ജനാധിപത്യ വിമര്‍ശനത്തിലെ ദാര്‍ശനിക കാപട്യങ്ങള്‍ 

ജനാധിപത്യം സങ്കീർണമായ രാഷ്​ട്രീയ-സാമൂഹിക പ്രക്രിയയാണ്. ലിബറല്‍ ജനാധിപത്യം മാത്രമല്ല, ജനാധിപത്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇന്ന് നിലനിൽക്കുന്ന പ്രാതിനിധ്യ ലിബറല്‍ ജനാധിപത്യരീതിക്ക് പകരമായി കൂടുതല്‍ സമഗ്രമായ ബദലുകള്‍ സൃഷ്​ടിക്കാന്‍ കഴിയുമോ എന്നത് ചരിത്രപരമായ പരീക്ഷണമാണ്. അതിനുള്ള അന്വേഷണങ്ങള്‍ നടക്കുമ്പോള്‍തന്നെ അത് ഈ നിലനിൽക്കുന്ന ജനാധിപത്യ സമീപനത്തിനുള്ളിലെ ഗുണപരമായ അംശങ്ങള്‍ ഉപേക്ഷിക്കപ്പെടാത്ത രീതിയില്‍ വികസിപ്പിക്കുക എന്നത് രാഷ്​ട്രീയമായ അർഥത്തില്‍ കടുത്ത വെല്ലുവിളിയാണ്. നാമനുഭവിക്കുന്ന പരിമിതമായ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് പ്രധാനമാവുന്നത് ഈ ചരിത്രയാഥാർഥ്യം മുന്നിലുള്ളതുകൊണ്ടാണ്. ലോകമെമ്പാടും വലതുപക്ഷ യാഥാസ്ഥിതികത്വം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നോക്കുന്ന രാഷ്​ട്രീയ സന്ദര്‍ഭംകൂടിയാണിത് എന്നത് ഈ ജാഗ്രതയെ കൂടുതല്‍ അർഥസമ്പൂർണമാക്കുന്നു.

കഴിഞ്ഞവർഷം പുറത്തിറങ്ങിയ പുസ്തകമാണ് ഡേവിഡ് വാന്‍ റീബ്രൌക്കി​​​െൻറ ‘തെരഞ്ഞെടുപ്പിനെതിരെ: ജനാധിപത്യത്തിനു വേണ്ടി’ തികച്ചും ധിഷണാപരമായ വിചിത്രവാദമാണ്​ ഇതിലുള്ളത്. തെരഞ്ഞെടുപ്പുകള്‍ വന്നുവന്നു ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു എന്ന വാദമാണ് പുസ്തകം മുന്നോട്ടു​െവക്കുന്നത്. തെരഞ്ഞെടുപ്പ്​ ജനാധിപത്യത്തിനുവേണ്ടിയല്ല തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമാവുന്നു, അനുഷ്​ഠാനം മാത്രമാവുന്നു എന്ന ആകർഷണീയമായ നിലപാടാണ് റീബ്രൌക്ക് സ്വീകരിക്കുന്നത്. പകരം നിർദേശിക്കുന്നത് ലോട്ടറിയിലൂടെ പ്രാദേശിക തീരുമാനങ്ങളെടുക്കാന്‍ ആളുകളെ ചുമതലപ്പെടുത്തുക എന്നതാണ്. ഈ അടുത്ത കാലത്തായി ജനാധിപത്യത്തി​​​െൻറ അന്തസ്സത്തയെ അതി​​​െൻറ കാതലായ സവിശേഷതകളെ അപഹസിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്ന പുസ്തകങ്ങളുടെ ഒരു കുത്തൊഴുക്കുതന്നെ കാണുന്നുണ്ട്. രാഷ്​ട്രീയ ദാർശികനായി അറിയപ്പെടുന്ന ജേസന്‍ ബ്രെണ്ണൻ കഴിഞ്ഞവർഷം എഴുതിയ ഒരു പുസ്തകത്തി​​​െൻറ പേരുതന്നെ ‘ജനാധിപത്യത്തിനെതിരെ’ എന്നാണ്​. അദ്ദേഹത്തി​​​െൻറ അഭിപ്രായത്തില്‍ ജനാധിപത്യത്തില്‍ എല്ലാവർക്കും വോട്ടവകാശം നൽകുന്നത് അർഥരഹിതമാണ്. “അറിവുള്ളവര്‍” മാത്രം അഭിപ്രായം പറഞ്ഞാല്‍ മതി.

