???????? ???????, ???? ????????

ആറു പതിറ്റാണ്ടുകാലത്തെ തിരിഞ്ഞുനടപ്പിൽ നവോത്ഥാനമൂല്യങ്ങളിലെ ചോർച്ച മറച്ചുപിടിച്ചു നാം മുന്നോട്ട് എന്ന്‌ നടിക്കാൻ കേരളത്തിനു കഴിഞ്ഞു. ജാതിമതശക്തികളുടെ തിരിച്ചുവരവിനിടയിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ മുന്നേറ്റം തുടരാനും വികസിതരാജ്യങ്ങൾക്ക് സമാനമായ സാമൂഹികപുരോഗതി  നേടി ലോകത്തെ അമ്പരപ്പിക്കാനും കേരളത്തിനായി. വിദേശത്തുനിന്നുള്ള പണമൊഴുക്കും  സേവനമേഖലയുടെ വളർച്ചയും കേരളത്തെ സമ്പന്ന സംസ്ഥാനമാക്കിയതും പുഴുക്കുത്തുകൾ മറയ്ക്കാൻ സഹായകമായി.


പക്ഷേ, തടഞ്ഞുനിർത്തുന്ന വെള്ളം താഴോട്ടൊഴുകാൻ ശ്രമിക്കുന്നതുപോലെ ഒളിച്ചു​െവക്കുന്ന ജാതി-മത-വംശീയ വെറിയും അവസരം കിട്ടുമ്പോൾ പൊട്ടിയൊലിക്കും. അത് അടിക്കടി സംഭവിക്കുമ്പോൾ  ചില മനസ്സുകളിൽ മാലിന്യം അപകടകരമായ അളവിൽ കെട്ടിക്കിടക്കുന്നു എന്നാണ്‌  മനസ്സിലാക്കേണ്ടത്. സമൂഹത്തി​​െൻറ ആരോഗ്യകരമായ വളർച്ച ആഗ്രഹിക്കുന്നവർ അത് ശ്രദ്ധിക്കുകയും ഉചിത പ്രതിരോധം തീർക്കുകയും വേണം. ദേശീയതലത്തിൽ അത് ചെയ്യാൻ കഴിയാഞ്ഞതി​​െൻറ തിക്തഫലങ്ങൾ രാജ്യം ഇപ്പോൾ അനുഭവിക്കുകയാണ്. കേരളത്തിനും അതിനു കഴിയാതെ പോയാൽ ഇന്ന് നാം അഭിമാനം കൊള്ളുന്ന മേന്മകളും നന്മകളും പഴങ്കഥയാകും.
ഭരണകൂടങ്ങളുടെ അവഗണനമൂലം  സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം നിൽക്കുന്ന കേരളത്തിലെ ചെറിയ ആദിവാസിസമൂഹത്തിൽനിന്നു ആദ്യമായി ഐ.എ.എസിൽ സ്ഥാനം നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട്ട് അസിസ്​റ്റൻറ്​ കലക്ടറായി നിയമിതയായെന്ന വാർത്തയോടുള്ള ചില മ്ലേച്ഛമനസ്സുകളുടെ പ്രതികരണമാണ് ഈ വിഷയം ഉയർത്താൻ എന്നെ പ്രേരിപ്പിക്കുന്നത്. കൂടുതൽ അനുകൂല സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന അനേകായിരങ്ങളെ മറികടന്നാണ് അഖിലേന്ത്യ സർവിസുകളിലേക്കുള്ള കഴിഞ്ഞ കൊല്ലത്തെ മത്സരപ്പരീക്ഷയിൽ ശ്രീധന്യ 410 ാം റാങ്ക് നേടിയത്. വലിയ ഗമയില്ലാത്ത ഏതെങ്കിലും  സർവിസിൽ ഒതുങ്ങുമായിരുന്ന ശ്രീധന്യക്ക് ഐ.എ.എസിൽ ഇടംകിട്ടിയത് സംവരണം മൂലമാണ്. ഇത്തരം നടപടികളിലൂടെയാണ് പ്രബുദ്ധസമൂഹങ്ങൾ അസമത്വങ്ങൾക്കിടയിലും  നീതി  ഉറപ്പാക്കുന്നത്.

ശ്രീധന്യയുടെ  ഐ.എ.എസ്‌ പ്രവേശനം കേരളീയർ മാത്രമല്ല, സാമൂഹികനീതിയിൽ വിശ്വസിക്കുന്ന രാജ്യത്തെ എല്ലാ വിഭാഗങ്ങളും സ്വാഗതംചെയ്തു. കോഴിക്കോട്ടെ പോസ്​റ്റിങ്ങും നല്ല പ്രതികരണം ഉളവാക്കി. അപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ അപശബ്​ദങ്ങൾ ഉയർന്നത്. ചില മനസ്സുകളിലെ അസ്വസ്ഥത അധിക്ഷേപരൂപത്തിൽ പുറത്തുവന്നു. ഈ എതിർശബ്​ദങ്ങൾ ശ്രീധന്യ എന്ന വ്യക്തിക്കെതിരെയല്ല. സാമൂഹികനീതിക്കെതിരായ ശബ്​ദങ്ങളാണ്. നൂറ്റാണ്ടുകളായി നടമാടുന്ന അനീതി അനന്തമായി തുടരണമെന്ന് ആഗ്രഹിക്കുന്ന അൽപമനസ്സുകളുടെ ശബ്​ദങ്ങളാണ്​. അതിൽ വംശീയതയുടെ കുടിപ്പകയുണ്ട്. അതാകട്ടെ, സിന്ധുതട സംസ്‌കാരത്തി​​െൻറ കാലത്ത് തുടങ്ങിയതാകാം.

