കപടശാസ്ത്രം സാധാരണക്കാരെ മോഹിപ്പിക്കുന്ന വികലതത്ത്വങ്ങളുമായി നമ്മുടെ മുന്നിലെത്തുന്നു. എല്ലാ മേഖലകളിലും കപടശാസ്ത്രം നിലവിലുണ്ടെങ്കിലും ആരോഗ്യത്തിലും പരിസ്ഥിതിയിലും കൃഷിയിലും ഒക്കെയാകുമ്പോൾ ജനങ്ങളുടെ മനസ്സിൽ തെറ്റായ ധാരണകൾ ഉണ്ടാകുന്നു. ഇവ മാറ്റിയെടുക്കുന്നതാകട്ടെ, ശ്രമകരവും. കപടശാസ്ത്രം പുരോഗമിക്കുന്നത് നിരന്തരമായ പ്രചാരണത്തിലൂടെയാണ് എന്നതുതന്നെ പ്രധാന കാരണം. പല ദീർഘകാല രോഗങ്ങളിലും കപടശാസ്ത്രം ഒരുക്കുന്ന കെണിയിൽ പലരും വീഴാറുണ്ട്. രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, അർബുദം തുടങ്ങിയ രോഗങ്ങളിൽ കപടശാസ്ത്രം അതിശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, കൃഷി, പരിസ്ഥിതി എന്നിവയെ പൊതുവെ ബന്ധിപ്പിക്കുന്ന ഘടകമാണ് കൃഷിയിൽ കീടനാശിനികളുടെ ഉപയോഗത്തെപ്പറ്റി നിലനിൽക്കുന്ന ഭയം. രാസവസ്തുക്കളായ കീടനാശിനികൾ അപകടകാരികളാണെന്നും അവ മണ്ണും അന്തരീക്ഷവും വഴി കൃഷിയിടങ്ങളെയും കാർഷിക ഉൽപന്നങ്ങളെയും വിഷലിപ്തമാക്കുകയും അതിലൂടെ ഭക്ഷണത്തിൽ കടന്നു നമ്മളിൽ മാരകമായ അർബുദം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും ശക്തമായ വിശ്വാസം നിലവിലുണ്ട്. വളരെ ലളിതമായ വാദമായതിനാൽ അധികം ചിന്തിക്കാത്തവരെ സ്വാധീനിക്കാൻ ഇതിന് വേഗം കഴിയുന്നു.
കൃഷി ജീവിതോപാധിയായുള്ള നിരവധി പേരുണ്ട്. അവർക്ക് ലാഭകരമാണെങ്കിൽ മാത്രമേ കൃഷി സമൂഹത്തിൽ നിലനിൽക്കൂ. നമ്മുടെ കൃഷിയിടങ്ങൾ കെട്ടിടങ്ങളായും എസ്റ്റേറ്റുകളായും മാറുന്നത് ലാഭത്തിെൻറ കണക്കിൽ ഇപ്പോൾത്തന്നെ കൃഷിക്കുമേൽ സമ്മർദമുണ്ട് എന്നതിനാലാണ്. ഇപ്പോഴത്തെ നിലയിലെങ്കിലും കാർഷികോൽപന്നങ്ങളുടെ ഉൽപാദനം ഉറപ്പാക്കണമെങ്കിൽ കാർഷിക സമ്പ്രദായങ്ങളെക്കുറിച്ച് തുടർച്ചയായ പഠനങ്ങൾ അനിവാര്യമാണ്. അതോടൊപ്പം, കൃഷിയിൽ കീടനാശിനികൾ ഉപയോഗിച്ചാൽ അത് എത്രകണ്ട് നമ്മുടെ ഭക്ഷണത്തിൽ കടന്നുവരുമെന്നും അതിൽ എെന്തങ്കിലും ആരോഗ്യപ്രശ്നം അടങ്ങിയിട്ടുണ്ടോ എന്നും തുടർപഠനങ്ങളും ചർച്ചകളും അനിവാര്യമാണ്. ഭക്ഷണമായി ഉപയോഗിക്കുന്ന കാർഷികോൽപന്നങ്ങളിൽ -പ്രധാനമായും ധാന്യം, പച്ചക്കറികൾ എന്നിവയിൽ -കീടനാശിനികളുടെ പരിശിഷ്ടം എത്രയുണ്ട്, അവ എന്തെല്ലാം പ്രത്യാഘാതങ്ങൾ നമ്മുടെ ആരോഗ്യത്തിലും പരിസ്ഥിതിയിലും സൃഷ്ടിക്കുന്നു എന്നെല്ലാം ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.
