ഇന്ത്യ എന്ന ആശയം അതിെൻറ നിലനിൽപിെൻറ ഏറ്റവും സഹനപൂർണമായ ചരിത്രത്തിലേക്ക് പ്ര വേശിച്ചിരിക്കുന്നു. ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയെ നിര്‍വചിക്കാന്‍ കഴിഞ്ഞിരുന്ന അടിസ്ഥാനമൂല്യങ്ങളെ നിർദയം ചവിട്ടിമെതിക്കുന്ന ഒരുകൂട്ടം ആളുകള്‍ അധികാരത്തിലിരുന്ന് ഒരുവശത്ത് സാമ്പത്തികമായും മറുവശത്ത് സാമൂഹികമായും ഇന്ത്യയെ പരിപൂർണ തകര്‍ച്ചയിലേക്ക് കൊണ്ടുപോവുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും കൂടി വിത്തിട്ടു മുളപ്പിച്ചെടുത്ത വെറുപ്പിെൻറ വിഭാഗീയ പ്രത്യയശാസ്ത്രം ദേശരാഷ്ട്രമെന്ന സങ്കൽപത്തില് അടിച്ചേൽപിച്ച് സാമൂഹിക-സാംസ്കാരിക ശിഥിലീകരണത്തിെൻറ ചെങ്കുത്തായ പാതയിലേക്ക് ഇന്ത്യയെ തള്ളിവിടുകയാണ്.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും കേവലം രണ്ടു നിയമപരമായ ഇടപെടലുകളല്ല. മറിച്ച്, എഴുപതുകള്‍ മുതല്‍ ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കും എന്ന് അന്നത്തെ ആർ.എസ്.എസ് തലവന്‍ ബാലസാഹബ് ദേവരസ് പ്രഖ്യാപിച്ച ഹിന്ദുത്വ ദേശീയതയുടെ സാംസ്കാരിക യുക്തിയില്‍ അധിഷ്ഠിതമായ, അടിസ്ഥാനപരമായി മുസ്ലിംവിരുദ്ധമായ രാഷ്ട്രീയ ഇടപെടലാണ്. ഇതിെൻറ ഒരേയൊരു ഉദ്ദേശ്യം സംശയത്തിെൻറയും വിശ്വാസരാഹിത്യത്തിെൻറയും പ്രക്ഷുബ്ധമായ അവസ്ഥയില്‍ മുസ്ലിം സമൂഹത്തെ ഒന്നാകെ നിയമപരമായും പ്രായോഗികമായും അരക്ഷിതരാക്കുക എന്നതാണ്. അതിെൻറ പ്രാഥമിക ചുവടുവെപ്പാണ് പൗരത്വം ചോദ്യംചെയ്യുക എന്നത്. പൗരത്വം എന്നത് ആധുനിക ദേശരാഷ്ട്രത്തിെൻറ സുപ്രധാന ജൈവിക മാനദണ്ഡമാണ്. എല്ലാ ജീവസന്ധാരണവും സാധ്യമാക്കുന്ന സങ്കൽപനമാണ്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത് പൗരത്വത്തിെൻറ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ആര്‍ക്കാണ് പൗരത്വം ഉള്ളത്, ഇല്ലാത്തത് എന്നത് ദേശരാഷ്ട്രം നിരന്തരം ശ്രദ്ധെവക്കുന്ന രാഷ്ട്രീയ പ്രമേയമാണ്. ഭരണഘടന, നീതിന്യായ വ്യവസ്ഥ, നിയമനിർമാണം, നിയമപരിപാലനം, ഇതെല്ലാം ചേര്‍ന്ന ഭരണകൂട സംവിധാനത്തിെൻറ ആത്യന്തികമായ അടയാളവാക്യമാണ് പൗരത്വം. അതിെൻറ ഉറപ്പിലാണ് ആളുകള്‍ ഉറങ്ങുന്നതും ഉണരുന്നതും. അതിെൻറ മേല്‍ സംശയം സൃഷ്ടിക്കുക എന്നുപറഞ്ഞാല്‍ അടിസ്ഥാനപരമായ ജൈവികാസ്തിത്വത്തില് അരക്ഷിതാവസ്ഥ സംജാതമാക്കുക എന്നാണ് അര്‍ഥം. അതോടെ, ഒരു വ്യക്തി ആരുമല്ലാതാവുന്നു. ഒരാള്‍ ആരാണ് എന്നതുതന്നെ അപ്രധാനമാവുന്നു. ഒന്നും ഒരിക്കലും നിയതമായി തീരുമാനിക്കപ്പെടാത്ത, അവകാശങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാത്ത, നിയമപ്രാബല്യമില്ലാത്ത ഒരു ജീവിതത്തിെൻറ അസ്ഥിരത വ്യക്തിയുടെ നിത്യാനുഭവമാക്കുക എന്നതാണ് പൗരത്വരാഹിത്യത്തിെൻറ മുഖമുദ്ര.
