ലോകമെമ്പാടും അടിസ്ഥാന ആരോഗ്യ പരിരക്ഷ പ്രതിസന്ധിയിലാണ് എന്നുവേണം കരുതാൻ. 1978ലെ ആൾ മ ആറ്റ (ഇപ്പോൾ ആൾമാറ്റി) പ്രഖ്യാപനത്തിെൻറ 40ാം വർഷത്തിൽ പ്രഖ്യാപനത്തിലെ ലക്ഷ്യങ്ങൾ നേടാനായില്ല എന്ന ബോധമാണ് ലോകനേതാക്കളെ ഒരിക്കൽകൂടി സമ്മേളിക്കാനും ചരിത്രം കുറിക ്കുന്ന അസ്താന പ്രഖ്യാപനത്തിൽ (2018) ഒപ്പുവെക്കാനും പ്രേരിപ്പിച്ചത്.
നിലവിൽ കസാഖ് സ്താൻ എന്ന രാജ്യത്തിെൻറ തലസ്ഥാനമാണ് അസ്താന. അവിടെയാണ് ഐക്യരാഷ്ട്രസഭയുടെ താ ൽപര്യത്തോടെ ലോകാരോഗ്യസംഘടനയും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് പൊതുജനാരോഗ്യ സേവ നങ്ങളെക്കുറിച്ച പുനരവലോകനത്തിന് ഒത്തുചേർന്നത്. എല്ലാ രാജ്യങ്ങളുടെയും പ്രതിനിധ ികൾ അവിടെ എത്തിയിരുന്നു. ആ നിലക്ക് അവിടെ കൈക്കൊണ്ട തീരുമാനങ്ങൾ കാലക്രമത്തിൽ ഐക്യ രാഷ്ട്ര സമിതിയും അംഗരാജ്യങ്ങളും സ്വീകരിക്കുമെന്നും പ്രാവർത്തികമാക്കുമെന്നും കര ുതാം. ഒക്ടോബർ 25, 26 തീയതികളിലാണ് അസ്താന സമ്മേളനം നടന്നത്. മൂന്നുമാസത്തിനുള്ളിൽതന ്നെ അസ്താന പ്രഖ്യാപനം എന്നറിയപ്പെടുന്ന രേഖ വ്യാപകമായ ശ്രദ്ധ ആകർഷിക്കുകയുണ്ടായ ി. വിശാലതലത്തിൽ ഇപ്പോഴും ലോകത്തെമ്പാടും, വിശിഷ്യാ, വികസ്വര രാജ്യങ്ങളിൽ, ഇതിന്മേൽ ചർ ച്ച തുടർന്നുകൊണ്ടിരിക്കുന്നു. പ്രാഥമികാരോഗ്യ പരിരക്ഷയെ സംബന്ധിക്കുന്ന പുതിയ കാഴ ്ചപ്പാട് എന്ന നിലക്ക് ഇനി വരുംകാലത്ത് നമ്മുടെ ആരോഗ്യമേഖലയിലെ ആസൂത്രണം, നിക്ഷേപം, വ ികസനം, പരിഷ്കാരം എന്നിവ ചർച്ചചെയ്യേണ്ടതുണ്ട്. കേരളം ആരോഗ്യത്തിൽ മുന്നിലാണ്, നാം പലതും കൈവരിച്ചിരിക്കുന്നു എന്ന നിലപാടിലേക്ക് ചുരുങ്ങാൻ അസ്താന രേഖ അനുവദിക്കുന്നില്ല.
ആരോഗ്യരംഗത്തെ വ്യാപകമായ പരിഷ്കാരങ്ങൾക്കും, ആസൂത്രണത്തിനും അവസരമൊരുക്കുന്നു എന്നതുമാത്രമല്ല പ്രഖ്യാപനം മുന്നോട്ടുവെക്കുന്ന ആശയം. ജനാധിപത്യ സമൂഹത്തിൽ ആരോഗ്യം മൗലികമായ അവകാശമാണെന്നും ആരോഗ്യസേവനങ്ങളുടെ പ്രാപ്യത ഉറപ്പാക്കേണ്ടത് സർക്കാറിെൻറ കടമയാണെന്നും അസ്താന നമ്മെ ഓർമിപ്പിക്കുന്നു. ഈ ഓർമപുതുക്കലുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങൾ സർക്കാർ ഉറപ്പാക്കണമെന്ന് പറയുന്ന രേഖ, മാറ്റങ്ങൾ ചോദിച്ചുവാങ്ങാൻ കെൽപുള്ള സമൂഹം വളർത്തിയെടുക്കാൻ വേണ്ട മാനദണ്ഡങ്ങളും മുന്നോട്ടുവെക്കുന്നു.
