വംശീയ വിദ്വേഷത്തിെൻറ ആൾരൂപം, അതായിരുന്നു, അടുത്തകാലം വരെയും അറബ് ലോകത്തിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചിത്രം മാറുകയാണോ? പോയവാരം നടന്ന സൗദി പര്യടനത്തോടെ ട്രംപിെൻറ പ്രതിച്ഛായ മാറിമറിഞ്ഞമട്ടുണ്ട്. റിയാദിൽ അത്രക്കും മികച്ചതും വിപുലവുമായിരുന്നു ട്രംപിന് ലഭിച്ച സ്വീകരണം. അമേരിക്കൻ പ്രസിഡൻറായ ട്രംപിെൻറ ആദ്യ വിദേശ സന്ദർശനം സൗദിയിലേക്കായതും വലിയ ചരിത്രമായി.
റിയാദിൽ, നോക്കിലും വാക്കിലും കണ്ടത് പുതിയ ട്രംപിനെ. സൗഹൃദരാഷ്ട്രത്തോടുള്ള നിറഞ്ഞ താൽപര്യം തെളിയിക്കുന്നതായിരുന്നു ആ ശരീരഭാഷ. ആറ്റിക്കുറുക്കിയതായിരുന്നു അഭിപ്രായപ്രകടനങ്ങൾ. ഗൾഫിെൻറ സുരക്ഷയും പശ്ചിമേഷ്യൻ സമാധാനവും പ്രസംഗത്തിൽ പലവുരു കടന്നുവന്നു. അമേരിക്കക്ക് പശ്ചിമേഷ്യ അത്രമാത്രം പ്രധാനമാണെന്ന ഒാർമപ്പെടുത്തൽ. കരുതലിെൻറ, ഇൗടുറ്റ ബന്ധത്തിെൻറ നയപ്രഖ്യാപനങ്ങൾ. ഒപ്പം, മേഖലയെ അസ്ഥിരമാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പുകളും.
എന്നും അമേരിക്കക്കൊപ്പം തന്നെയാണ് ഗൾഫ് നിലയുറപ്പിച്ചത്. അതുകൊണ്ടാണ് യു.എസ് അഞ്ചാം കപ്പൽപടക്ക് നിറഞ്ഞ മനസ്സോടെ മണ്ണ് നൽകിയത്. യു.എസ് മറീനുകൾക്ക് നിർബാധം വന്നു പോകാൻ സ്വാതന്ത്ര്യം അനുവദിച്ചത്. അയൽപക്ക അധിനിവേശങ്ങൾക്ക് പരോക്ഷ പിന്തുണയേകിയതും. സാമ്പത്തിക വിനിമയ രംഗത്ത് അടിസ്ഥാന കറൻസിയായി ഡോളർ കൈവിടാൻ തയാറല്ലെന്നു പ്രഖ്യാപിച്ചതും വെറുതെയല്ല.
അറബ്-മുസ്ലിം ലോകത്തോട് നിറഞ്ഞ വികാരവായ്പോടെ കൈറോയിൽ സംസാരിച്ച ഒബാമയുടെ ചിത്രം ആരും മറന്നിട്ടില്ല. യു.എസ്^അറബ് ബന്ധം ഏറ്റവും പുഷ്കലമായിരുന്നു, ഒബാമ ഭരണത്തിൻ കീഴിൽ.അതിൽ നിന്നൊക്കെ, തികച്ചും വ്യത്യസ്തമായിരുന്നു ട്രംപിെൻറ റിയാദ് ചടങ്ങുകൾ. മുസ്ലിം രാജ്യങ്ങളോട് പൊതുരാഷ്ട്രീയ^നയതന്ത്ര കൂറ് പ്രകടിപ്പിച്ചെങ്കിലും അതിലപ്പുറം കവിഞ്ഞ ആവേശം പകരാനൊന്നും ട്രംപ് മുതിർന്നില്ല. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളോട് ഒരുമിച്ചു നിൽക്കാതെ മറുവഴിയൊന്നുമില്ലെന്ന തിരിച്ചറിവ്. അതായിരിക്കണം സമവായത്തിെൻറ വഴിയിലേക്ക് ട്രംപിനെ കൊണ്ടുവന്നത്. റിയാദിൽ ട്രംപ് പ്രകടിപ്പിച്ച രാഷ്ട്രീയ വീക്ഷണവും ഇൗ നിർബന്ധിതാവസ്ഥ ധ്വനിപ്പിച്ചു.
എന്തൊക്കെ പറഞ്ഞാലും ഗൾഫ് രാജ്യങ്ങൾക്ക് അയൽപക്കത്തെ ശത്രുവിനെ അമർച്ച ചെയ്യണം എന്നുണ്ട്. മുമ്പ്, എട്ടുവർഷം നീണ്ട യുദ്ധത്തിൽ സദ്ദാമിെൻറ ഇറാഖിനൊപ്പം നിൽക്കാൻ ഇവരെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. പശ്ചിമേഷ്യൻ രാഷ്ട്രീയ കാലുഷ്യം തടയാൻ ഇറാനെ നിയന്ത്രിക്കണം എന്ന വികാരം ഗൾഫ്^അറബ് രാജ്യങ്ങളിൽ ഉണ്ടാവുക സ്വാഭാവികം.എന്നാൽ, പുതിയ സമവാക്യം അൽപം വ്യത്യസ്തമാണ്. വ്ലാദിമിർ പുടിെൻറ റഷ്യയുമായി ഇറാനും ട്രംപിനും അടുത്ത ബന്ധം. റഷ്യയുമായി ചേർന്നാണ് ഇറാെൻറ കളികൾ. സിറിയ ഇരു കൂട്ടർക്കും നല്ലൊരു അവസരമായി. ബശ്ശാർ അൽഅസദിനെ നിലനിർത്താൻ അവിടെ ഇരുകൂട്ടരും ഒറ്റക്കെട്ട്. വിചിത്രമാണ് കാര്യങ്ങൾ. അമേരിക്കയെ പിണക്കാൻ അറബ് രാജ്യങ്ങൾക്കാവില്ല. റഷ്യയെ തള്ളിപ്പറയാൻ ട്രംപിന് താൽപര്യമില്ല. ഇറാനെ അകറ്റിനിർത്തുന്ന രാഷ്ട്രീയം റഷ്യക്കുമില്ല. റഷ്യയെ പിണക്കാൻ ഗൾഫിനും താൽപര്യമില്ല.
