ഒരു വ്യക്തി എപ്പോഴാണ് സത്യം മാത്രം പറയും എന്നുറപ്പിക്കാനാവുക? ഏതുസമയത്തും സത്യം പറയാൻമാത്രം കെൽപുള്ള ഗാന്ധിയന്മാർ മുതൽ ഏതുപ്രതിസന്ധിഘട്ടത്തിലും കളവു മെനയാനാവുന്ന വിരുതന്മാർ വരെ ചുറ്റുമുണ്ട്; സാധാരണക്കാർ ബഹുഭൂരിപക്ഷവും രണ്ടഗ്രബിന്ദുക്കൾക്ക് ഇടയിലായിരിക്കും. അതുകൊണ്ടുതന്നെ ഒരുവ്യക്തി എപ്പോൾ എത്രയളവിൽ കളവുപറയും എന്ന് നിർണയിക്കാനാവില്ല. സത്യവും കളവും തമ്മിൽ വേർതിരിച്ചു കാണേണ്ട അവസരങ്ങളിൽ ഒരാൾ പറയുന്നത് എത്രകണ്ട് സത്യമാണ് എന്ന് കണ്ടെത്തേണ്ടതും ആവശ്യമായി വരുന്നു.
മരണമെന്ന യാഥാർഥ്യം മുന്നിൽക്കണ്ടുകഴിഞ്ഞാൽ സത്യം മാത്രമേ പറയൂ എന്നാണ് പൊതുധാരണ. ഇതിന് ഒരു ശാസ്ത്രീയവശമുണ്ട്: പൊതുവിൽ കളവു പറയേണ്ടിവരുന്നത് എന്തെങ്കിലും സ്വാർഥതാൽപര്യങ്ങൾ നടപ്പാക്കാനാണ്. അല്ലെങ്കിൽ പിൽക്കാലനേട്ടം സാധിക്കുമെന്ന തോന്നലുള്ളപ്പോഴാണ്. ഇതുരണ്ടും മരണശയ്യയിലുള്ളയാൾക്ക് സാംഗത്യമുള്ളതല്ലല്ലോ. ആ നിലക്ക് കളവുപറയാനുള്ള താൽപര്യം ഇല്ലാതാവുന്നു എന്ന് കരുതാം. നമ്മുടെ സാമൂഹിക-സാംസ്കാരിക പരിസരത്തിന് ചില പ്രത്യേകതകളുണ്ട്. മരണത്തോടടുക്കുമ്പോൾ വ്യക്തിഗത സ്വാതന്ത്ര്യം, സ്വകാര്യത, മരണാനന്തരകാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള അവസരം എന്നിവ ഏറക്കുെറ നിഷേധിക്കപ്പെടുകയാണ് സർവസമ്മതമായ രീതി.
സ്വകാര്യത നഷ്ടപ്പെടുന്നതിനാൽ മരിക്കാനുള്ള തയാറെടുപ്പോ അവസാന സമയങ്ങളിൽ അടുത്ത ബന്ധുക്കളോടുള്ള ആശയവിനിമയമോ ലഭ്യമാകാറില്ല. ചുറ്റും ആളുകൾ നിൽക്കുമ്പോഴും കടുത്ത ഏകാന്തതയിലാണ് അവർ അവസാനനാളുകൾ തള്ളിനീക്കുന്നത്. മരണസാധ്യത ഉറപ്പായിക്കഴിഞ്ഞാൽ വ്യക്തികൾ കടന്നുപോകുന്ന വൈകാരിക പ്രക്ഷുബ്ധതയെക്കുറിച്ച് യാതൊരു പഠനവും നടന്നിട്ടില്ല. വിദേശപഠനങ്ങളെ ആശ്രയിക്കുകയോ പരമ്പരാഗതമായി കിട്ടിയ തോന്നലുകളെ അധികരിച്ച് നിലപാെടടുക്കുകയോ ആണ് നാം ചെയ്യുന്നത്.
