പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെയാണ് അന്നും പുലർന്നത്. ഒക്ടോബർ അഞ്ച് ഒരു വെള്ളിയാഴ്ചയായിരുന്നു. ഒാപറേഷൻ ദിവസമായതിനാൽ ഡോ. ഡെനിസ് മുക്വഗെ രാവിലെ തന്നെ സർജറി ആരംഭിച്ചു; ദിവസേന 18 മണിക്കൂർ വേണം എല്ലാം ചെയ്തുതീർക്കാൻ. ആദ്യ ഓപറേഷൻ കഴിഞ്ഞു രണ്ടാമത്തേതിലെത്തി. അതവസാനിക്കാറായപ്പോൾ അപ്രതീക്ഷിതമായി ചുറ്റുമുള്ളവർ വിതുമ്പിക്കരഞ്ഞുതുടങ്ങി. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഡോ. ഡെനിസ് മുക്വഗെ നൊബേൽ സമ്മാനിതനായ വാർത്ത പരസ്യമായിരിക്കുന്നു. അർഹത നേടിയ അംഗീകാരത്തിലുള്ള സന്തോഷം പ്രകാശിപ്പിക്കാനുതകുന്ന ഭാഷ കണ്ണീരിനപ്പുറം മറ്റേതാണ്?
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ കമ്മിറ്റി തീരുമാനിക്കുന്നു. ഈ വർഷത്തെ സമ്മാനം ലഭിച്ചത് കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ ഡോ. ഡെനിസ് മുക്വഗെ, ഇറാഖിൽനിന്ന് അഭയാർഥിയായി അമേരിക്കയിൽ എത്തിയ നാദിയ മുറാദ് എന്നിവർക്കാണ്. ‘സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ യുദ്ധത്തിെൻറയോ സായുധ കലാപത്തിെൻറയോ ആയുധമാക്കുന്നത് അവസാനിപ്പിക്കാൻ അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ’ പരിഗണിച്ച് പുരസ്കാരം നൽകുന്നുവെന്നു നൊബേൽ കമ്മിറ്റി അറിയിച്ചു. ഏതു കലാപഭൂമിയിലും ആയുധധാരികൾ ശാരീരികാവശ്യങ്ങൾക്കോ വിജയകരമായ അധിനിവേശം അടയാളപ്പെടുത്തുന്നതിനോ സ്ത്രീകളുടെമേൽ ലൈംഗികാതിക്രമങ്ങൾ അഴിച്ചുവിടും. അടുത്തു നടക്കുന്ന കലാപങ്ങളിൽ ലൈംഗികാതിക്രമങ്ങൾക്ക് മറ്റൊരു മുഖംകൂടി കാണുന്നു. ബലാത്സംഗം ചെയ്ത് സ്ത്രീശരീരത്തിൽ ക്രൂരവും മാരകവുമായ മുറിവുണ്ടാക്കുക എന്നത് വ്യാപകമാകുന്നുണ്ട്. സ്ത്രീശരീരത്തെ തന്നെ ആയുധമാക്കി സമൂഹത്തിൽ ഭീതിയുളവാക്കുകയാണ് ഇതിനു പിന്നിൽ.
ഇതിെൻറ ആഘാതം ചിന്തിക്കാവുന്നതേയുള്ളൂ. ഭീതിദ പരിക്കുകളേറ്റ സ്ത്രീകൾക്ക് അണുബാധ, എച്ച്.ഐ.വി മുതലായ പ്രശ്നങ്ങളാൽ തുടർജീവിതം അതിസങ്കീർണമാകും. കൂട്ടപ്പലായനം അവരുടെ ആരോഗ്യ സാമ്പത്തിക അടിത്തറ തകർക്കും. മാത്രമല്ല കുടിവെള്ളം, മാലിന്യ ശുചീകരണം, ഭക്ഷണം എന്നിവ പ്രശ്നം ഗുരുതരമാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും മരണനിരക്ക് ഓർക്കാവുന്നതിലും അധികവുമാകും. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ വേണം ഡോ. ഡെനിസ് മുക്വഗെയുടെ പ്രവർത്തനങ്ങളെ കാണാൻ.