കീടനാശിനികൾ മനുഷ്യശരീരത്തിൽ കടക്കുന്നത് മൂന്നു വിഭാഗത്തിൽപെട്ടവരിലാണ്. ഒന്ന്, ഉൽപാദനം, ഉപയോഗം എന്നിവയിൽ വ്യാപൃതരായവരിൽ. ഫാക്ടറികളിൽ തൊഴിൽ ചെയ്യുന്നവർ, വിപണനം നടത്തുന്നവർ, കൃഷിയിടങ്ങളിൽ കീടനാശിനികൾ പ്രയോഗിക്കുന്നവർ, കൃഷിയിടങ്ങളിൽത്തന്നെ താമസിക്കുന്നവർ എല്ലാം ഈ വിഭാഗത്തിൽപെടും. രണ്ട്, വീട്ടിനുള്ളിലോ സ്ഥാപനങ്ങളിലോ അലക്ഷ്യമായി സംഭരിച്ച കീടനാശിനികൾ ഭക്ഷണത്തിൽ കലരുക, നിർദേശങ്ങൾ പാലിക്കാതെ വീട്ടിനുള്ളിൽ പ്രയോഗിക്കുക, ആത്മഹത്യക്കോ മറ്റുള്ളവരിൽ ഹാനികരമായ വിധമോ ഉപയോഗിക്കുക എന്നിവ. മൂന്ന്, നിർദേശപ്രകാരം കീടനാശിനികൾ പ്രയോഗിച്ചുള്ള കൃഷിവിഭവങ്ങൾ ഭക്ഷണമായി ഉപയോഗിക്കുമ്പോൾ അവ ശരീരത്തിൽ കടക്കുന്നു. ഇങ്ങനെ കീടനാശിനികൾ ഉള്ളിലെത്തുന്നവരാണ് ഈ വിഭാഗത്തിൽ.
ഭക്ഷണത്തിനുപയോഗിക്കുന്ന വസ്തുക്കളിൽ അടങ്ങിയ കീടനാശിനികൾ സൂക്ഷ്മാംശങ്ങളിലാണെങ്കിലും തുടർച്ചയായ ഉപയോഗംമൂലം അവ മാരകമായ അർബുദം ഉണ്ടാക്കുന്നുവെന്ന വിശ്വാസം പ്രബലമാണ്. ഇതിെൻറ പിന്നിലെ ശാസ്ത്രം അന്വേഷിക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്.കീടനാശിനികൾ അർബുദത്തിന് കാരണമാകുമെങ്കിൽ ഏറ്റവും കൂടുതൽ അർബുദ സാധ്യത കർഷകർക്കും കർഷകത്തൊഴിലാളികൾക്കും തന്നെയാവണമല്ലോ. അവരിൽ അർബുദ സാധ്യത വർധിച്ചയളവിൽ കാണപ്പെടുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. അവരിൽ അർബുദ സാധ്യത അധികമില്ലെങ്കിൽ ഭക്ഷണത്തിലൂടെ നമ്മിലെത്തുന്ന കീടനാശിനികളുടെ സൂക്ഷ്മസാന്നിധ്യം അപകടകരമല്ലെന്നു സാരം. 1999ൽ മാത്രം അമേരിക്കയിൽ ഉദ്ദേശം 45 കോടി കിലോഗ്രാം കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ട്. ലോകത്തെമ്പാടും ഇതേ കാലയളവിൽ 250 കോടി കിലോഗ്രാം ആയിരുന്നു ഉപയോഗിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഏലാവണ്യ, ഹോപ്പിൻ, കാമിൽ എന്നീ ഗവേഷകരുടെ 2004ലെ ‘ദീർഘകാല കീടനാശിനി ഉപയോഗവും ആരോഗ്യ പ്രശ്നങ്ങളും -നാഡീരോഗങ്ങളും അർബുദവും’ എന്ന പ്രബന്ധം ശ്രദ്ധേയമാകുന്നത്. േമരിലാൻഡ് അർബുദ കേന്ദ്രം, ഉത്തര കരോലൈന ആരോഗ്യ പരിസ്ഥിതി കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഗവേഷകർ.