വലിയ അളവിൽ അവഗണിക്കപ്പെടുന്ന സമൂഹനിലപാടാണിത്. തീവ്രപരിചരണവിഭാഗങ്ങളും അതിതീവ്ര ആശ്രിതശുശ്രൂഷയും നവീന ആശുപത്രി ബിസിനസ് ആകുന്നതിനും ഈ കാഴ്ചപ്പാട് അനുകൂലാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. തീവ്രപരിചരണമുറിയിലെ ശീതീകരിച്ച ഏകാന്തതയിൽ ആസന്നമരണചിന്തകൾ ക്രമേണ വിഘടിക്കപ്പെട്ടതും പൊരുത്തക്കേടുകൾ നിറഞ്ഞതും മാനസിക സംഘർഷങ്ങളാൽ രൂപപ്പെട്ടതും ആകുന്നതിൽ അത്ഭുതമെന്ത്? വികസിത രാജ്യങ്ങളിലെ സാമൂഹികപശ്ചാത്തലമല്ലാത്തതിനാൽ നാം ജീവിക്കുന്ന സാഹചര്യങ്ങൾക്കിണങ്ങുന്ന രീതിയിലാണോ മരണത്തിെൻറ വൈദ്യശാസ്ത്ര പരിസരമൊരുക്കുന്നത് എന്നും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ജോഷ്വ ബെക്കർ ഏതാനും വർഷങ്ങൾക്ക് മുമ്പ് എഴുതിയ ലേഖനം പരക്കെ വായിക്കപ്പെട്ടിരുന്നു. ബ്രോണി വെയ്ർ എന്ന ആസ്ട്രേലിയൻ നഴ്സ് തെൻറ സേവനത്തിലധികകാലവും മരണാസന്നരായ വ്യക്തികളെ പരിചരിച്ചുവന്നു. പലതരത്തിലുള്ള മാനസികസംഘർഷത്തിലൂടെ കടന്നുപോകുമെങ്കിലും മരണത്തോടടുക്കുമ്പോൾ കൂടുതൽ പേരും സമാധാനത്തിലെത്തുകയും മരണത്തെക്കുറിച്ച് വ്യക്തത ഉണ്ടാകുകയും ചെയ്യും. അവർ എല്ലാവരോടും രണ്ടു ചോദ്യങ്ങൾ ചോദിച്ചിരുന്നു: തിരിഞ്ഞുനോക്കുമ്പോൾ എന്തെങ്കിലും ദുഃഖം തോന്നുന്നുവോ? ഒന്നുകൂടി ചെയ്യാനവസരമുണ്ടെങ്കിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമോ?
അഞ്ച് സാക്ഷ്യങ്ങൾ
പ്രധാനമായും അഞ്ച് കാര്യങ്ങളാണ് രോഗികൾ ഊന്നിപ്പറഞ്ഞത്. ഒന്ന്, മറ്റുള്ളവരുടെ പ്രതീക്ഷക്കനുസരിച്ചുജീവിക്കാതെ സ്വന്തം താൽപര്യങ്ങൾ കൂടി കണക്കിലെടുത്ത് ജീവിച്ചിരുന്നെങ്കിൽ എന്നുതോന്നുന്നു. രണ്ട്, ഇത്ര കഠിനമായി ജോലി, തൊഴിൽ ചെയ്യേണ്ടിയിരുന്നില്ല. മൂന്ന്, തെൻറ തോന്നലുകളും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കിൽ. നാല്, സുഹൃത്തുക്കളുമായി കൂടുതൽ ബന്ധം നിലനിർത്തിയിരുന്നെങ്കിൽ. അഞ്ച്, കുറച്ചുകൂടി സേന്താഷമായി ജീവിക്കാൻ ഞാൻ എന്നെ അനുവദിച്ചിരുന്നെങ്കിൽ. ഉത്തരം നൽകിയവർ തുടർന്നുള്ള 12 ആഴ്ചകളിലധികം ജീവിച്ചവരല്ല. പൊതുവെ സ്വതന്ത്രജീവിതം നയിക്കാനാകുന്ന ആസ്ട്രേലിയയിലെ ആസന്നമരണരോഗികൾ പറഞ്ഞതാണിത് എന്നോർക്കണം. നമ്മുടെ നാട്ടിൽ കുടുംബത്തിെൻറയും സമൂഹത്തിെൻറയും സ്വാധീനം വളരെ ശക്തമാണ് എന്നതിനാൽ ഇപ്രകാരം വേർതിരിച്ച് ജീവിതാവസ്ഥകളെ കാണാനും അഭിപ്രായം രേഖപ്പെടുത്താനുമാകുമോ എന്നും നാം കണ്ടെത്തേണ്ടതുണ്ട്.