ശ്രീധന്യക്കെതിരെ വിഷം ചീറ്റുന്നവരാരും ആ യുവതി പരീക്ഷ എഴുതിയിരുന്നില്ലെങ്കിൽ അവർ നേടിയ ജോലി തട്ടിയെടുക്കാൻ കഴിയുമായിരുന്നവരല്ല. അവർ സ്വാംശീകരിച്ച, വർണവ്യവസ്ഥയിൽ അധിഷ്ഠിതമായ വിവേചനമാണ്  അവരുടെ  വാക്കുകളിലൂടെ ഒഴുകിയെത്തുന്നത്.
ആർ.എസ്.എസ്​ ഭാഷയിൽ ഗോത്രവർഗങ്ങൾ വനവാസികളാണ്. അവർ കാടുകളിൽ പൊട്ടിമുളച്ചവരല്ല. ആദിവാസി എന്ന വാക്കിൽനിന്ന് വ്യക്തമാകുന്നതുപോലെ അവർ ഈ ഭൂമുഖത്തെ ആദ്യ താമസക്കാരാണ്. അതായത്, മറ്റു ജനവിഭാഗങ്ങൾക്കു മുമ്പേ കുടിയേറിയവർ. പിന്നീട് വന്ന, അധിനിവേശസ്വഭാവമുള്ള കുടിയേറ്റക്കാരുടെ സമ്മർദത്തിൽ കാടുകളിലേക്ക് പിൻവാങ്ങാൻ നിർബന്ധിതരായവരാണവർ.

ഭൂഗോളത്തിലൂടെ മനുഷ്യർ നീങ്ങിയ പാതകൾ ശാസ്ത്രീയപഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലെ അനാര്യവിഭാഗങ്ങളുടെ പ്രാചീനത മനസ്സിലാക്കാൻ ശാസ്ത്രങ്ങൾ വേണ്ട. ആര്യന്മാരുടെ ആദികൃതിയായ ഋഗ്വേദം പഠിച്ചാൽ മതി. കന്നുകാലികളെ മേച്ചുനടന്ന ആ ജനത ഇവിടെ വരുമ്പോൾ നഗരവാസികൾ ഇവിടെ ഉണ്ടായിരുന്നു. പുരങ്ങളിൽ താമസിക്കുന്ന അവരുടെ പശുക്കളെ പിടിച്ച് തങ്ങൾക്കുതരണമേ എന്നതായിരുന്നു  ഇന്ദ്രനോടുള്ള അവരുടെ ഒരു പ്രാർഥന. ആ പ്രാർഥന സഫലീകരിച്ചപ്പോൾ അവർ ഇന്ദ്രനെ പുരന്ധരനായി (പുരത്തെ നശിപ്പിച്ചവൻ) വാഴ്ത്തി. ദേവതകളെ പ്രീതിപ്പെടുത്താൻ യാഗങ്ങൾ നടത്തിയിരുന്ന അവർ പിന്നീട് അവർക്കുമുന്നേ വന്നവരുടെ പൂജാരീതികൾ പഠിച്ച്‌  പൂജാരിമാരെന്ന നിലയിൽ അവരുടെ മേൽ ആധിപത്യം സ്ഥാപിച്ചു. കാലക്രമത്തിൽ അവർ സ്വന്തം ദേവതകളെ വേദഗ്രന്ഥത്തിൽ ഉപേക്ഷിച്ചിട്ട്  ഇതരവിഭാഗങ്ങളുടെ ദേവീദേവന്മാരുടെ ഉപാസകരായി മാറിയെന്നത് മറ്റൊരു കഥ. അധിനിവേശചരിത്രത്തിന്  മറയിടാനാണ്‌  ആദിവാസിയെ വനവാസിയാക്കുന്നത്.  സംബന്ധം പോലുള്ള ആചാരങ്ങളിലൂടെ ജാതിവ്യവസ്ഥയിൽ സ്വന്തം ഇടം  മെച്ചപ്പെടുത്തിയവരും അസമത്വം വരിച്ചു കേമന്മാരാകാമെന്ന്‌  കരുതുന്നവരും വനവാസം പോലുള്ള അസംബന്ധങ്ങൾ ഏറ്റെടുക്കുന്നത് പരിഹാസ്യമാണ്‌.

ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ജാതിപരമോ പദവിപരമോ ആയ  അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്ന മറ്റ്  ചിലരെ കുറിച്ചും പറയാതെ വയ്യ. ആലത്തൂർ സംവരണ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ കൊല്ലം വൻ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  രമ്യ ഹരിദാസ് ആണ്‌ ഒരാൾ. സി.പി.എമ്മിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ, മുൻ സഭയിൽ  സാമാന്യം നല്ല പ്രകടനം കാഴ്ചവെച്ച പി.കെ. ബിജുവിനെ പരാജയപ്പെടുത്തിയതിന്  പാർട്ടി നേതാക്കൾ അവർക്ക്  ഇതുവരെ മാപ്പ് കൊടുത്തിട്ടില്ല.

രമ്യ ഹരിദാസി​​െൻറ വിജയത്തിന് വലിയ സാമൂഹികപ്രാധാന്യമുണ്ടായിരുന്നു. ഭരണഘടനയുണ്ടാക്കിയ സഭയിലെ ഏക ദലിത് വനിത അംഗം കേരളത്തിൽനിന്നുള്ള ദാക്ഷായണി വേലായുധൻ ആയിരുന്നു. ദാക്ഷായണിക്കുശേഷം  കേരളത്തിൽ നിന്ന് ഒരു ദലിത് വനിത പാർലമ​െൻറിലെത്തിയത് രണ്ടു പതിറ്റാണ്ടിനു ശേഷം ഭാർഗവി തങ്കപ്പൻ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. മൂന്നാമത്തെ ദലിത് വനിത എത്താൻ പിന്നെയും അര നൂറ്റാണ്ടോളം വേണ്ടി വന്നത് രാഷ്​ട്രീയകേരളത്തി​​െൻറ തിരിഞ്ഞുനടത്തത്തിന്  ആക്കം കൂടിയതുകൊണ്ടാണ്.

അധിക്ഷേപത്തിന് വിധേയയായ മറ്റൊരാൾ നീണ്ട പാരമ്പര്യമുള്ള സി.പി.എം നേതാവും മത്സ്യബന്ധനവും കശുവണ്ടി വ്യവസായവും ഉൾപ്പെടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ്.  ചില സാമൂഹികവിരുദ്ധരുടെ കണ്ണിൽ അവർ അണ്ടിയാപ്പീസിൽ പണിയെടുക്കേണ്ടവളാണ്.

രമ്യ ഹരിദാസും മേഴ്സിക്കുട്ടിയമ്മയും  വ്യത്യസ്ത രാഷ്​ട്രീയധാരകളിൽ പെട്ടവരാണ്. അവരെ അധിക്ഷേപിക്കാനെത്തുന്നവർ പ്രധാനമായും വിപരീതധാരകളിൽ പെടുന്നവരാണ്‌. രാഷ്​ട്രീയനേതാക്കളെന്ന നിലയിൽ ഇരുവരും വിമർശനം ഏറ്റുവാങ്ങാൻ  ബാധ്യസ്ഥരാണ്.  പക്ഷേ, അവർ നേരിടുന്നത് രാഷ്​ട്രീയവിമർശനമല്ല,  അധിക്ഷേപമാണ്.

കേരള രാഷ്​ട്രീയത്തിലെ  ജാത്യാധിക്ഷേപഘട്ടം തുടങ്ങിയത് നവോത്ഥാനത്തിൽ നിന്നുള്ള തിരിച്ചുനടത്തം തുടങ്ങിയ ‘വിമോചനസമര’ കാലത്താണ്.  അന്ന് കുന്തമുന നീണ്ടത്‍ കെ.ആർ. ഗൗരിയമ്മക്കുനേരെയായിരുന്നു. അക്കാലത്ത് ‌  പുറത്തുനിന്ന് കേട്ട അധിക്ഷേപവാക്കുകൾ ഗൗരിയമ്മ പിന്നീട് പാർട്ടിക്കുള്ളിലും കേട്ടതായി  പറയപ്പെടുന്നു. അടുത്ത കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേട്ട ജാത്യാധിക്ഷേപം അതി​​െൻറ തുടർച്ച തന്നെയല്ലേ?
സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ ശ്രദ്ധിക്കുമ്പോൾ ഒരുകാര്യം വ്യക്തമാകും. തങ്ങളുടെ കൂട്ടത്തിലുള്ള  പുരുഷന്മാർക്കു നേരേയുണ്ടാകാത്ത തരത്തിലുള്ള   കടന്നാക്രമണങ്ങളാണ് സ്ത്രീകൾ നേരിടുന്നത്. ഇത് യാദൃച്ഛികമല്ല. അതിൽ പുരുഷാധിപത്യ മനോഭാവം പ്രതിഫലിക്കുന്നു.  പെണ്ണുങ്ങളെ വെച്ചുള്ള പൗരാണിക ചൂതുകളിയുടെ ഈ സൈബർരൂപം അവസാനിപ്പിക്കാനുള്ള സാംസ്കാരിക അവബോധം രാഷ്​ട്രീയ കക്ഷികൾ പ്രകടിപ്പിക്കണം.

Tags:    
News Summary - cast attack in kerala-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.