പ്രവാസിയാകാന്‍ തീരുമാനമെടുക്കുന്ന നിമിഷം ഏതൊരാളും ഒരു പോരാട്ടത്തിന് തുടക്കംകുറിക്കുകയാണ്. ജീവിതം ഇനി ഇതുപോലെ പറ്റില്ല, എന്തും സഹിച്ച് ഒന്നു കരകയറണം എന്ന തീരുമാനത്തില്‍നിന്നുള്ള സമരപ്രഖ്യാപനമാണത്. നാലര പതിറ്റാണ്ട് മുമ്പ് അങ്ങനെയൊരു തീരുമാനമെടുക്കുന്നത് തീര്‍ച്ചയായും രണ്ടും കൽപിച്ചുതന്നെയാണ്. പട്ടിണിയും പ്രാരബ്ധവും ജീവിതപ്രതിസന്ധിയുമെല്ലാം തന്നെയായിരുന്നു ഭൂരിഭാഗത്തിനും അതിന് നിമിത്തമായത്. ഇന്ന് പ്രവാസം തെരഞ്ഞെടുക്കുന്ന പുതുതലമുറക്കു മുന്നില്‍ അതിനുമപ്പുറമുള്ള കാരണങ്ങളുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ, പഠിപ്പിനനുസരിച്ചുള്ള ജോലി, വേതനം, ലോകം കാണാനുള്ള ആഗ്രഹം... അങ്ങനെയങ്ങനെ.
തീര്‍ച്ചയായും ആദ്യം പറഞ്ഞ കൂട്ടത്തില്പെടുന്നയാളാണ് ചാവക്കാട് പുതിയവീട്ടിൽ കുഞ്ഞിമൊയ്തു. കാരണം, 1968 മേയ് ആദ്യവാരമാണ് ആ യാത്ര തുടങ്ങുന്നത്. അന്ന് നാട്ടില്‍ ജോലിസാധ്യത കുറവായിരുന്നു. പിന്നെ ഏതൊരു ചാവക്കാട്ടുകാരെൻറയും ജനിതകരേഖയില്‍ എഴുതിവെച്ച പ്രവാസാഭിനിവേശം കുഞ്ഞിമൊയ്തുവിലും ഉണ്ടായിരുന്നു. അങ്ങനെ 21ാം വയസ്സില്‍ കടല്‍ കടന്നു. 10ാം ക്ലാസും ഷോര്‍ട്ട്ഹാന്‍ഡും ടൈപ്റൈറ്റിങ്ങും പഠിച്ചതിെൻറ ആത്മബലം മാത്രമാണ് കൂട്ട്. ചാവക്കാട് ഓവുങ്ങല്‍ പള്ളിയുടെ സമീപത്തെ വീടിെൻറ പരിസരപ്രദേശങ്ങളിലായി അന്ന് 30ഓളം പേരാണ് ഗള്‍ഫുകാരായി ഉണ്ടായിരുന്നത്.
ഉമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് (കുഞ്ഞിപ്പ) അബൂബക്കര്‍ അന്ന് ഇവിടെയുണ്ടായിരുന്നു. ഉമ്മയും ബാപ്പയും ചെറുപ്പത്തിലേ മരിച്ചു. പെങ്ങളുടെ ഭര്‍ത്താവായിരുന്നു കുഞ്ഞിമൊയ്തുവിനെ വളര്‍ത്തിയത്. ഗള്‍ഫിലേക്ക് ചവിട്ടിക്കയറ്റുന്നവരുണ്ടെന്നും താൽപര്യമുണ്ടോ എന്നും ചോദിച്ചത് മൂപ്പരായിരുന്നു. പെട്ടെന്നായിരുന്നു യാത്ര. മറ്റന്നാള്‍ ലോഞ്ച് പോകുന്നുണ്ടെന്ന് അളിയന് പറഞ്ഞത് ഒരു രാത്രി. ബാഗ് തട്ടിക്കൂട്ടി ഗുരുവായൂരിലെത്തി. അവിടെ എടക്കൂരിലുള്ള രണ്ടുപേരും ഇതേ ലോഞ്ച് ലക്ഷ്യമിട്ട് ബസ്സ്റ്റാന്‍ഡില്‍ നിൽപുണ്ടായിരുന്നു. ഒരു ഏജൻറും. അങ്ങനെ കോഴിക്കോെട്ടത്തി. അവിടെ എവറസ്റ്റ് ലോഡ്ജില്‍ കുറച്ചുദിവസം താമസിച്ചു. ഏതാനും ദിവസത്തെ കാത്തിരിപ്പിനുശേഷം ഒരു വൈകീട്ട് നിര്‍ദേശം വന്നു. പെട്ടെന്ന് ഒരുങ്ങാന്‍. അങ്ങനെ രാത്രി ബേപ്പൂരിലെത്തി. അവിടെ ഇരുട്ടത്ത് ഒരുകൂട്ടം ആളുകൾ. അതിനിടെ കനത്ത മഴ പെയ്തു. ലോഞ്ച് ദൂരെയാണ്. അവിടേക്ക് ചെറിയ തോണിയിലാണ് പോകേണ്ടത്. മഴ കനത്തതോടെ പലര്‍ക്കും ലോഞ്ച് കാണാന്‍ പറ്റാതെ മടങ്ങേണ്ടിവന്നു. കുഞ്ഞിമൊയ്തു ഉള്‍പ്പെടെ 31 പേർ ലോഞ്ചില്‍ കയറിക്കൂടി.
ഇനി കുഞ്ഞിമൊയ്തുക്ക തന്നെ പറയെട്ട: 17 ദിവസത്തെ ദുരിതയാത്രക്കൊടുവില്‍ ഖോര്ഫക്കാന് കരയിലേക്ക് ചെറിയ ബോട്ടില്‍ എത്തിച്ചു. പിന്നീട് നഗരത്തിലേക്കുള്ള യാത്ര അതിലും കഷ്ടം. നിറയെ മലകൾ. ഒരാളെയും കാണാനില്ല. 31 പേരും പല വഴിക്കായി. നാട്ടുകാരായ അബൂബക്കറും ഉസ്മാനും കൂട്ടായുണ്ട്. കഷ്ടപ്പെട്ട് ഒരു മലകയറി ഇറങ്ങുമ്പോള്‍ അടുത്ത മല. കൂട്ടത്തില്‍ ഏറ്റവും ശോഷിച്ച ശരീരം തേൻറതായിരുന്നു. നല്ല നിലാവുണ്ടായിരുന്നത് ഭാഗ്യം. അപകടം പിടിച്ച സ്ഥലം. അന്ന് രാത്രി അവിടെ കിടന്നുറങ്ങി. വീണ്ടും യാത്ര. ഒരു കിടങ്ങ് ചാടണം. ഇടയില്‍ വീണുപോയാല്‍ ശരീരം പോലും കിട്ടില്ല. കൂടെയുള്ളവർ ആരോഗ്യവാന്മാരായിരുന്നു. ഒരു തുണി കൈയില്‍ കെട്ടി ഉസ്മാന് ആദ്യം ചാടി. പിന്നില്‍ നിന്ന് അബു തള്ളി. മുട്ടുകാല് പൊട്ടിയതൊഴിച്ചാല്‍ മറ്റു അപകടമൊന്നുമുണ്ടായില്ല. കുറെ നടന്നപ്പോൾ ദൂരെ പതാക പാറുന്ന കെട്ടിടം കണ്ടു. സര്‍ക്കാര്‍ ഓഫിസ് വല്ലതുമാണോ എന്ന ഭയത്തില്‍ ദൂരെ തന്നെ നിന്നു. കൈയില്‍ ഒരു രേഖയുമില്ല. പേക്ഷ, ദാഹം അസഹനീയമായപ്പോള്‍ രണ്ടും കൽപിച്ചു ചെന്നു. അതൊരു അറബി വീടായിരുന്നു. വെള്ളം ചോദിച്ചപ്പോള്‍ കിട്ടി. വിവരം പറഞ്ഞപ്പോള്‍ കാറിൽ ടൗണില്‍ കൊണ്ടുവിട്ടു. നേരേത്ത ലോഞ്ചിറങ്ങിയ കുറേപേരും അപ്പോഴേക്ക് അവിടെ എത്തിയിരുന്നു.