എന്നാൽ, ഇറാൻ ദുർബലപ്പെട്ടു കാണണമെന്നുണ്ട്, ഇസ്രായേലിന്. യു.എസിലെ ജൂതലോബി അതിനായി ട്രംപിനു പിന്നാലെയുണ്ട്. എന്നാൽ, പരിധിവിട്ട സൈനികനടപടികളുടെ വഴിയേ ഒന്നും പോകാൻ ട്രംപ് ശ്രമിക്കില്ല. എല്ലാവരെയും പേടിപ്പിച്ചും രസിപ്പിച്ചും നിർത്തുക-അതാണ് ട്രംപിെൻറ പ്ലാൻ. സിറിയയിൽ ട്രംപിന് നല്ല നേട്ടം കിട്ടി. പേരിന് ഒറ്റ യു.എസ് ആക്രമണം. അതിലൂടെ ട്രംപ് അറബ് ലോകത്തിനു പ്രിയപ്പെട്ടവനായി. അദ്ദേഹവുമായി അടുക്കാൻ അറബ്^മുസ്ലിം ലോകത്തിന് വർധിതാവേശം വന്നതും അതോടെ.
മേഖലയിൽ അരക്ഷിതാവസ്ഥ അപ്പാെട മാറണമെന്ന ചിന്തയൊന്നും തൽക്കാലം യാങ്കിക്കില്ല. എല്ലായിടത്തും സ്വാസ്ഥ്യം തകരുന്ന സാഹചര്യം തുടരണമെന്നും ഉണ്ട്. കാരണം വ്യക്തം. ആയുധവിൽപനയുടെ പുറത്ത് കെട്ടിപ്പൊക്കിയതാണ് യു.എസ് സമ്പദ്ഘടന. അതിെൻറ വികാസത്തിന് ദീർഘകാല കച്ചവടം കൂടിയേ തീരൂ. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളുമായി വൻ തുകക്കുള്ള ആയുധക്കരാറുകൾ രൂപപ്പെടുത്തിയതും വെറുതെയല്ല. ഇതൊന്നും ട്രംപിനെ പുതുതായി ആരും പഠിപ്പിേക്കണ്ട ഒന്നല്ല. ബിസിനസ് താൽപര്യങ്ങളെ പ്രണയിക്കുന്ന ആൾ. ഗൾഫ് രാജ്യങ്ങളിലും മറ്റും ബിസിനസ് ശൃംഖലകളിലൂടെ വൻലാഭം കൊയ്തുകൂട്ടിയ മുതലാളി. യു.എസ് പ്രസിഡൻറ് ആയതോടെ സുരക്ഷാഭീതിയുടെ പുറത്ത് അറബ്^മുസ്ലിം രാജ്യങ്ങളെ ചേർത്തുപിടിക്കുക. അവിടെയും വിപണി താൽപര്യംതന്നെ പ്രധാനം.
സൗദിക്കും ട്രംപിെൻറ സന്ദർശനം ഏറെ ഗുണം ചെയ്തു. മുസ്ലിം^അറബ് രാഷ്ട്രീയത്തിെൻറ അജണ്ട നിർണയിക്കുന്നത് റിയാദ് തന്നെയാണെന്ന് ഒരിക്കൽകൂടി തെളിയിക്കാനായി. ട്രംപിെൻറ സന്ദർശനം ഏറ്റവും മികച്ച പി.ആർ ഇടപാടായി മാറ്റാനും കഴിഞ്ഞു. വെടിയുതിർക്കാതെ ഒരുപാട് മേത്തരം പക്ഷികൾ.
തുർക്കി പ്രസിഡൻറ് ഉർദുഗാൻ മുതൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ വരെ ട്രംപ് റിയാദിലേക്ക് ക്ഷണിക്കാൻ പ്രേരിപ്പിച്ചതൊന്നും വെറുതെയല്ല. അമേരിക്കയെ അകറ്റിനിർത്തുന്ന ഒരു രാഷ്ട്രീയം മുസ്ലിം^അറബ് ലോകത്തിന് ഗുണംചെയ്യില്ല. ഇൗ വിളംബരം തന്നെയാണ് റിയാദിൽ സമ്മേളിച്ച മുഴുവൻ നേതാക്കളിൽനിന്നും ഉയർന്നുകേട്ടത്.
‘യുനൈറ്റഡ്, വി പ്രിവൈൽ’ ഇതായിരുന്നു യു.എസ്-സൗദി ഉച്ചകോടിയുടെ കാച്ച്ലൈൻ. ആകർഷക മുദ്രാവാക്യം മാത്രമല്ല, പ്രായോഗിക അറബ് രാഷ്ട്രീയത്തിെൻറ മികച്ച അതിജീവന മന്ത്രംകൂടി ഇതിലടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.