അവർ ഉത്തരം കണ്ടെത്താൻ ശ്രമിച്ച ചോദ്യങ്ങളിൽ ഒന്ന് കീടനാശിനികൾ മനുഷ്യരിൽ അർബുദം സൃഷ്ടിക്കുന്നതിെൻറ തെളിവെന്ത് എന്നതാണ്. പരീക്ഷണശാലകളിലെ മൃഗങ്ങളിൽ അർബുദം അഥവാ അർബുദസമാന മാറ്റങ്ങൾ കണ്ടിട്ടുണ്ട് എന്നതിനാലാണ് ചോദ്യം പ്രസക്തമാകുന്നത്. പരീക്ഷണമൃഗങ്ങളിൽ അർബുദ സാധ്യത കണ്ടുവെന്നു വെച്ചു വികസ്വരരാജ്യങ്ങൾ കീടനാശിനി പ്രയോഗം കുറച്ചുവെന്നു കരുതാനാവില്ല. അർബുദവും കീടനാശിനികളും തമ്മിൽ പരോക്ഷബന്ധങ്ങൾ പലപ്പോഴായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ആർസെനിക് ഒഴികെ മറ്റു രാസവസ്തുക്കളുമായി മനുഷ്യരിലെ അർബുദത്തിന് എന്തെങ്കിലും കൃത്യമായ ബന്ധമുള്ളതായി തെളിവ് ലഭ്യമല്ല. ആർസെനിക്കും ശ്വാസകോശാർബുദവും തമ്മിൽ ബന്ധമുള്ളതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കീടനാശിനികൾ തൊഴിലിെൻറ ഭാഗമായി സ്ഥിരമുപയോഗിക്കുന്ന കർഷകരുടെ കാര്യമാണ്. ഇതിെൻറ അർഥം സ്പഷ്ടമാണ്. കർഷകരിൽ തൊഴിൽജന്യ രോഗമായി അർബുദം വ്യാപകമല്ലെങ്കിൽ മറ്റുള്ളവരിൽ അത് ഹാനികരമാണ് എന്നു കരുതാനാവില്ലല്ലോ.