ഷാര്‍ജയിലേക്ക് ഇനിയും പോകണം. കൈയിലുള്ള പണം കൊടുത്ത് പലരും അങ്ങോട്ട് വണ്ടികയറി. ഇനിയും മുന്നോട്ടു വന്നാൽ പൊലീസ് പിടിക്കുമെന്ന് പറഞ്ഞ് വണ്ടിക്കാരന് വഴിയിലിറക്കി വിട്ടു. അവസാനം ഒരു സൈനിക ക്യാമ്പിന് സമീപമുള്ള ഒരു കൊച്ചു ഹോട്ടലിന് മുന്നിലെത്തി. അവിടെയുള്ള മഹാമനസ്കനായ മലയാളി എല്ലാവരെയും വിളിച്ചുകയറ്റി വിവരങ്ങളെല്ലാം ചോദിച്ചു. പൊേറാട്ടയും കറിയും നല്കി. പിന്‍വശത്ത് പായ വിരിച്ചുനല്‍കി കിടന്നോളാന്‍ പറഞ്ഞു. അവശേഷിക്കുന്ന പണം കൊടുത്തപ്പോള്‍ ആ വൃദ്ധന് വാങ്ങിയില്ല. മാത്രമല്ല, ഒരു ടാക്സിക്കാരനെ പണം നല്കി ഏര്‍പ്പാടാക്കി ദുബൈയിലെത്തിക്കാനും പറഞ്ഞു. അങ്ങനെ ദേര സബ്കയിലെത്തി. കുഞ്ഞിപ്പ ജോലി ചെയ്യുന്ന ഹോട്ടലിലെത്തി അദ്ദേഹത്തിെൻറ കൂടെ കൂടി.
*** *** ***
കുഞ്ഞിമൊയ്തുവിെൻറ പ്രവാസത്തിെൻറ ദുരിതം പ്രധാനമായും ആദ്യ യാത്രയിലൊതുങ്ങുന്നു. 45 വര്‍ഷത്തിലേറെ ദുബൈ പൊലീസില്‍ നല്ല ജോലിയും ശമ്പളവും ജീവിതവുമെല്ലാമായി സന്തുഷ്ട കുടുംബജീവിതത്തിലേക്ക് ആ യാത്ര വഴി തെളിയിച്ചു എന്നു മടക്കയാത്രക്ക് തൊട്ടുമുമ്പ് പറയുമ്പോള്‍ ആ കണ്ണില്‍ സംതൃപ്തി നിറഞ്ഞു. കൂടെ ആഹ്ലാദം പങ്കുവെച്ച് ഭാര്യ ഫാത്തിമയുമുണ്ടായിരുന്നു.
ദുബൈയിലെത്തി ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഒരു ഇംഗ്ലീഷുകാരെൻറ വീട്ടില്‍ ജോലികിട്ടി. വ്യോമസേനയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ കൂട്ടുകാരനായ ദുബൈ പൊലീസിലെ അസി. കമാൻഡൻറ് വഴിയാണ് പൊലീസിലെത്തുന്നത്. അതിന് വഴിവെച്ചത് കുഞ്ഞിമൊയ്തുവിെൻറ ടൈപ്പിങ് അറിവും. വീട്ടില്‍ സൗഹൃദസന്ദര്‍ശനത്തിനെത്തിയ ഓബ്രി എന്ന ആ സായിപ് ടൈപ് ചെയ്യുന്ന ശബ്ദം കേട്ട് അടുത്തുവന്ന് അപ്പോള്‍തന്നെ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. അങ്ങനെ 1971 ഒക്ടോബര്‍ 23ന് ദുബൈ പൊലീസില്‍ സ്റ്റെനോഗ്രാഫറായി ചേര്‍ന്നു. അതിനുമുമ്പുതന്നെ നാട്ടില്‍പോയി പാസ്പോര്‍ട്ട് എടുത്തിരുന്നു. പിന്നെ 45 വര്‍ഷത്തിലേറെ പൊലീസിൽ. ഇതിനിടയില്‍ തസ്തികകള്‍ മാറി. സിവില്‍ ജോലിയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അക്കൗണ്ട്സിലേക്ക് മാറ്റി. പിരിയുമ്പോള്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് എന്ന തസ്തികയായിരുന്നു. 1974 മുതല്‍ അവീര്‍ സെന്‍ട്രല്‍ ജയില്‍ ഓഫിസിലായിരുന്നു ജോലി.