‘ദ ലാൻസെറ്റ്’ എന്ന പ്രസിദ്ധീകരണം സാർവത്രിക ആരോഗ്യ പരിരക്ഷ ഗുണനിലവാരത്തകർച്ച നേരിടുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് പൊതുജനാരോഗ്യത്തെ സ്വാധീനിക്കുന്നത് എന്ന് പഠിക്കുകയുണ്ടായി. ക്രൂക്, ഗേജ് തുടങ്ങിയവർ (സെപ്റ്റംബർ, 2018) നടത്തിയ പഠനം 137 വികസ്വര രാജ്യങ്ങളിൽ സംഭവിക്കുന്നതെന്ത് എന്ന് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. അസ്താന സമ്മേളനം നടക്കുന്നതിന് ഒരു മാസം മുമ്പ് മാത്രം പുറത്തുവന്ന ഈ പ്രബന്ധം പുതിയ മാറ്റങ്ങളുടെ അനിവാര്യത എന്തെന്ന് വ്യക്തമാക്കുന്നു. ശക്തമായ ആരോഗ്യസേവനം ഉറപ്പാക്കിയിട്ടുള്ള രാജ്യങ്ങളെ അപേക്ഷിച്ച്, വികസ്വര രാജ്യങ്ങളിൽ 86 ലക്ഷം മരണങ്ങൾ അധികമായി ഉണ്ടാകുന്നു. ഇത് ആരോഗ്യസേവനം ഇല്ലാത്തതിനാലോ, യഥാസമയം ലഭ്യമാകാത്തതിനാലോ ആകാം. മരണത്തിെൻറ കണക്കുമാത്രമാണിത്; രോഗപരിചരണം ഇതിൽ പെടില്ല.
ആരോഗ്യ പരിരക്ഷ
പഠനം കണ്ടെത്തിയ രസകരമായ മറ്റൊരു കാര്യമുണ്ട്. ആരോഗ്യ സേവനം ദുർബലമെന്നു കണ്ടാൽ നമ്മുടെ മനസ്സിൽ തോന്നുന്ന പരിഹാരങ്ങളുണ്ട്: ആരോഗ്യ സേവനം കൂടുതൽ മേഖലകളിലേക്ക് വികസിപ്പിക്കുക, ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക. ഇത് രണ്ടും ഇന്ത്യയുൾപ്പെടെ പല വികസ്വര രാജ്യങ്ങളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഇൻഷുറൻസ് സേവനം സാമൂഹികാരോഗ്യം മെച്ചപ്പെടുത്തണം എന്നില്ല. ഒമ്പതു രാജ്യങ്ങളിൽ ഇക്കാര്യം പഠിക്കുകയുണ്ടായി; എന്നാൽ ചൈന, ബ്രസീൽ, വിയറ്റ്നാം എന്നീ മൂന്നിടത്തുമാത്രമാണ് ഗുണകരമായ മാറ്റം കാണാനായത്. പല ഘടകങ്ങൾ ഇതിനു പിന്നിലുണ്ടാകാം. നിലവാരമില്ലാത്ത ആരോഗ്യ സേവനങ്ങളോ, ദുർലഭമായ സേവനങ്ങളോ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാം. മറ്റൊന്ന്, ആരോഗ്യ സേവനങ്ങൾ വികസിപ്പിച്ചാൽ എന്ത് സംഭവിക്കും എന്ന കാര്യമാണ്. പതിമൂന്നു വർഷം മുമ്പ് ജനനി സുരക്ഷ യോജന എന്ന പദ്ധതി ഇന്ത്യ നടപ്പാക്കി. ഗർഭിണികളെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. പദ്ധതി ഏതാണ്ട് അഞ്ചു കോടി സ്ത്രീകളിലേക്ക് വ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുകയും അവിടെ പ്രസവിക്കുകയും ചെയ്യുന്നു; എന്നാൽ, മാതൃമരണ നിരക്കോ ശിശുമരണ നിരക്കോ കുറഞ്ഞതായി രേഖകൾ കാണിക്കുന്നില്ല. ഇവിടെയും സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനാവാത്തതാണ് പ്രശ്നകാരണം.
