനിടയായാൽ സമൂഹവും സ്റ്റേറ്റും അതിനെതിരെ നിലപാടെടുക്കണം. പാമ്പുകടിക്ക് നാട്ടിൽ നടക്കുന്ന വിഷചികിത്സ അന്വേഷിക്കപ്പെടേണ്ടതാണ്. രോഗനിർണയത്തിലും ചികിത്സയിലും തികഞ്ഞ അജ്ഞത പുലർത്തുന്ന ഇവരുടെ കഴിവുകൾ സമൂഹം അന്വേഷിക്കാതിരിക്കുന്നതെന്ത്? വിഷചികിത്സ സമ്പ്രദായം എന്നൊന്ന് നിയമപരമായി നിലവിലുണ്ടോ എന്നകാര്യം പോലും സംശയമാണ്. ഒരു ജനാധിപത്യവ്യവസ്ഥയിലും ഇത്തരം ചികിത്സകൾ അംഗീകരിക്കപ്പെടുകയില്ല. ഒന്നുകിൽ ഈ സമ്പ്രദായം നിർത്തണം. അല്ലെങ്കിൽ കുട്ടികളുടെ ശരീരത്തിൽ വിഷം പടരുന്നതിെൻറ ലക്ഷണങ്ങൾ, വിഷപ്പാമ്പുകടി തിരിച്ചറിയാനുള്ള മാർഗം എന്നിവ അവരെ ബോധവത്കരിക്കണം. സമൂഹത്തിെൻറ സുരക്ഷക്കു പോലും ഇതാവശ്യമാണെന്നു വന്നിരിക്കുന്നു.
മൂന്നാമത്തെ കുട്ടി തീർച്ചയായും ഒഴിവാക്കാവുന്ന കാരണങ്ങൾമൂലമാണ് മരിച്ചത്. അണുബാധയെതുടർന്ന് ഉണ്ടായ ന്യുമോണിയയാണ് മരണത്തിലേക്ക് നയിച്ചത്. ന്യുമോണിയ മരണകാരണമാണെന്ന് പറയാനാവില്ല. എന്തെന്നാൽ, കുട്ടിക്ക് രോഗത്തെ പ്രതിരോധിക്കാനുള്ള അവസരം അയാളുടെ രക്ഷാകർത്താക്കൾ നൽകിയില്ല. കഠിനമായ ന്യുമോണിയ പോലും ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന കാലമാണിത്. ചിലതരം ന്യുമോണിയകൾ വാക്സിൻ മൂലം പ്രതിരോധിക്കാനാകും. ചില വൈറൽ പനികൾ ന്യുമോണിയ സാധ്യതയുണ്ടാക്കുന്നു. എന്നാൽ, ഇതെല്ലാം കണ്ടെത്താനും ഫലപ്രദമായി ഇടപെടാനും ഇന്നത്തെ അറിവുകൊണ്ട് സാധ്യമാകുന്നു. അപ്പോൾ എന്തുകൊണ്ട് ഈ കുട്ടിക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു? അവിടെയും സമൂഹത്തിെൻറ ഉത്തരവാദിത്തം ചർച്ചചെയ്യപ്പെടണം.
ആധുനികചികിത്സ നിഷേധിക്കപ്പെട്ടത് വിശ്വാസത്തിെൻറ പേരിലാണ്. ഒരു ആരാധനാലയത്തിൽ പോയി പ്രാർഥിച്ചാൽ ന്യുമോണിയ മാറിക്കൊള്ളും എന്ന് രക്ഷാകർത്താക്കൾ വിശ്വസിക്കുന്നു. തങ്ങളുടെ വിശ്വാസം നടപ്പാക്കാൻ അവകാശമില്ലേ എന്ന ചോദ്യം പ്രസക്തമല്ല; എന്തെന്നാൽ, അത് കുട്ടിയുടെ ജീവിക്കാനുള്ള അവകാശത്ത ബാധിക്കരുത്. നമ്മുടെ ജീവിതത്തിെൻറ മറ്റു മേഖലകളിൽ വിശ്വാസം ഉപയോഗിക്കുന്നില്ലല്ലോ. യാത്രചെയ്യാൻ ആരും പുഷ്പകവിമാനം തേടുന്നില്ല; ടെക്നോളജി ഉപയോഗിച്ച് നീങ്ങുന്ന പെട്രോൾ വാഹനംതന്നെയാണ് ഉപയോഗിക്കുന്നത്. പഠിക്കാൻ പള്ളിക്കൂടവും ധരിക്കാൻ വസ്ത്രവും ആശയവിനിമയത്തിന് സ്മാർട്ട് ഫോണും ടെക്നോളജി സംഭാവന ചെയ്തതാണ്; വിശ്വാസത്തിനു പങ്കില്ല. എന്നാൽ, കുട്ടിയുടെ രോഗശമനം വിശ്വാസചികിത്സയിലൂടെ മതിയെന്ന നിലപാട് ശക്തമായ പ്രതിഷേധം അർഹിക്കുന്നു. ഒന്നാലോചിച്ചാൽ ഈ മൂന്നു മരണങ്ങളും വിശ്വാസചികിത്സയുടെ പരിണിതഫലമാണെന്ന് മനസ്സിലാകും. നമ്മെ രക്ഷിക്കുന്നതാവണം വിശ്വാസം എന്ന പ്രായോഗിക നിലപാടെടുക്കാൻ നാം അമാന്തിച്ചുകൂടാ.
മന്ത്രവാദം, ഭ്രാന്തുചികിത്സ എന്നിവയും ക്രൂരവും പലപ്പോഴും മാരകവുമാകുന്നു. അവയും വിശ്വാസചികിത്സയിൽ പെടുത്തിയാൽ രോഗാതുരത വർധിക്കും. ഏതു നവോത്ഥാനവും വിശ്വാസത്തിലെ വിപ്ലവമാണെങ്കിൽ നമ്മുടെ പൊതുമനസ്സിൽ ഒതുങ്ങിക്കിടക്കുന്ന വിശ്വാസരോഗാവസ്ഥ അടിയന്തരമായി ഏറ്റെടുക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.