നമുക്കു ചുറ്റുമുള്ള ജന്തുലോകത്തിൽ ഏറ്റവും ദുർബലമായ പ്രാണിയാവണം കൊതുക്. ശരീരത്തിൽ വന്നണയുന്ന കൊതുകിനെ ഒരു വിരൽ ക്ഷതംകൊണ്ട് കൊല്ലാനാവും മനുഷ്യന്. എന്നിട്ടും വികസ്വര രാജ്യങ്ങളിലെമ്പാടും ഏറ്റവും കൂടുതൽ മനുഷ്യമരണങ്ങൾ നടക്കുന്നത് ഇപ്പോൾ കൊതുകുകടി മൂലമാണ്. 20ാം നൂറ്റാണ്ടിെൻറ ഉത്തരാർധം മുതലുള്ള കാലം പരിശോധിച്ചാൽ ദശലക്ഷത്തിലധികം പേർ കൊതുകു പരത്തുന്ന രോഗങ്ങളാൽ മരിച്ചു. പല യുദ്ധകാല കെടുതികളെക്കാൾ രൂക്ഷമാണിത്.
കൊതുകുകൾ വിവിധതരം രോഗാണുക്കളുടെ വാഹകർ മാത്രമാണെന്നും രോഗാണുവിനെ പ്രതിരോധിക്കാനായാൽ പ്രശ്നത്തിന് പരിഹാരമാകും എന്നും ചിന്തിക്കുന്നവരുണ്ട്. അത്ര ലളിതമല്ല കാര്യങ്ങൾ: സാഹചര്യത്തിനൊത്ത ജനിതകമാറ്റം സാധിക്കുന്ന വൈറസുകളെ പൂർണമായും പ്രതിരോധിക്കുക എളുപ്പമല്ല. കൊതുകുകളെ നിയന്ത്രിക്കുകയും വൈറസുകളെ നിർവീര്യമാക്കുകയും ഒപ്പം നടക്കേണ്ട ആരോഗ്യക്ഷേമ പദ്ധതികളാണ്. കൊതുകുകളുടെ ജൈവപരവും പാരിസ്ഥിതികവുമായ പഠനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുന്നതിന് അത്യാവശ്യവുമാണ്. പലേടത്തായി പരന്നുകിടക്കുന്ന അറിവുകൾ ഒന്നിച്ചുകൊണ്ടുവന്നാൽ മാത്രമേ പോരായ്മകളെ കുറിച്ചുള്ള അന്വേഷണം സാധ്യമാകൂ.
കൊതുകുകൾ രോഗാണുവാഹകർ എന്ന് കാണുന്നതിനു പകരം അവർ സർവനാശത്തിനുതകുന്ന ആയുധങ്ങളുമായി വരുന്ന ശത്രുവായി കണ്ടുതുടങ്ങണം. ഓരോ വർഷവും ആയിരത്തിലധികം പേരെ കൊല്ലുന്നത് നിസ്സാരമല്ലല്ലോ. മാത്രമല്ല, കൊതുകുജന്യ രോഗങ്ങളുടെ രീതി ശ്രദ്ധിച്ചാൽ ഓളങ്ങളും വേലിയേറ്റങ്ങളും ഉള്ളതായി കാണാനാകും. ചില വർഷങ്ങളിൽ ചികുൻഗുനിയ വ്യാപിക്കുകയും മറ്റു വർഷങ്ങളിൽ നാമമാത്രമായി നിലനിൽക്കുകയും ചെയ്യും. ഡെങ്കി വൈറസ് നാലു വിധമുണ്ട്. ഒാരോ കാലത്തും ഏതെങ്കിലും പ്രത്യേക വൈറസാണ് പടർന്നുപിടിക്കുന്നത്. ഡെങ്കി വൈറസ് കൊതുകുകളിൽ ജനിതകമാറ്റം സൃഷ്ടിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഏതാണ്ട് 140 ജീനുകളിൽ വ്യതിയാനമുണ്ടാക്കുകവഴി കൊതുകിനു രക്തത്തിനോടുള്ള ആസക്തിയും കടിക്കാനുള്ള നൈപുണ്യവും വർധിക്കും. വൈറസിലും കാലാകാലങ്ങളിൽ പരിവർത്തനമുണ്ടാകുന്നത് കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും കണ്ടിട്ടുണ്ട്.