‘ദ ലാൻസെറ്റ്’ തന്നെ ഒക്ടോബർ 20ന് (2018) ഭാവി പ്രാഥമികാരോഗ്യ പരിരക്ഷാസങ്കൽപത്തിൽ അസ്താന പ്രഖ്യാപനം നൽകുന്ന പ്രത്യാശ എന്നൊരു ലേഖനവും പ്രസിദ്ധപ്പെടുത്തി. പ്രഖ്യാപനമുണ്ടാകുന്നതിന് കേവലം ഒരാഴ്ച മുേമ്പ പ്രസിദ്ധീകരിച്ചതായതിനാൽ അസ്താന ആശയങ്ങളെ പഠിക്കാനും ഉൾക്കൊള്ളാനും ഇതുപകരിക്കും. ലാൻസെറ്റിെൻറ അഭിപ്രായത്തിൽ ഒരാളിെൻറ ജീവിത കാലഘട്ടത്തിൽ ഉണ്ടാകാവുന്ന 80 - 90 ശതമാനം വരെ രോഗാവസ്ഥകൾ ഫലപ്രദമായ പ്രാഥമികാരോഗ്യ സംവിധാനങ്ങളിലൂടെ സാക്ഷാത്കരിക്കാവുന്നതാണ്. പ്രസവം, രോഗപ്രതിരോധം, ദീർഘകാല രോഗങ്ങളുടെ പ്രതിവിധി, സാന്ത്വന ചികിത്സ എന്നിവയൊക്കെ അടിസ്ഥാന ആരോഗ്യസേവനങ്ങളിൽ പെടുത്താവുന്നതാണ്. ആരോഗ്യ സേവനങ്ങളെ ബഹുമുഖ സേവനങ്ങളാക്കുന്നതും, സേവനദാതാക്കളിൽ ഉയർന്ന നൈപുണ്യം ഉറപ്പാക്കുന്നതും രാജ്യങ്ങളിൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കും.
അസ്താന പ്രഖ്യാപനം നൂതനമായ അനേകം സങ്കൽപങ്ങൾ മുന്നോട്ടുവെക്കുന്നു. ഏറ്റവും മെച്ചപ്പെട്ട ആരോഗ്യം മൗലികമായ അവകാശമാണെന്നും, സാർവത്രികമായ ആരോഗ്യപരിപാലനം പ്രാഥമികാരോഗ്യ പരിരക്ഷയിലൂടെ മാത്രമേ നടപ്പാക്കാനാകൂ എന്നും അസ്താനയും അടിവരയിട്ടു പറയുന്നു. ആരോഗ്യരംഗത്തെ പുരോഗതി അംഗീകരിക്കുമ്പോൾതന്നെ, ആരോഗ്യത്തിലെ അസമത്വങ്ങളും ആരോഗ്യലഭ്യതയിൽ പിന്തള്ളപ്പെട്ടവരും സമൂഹത്തിൽ ഉണ്ട് എന്നത് ആരോഗ്യ നൈതികതയോടുള്ള വെല്ലുവിളികൂടിയാണ്.
കേരളം അടിവരയിട്ടു കാണേണ്ട നിരവധി ഘടകങ്ങൾ അസ്താന പ്രഖ്യാപനം മുന്നോട്ടുവെക്കുന്നുണ്ട്. പ്രാഥമികാരോഗ്യ സേവനങ്ങൾ ആരോഗ്യകേന്ദ്രങ്ങളിലേക്ക് ചുരുങ്ങുന്നവയല്ല. ആരോഗ്യ പ്രോത്സാഹനം, രോഗ പ്രതിരോധം, രോഗ ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിങ്ങനെ അഞ്ചു സേവന മേഖലകൾ സംയോജിച്ചുവേണം ആരോഗ്യസേവനങ്ങൾ നടപ്പാക്കേണ്ടത്.
ഇതിൽ ആരോഗ്യപ്രോത്സാഹനം നടക്കുന്നുണ്ട് എങ്കിലും സുവ്യക്തമായ മാനദണ്ഡങ്ങളോ ഘടനയോ ഉണ്ടായിവന്നിട്ടില്ല. ഭക്ഷണം, വ്യായാമം, ജലം, വായു എന്നിവയുടെ സുരക്ഷിതമായ ഉപയോഗം, സ്പോർട്സ്, മുതിർന്നവർക്കുള്ള ശാരീരികവും മാനസികവുമായ പരിരക്ഷ തുടങ്ങി അനേകം ആരോഗ്യ പോഷകങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടിയിരിക്കുന്നു. ഇതുപോലെയാണ് മുതിർന്നവർക്കും ദീർഘകാല രോഗങ്ങൾ ബാധിച്ചവർക്കും പ്രാഥമികാരോഗ്യ തലത്തിൽതന്നെ പുനരധിവാസ ചികിത്സാപദ്ധതികൾ ആവിഷ്കരിക്കേണ്ടതായുണ്ട്. ഇപ്പോൾ പുനരധിവാസ ചികിത്സ ജില്ല ആശുപത്രികളിലോ, ചില താലൂക്ക് കേന്ദ്രങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്നു. ഇത് പ്രാപ്യതയെയും നിലവാരത്തെയും ഗുണമേന്മയെയും ബാധിക്കും എന്നതിൽ സംശയമില്ല.