മറ്റുചില അർബുദവും കീടനാശിനികളുമായി ബന്ധപ്പെട്ടു കാണുന്നു. നോൺ-ഹോജ്കിൻസ് ലിംഫോമ, രക്താർബുദം, പാൻക്രിയാസ്, പ്രോസ്റ്റേറ്റ്, അണ്ഡാശയം എന്നിവയിലെ അർബുദങ്ങൾ, അപൂർവം സർക്കോമകൾ എന്നിവ ചില പ്രത്യേക കീടനാശിനികൾ ഉപയോഗിക്കുന്ന കൃഷിക്കാരിൽ അധികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ അർബുദങ്ങൾ പോലും കൃഷിക്കാരിൽ കാണുന്നത് പൊതുസമൂഹത്തിലെ സാന്നിധ്യത്തെക്കാൾ നേരിയ വർധനയിൽ മാത്രമാണ്. സ്ഥിതിവിവരശാസ്ത്ര തത്ത്വമനുസരിച്ചു പ്രസ്തുത വർധന ഗൗരവമുള്ളതല്ല. മാത്രമല്ല, കർഷകരിൽ പോലും വ്യക്തമായ അർബുദബന്ധം സ്ഥാപിക്കാനായത് ആർസെനിക് ചേർന്ന കീടനാശിനികളുമായി മാത്രം. അപ്പോൾ കീടനാശിനികൾ സ്ഥിരമായി ഉപയോഗിക്കേണ്ടിവരുന്ന കർഷകരിലെ അർബുദസാധ്യതയെക്കാൾ എന്തുകൊണ്ടും കുറവായിരിക്കുമല്ലോ കാർഷികോൽപന്നങ്ങൾ ഭക്ഷണമായി ഉപയോഗിക്കുന്നവരിൽ. ഭക്ഷണവസ്തുക്കളിൽ കീടനാശിനികളുടെ സാന്നിധ്യം യൂറോപ്യൻ യൂനിയൻ (2016) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേർന്നതാണ് ഇപ്പോഴുള്ള യൂനിയൻ. പുതിയ കണക്കുകൾ പ്രകാരം 97.1 ശതമാനം സാമ്പിളുകളിൽ കീടനാശിനികൾ ഇല്ലായിരുന്നു. ഇന്ത്യയിലും ലഭ്യമായ കണക്കുകൾ ഏതാണ്ട് ഇപ്രകാരംതന്നെയാണ്. കറിവേപ്പില, കാപ്സിക്കം, ബീൻസ് തുടങ്ങി ഏതാനും ഉൽപന്നങ്ങളിൽ മാത്രമാണ് കീടനാശിനികൾ അധികമുള്ളത്. അതും ഒഴുകുന്ന വെള്ളത്തിൽ കഴുകിയാൽ സാന്ദ്രത കുറയുന്നതുമാണ്.
കീടനാശിനികൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പഠിക്കാൻ കഴിഞ്ഞ 40 വർഷത്തിനിടെ ആഗോളതലത്തിൽ ഉദ്ദേശം 600 കോടി ഡോളർ ചെലവാക്കുകയുണ്ടായി. ഇതേ കാലയളവിൽ കീടനാശിനികളുടെ ഉപയോഗം വർധിക്കുകയാണുണ്ടായത്. നമ്മുടെ ആയുർദൈർഘ്യത്തിലും ഇതേ കാലയളവിൽ വൻ മുന്നേറ്റമുണ്ടായി. കീടനാശിനികളും രാസവളങ്ങളും കാർഷികോൽപാദനത്തെ ഉത്തേജിപ്പിക്കുന്ന പ്രധാന ഘടകങ്ങളായിരുന്നു. മെച്ചപ്പെട്ട പോഷകാഹാരവും പൊതുജനാരോഗ്യവുമാണ് ആയുർദൈഘ്യത്തിൽ സംഭവിച്ച വൻ മുന്നേറ്റത്തിനു കാരണം. അർബുദം ആയുർദൈഘ്യവുമായി ബന്ധപ്പെട്ട രോഗമാണെന്നതിൽ തർക്കമില്ല. ആകെയുള്ള അർബുദങ്ങളിൽ 50 ശതമാനവും 70 വയസ്സിനുമേൽ സംഭവിക്കുന്നതാണ്. വികസിതരാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദ സാന്നിധ്യം ക്രമേണ കുറഞ്ഞുവരുന്നതായി തെളിവുണ്ട്. അർബുദംമൂലം മരിക്കുന്ന 790 ലക്ഷം രോഗികളിൽ 70 ശതമാനവും വികസ്വരരാജ്യങ്ങളിൽ സംഭവിക്കുന്നു. ലോകാരോഗ്യ സംഘടന ഇതിനു മൂന്നു കാരണങ്ങൾ പ്രധാനമായി ചൂണ്ടിക്കാട്ടുന്നു: വർധിച്ചുവരുന്ന ആയുർദൈർഘ്യം, ആസൂത്രണമില്ലാത്ത അതിവേഗ നഗരവത്കരണം, അനാരോഗ്യകരമായ ജീവിതശൈലിയുടെ ആഗോളീകരണം എന്നിവ. മറ്റെല്ലാം ഇതിലും അപ്രധാനമായവയത്രെ.നാളിതുവരെ നടന്ന പഠനങ്ങൾക്ക് ഭക്ഷ്യവസ്തുക്കളിൽ കടന്നുകൂടിയ കീടനാശിനികളോ പരിസ്ഥിതിയിൽ നിലനിൽക്കുന്ന രാസവസ്തുക്കളോ മനുഷ്യരിൽ ഏതെങ്കിലും അർബുദം വരുത്തിയതായി തെളിയിക്കാനായിട്ടില്ല.