വന്നകാലത്ത് ദുബൈയില്‍ ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. സൗകര്യങ്ങൾ കുറവ്. വെള്ളവും വൈദ്യുതിയുമെല്ലാം ഇന്നത്തെപ്പോലെ നിര്‍ലോഭം ലഭിച്ചിരുന്നില്ല. ചൂടും തണുപ്പും ഇന്നത്തേക്കാള്‍ കഠിനം. എ.സിയില്ല. ശൈത്യകാലം ഒഴിച്ച് ബാക്കിയെല്ലായ്പ്പോഴും ടെറസിന് മുകളിലായിരുന്നു രാത്രി കിടത്തം. നല്ല ചൂടാണെങ്കില്‍ കടപ്പുറത്തുപോകും. ഈത്തപ്പഴത്തിെൻറ ഓല വിരിച്ച് കിടക്കും. കുടിവെള്ളം കഴുതപ്പുറത്താണ് കൊണ്ടുവന്നിരുന്നത്. നാട്ടിലെപോലെ വൈദ്യുതി ഇടക്കിടെ പോകും. തണുപ്പുകാലത്തായിരുന്നു പ്രയാസം. മുറിയില്‍ കിടക്കണം. പേക്ഷ, സ്ഥലം കുറവ്, ആളുകള്‍ കൂടുതലും. നാലുപേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 15 പേര്. ഒന്നു തിരിഞ്ഞുകിടക്കണമെങ്കില് എഴുന്നേറ്റ് തിരിയണം. ഒന്നോ രണ്ടോ വര്‍ഷം നിന്നിട്ട് നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ചിന്തയായിരുന്നു ആദ്യം മുതലെന്ന് കുഞ്ഞിമൊയ്തു പറയുന്നു. പൊലീസില്‍ ആദ്യ ശമ്പളം 400 റിയാലായിരുന്നു. നാട്ടിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നല്ല ശമ്പളമായിരുന്നു അത്. അതിവിടെ പിടിച്ചുനിർത്തി.
കത്ത് തന്നെയായിരുന്നു നാടുമായുള്ള ബന്ധം. രണ്ടോ മൂന്നോ വര്‍ഷത്തിലായിരുന്നു നാട്ടില്‍പോയത്. അന്ന് മലയാളികളും പാകിസ്താനികളുമെല്ലാം കൂടുന്ന സ്ഥലമാണ് സബ്ക്കയിലെ ഖാദര്‍ ഹോട്ടൽ. രണ്ടാമത്തേത് ഡീലക്സ് ഹോട്ടല്‍. പിന്നെ കാസർകോട്ടുകാരന് നടത്തുന്ന മദീന ഹോട്ടല്‍. കത്ത് വരുന്നതും അയക്കുന്നതുമെല്ലാം അവിടേക്കായിരുന്നു. മറ്റു പലരുടെ പോസ്റ്റ് ബോക്സ് നമ്പറിലാണ് എഴുത്തു വരുക. അപ്പോള്‍ നാട്ടിലെ വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കും. ഫോണ്‍ വിളിക്കണമെങ്കില്‍ നേരേത്ത ബുക്ക്ചെയ്യണം. നാട്ടിലും പരക്കെ ഫോണില്ല. നമ്പര്‍ കാളും പി.