കോംഗോ റിപ്പബ്ലിക് ദശകങ്ങളായി കലാപഭൂമിയാണ്. ലോകം ഈ രാജ്യത്തെ അറിയുന്നത് ബലാത്സംഗത്തിെൻറ ആഗോളതലസ്ഥാനം എന്നാണ്. ലക്ഷക്കണക്കിന് സ്ത്രീകളാണ് ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്നത്. ഇത് നേരിൽക്കണ്ട ഡോ. ഡെനിസ് പ്രവർത്തന മേഖല ശിശുരോഗത്തിൽനിന്നു സ്ത്രീരോഗത്തിലേക്കു മാറ്റി. ഫ്രാൻസിൽ പോയി ഉന്നതബിരുദം നേടിയശേഷം അദ്ദേഹം ലെമേറെ എന്ന സ്ഥലത്ത് സ്ത്രീകളെ ചികിത്സിക്കാൻ ആശുപത്രിയാരംഭിച്ചു. ഏതാനും വർഷത്തിനുള്ളിൽ കലാപകാരികൾ അത് നശിപ്പിച്ചു. തുടർന്ന് ദക്ഷിണ കിവു പ്രവിശ്യയിൽ ബുക്കാവു പട്ടണത്തിൽ പാൻസി ആശുപത്രി സ്ഥാപിച്ചു. പ്രധാനമായും ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്ക് സമ്പൂർണ പരിരക്ഷ എന്നതായിരുന്നു ലക്ഷ്യം. വൈദ്യചികിത്സ മാത്രമല്ല, അവർക്കു വേണ്ട മാനസികാരോഗ്യ സേവനം, നിയമത്തിെൻറയും സമൂഹത്തിെൻറയും പിന്തുണ ഉറപ്പാക്കൽ, പുനരധിവാസം തുടങ്ങി സമ്പൂർണ പാക്കേജാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്.
ജനനേന്ദ്രിയത്തിൽ പരിക്കുകൾ, മൂത്രാശയ ഭഗന്ദരം, മലാശയ ഭഗന്ദരം എന്നിവ പാൻസി ആശുപത്രിയിൽ സർവസാധാരണമാണ്. ഇവ പരിഹരിക്കുന്ന ലോകത്തെ പ്രധാന കേന്ദ്രമായി പാൻസി വികസിച്ചുകഴിഞ്ഞു. മറ്റാരും കണ്ടിട്ടുള്ളതിനെക്കാൾ ഈ രോഗാവസ്ഥകൾ ഡോ. ഡെനിസ് കാണുകയും ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായി തകർന്ന അരലക്ഷത്തിലധികം സ്ത്രീകളെ ചികിത്സിച്ച് ആരോഗ്യവതികളും ഉന്മേഷവതികളും ആക്കുക എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടാണ് അദ്ദേഹം അത്ഭുത ഡോക്ടർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നത്.
ഇതെല്ലാം എളുപ്പം സാധിക്കുന്ന സാഹചര്യത്തിലല്ല ഡോ. ഡെനിസ് പ്രവർത്തിക്കുന്നത്. ആശുപത്രി ജോലിക്കുശേഷം സ്ത്രീപക്ഷ പ്രവർത്തനങ്ങളും ലൈംഗികാതിക്രമങ്ങൾക്കെതിരെ സന്നാഹമൊരുക്കുന്നതിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2012 ൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ പ്രഭാഷണം നടത്തി. സ്വന്തം രാജ്യത്തെയും അയൽ രാജ്യങ്ങളിലെയും സർക്കാറുകൾ സ്ത്രീ സുരക്ഷക്കുവേണ്ടി ചെയ്യുന്നത് പോരെന്ന് അദ്ദേഹം തുറന്നടിച്ചു. തിരികെയെത്തിയപ്പോൾ അദ്ദേഹത്തെ വധിക്കാൻ ശ്രമം നടന്നു. ലൈംഗികാതിക്രമത്തിനെതിരെ പൊരുതാൻ പുരുഷന്മാരുടെ ഒരു സന്നദ്ധസേന അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്; വി -മെൻ എന്നാണ് പേര്.
ലോകത്തേറ്റവുമധികം ശിശുമരണനിരക്കുള്ള രണ്ടു രാജ്യങ്ങളിൽ ഒന്നാണ് കോംഗോ. അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ ഏതാണ്ട് പകുതിയോളം പേരിലും വളർച്ച മുരടിപ്പ് കാണാനാകും.
മാതൃമരണനിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽ 17ാം രാജ്യമാണത്. കുറഞ്ഞത് നൂറിൽ ഒരാൾക്കെങ്കിലും എച്ച്.ഐ.വി ബാധയുണ്ട്. 2010 ആയപ്പോൾ സാധാരണ പൗരന്മാർ നടത്തുന്ന ബലാത്സംഗത്തിൽ പതിനേഴിരട്ടി വർധനയുണ്ടായി. തുറുങ്കിലടക്കപ്പെട്ട രാഷ്ട്രീയ പ്രവർത്തകരായ സ്ത്രീകളെ തിരഞ്ഞുപിടിച്ചു ജയിലിൽ തന്നെ ഉദ്യോഗസ്ഥർ ആവർത്തിച്ച് ബലാത്സംഗം ചെയ്യുന്നതും വർധിച്ച തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതായത് ഒരുവശത്തു കലാപകാരികൾ, സായുധസേനാംഗങ്ങൾ, മറ്റൊരു വശത്തു സിവിലിയൻസ്, സർക്കാർ ഉദ്യോഗസ്ഥർ; ഇവർ മത്സരിച്ചു സ്ത്രീപീഡനം നടത്തുന്നു.