രാസവളങ്ങളും കീടനാശിനികളും അമ്പേ നിരോധിക്കണം എന്നാവശ്യപ്പെടുന്നവർ പകരംവെക്കാൻ കാണുന്നത് ഓർഗാനിക് കൃഷിയാണ്. ഇന്ത്യയിൽ ഓർഗാനിക് കൃഷിയുടെ സാമ്പത്തികശാസ്ത്രം പൂർണമായും പഠനവിധേയമാക്കിയിട്ടില്ല. 2010ൽ അമേരിക്കയിൽ 290 കോടി ഡോളർ ബിസിനസ് ആയിരുന്നത് പ്രതിവർഷം 10 ശതമാനം കണ്ട് വർധിക്കുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ മൂലധനനിക്ഷേപം ആകർഷിക്കാനുതകും എന്നതിൽ സംശയം വേണ്ട. ഉപഭോക്താക്കൾ 47 ശതമാനം അധികവില കൊടുത്താണ് ഓർഗാനിക് ഉൽപന്നങ്ങൾ വാങ്ങേണ്ടിവരുന്നത്. ഓർഗാനിക് കൃഷിക്കാകട്ടെ, അഞ്ചു മുതൽ ഏഴു ശതമാനം വരെ മാത്രമാണ് അധിക ചെലവ്. ഓർഗാനിക് കൃഷി വിപണനത്തിൽ വിജയിക്കുന്നവർക്ക് ലാഭംകൊയ്യാനുതകുന്ന മേഖലയാണിതെന്നു സാരം.
പരിസ്ഥിതി മലിനീകരണം, ഹരിതവാതക പ്രശ്നങ്ങൾ എന്നിവയിലും ഓർഗാനിക് കൃഷിരീതി മറ്റു രീതികളെക്കാൾ മേന്മയുള്ളതായി കാണുന്നില്ല. ഇപ്പോൾ ഓർഗാനിക് കൃഷി ചെറുകിട കർഷകരിൽനിന്ന് വൻ കോർപറേറ്റുകളുടെ കൈയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അവർ മേഖല കൈയടക്കിക്കഴിയുമ്പോൾ മറ്റേത് വ്യവസായവുംപോലെ ഓർഗാനിക് കൃഷിയും പരിണമിക്കും എന്നുവേണം കരുതാൻ. ഭക്ഷ്യവിഭവങ്ങളിൽ അടങ്ങിയിരിക്കുന്ന കീടനാശിനികളുടെ പരിശിഷ്ടം ഭീകരമായ ആരോഗ്യപ്രശ്നം, പ്രേത്യകിച്ച് അർബുദത്തിന് കാരണമാകും എന്ന പ്രചാരണം കപടശാസ്ത്രത്തിെൻറ ഉദാഹരണമായി കാണേണ്ടതാണ്. തെറ്റായ ഇത്തരം പ്രചാരണം സമൂഹത്തിൽ ഭയാശങ്കകൾ വളർത്താനും ഭക്ഷ്യവിഭവങ്ങളുടെ പ്രാപ്യത കുറക്കാനും കാരണമാകും എന്നും ഓർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.