പി കാളും. കള്ള ഫോണാണ്. മണിക്കൂറുകള്‍ കാത്തുനില്ക്കണം. മലയാള പത്രങ്ങള്‍ വരാറില്ല. പിന്നീട് മലയാളം റേഡിയോ വന്നതോടെ അതിെൻറ സ്വാധീനവലയത്തിലായി. ഭാര്യയാണ് ഏറെ കേള്‍ക്കാറ്. അവര്‍ നിരവധി സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്. മത്സരങ്ങൾക്ക് ഉത്തരം അയക്കാനായി ഫാക്സ് യന്ത്രം വരെ വീട്ടില്‍ വാങ്ങിയിരുന്നു. അന്ന് ജോലികഴിഞ്ഞ് വന്നാല്‍ റേഡിയോ തന്നെയായിരുന്നു പ്രധാന കൂട്ട്. യാത്രകൾ കുറവായിരുന്നു. മലയാളം സിനിമകള്‍ കളിക്കുന്ന തിയറ്ററുകള്‍ ഉണ്ടായിരുന്നില്ല. തുറന്ന തിയറ്ററുകളായിരുന്നു. കൂടുതല്‍ ഹിന്ദി സിനിമകളാണ്. സത്വയിലായിരുന്നു ഒരു തിയറ്റര്‍. കൂട്ടമായാണ് പോവുക. നാലു പേര്‍കൂടി ടാക്സി വിളിക്കും. നാട്ടില്‍ ചെല്ലുമ്പോള്‍ ഗള്ഫുകാരന് വലിയ സ്വീകരണമായിരുന്നു അന്ന്. അന്ന് കൂടെ വന്നവരാരുമായും പിന്നെ ബന്ധമില്ല. ആദ്യ യാത്രയിൽ കൂടെയുണ്ടായിരുന്ന അബൂബക്കർ മരിച്ചു. ഉസ്മാന് എവിടെയാണെന്ന് അറിയില്ല.
1978 മാര്‍ച്ച് ഒമ്പതിനായിരുന്നു വിവാഹം. ഭാര്യ 36 വര്‍ഷമായി കൂടെയുണ്ട്. അക്കാലത്തെ പ്രവാസികളില്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രം ലഭിച്ച ഭാഗ്യം. ഇന്ന് വിവാഹം കഴിച്ച് ഭാര്യമാരെ ഗൾഫിൽ കൊണ്ടുപോകണമെന്നാണ് വീട്ടുകാരുടെ ആവശ്യമെങ്കിൽ പണ്ട് നേരെ തിരിച്ചായിരുന്നു. ഭാര്യമാരെ കൊണ്ടുപോകാന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഫാത്തിമക്ക് പാസ്പോര്‍ട്ടിന് കുഞ്ഞിമൊയ്തു അപേക്ഷിച്ചത് രഹസ്യമായിട്ടായിരുന്നു. പേക്ഷ, പൊലീസുകാരന് അന്വേഷണത്തിന് വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി. ഫാത്തിമയുടെ ഉപ്പ ഇവിടെ ആര്‍ക്കും പാസ്പോര്‍ട്ട് വേണ്ടെന്ന് പറഞ്ഞ് പൊലീസുകാരനെ മടക്കിയയച്ചു. ആറുമാസമായിട്ടും പാസ്പോര്‍ട്ട് കിട്ടാത്തതിന് കാരണം അന്വേഷിച്ചപ്പോഴാണ് മോളെ അയക്കുന്നില്ലെന്ന കാര്യം ബാപ്പ വ്യക്തമാക്കിയത്. കുടുംബമായി താമസിക്കാന്‍ പറ്റിയ സ്ഥലമല്ല ഗള്‍ഫ് എന്നായിരുന്നു അക്കാലത്തെ പൊതുധാരണ. കുറെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മയപ്പെട്ടത്.