ഇതിനെ അദ്ദേഹം ജ്ഞാനാധിപത്യം (epistocracy) എന്ന് വിളിക്കുന്നു. കേവലം എട്ടു ശതമാനം ആളുകൾക്കു മാത്രം വോട്ടവകാശമുണ്ടായിരുന്ന 19ാം നൂറ്റാണ്ടില്‍ ജെ.എസ്​. മില്‍ ആവശ്യപ്പെട്ട അറിവുള്ളവർക്കുള്ള സവിശേഷാവകാശങ്ങള്‍ എന്ന ആശയത്തെ ആധുനിക ജനാധിപത്യ വ്യവഹാരത്തിലേക്ക് നേരിട്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ കടത്തിവിടുകയാണ്​ ബ്രണ്ണന്‍ ചെയ്യുന്നത്. 18 വയസ്സില്‍ താഴെയുള്ളവർക്ക്​  വോട്ടവകാശമില്ലെങ്കില്‍ 40 വയസ്സായാലും രാഷ്​ട്രീയധാരണയും അറിവും വർധിച്ചിട്ടില്ലാത്തവരെ എന്തിനു വോട്ടുചെയ്യാന്‍ അനുവദിക്കണം എന്ന ചോദ്യം 21ാം നൂറ്റാണ്ടിലും സർവകലാശാല  പ്രഫസർമാരും ദാർശനികന്മാരും ഉയർത്തുന്നു എന്നത് കേവലമായ കൗതുകം മാത്രമാണ് ഉയർത്തേണ്ട​െതന്ന്​ ധരിക്കരുത്. കാരണം ചരിത്രത്തില്‍ ഒരു ആശയവും ഏതെങ്കിലും വർഗതാൽപര്യത്തെ പ്രതിനിധാനംചെയ്യാതെ അമൂർത്തമായി നിലനിൽക്കുന്നില്ല. പക്ഷേ, അവയുടെയൊക്കെ സ്വീകാര്യത തീരുമാനിക്കപ്പെടുന്നത് അധികാരത്തി​​​െൻറ ചരിത്രരൂപങ്ങളില്‍കൂടിയാണ് എന്നതാണ് മനസ്സിലാക്കപ്പെടേണ്ടത്. അതുകൊണ്ടുതന്നെ ഇവയൊന്നും അസംഭവ്യമായ കേവലാശയങ്ങളല്ല. 2011ല്‍ ബ്രണ്ണന്‍ എഴുതിയ ‘വോട്ടവകാശത്തി​​​െൻറ ധാർമികത’ എന്ന പുസ്തകത്തി​​​െൻറ തുടർച്ചയായിരുന്നു ജനാധിപത്യത്തിനെതിരെ എന്ന പുസ്തകം.

കഴിഞ്ഞവർഷംതന്നെയാണ് ഇല്യസോമിന്‍ 2013ല്‍ എഴുതിയ ‘ജനാധിപത്യവും അജ്ഞതയുടെ രാഷ്​ട്രീയവും’ എന്ന പുസ്തകത്തി​​​െൻറ പരിഷ്കരിച്ച രണ്ടാം പതിപ്പ് സ്​റ്റാന്‍ഫോർഡ്​ സർവകലാശാല പുറത്തിറക്കിയത്. അജ്ഞതയെ ജനാധിപത്യത്തി​​​െൻറ വിജയവുമായി കൂട്ടിയിണക്കുക എന്നത് ആകർഷകമായ ഒരു സമീപനമാണ്. അറിവില്ലാത്തവര്‍ എങ്ങനെ നിലപാടുകള്‍ എടുക്കും, നിലപാടുകള്‍ ഇല്ലാതെ എങ്ങനെ ശരിയായ തെരഞ്ഞെടുപ്പുകള്‍ നടത്തും എന്ന ചോദ്യം പുതിയതല്ല. അതി​​​െൻറ വികലമായ ചരിത്രബോധത്തെയും വെല്ലുവിളിച്ചാണ് സാർവത്രിക വോട്ടവകാശത്തി​​​െൻറ രാഷ്​ട്രീയം ശക്തിപ്രാപിച്ചത്. ഫാഷിസത്തി​​​െൻറയും സമഗ്രാധിപത്യത്തി​​​െൻറയും ധാരകള്‍ വ്യത്യസ്ത രീതികളില്‍ തങ്ങളുടെ രാഷ്​ട്രീയ നിലപാടില്‍ ഈ വികലമായ ജനാധിപത്യവിരുദ്ധത സ്വീകരിച്ചിട്ടുണ്ട്.