ഇത്തരത്തില്‍ പൗരത്വനിഷേധം ഉണ്ടാകുന്നതോടെ വ്യക്തികള്‍ ദേശരാഷ്ട്രത്തിനുള്ളില്‍ സ്വാഭാവികമായിത്തന്നെ ദേശരഹിതര്‍ ആവുന്നു. ദേശരാഹിത്യം എന്നത് ഒരു സ്വാതന്ത്ര്യമല്ല. മറിച്ച്, അത് ദേശരാഷ്ട്രത്തിനുള്ളിലെ വിചാരണയില്ലാത്ത തടവാണ്. ദേശരാഷ്ട്രത്തില്‍നിന്ന് പുറത്താവുകയല്ല, പകരം അതിനുള്ളില്‍ ദേശരഹിതരായി ജീവിക്കാന്‍ അപരരായി മുദ്രകുത്തപ്പെടുകയാണ്. ഭരണഘടനയിലെ ചില റിപ്പബ്ലിക്കന്‍ മൂല്യങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമാവുന്നത്. അവയാണ് ഇത്തരം പ്രവണതകളെ ഉള്ളില്‍നിന്ന് ചെറുക്കാനുള്ള ഉപകരണങ്ങളില്‍ പ്രധാനം. കാരണം, ഭരണഘടന ആധുനിക സമൂഹത്തില്‍ ദേശരാഷ്ട്രം പാലിക്കേണ്ട മൗലികമര്യാദകളുടെ ലിഖിതരൂപമാണ്. എന്നാല്‍, ഏറ്റവും നല്ല ഭരണഘടനപോലും അപവാദാവസ്ഥക്ക് (state of exception) വിധേയമാണ്. പരമാധികാരത്തിെൻറ ഒരു സ്വഭാവം അതിന് എല്ലാ നിയമങ്ങളെയും ഭരണഘടനയെതന്നെയും മാറ്റിമറിക്കാം എന്നുള്ളതാണ്. പൗരത്വനിഷേധത്തിെൻറ നിയമനിർമാണം മുസ്ലിംകളെ ഇന്ത്യയില്‍ ദേശരഹിതരാക്കാന് നിശ്ചയിച്ചുറപ്പിച്ച്, ഭരണഘടനയുടെ ഈ അപവാദ സാധ്യതയെ പൂർണമായും ഉപയോഗിച്ചുകൊണ്ട് മതഭൂരിപക്ഷവാദത്തിെൻറ പ്രത്യയശാസ്ത്രത്തെ മുന്നില്‍നിര്‍ത്തി നടത്തിയ രാഷ്ട്രീയ ആഭിചാരമാണ്.
അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ സ്വഭാവം തന്നെ മാറ്റിത്തീർക്കുക എന്നൊരു അജണ്ട ഹിന്ദുത്വരാഷ്ട്രീയത്തിലുണ്ട്. ഭരണഘടനയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് വകുപ്പ്-14. വകുപ്പ്-14 െൻറ അർഥവും മൂല്യവും ചോര്‍ത്തിക്കളയുന്ന ഒന്നാണ് പൗരത്വ ഭേദഗതി നിയമവും പൗരത്വപ്പട്ടിക നിയമവും എന്നത് മനസ്സിലാക്കപ്പെടാതെ പോകരുത്. ക്ലാസ് ലെജിസ്ലേഷന്, സവിശേഷ വിഭാഗങ്ങളെ അപകടത്തില്‍പെടുത്തുന്ന, അവര്‍ക്ക് വിനാശകരമാവുന്ന വിഭാഗീയ നിയമനിർമാണം ഉണ്ടാകാന്‍ പാടില്ല എന്ന് നിഷ്കര്‍ഷിക്കുന്ന ഒരു ഭാഗം 14 ാം വകുപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ പൗരത്വഭേദഗതി യഥാർഥത്തില്‍ ഈ ക്ലാസ് നിയമനിർമാണത്തിനെതിരായ ജാഗ്രതയെ ലംഘിക്കുന്നതാണ്. 14ാം വകുപ്പിൽ പറയുന്നത്, “നിയമത്തിനുമുന്നിൽ ഒരു വ്യക്തിക്കും തുല്യതയോ നിയമങ്ങളുടെ തുല്യപരിരക്ഷയോ ഭരണകൂടം നിഷേധിക്കുകയില്ല” എന്നാണ്. പൗരന്മാർ, കോർപറേഷനുകൾ, വിദേശികൾ എന്നിവരുൾപ്പെടെ എല്ലാവര്ക്കും തുല്യത ഉറപ്പുനൽകുന്നുവെന്നും അതിൽ വ്യക്തമായി പറയുന്നുണ്ട്. എങ്കിലും, 14ാം വകുപ്പിനുള്ളില്‍ ചില ഒഴികഴിവുകള്‍ ഇല്ലാതില്ല. ചില സന്ദര്‍ഭങ്ങളില്‍ 14 ാം വകുപ്പിെൻറ ആത്മസത്തയെ ലംഘിക്കാന്‍ കഴിയും.
അതുകൊണ്ടുതന്നെ ചില ഒഴിവാക്കലുകൾ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് വാദിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട്. ആ പരിമിതമായ അർഥത്തില്‍ 14ാം വകുപ്പിനെ പൗരത്വ ഭേദഗതി നിയമം പൂർണമായും ലംഘിക്കുന്നില്ലെന്നു വാദിക്കാം. പക്ഷേ, ഒരു പ്രധാന കാരണത്താൽ ഈ വാദം നിലനില്‍ക്കുന്നതല്ല. കാരണം, വകുപ്പ് 14 ‘ക്ലാസ് നിയമനിർമാണം’ നിസ്സംശയമായും വിലക്കുന്നു. ‘ക്ലാസ് നിയമനിർമാണം’ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളായി വിഭജിക്കുന്ന ഏതെങ്കിലും നിയമപരമായ സമീപനങ്ങളെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ്. അതിെൻറ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആര്‍ക്കെങ്കിലും പ്രത്യേകാവകാശങ്ങൾ നൽകുകയോ പ്രത്യേകമായ ഭാരം ചുമത്തുകയോ ചെയ്യുക സാധ്യമല്ല. അതുപോലെ, അന്യായമായ വിഭജന യുക്തിയില്‍, അതെത്ര ശ്രേഷ്ഠമാണെന്നു പറഞ്ഞാലും ഏകപക്ഷീയമായ വിഭജനങ്ങള്‍ സൃഷ്ടിക്കാനും പാടില്ല. ഈ സവിശേഷമായ അർഥത്തിലാണ് ഈ മുസ്ലിം വിരുദ്ധ നിയമം പൂർണമായും ഭരണഘടനാവിരുദ്ധമായി മാറുന്നത്.