ഡോ. ഡെനിസ് തേൻറതായ ഒരു പദ്ധതി സ്ത്രീചികിത്സക്കായി ആവിഷ്കരിച്ചിട്ടുണ്ട്, ഇതിനകം. ഇത്, പാൻസി ആശുപത്രിയുടെ ‘ഏകഘട്ട കേന്ദ്രം’ പരിരക്ഷ മാതൃക എന്നാണറിയപ്പെടുക. ഏതെങ്കിലും രീതിയിൽ ആശുപത്രിയിൽ എത്തപ്പെട്ട സ്ത്രീകൾക്ക് അവർക്കാവശ്യമായ ചികിത്സയും പുനരധിവാസവും അവിടെവെച്ചുതന്നെ നടത്താനും തുടർചികിത്സ താമസസ്ഥലത്തിനടുത്ത് ക്രമപ്പെടുത്താനും കേന്ദ്രം ശ്രമിക്കും. അതായത് അവരുടെ ചികിത്സ, സാമ്പത്തിക പ്രതിസന്ധി, സാമൂഹികാവസ്ഥകൾ, ഗർഭസംബന്ധ പരിചരണം, തുടർപഠനം, ജോലി കണ്ടെത്തൽ ഇവയെല്ലാം ഉൾപ്പെടും. ബലാത്സംഗത്തിനിരയായി ഉടൻ എത്തുന്നവർക്ക് എച്ച്.ഐ.വി പ്രതിരോധ ചികിത്സ കേന്ദ്രത്തിൽനിന്ന് ലഭിക്കും. ദീർഘനാൾ കഴിഞ്ഞെത്തുന്നവർക്ക് മിക്കവാറും ഫിസ്റ്റുല ചികിത്സയും മാനസികാരോഗ്യ പരിചരണവും ആവണം അവശ്യം വേണ്ടത്.
പലപ്പോഴും ശക്തമായ സാമൂഹിക ബോധവത്കരണത്തിന് മുന്നിട്ടിറങ്ങേണ്ടിവരും. ഒരുദാഹരണം മുക്വഗെ, ബെർഗ് എന്നിവർ ചേർന്ന് (2016) രചിച്ച പ്രബന്ധത്തിലുണ്ട്. ഒരിക്കൽ ബുക്കാവു നഗരത്തിനടുത്ത് പത്തിൽ താഴെ മാത്രം പ്രായമുള്ള 82 പെൺകുട്ടികൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
അതിൽ 29 കുട്ടികളെ പാൻസി ആശുപത്രിയാണ് ചികിത്സിച്ചത്. ആക്രമികൾ ഇരുളിെൻറ മറവിൽ വീടുകൾ അതിക്രമിച്ചുകയറി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആപൽക്കരമായ ജനനേന്ദ്രിയ പരിക്കുകളുമായി പരിസരത്തെ കുറ്റിക്കാടുകളിൽ പിന്നീടവരെ കണ്ടെത്തി. ചികിത്സക്കുപരിയായി പൊലീസ്, റെഗുലർ ആർമി ഉദ്യോഗസ്ഥർ, നീതിന്യായ പ്രവർത്തകർ എന്നിവരിലേക്കുകൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. വി-മെൻ ശക്തമായ സാമൂഹിക ഇടപെടലുകൾ നടത്തി. റേഡിയോ ചർച്ചകളിലൂടെ അധികാരികൾ ശ്രദ്ധിക്കും എന്നുറപ്പുവരുത്തി.
ആരോഗ്യപ്രവർത്തനം രോഗചികിത്സയിൽ ഒതുങ്ങുന്നില്ല. ശുദ്ധജലം, ശുചിത്വം, സുരക്ഷിതമായ വീടുകൾ, വിദ്യാഭ്യാസം, സ്വയരക്ഷക്ക് വേണ്ട നടപടികൾ കൈക്കൊള്ളാനുള്ള കരുത്താർജിക്കൽ എന്നിവയും ഉൾപ്പെടുന്നു. സാമൂഹികമായി സ്ത്രീകൾ ശക്തിപ്രാപിച്ച്, പരിക്കുകൾ അതിജീവിക്കാനും സാധാരണ ജീവിതം എന്ന അവകാശം തിരികെപ്പിടിക്കാനുമുള്ള പരിശീലനം ഉറപ്പുവരുത്തുകയാണ് പാൻസി മാതൃക.
‘മിറക്ൾ ഡോക്ടർ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അതിനാലാണ്. അപകടകരമായ സാഹചര്യങ്ങളിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു സാമൂഹികമാറ്റം സൃഷ്ടിക്കുക എന്നത് അത്ഭുതമല്ലാതെ മറ്റെന്താണ്? സ്ത്രീശാക്തീകരണ വൈദ്യശാസ്ത്രം എന്നൊന്നുണ്ടോ എന്നറിയില്ല, അങ്ങനെയൊന്നുണ്ടാകുമ്പോൾ അതിെൻറ പിതാവ് ഡോ. ഡെനിസ് മുക്വഗെ തന്നെയായിരിക്കും.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.