വൈറസുകളിലെ പരിവർത്തനവും കൊതുകുകളിലെ ജനിതകമാറ്റങ്ങളും പഠിക്കുക ഇന്ത്യയിൽ എളുപ്പമല്ല. മുൻകാല ഗവേഷണത്തിെൻറ അഭാവവും ജീൻ മാർക്കറുകൾ പഠിക്കാനാവശ്യമുള്ള ടെക്നോളജിയുടെ ദൗർലഭ്യവുമാണ് കാരണങ്ങൾ. രാഷ്ട്രീയ നിലപാടുകൾ, ബ്യൂറോക്രസിയുടെ നിയന്ത്രണം, ഗവേഷകരുടെയും വിഭവങ്ങളുടെയും ലഭ്യത എന്നിവയിലുള്ള അസന്തുലിതാവസ്ഥയാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
15 ജനുസ്സുകളിൽ 118 സ്പീഷീസ് കൊതുകുകൾ കേരളത്തിൽ ജീവിക്കുന്നു. ഇപ്പോൾ നിലവിലുള്ള രോഗങ്ങൾ മാത്രമല്ല, ആഫ്രിക്കയിലും അമേരിക്കയിലും കാണുന്ന പുതിയ രോഗങ്ങളും പ്രചരിപ്പിക്കാൻ കഴിവുള്ള ഇനം കൊതുക് നമുക്കുണ്ട്. 2003 മുതൽ നടന്ന പഠനങ്ങളിൽ കൊതുകുജന്യ രോഗവും റബർ പ്ലാേൻറഷനും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലും തായ്ലൻഡിലും നടത്തിയ പഠനങ്ങളിൽ കണ്ടത് പ്ലാേൻറഷനുകൾ കൊതുകുകളുടെ വംശവർധനപേടകമായി പ്രവർത്തിക്കുന്നതായാണ്. ജൂലി-^ആൻ റ്റാംഗേണയുടെ പഠനത്തിലും സമാനമായ തെളിവുകളുണ്ടായി. റബർ പ്ലാേൻറഷനുകൾ കൃത്രിമവനമായി പ്രവർത്തിക്കുന്നു. അതിലെ ഊഷ്മാവ്, ബാഷ്പീകരണം, വെള്ളക്കെട്ടുകൾ, വർഷകാലത്തെ മണ്ണിെൻറ അവസ്ഥ എന്നിവ കൊതുകുവർധനക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. പഠനം നടന്ന തെക്കുകിഴക്കേഷ്യയിൽ ഉദ്ദേശം 60 ലക്ഷം തൊഴിലാളികൾ പ്ലാേൻറഷനിൽ പണിയെടുക്കുന്നു. ഇതിൽ ബഹുഭൂരിപക്ഷം പേരും സ്വന്തം ഗ്രാമത്തിൽ നിന്നകന്നു പണിയെടുക്കുന്നവരോ കുടിയേറ്റ തൊഴിലാളികളോ ആയിരിക്കും. പ്ലാേൻറഷനിൽ വെച്ച് രോഗം വന്നാൽ ഇവർ സ്വന്തം നാട്ടിലും സമൂഹത്തിലും കൊണ്ടെത്തിക്കുകയും അതുവഴി മറ്റുപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.
കാലാവസ്ഥമാറ്റത്തിന് കൊതുകുജന്യ രോഗങ്ങളുമായി ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചു പൂർണജ്ഞാനം ഇപ്പോഴില്ല. ചെറിയതോതിൽ ചൂടുകൂടിയാൽ മലേറിയ വർധിക്കുമെന്നും അമിതമായ ചൂട് മലേറിയ കുറയാനും കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഡെങ്കി എന്നാൽ അങ്ങനെയല്ല. ഹോണ്ടുറസ്, നികരാഗ്വ എന്നീ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ചു കാലാവസ്ഥമാറ്റം വലിയതോതിൽ ഡെങ്കി വർധിപ്പിക്കും. 2080 ആകുമ്പോൾ അന്ന് ജീവിക്കുന്ന പകുതിയോളം പേർക്ക് ഡെങ്കി സാധ്യതയുണ്ടാകും. കാലാവസ്ഥമാറ്റം ഇല്ലാതിരുന്നെങ്കിൽ റിസ്ക് ഇതിൽ പകുതിയായി ചുരുങ്ങുമായിരുന്നു.
പുതിയ കൊതുകുജന്യ രോഗങ്ങൾ അവതരിക്കുകയും (ഉദാഹരണം: സിക) പഴയവ പുനരവതരിക്കുകയും ചെയ്യും. പഴയ രോഗങ്ങളിൽ ചികുൻഗുനിയ, ഡെങ്കി എന്നിവയാണ് പ്രധാനം. ഡെങ്കി ചിലപ്പോൾ രക്തസ്രാവമുണ്ടാക്കാം. ശ്രദ്ധാപൂർവമുള്ള ചികിത്സ ലഭിച്ചാൽ ഈ രോഗാവസ്ഥയിൽ മരണനിരക്ക് ഒരു ശതമാനവും ചികിത്സ ലഭിച്ചില്ലെങ്കിൽ 20 ശതമാനവും ആയിരിക്കും. ഇപ്പോൾ ആഗോളതലത്തിൽ ശരാശരി മരണനിരക്ക് അഞ്ചു ശതമാനമാണ്. മരണപ്പെടുന്നതിൽ കൂടുതലും 14 വയസ്സിൽ താഴെയുള്ള കുട്ടികളായതിനാൽ രോഗപ്രതിരോധം അതിപ്രധാനമാണ്. അടുത്തിടെയൊന്നും വാക്സിൻ ഉണ്ടാകാനുള്ള സാധ്യതയുമില്ല എന്നതിനാൽ പകർച്ച തടയാൻ മറ്റു മാർഗങ്ങൾ തേടുകയേ നിർവാഹമുള്ളൂ.