അങ്ങനെ വന്ന ഭാര്യ പിന്നീട് കടബാധ്യതയും യുദ്ധഭീഷണിയുമെല്ലാം വന്നപ്പോള്‍ നാട്ടില്പോകാന് പറഞ്ഞിട്ടും പോയില്ലെന്ന് ചിരിച്ചുകൊണ്ട് കുഞ്ഞിമൊയ്തു. കുവൈത്ത് യുദ്ധമാണ് കുഞ്ഞിമൊയ്തുക്കയുടെ മറക്കാനാവാത്ത അനുഭവം. യുദ്ധം വിദൂരത്താണെങ്കിലൂം അതിെൻറ പ്രത്യാഘാതം അനുഭവിച്ച ഒരാള്‍ അദ്ദേഹമായിരുന്നു. ഇതിനിടെ അനുജന്മാരായ ഹംസയെയും ഉമര്കുഞ്ഞിനെയും യു.എ.ഇയില്‍ എത്തിച്ചിരുന്നു. അവരുമായി ചേര്‍ന്ന് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. 1991ല്‍ ഗള്‍ഫ് യുദ്ധം വന്നതോടെ കട വലിയ നഷ്ടത്തിലായി. ആറര വര്‍ഷം നാട്ടില്‍പോകാതെ ഇവിടെത്തന്നെ നിന്നു. ബാങ്ക് വായ്പയും ബ്ലേഡ് പലിശയും കുരുക്കുമുറുക്കി. ഒടുവിൽ കരകയറി. ജോലി സുഖകരമായിരുന്നു. അതുകൊണ്ടുതന്നെ മാറേണ്ടിവന്നില്ല. കൂടെ ജോലി ചെയ്യുന്നവരില്‍ മലയാളികള്‍ തീരെയുണ്ടായിരുന്നില്ല. കൂടുതല്‍ പാകിസ്താനികൾ. പിന്നെ സ്വദേശികളും. മികച്ച ജോലിക്കുള്ള ബഹുമതികള്‍ നിരവധി തവണ നേടിയിട്ടുണ്ട്. നാട്ടിലെ പൊലീസും ഇവിടെത്ത പൊലീസും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. സൗഹൃദമാണ് ഇവരുടെ മുഖമുദ്ര. ജയിലിലും മികച്ച സൗകര്യങ്ങളാണ്. നല്ല ഭക്ഷണം, ചികിത്സ, പഠനസൗകര്യങ്ങള്‍.
മക്കള്‍ നാലുപേരും ദുബൈയില്‍ തന്നെയാണ് ജനിച്ചതും വളര്‍ന്നതും. അവരെയൊക്കെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കാനായതിെൻറ സംതൃപ്തിയിലാണ് ഇരുവരും. മൂത്ത മകന് ഫമീര്‍ ഷാ കമ്പ്യൂട്ടര്‍ എന്‍ജിനീയറും ബംഗളൂരുവില്‍ ഒരു കമ്പനിയുടെ ഡയറക്ടറുമാണ്. രണ്ടാമത്തെ മകന് ഫഹീം ഷാ ഖത്തറില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയർ. മൂന്നാമത്തെയാള്‍ ഫാസില്‍ ഷാ മെക്കാനിക്കല്‍ എന്‍ജിനീയർ. ബംഗളൂരുവില്‍ ബെന്‍സില്‍ ജോലി ചെയ്യുന്നു. മകള്‍ ഫൈറൂസ ഒമാനില്‍ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്. എല്ലാവരും വിവാഹിതർ. ജീവിതത്തിെൻറ മൂന്നിലൊന്നും ഇവിടെയായിരുന്നു. 48 വര്‍ഷം. ഇപ്പോള്‍ 70 വയസ്സ്. തുടക്കത്തില്‍ തിരിച്ചുപോകാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. വിശ്രമജീവിതത്തിന് മക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതോടെ മനസ്സ് പാകപ്പെടുത്തിയെടുത്തു. അവിടെ മണ്ണും ബന്ധുക്കളുമുണ്ട്. ശിഷ്ടജീവിതത്തിന് കുഞ്ഞിമൊയ്തു നാട്ടിൽ തുടക്കമിട്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.