ജനമാണ് ജനാധിപത്യത്തില്‍തന്നെ ഏറ്റവും കൂടുതല്‍ അവിശ്വസിക്കപ്പെട്ടിട്ടുള്ളത്​ എന്നതും യാഥാർഥ്യമാണ്. ജനങ്ങൾ കാലുകൊണ്ടാണ്​ വോട്ടുചെയ്യുന്നത് എന്നത് സോമിന്‍ മുന്നോട്ടു​വെക്കുന്ന ഒരു പരിഹാസം മാത്രമല്ല. അദ്ദേഹത്തി​​​െൻറ ഏറ്റവും പ്രധാനപ്പെട്ട രാഷ്​ട്രീയനിഗമനം കൂടിയാണ്. അജ്ഞത എന്നതി​​​െൻറ അതി ലളിതവും പ്രശ്നവത്​കരിക്കപ്പെടാത്തതുമായ ഒരു സങ്കൽപത്തെയാണ് സോമിനും മറ്റും കൂട്ടുപിടിക്കുന്നത്‌. ഇക്കൊല്ലത്തെ മാന്‍ ബുക്കർ പുരസ്‌കാരം ലഭിച്ച ഇഷിഗുറോയുടെ ‘റിമെയ്​ൻസ്​ ഒാഫ്​ ദ ഡേ’ എന്ന നോവലില്‍ വളരെ കൃത്യമായി ഈ രാഷ്​ട്രീയം അടയാളപ്പെടുത്തിയിട്ടുണ്ട്. ലോർഡ്​ ഹാരിങ്​ടൻ എന്ന ഇംഗ്ലണ്ടിലെ ഫാഷിസ്​റ്റ്​ പ്രേമിയായ പ്രഭു ജനാധിപത്യത്തെ പിന്തുണക്കുന്ന ഏതാനും നയതന്ത്ര പ്രതിനിധികളുടെ മുന്നിലേക്ക്‌ ത​​​െൻറ പാചകക്കാരനെ വിളിപ്പിക്കുന്നു. ആ മനുഷ്യനോടു ലോകരാഷ്​ട്രീയത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. അയാൾക്ക്​  അവക്ക്​ ഉത്തരമില്ല. എന്തുകൊണ്ട് ഇത്തരക്കാർക്ക്​  വോട്ടവകാശം നൽകിക്കൂടാ എന്നാണ് ഹാരിങ്​ടന്‍ പ്രഭു എന്ന കഥാപാത്രം പറയാന്‍ ശ്രമിക്കുന്നത്.

ജനാധിപത്യത്തിലുള്ള ലിബർ​േട്ടറിയന്‍ ചിന്തകരുടെ അവിശ്വാസത്തിന്​ ഏറെ പഴക്കമുണ്ട്. റോബർട്ട്​ നോസിക്, യാന്‍രാന്‍ഡ്, മുറെ റോത്​ ബാർഡ്​ തുടങ്ങി നിരവധി പേരുടെ സൈദ്ധാന്തികാന്വേഷണങ്ങളുടെ അടിത്തറക്ക്​ മുകളിലാണ്​  റോബർ​േട്ടറിയൻ ജനാധിപത്യ വിരുദ്ധത ഇപ്പോള്‍ മനീക്കി പുറത്തുവരുന്നത്. ആഗോള കോർപറേറ്റുകള്‍ ഇതിനോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നത് എന്നത് മുതലാളിത്ത ലോകത്തെ ആശയ സമന്വയത്തി​​​െൻറ സൂചനയായി കാണാന്‍ കഴിയും എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെങ്കിലും വ്യാപകമായ സമവായങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുന്നു​െണ്ടന്നത്​ തീരെ തള്ളിക്കളയാവുന്ന വസ്തുതയല്ല.