നിലവിലുള്ള മാർഗങ്ങൾ കൊതുകുനിവാരണം സാധ്യമാക്കിയില്ല. അവലംബിച്ച മാർഗങ്ങൾ നിലവിലുള്ളപ്പോൾ തന്നെയാണ് ചികുൻഗുനിയയും ഡെങ്കിയും ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്നതും ആവർത്തിച്ച് പടർന്നുപിടിക്കുന്നതും. അതിനാൽ കൊതുകു നിയന്ത്രണത്തിന് പുതിയ സംവിധാനങ്ങൾ വേണം. നവീന ടെക്നോളജി ഉപയോഗിച്ച് ഇത് സാധ്യമാക്കാവുന്നതേയുള്ളൂ. ഉൽപാദനശേഷി നിർവീര്യമാക്കിയ ആൺകൊതുകുകളെ കൊതുകുസമൂഹത്തിലേക്കു തുറന്നുവിടുക എന്നതാണ് ഒരു രീതി. ഈ നപുംസക കൊതുകുകൾ പെൺകൊതുകുകൾക്കായുള്ള മത്സരത്തിൽ പരാജയപ്പെടുന്നതിനാൽ പരീക്ഷണത്തിന് പലപ്പോഴും വിജയം ഉറപ്പിക്കാനായില്ല. ഇപ്പോൾ പ്രതീക്ഷ നൽകുന്നത് ജനിതകമാറ്റം വരുത്തിയ ആൺകൊതുകുകളെ സൃഷ്ടിക്കുകയെന്നതാണ്. നശിപ്പിക്കാൻ ത്രാണിയുള്ള ഒരു ജീൻ കയറ്റിയ ആൺകൊതുകിനെ വികസിപ്പിച്ചെടുക്കുന്നു. ഇത് പേന കൊതുകുമായി ഇണചേരുകയും തുടർന്നുണ്ടാകുന്ന ലാർവ വികസിക്കാതെ ചാവുകയും ചെയ്യും. ഒരു ജീൻ ടെക്നോളജി ആയതിനാൽ പുതിയ കൊതുകിനം വികസിപ്പിക്കുന്നതിന് സുസജ്ജമായ ഗവേഷണ സംരംഭം ആവശ്യമാണ്. വളരെ ചെലവുള്ള പദ്ധതിയാണിതെന്നു തോന്നാമെങ്കിലും തുടങ്ങിക്കഴിഞ്ഞാൽ ക്രമേണ ലാഭകരമാകാവുന്ന പ്രോജക്ടായി വിദഗ്ധരിപ്പോൾ കരുതുന്നു.
ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന മഴക്കാലപൂർവ ശുചീകരണവും ബോധവത്കരണവും പരസ്യങ്ങളും ഫലവത്താകാനിടയില്ല. ഡെങ്കിയും ചികുൻഗുനിയയും ഒന്നോ രണ്ടോ വർഷം കുറഞ്ഞിരുന്നാൽ ആരോഗ്യപദ്ധതി വിജയിച്ചു എന്നും പറയാനാവില്ല. കാരണം, ചാക്രിക രീതിയുള്ള രോഗങ്ങൾ ഒതുങ്ങിയിരുന്നത്തിനുശേഷം പൂർവാധികം ശക്തിയോടെ തിരിച്ചുവരാം. കേരളത്തിലെ നഗരവത്കരണം, പ്ലാേൻറഷനുകളിലെ അവസ്ഥ, കുടിയേറ്റ തൊഴിലാളികളുടെ ജീവിതശൈലി, ഭൂമി ഉപയോഗിക്കുന്ന രീതികൾ എന്നിവയിൽ ഗൗരവമായ അക്കാദമിക് പഠനങ്ങൾ ഉണ്ടാകണം. പല മേഖലകളിലായി പടർന്നുകിടക്കുന്ന അറിവുകൾ പ്രായോഗികതലത്തിലെത്തിക്കാനുള്ള ശ്രമം അത്യാവശ്യമായിരിക്കുന്നു. നാം സർക്കാറിൽനിന്നു പ്രതീക്ഷിക്കുന്നത് നിലവാരമുള്ള ഗവേഷണത്തിലും നവീന ടെക്നോളജിയിലും കൂടുതൽ പണം നിക്ഷേപിക്കും എന്നത്രെ.അല്ലെങ്കിൽ നമുക്കുചെയ്യാനാകുന്നത് ഇത്രമാത്രം. കൊതുകിനോട് അപേക്ഷിക്കാം: പ്ലീസ്, ഇനി ഞങ്ങളെ കടിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.