ഡെബ്ര പാർക്കർ ഒലിവർ (2000) എഴുതിയ ലേഖനത്തിൽ നൂതനമായ ഒരാശയം മുന്നോട്ടുവെക്കുന്നു. നാടകത്തിൽ വേഷമിടുന്ന അഭിനേതാക്കൾക്ക് പാത്രധർമം (character role) എന്നൊന്നുണ്ട്. ഇതുപോലൊരു റോൾ രോഗിക്കുമുണ്ട്; ഇത് സിക്ക് റോൾ (sick role) എന്നറിയപ്പെടുന്നു. മരണം ആസന്നമായിക്കഴിയുമ്പോൾ രോഗി, രോഗധർമം എന്ന അവസ്ഥയിൽനിന്ന് മൃത്യുധർമം (dying role) എന്ന അവസ്ഥയിലേക്ക് പോകും. ഇങ്ങനെയൊരു അവസ്ഥമാറ്റം രോഗിക്കും ബന്ധുക്കൾക്കും ആശുപത്രി ശുശ്രൂഷകർക്കും മനസ്സിലാകുന്നതാണ് എന്നതിനാൽ വലിയ ചർച്ചകൾ ഇവരൊക്കെ തമ്മിൽ വേണ്ടിവരുന്നില്ല.
ഡയിങ് റോൾ എത്തിയ വ്യക്തി കുടുംബ, സാമൂഹിക ബന്ധങ്ങളിൽനിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നുമൊക്കെ പൂർണമായി ഒഴിവാക്കപ്പെടുന്നു. മരണം മുന്നിൽകാണുന്ന വ്യക്തി സുബോധത്തിലാണെങ്കിൽ പറയുന്നതെല്ലാം തെൻറ മാറിയ റോളിന് അനുയോജ്യമായിട്ടായിരിക്കും. മരണക്കിടക്കയിൽ പറയുന്നതും വെളിപ്പെടുത്തുന്നതും ഒക്കെ ഇമ്മാതിരി മാനസികവും സാമൂഹികവുമായ സ്വാധീനങ്ങൾക്കുവിധേയമായിട്ടാവും എന്ന് ഓർക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മരണമൊഴിയുടെ (dying declaration) പ്രത്യേകതകൾ പരിഗണിക്കേണ്ടത്. നമ്മുടെ എവിഡൻസ് ആക്ട്, സെക്ഷൻ 32 (1) പ്രകാരമുള്ള മൊഴിയാണ് മരണമൊഴി എന്ന് പൊതുവെ അറിയപ്പെടുന്നത്. ആശുപത്രിയും മരണവും ആയി ബന്ധമുള്ളതിനാൽ ഫോറൻസിക് മെഡിസിൻ ഇത് സഗൗരവം കാണുന്നു. മുമ്പ് പരിഗണിച്ച ആസന്നമരണകാലത്തെ ജീവശാസ്ത്രപരമായ അറിവുകളിൽ നിന്ന് കുറച്ചൊക്കെ വ്യത്യസ്തമായാണ് നിയമം മരണസമയത്തെ നോക്കിക്കാണുന്നത്. രണ്ട് പൊതുധാരണകൾക്ക് നിയമം പ്രാധാന്യം നൽകുന്നു. ഒന്നാമതായി, സത്യം മരിക്കുന്നവെൻറ ചുണ്ടുകളിൽ സ്ഥിതിചെയ്യുന്നു എന്നതാണ്. രണ്ടാമത്തേത്, തെൻറ മനസ്സിലും വായിലും കളവുകൾ ബാക്കിനിർത്തി ആരും ദൈവസന്നിധിയിലേക്ക് പോകാൻ ഇഷ്ടപ്പെടില്ല.