‘വിവേചനശേഷിയുള്ള വോട്ടര്‍ എന്ന മിഥ്യ’ എന്ന ത​​​െൻറ 2007ലെ പുസ്തകത്തില്‍ ബ്രിയാൻ കാപ്ലാന്‍ ശക്തമായി മുന്നോട്ടു​െവച്ച ചില ആശയങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ശക്തിയോടെ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരം പുസ്തകങ്ങള്‍ കേവലം അക്കാദമിക് അഭ്യാസങ്ങള്‍ മാത്രമാണ്, പുസ്തകങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കരുതുന്നത് ശരിയല്ല. നൊ​േബല്‍ സമ്മാനം മുതല്‍ നിരവധി ശൃംഖലകളിലൂടെ അധികാരത്തി​​​െൻറ അകത്തളങ്ങളില്‍ സഞ്ചരിക്കുകയും സ്വീകാര്യത നേടുകയും ചെയ്യുന്ന ആശയങ്ങളാണിവ എന്നത് വിസ്മരിക്കാന്‍ കഴിയില്ല. ‘​െഡ​േമാക്രസി ഇൻ ചെയിൻസ്​: ദ ഡീപ്​ ഹിസ്​റ്ററി ഒാഫ്​ ദ റാഡിക്കൽ റൈറ്റ്​സ്​ സ്​റ്റെൽത്​ പ്ലാൻ ഫോർ അമേരിക്ക’ എന്ന പുസ്തകം എഴുതിയ നാൻസി മാക്​ലീൻ പുതിയ ആഗോള യാഥാസ്ഥിതിക ജനാധിപത്യവിരുദ്ധതക്ക് പിന്നില്‍ കണ്ടെത്തുന്നത്1986ല്‍ ധനശാസ്ത്രത്തിനു നൊബേല്‍ സമ്മാനം നേടിയ ജെയിംസ് ബുക്കാനി​​​െൻറ സ്വാധീനമാണ്. സാവധാനം സഞ്ചരിച്ച്​ പല ശാഖകളായി പിരിഞ്ഞു കൂടുതല്‍ സങ്കീർണമായ വാദങ്ങളിലൂടെ വളർന്നു  അഭൂതപൂർവമായ ഭൗതികശക്തിയായി മാറുന്ന ആശയങ്ങളെ നിസ്സാരമായി കാണുന്നത് ശരിയായ സമീപനമല്ല.

ഇന്ത്യയിലും ഒരു മതഭൂരിപക്ഷവാദത്തി​​​െൻറ മറവില്‍ തികച്ചും ജനാധിപത്യവിരുദ്ധമായ ആശയങ്ങള്‍ നടപ്പാക്കാന്‍ തീവ്രവലതുപക്ഷം ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. വലതുപക്ഷ സാമ്പത്തിക നയങ്ങളെ മുൻനിർത്തി  ആരംഭിച്ചിരിക്കുന്ന ഈ ആക്രമണം സ്വാഭാവികമായും രാഷ്​ട്രീയ സമരമായി മാറ്റാന്‍ അവര്‍ ശ്രമിക്കുകതന്നെ ചെയ്യും. ഇപ്പോള്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2018ല്‍ നടക്കാനിരിക്കുന്ന അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും തുടർന്നുവരുന്ന ലോക്​സഭാ തെരഞ്ഞെടുപ്പും യഥാർഥത്തില്‍  പുതിയ സർക്കാറുകളെ കണ്ടെത്താൻ മാത്രമുള്ളവയല്ല. നാം ഇന്ന് അനുഭവിക്കുന്ന പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിലനിർത്താന്‍ കൂടിയുള്ളവയാണ് എന്നത് മനസ്സിലാക്കപ്പെടാതെ പോകരുത്. കാരണം, ആഗോളതലത്തില്‍തന്നെ തീവ്രവലതുപക്ഷം വൻകിട കോർപറേറ്റുകളുമായി ചേർന്നുകൊണ്ട് ജനാധിപത്യം എന്ന സങ്കൽപത്തെ സമൂലം അട്ടിമറിക്കാനുള്ള പ്രത്യയശാസ്ത്ര സന്നാഹങ്ങള്‍ ഒരുക്കാൻ ശ്രമിക്കുന്ന സന്ദർഭംകൂടിയാണിത്​ എന്നതുതന്നെ.

Tags:    
News Summary - Democratic Criticization in India -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.