പുനരധിവാസ ചികിത്സ
പുനരധിവാസ ചികിത്സ എന്നാൽ ഫിസിയോതെറപ്പി എന്ന ലളിതമായ അർഥമായാണ് പലപ്പോഴും സങ്കൽപിക്കപ്പെടുന്നത്. സാമൂഹികാടിസ്ഥാനത്തിൽ വ്യക്തികളെ കെൽപുള്ളവരാക്കി ജീവിത ശൈലികളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന മാതൃക പ്രാവർത്തികമാക്കുകയാണ് വേണ്ടത്. ഇന്ന് ഇന്ത്യയിൽ വളരെ അനുകൂല സാഹചര്യം ഇതിനുണ്ടായി വരുന്നു. ഉദാഹരണത്തിന്, അംഗപരിമിതിയുള്ളവരുടെ അവകാശനിയമം (2016) പ്രാബല്യത്തിലായ സമയമാണിത്. ഇതനുസരിച്ച് പരിസ്ഥിതി, കെട്ടിടങ്ങൾ, റോഡുകൾ, പൊതു ഇടങ്ങൾ, ഉപകരണങ്ങൾ എന്നിവ അനായാസം കൈകാര്യം ചെയ്യാവുന്ന വിധം ഡിസൈൻ ചെയ്താൽ പുനരധിവാസം സുഗമവും മിതവ്യയാനുകൂലവും ആകും.
കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ശ്രദ്ധപതിയേണ്ട രണ്ടു മേഖലകൾ പുനരധിവാസ ചികിത്സയും സാന്ത്വന പരിചരണവും ആണ്. അസ്താന ആശയംതന്നെ കടമെടുത്താൽ നാലു രീതിയിലാണ് ഇവ നടപ്പാക്കാനുള്ളത്.
ഒന്ന്, ജ്ഞാനസമ്പാദനവും നൈപുണ്യവികസനവും. ഇതിലൂടെ മാത്രമേ ആരോഗ്യപരിരക്ഷ നൈതികതയോടെയും രോഗിയുടെ അന്തസ്സിനു കോട്ടം വരാതെയും പ്രദാനം ചെയ്യും എന്നുറപ്പാക്കാനാകൂ. ജ്ഞാനസമ്പാദനം തുടർച്ചയായി നടക്കേണ്ട പ്രക്രിയയായതിനാൽ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് കാലാകാലങ്ങളിൽ നൈപുണ്യവികസനത്തിനുള്ള അവസരം ഒരുക്കേണ്ടതായിവരും.
രണ്ട്, സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കാനുള്ള പദ്ധതിയും ആവശ്യമായി വരും. ഇതിനു സന്നദ്ധരായുള്ള സേവനദാതാക്കൾ ആരോഗ്യരംഗത്ത് ഉണ്ടായിരിക്കണം. ഇത് സാധ്യമാകണമെങ്കിൽ അവിടെ പ്രവർത്തിക്കുന്നവർക്ക്, അനുയോജ്യമായ സേവന വ്യവസ്ഥകളും ആസൂത്രണത്തിെൻറ ഭാഗമാക്കണം എന്ന് അസ്താന പ്രഖ്യാപനം പറയുന്നു.
മൂന്ന്, സാങ്കേതിക മികവ്. ഏതു രംഗത്തിെൻറയും ദീർഘകാല വിജയം അതിൽ അടങ്ങിയിരിക്കുന്ന ടെക്നോളജി സമയോചിതമാക്കുന്നതിൽനിന്നാണ്. വാക്സിൻ സൂക്ഷിക്കാൻ വേണ്ട വൈദ്യുതി ഉറപ്പാക്കുന്നത് മുതൽ ആരോഗ്യകേന്ദ്രങ്ങളും ജനങ്ങളും സ്പഷലിസ്റ്റ് ആശുപത്രികളും തമ്മിൽ റഫറൽ ബന്ധം സ്ഥാപിക്കുന്നതു വരെയുള്ള കാര്യങ്ങൾ ഇതിൽ പെടും.
നാല്, ധനവിനിയോഗം. പ്രാഥമികാരോഗ്യ സേവനങ്ങൾക്ക് വേണ്ടത്ര ധനം നിക്ഷേപിക്കുന്നത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്. ഫലപ്രദവും കാര്യക്ഷമതയും വേണ്ടത്രയുള്ള സേവനരംഗം ക്രമേണ ഉണ്ടാക്കിക്കൊണ്ടുവരാൻ സർക്കാറും അനുബന്ധ ഏജൻസികളും ഇടപെടേണ്ടത് ആവശ്യമാണ്.
കേരളത്തിനും അസ്താന സ്വപ്നത്തിനൊപ്പം എത്താൻ ഇനിയും പോകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.