തെളിവ് ലഭിക്കാൻ സാധ്യതയില്ലാത്ത രണ്ട് ആശയങ്ങളാണെങ്കിലും എവിഡൻസ് ആക്ട് ഈ കാഴ്ചപ്പാടുകൾക്ക് പ്രത്യേക പരിഗണന നൽകുന്നു. പൊതുവിൽ മനുഷ്യരെല്ലാം കളവുപറയുന്നവർ ആയതിനാൽ, കോടതിയിൽ സത്യം ചെയ്തതിനുശേഷമുള്ള പ്രസ്താവങ്ങൾ മാത്രമാണ് എവിഡൻസ് ആയി പരിഗണിക്കുക. ഇതിനൊരപവാദമാണ് മരണമൊഴി. അതിനാൽ ശാരീരികമായ ആക്രമണത്തിന് വിധേയമായി മരണത്തിെൻറ വക്കിലെത്തിയ വ്യക്തിക്ക് ചികിത്സാവേളയിൽ മരണമൊഴി നൽകാൻ അവകാശമുണ്ട്. മരണമൊഴി നൽകുന്ന സമയത്ത് രോഗിക്ക് പൂർണമായും സുബോധവും സ്ഥലകാലങ്ങളെക്കുറിച്ച് ശരിയായ കാഴ്ചപ്പാടും ഉണ്ടായിരിക്കണം. മാത്രമല്ല, അടുത്തുതന്നെ മരിക്കുമെന്ന് അയാൾക്ക് ബോധ്യമുണ്ടായിരിക്കുകയും വേണം. സംസാരിക്കാനായില്ലെങ്കിൽ എഴുതുകയോ ആംഗ്യത്തിൽ കാണിക്കുകയോ ആവാം. എന്നാൽ, ആംഗ്യഭാഷ വാചികഭാഷയിലേക്ക് മൊഴിമാറ്റം കൃത്യമാണ് എന്നുറപ്പാക്കേണ്ടതുണ്ട്.
മരണമൊഴിയിൽ മരണകാരണമായ അക്രമത്തിെൻറയും മരണത്തിനുകാരണമായ വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും നിർബന്ധമാണ്. മാത്രമല്ല, ഇപ്പറയുന്ന കാരണങ്ങൾ കൊണ്ടുതന്നെയാവണം മരണം നടക്കുന്നത്. അനവധി മുറിവുകളുമായി ഒരാൾ ആശുപത്രിയിലായി എന്ന് സങ്കൽപിക്കുക; അയാളുടെ മരണമൊഴിയനുസരിച്ച് ‘ബി’ എന്നൊരാൾ കുറ്റാരോപിതനായി. മുറിവേറ്റയാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിൽ പോകുകയും ഒരുമാസത്തിനു ശേഷം മരിക്കുകയും ചെയ്താൽ മരണമൊഴി അംഗീകരിക്കാനിടയില്ല. ഇവിടെ മരണമൊഴിക്ക് തയാറെടുക്കുന്ന ആശുപത്രിക്കും ഡോക്ടർക്കും പ്രധാന പങ്കുവഹിക്കാനുണ്ട്. രോഗിക്ക് മരണസാധ്യതയുണ്ടോ എന്നും അടുത്തുതന്നെ മരണം സംഭവിക്കാൻ തക്ക ക്ലിനിക്കൽ സാഹചര്യങ്ങൾ നിലനിൽക്കുന്നുവോ എന്നും കണ്ടെത്തേണ്ടതുണ്ട്. രോഗിയുടെ ചികിത്സയോടൊപ്പം നടക്കേണ്ട നിയമപരമായ ബാധ്യതയാണിത്. എവിഡൻസ് ആക്ട് ഉണ്ടാകുമ്പോഴുള്ള അവസ്ഥയല്ല, ആധുനിക വൈദ്യശാസ്ത്രത്തിനിപ്പോൾ. രോഗിയുടെ ക്ലിനിക്കൽ അവസ്ഥയെക്കുറിച്ച് കൂടുതൽ കൃത്യമായ അറിവ് ലഭ്യമാകുന്ന ഇക്കാലത്ത് മരണമൊഴി നൽകാൻ കഴിവുള്ളയാൾക്ക് അതുനൽകാനുള്ള സാഹചര്യമൊരുക്കണം.