പൊള്ളയായ എല്ലാ സംയമന നാട്യങ്ങളും അവസാനിപ്പിച്ച്, സ്വന്തം കരാളരൂപം ഹിന്ദുത്വശക്തികള്‍ പുറത്തുകാട്ടുന്നതിെൻറ, അവരുടെ എല്ലാ മുഖംമൂടികളും അഴിഞ്ഞുവീഴുന്നതിെൻറ പ്രതീകമായി മാറിയിരിക്കുകയാണ് പുതിയ പൗരത്വ ഭേദഗതി നിയമവും അനുബന്ധ ഇടപെടലുകളും. ഇത്രയും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നതുവരെ ആർ.എസ്.എസ് നേതൃത്വം പറഞ്ഞിരുന്നത് (ആരും വിശ്വസിച്ചിരുന്നില്ലെങ്കിലും) തങ്ങള്‍ മുസ്ലിംകള്ക്ക് എതിരല്ല, എല്ലാവരും ഇന്ത്യയില്‍ ഭാരതീയമായ ഒരു സംസ്കാരം അംഗീകരിക്കണം എന്നതു മാത്രമാണ് തങ്ങളുടെ ആവശ്യം എന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ അന്നത്തെ ആര്. എസ്.എസ് തലവന്‍ ബാലാ സാഹബ് ദേവരസ് തനിക്ക് മാപ്പുതന്ന് ജയില്‍ വിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് എഴുതിയ കത്തുകളിലും (സവര്‍ക്കര്‍ മാത്രമല്ല, ദേവരസും വാജ്പേയിയും ജയില്വിമുക്തരാക്കാന് പറഞ്ഞ് ഇന്ദിര ഗാന്ധിയോട് മാപ്പുചോദിച്ചിട്ടുണ്ട്) ഇതേ വാദം ആവര്‍ത്തിക്കുന്നുണ്ട്. തങ്ങള്‍ മുസ്ലിംവിരുദ്ധര്‍ അല്ലെന്നും ഭാരതീയ സംസ്കാരത്തില്‍ വിശ്വസിക്കുന്നവരാണെന്നും തങ്ങളെ പുറത്തുവിട്ടാല്‍ ഇരുപതിന പരിപാടി അടക്കമുള്ള എല്ലാ സര്‍ക്കാര്‍ പരിപാടികളിലും മുഴുവന്‍ ആർ.എസ്.എസുകാരെയും പങ്കെടുപ്പിക്കാം എന്നുമൊക്കെയാണ് ദേവരസ് ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയത്. ഇവരുടെ ഈ മാപ്പുപറച്ചിലുകളെക്കുറിച്ച് സുബ്രമണ്യൻ സ്വാമിയും എ.ജി. നൂറാനിയുമൊക്കെ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. ഇപ്പോഴാവട്ടെ, അത്തരം പൊള്ളയായ വാചകമടിയിലെ കാപട്യം പൂർണമായും മറനീക്കി പുറത്തുവന്നിരിക്കുന്നു. തികഞ്ഞ ഭൂരിപക്ഷത്തോടെ തങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ അവസരം തന്നെ അങ്ങേയറ്റത്തെ മുസ്ലിം വിരുദ്ധ നിയമനിർമാണത്തിന് ഉപയോഗിക്കുകയാണ് ഹിന്ദുത്വശക്തികള്‍.
ഇന്ത്യയിലെമ്പാടും വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ സമരങ്ങളുടെ ഇച്ഛാശക്തി അടിച്ചമര്‍ത്താന്‍ കഴിയും എന്ന വ്യാമോഹത്തിലാണ് നരേന്ദ്ര മോദിയും അമിത് ഷായും. പക്ഷേ, ഇൻറര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാതാക്കിയും പട്ടാളത്തെ ഇറക്കിയും കശ്മീരില്‍ ചെയ്യുന്നതുപോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. പക്ഷേ, ഇത് അങ്ങനെ നിസ്സാരമായി ഇന്ത്യന്‍ ജനത അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഈ സര്‍ക്കാറിെൻറ തന്നെ പതനത്തിലേക്ക് നയിക്കുന്ന മഹാസമരമായി ഇന്ത്യ മുഴുവന്‍ ഇത് വ്യാപിക്കുകയാണ്. കേരളത്തിലും വിവിധ തലങ്ങളില്‍ ഈ സമരം ശക്തമാകുന്നു. അനിഷേധ്യമായ മനുഷ്യശക്തിക്ക് മുന്നില്‍ ഫാഷിസ്റ്റ് ഭരണാധികാരികള്‍ക്ക് മുട്ടുകുത്തേണ്ടി വരും എന്നുള്ളതിെൻറ ചരിത്ര പ്രഖ്യാപനമായി, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ സമരമായി, പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെയുള്ള മുന്നേറ്റം ആളിപ്പടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.