ഏതാനും മാർഗനിർദേശങ്ങൾ
എന്നാൽ, മരണമൊഴിയെടുക്കേണ്ടതിെൻറ സാങ്കേതികത, അതിെൻറ രൂപവും ഘടനയും എന്നിവയിൽ ആരോഗ്യരംഗത്തെ പ്രവർത്തകർക്ക് വ്യക്തത വേണ്ടത്രയില്ല എന്നുവേണം കരുതാൻ. ഏതാനും മാർഗനിർദേശങ്ങൾ പ്രാധാന്യമർഹിക്കുന്നു. ഒന്ന്, അത്യന്താപേക്ഷിതത്വം. അക്രമത്തിനിരയായ വ്യക്തി മാത്രമാണ് ദൃക്സാക്ഷിയായുള്ളത് എന്ന് സങ്കൽപിക്കുക. അപ്പോൾ കുറ്റം തെളിയിക്കാൻ മറ്റു തെളിവുകൾ ലഭ്യമല്ലാതാകും. അയാളുടെ മൊഴി നഷ്ടപ്പെട്ടാൽ കുറ്റം തെളിയിക്കപ്പെടാതെപോകുന്നു. അതുകൊണ്ടാണ് കളവുപറഞ്ഞുകൊണ്ടൊരാൾ മരണത്തിലേക്കുപോകില്ല എന്ന ജുഡീഷ്യൽ നിലപാടുണ്ടായത്. ഉടൻ സംഭവിക്കാൻ പോകുന്ന മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ആർക്കു കള്ളം പറയാനാകും? രണ്ട്, സ്വീകാര്യത. ഒരു മരണമൊഴി ഡോക്ടർ സത്യപ്പെടുത്തിയതാവണം എന്നില്ല. ഉത്തരവാദപ്പെട്ടയാൾ എന്ന് കോടതിക്ക് വിലയിരുത്താൻ പറ്റിയ ആരെങ്കിലും മൊഴിയുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ അതിനു വിലകൽപിക്കുവാൻ പ്രയാസമായിവരും. മരണപ്പെട്ട ഒരാളിെൻറ പ്രസ്താവങ്ങളൊന്നുംതന്നെ തെളിവായി സ്വീകരിക്കുന്നില്ല; സ്വന്തം മരണത്തിനുകാരണമായ സംഭവങ്ങെളയും വ്യക്തികളെയും വിവരിക്കുന്ന മരണമൊഴി മാത്രേമ ഇതിനൊരപവാദമായുള്ളൂ. അതിനാൽ സ്വീകാര്യത സർവപ്രധാനമാണ്.
മൂന്ന്, ഘടന. മരണമൊഴിക്ക് പ്രേത്യക രൂപമോ ഘടനയോ ഇല്ല. രോഗി എഴുതിയതോ രോഗി പറയുന്നത് മറ്റൊരാൾ എഴുതിയതോ ആകാം. സംസാരഭാഷയിൽ ആകുന്നതാണുത്തമം. രോഗി ഉപയോഗിക്കുന്ന വാക്കുകൾ തന്നെ വേണം, കൃത്രിമത്വം സംശയത്തിനിടയാകും. നാല്, ശക്തിപ്പെടുത്തൽ. സാഹചര്യങ്ങൾ അനുവദിക്കുമെങ്കിൽ ഒരു മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്ന മരണമൊഴിയാണുത്തമം. എന്നാൽ ഡോക്ടർ, ആശുപത്രിയിലെ മറ്റ് ഉത്തരവാദിത്തമുള്ള വ്യക്തികൾ, രോഗിയുടെ സുഹൃത്ത്, ബന്ധു, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കും മൊഴി രേഖപ്പെടുത്താം. ഇവരിൽ ഡോക്ടർ രേഖപ്പെടുത്തുന്ന മൊഴിക്ക് മൂല്യം കൂടും. കുറ്റകൃത്യം നടന്ന് അധികം താമസമില്ലാതെ തന്നെ രേഖപ്പെടുത്തിയാൽ മറ്റ് സ്വാധീനങ്ങൾ ഇല്ലെന്നുറപ്പാക്കാം. മരണമൊഴിക്കുമുമ്പ് നൽകിയ മറ്റുമൊഴികളും മരണമൊഴിയും തമ്മിൽ പൊരുത്തമുണ്ടെങ്കിൽ വിശ്വസനീയത മെച്ചപ്പെടും.
അഞ്ച്, ദൗർബല്യം. മരണമൊഴിക്ക് ചില ദൗർബല്യങ്ങൾ വന്നുചേരാം. പ്രധാനമായും, അന്വേഷണ ഉദ്യോഗസ്ഥൻതന്നെ മരണമൊഴി രേഖപ്പെടുത്തുകയോ പൊലീസ് ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തിൽ മറ്റാരെങ്കിലും രേഖപ്പെടുത്തുകയോ ചെയ്താൽ അതിന് മൂല്യം കുറയും. വിവിധ കോടതിവിധികളിലൂടെ ഇത്തരം മരണമൊഴികൾ പ്രത്യേക സാഹചര്യങ്ങളിൽ അംഗീകരിക്കാമെന്നുണ്ട്. മരണമൊഴിക്ക് കാലഘട്ട പ്രതിബന്ധങ്ങളില്ല. മൊഴി കൊടുത്തശേഷം രോഗി മരിക്കണം എന്ന് മാത്രമേ നിയമമുള്ളൂ. മരിക്കുന്നതിനുള്ള സമയം ഏറിയും കുറഞ്ഞുമിരിക്കാം. മരണപ്പെട്ടില്ലെങ്കിൽ ഇത് സെക്ഷൻ 157 പ്രകാരം തീരുമാനിക്കപ്പെടും. മരണമൊഴി നൽകുന്ന സമയത്ത് രോഗിക്ക് ഒരു സാക്ഷി എന്ന നിലയിൽ കെൽപുണ്ടായിരിക്കണം. ഇവിടെയും ഡോക്ടറുടെ ഉപദേശം അത്യാവശ്യമാണ്. മരണത്തിെൻറ വിവിധ വശങ്ങളെപ്പറ്റിയുള്ള വിജ്ഞാനം അനുദിനം വർധിച്ചുവരുന്നു.
അതിനാൽ മരണത്തെപ്പറ്റി വർധിച്ച തോതിൽ ഇന്ത്യയിൽ പഠനങ്ങൾ ആവശ്യമായിരിക്കുന്നു. അതിൽനിന്നുവരുന്ന അറിവുകൾ കൂടി പരിഗണിച്ച് മരണമൊഴിഘടനയിലും എവിഡൻസ് ആക്ടിലും വേണ്ടത്ര വിശാലതയും സൂക്ഷ്മതയും കൊണ്ടുവരാൻ ചർച്ചകൾ ആരംഭിക്കാൻ സമയമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.