ആഗസ്റ്റ് 31നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ഇറക്കിയ ചില കണക്കുകളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതില്‍ ഏറ്റവും പ്രധാനം മൊത്തം ദേശീയ ഉല്പന്നത്തെക്കുറിച്ചുള്ളതായിരുന്നു. സാമ്പത്തികസൂചികകൾ വെച്ചുള്ള വ്യാഖ്യാനങ്ങളും വിശകലനങ്ങളും സങ്കീർണതകള്‍ നിറഞ്ഞതാണ്. സംഖ്യകള്‍ ശുദ്ധശൂന്യതയില്നിന്ന് ഉണ്ടാവുന്നതല്ല. അവ ശേഖരിക്കപ്പെടുന്നതാണ്. അവ ശേഖരിക്കുന്ന രീതിയും ഏതൊക്കെ പരികൽപനകളാണ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നത് എന്നതുമെല്ലാം ഈ വ്യാഖ്യാനങ്ങളെയും വിശകലനങ്ങളെയും സ്വാധീനിക്കാന്‍ കെല്പുള്ളതാണ്. സംഖ്യകള്‍ ഏതെങ്കിലും സത്യത്തിെൻറ പ്രകാശനമല്ല. വസ്തുത അതിെൻറ പരികല്പനപരമായ സൈദ്ധാന്തിക ചട്ടക്കൂടിനുള്ളിലെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നവയായിരിക്കും. അതുകൊണ്ടുതന്നെ സാമ്പത്തികസൂചകങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കേണ്ടവയാണ്. ഒരു രാജ്യത്തിെൻറ സാമ്പത്തിക-, സാമൂഹിക സ്ഥിതിയുടെ അവസാനവാക്കല്ല മൊത്തം ദേശീയ ഉല്പന്നം എന്ന സൂചിക. പക്ഷേ, അതിെൻറ ദീര്‍ഘകാലത്തെ ചലനദിശ സമ്പദ്വ്യവസ്ഥക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുമെന്നത് പ്രധാനമാണ്. വിശേഷിച്ചും മുതലാളിത്തരീതിയിലുള്ള വികസനത്തിെൻറ ഗതിവേഗത്തെക്കുറിച്ച് ചില സവിശേഷമായ ഉൾകാഴ്ചകള്‍ അതിനു നല്കാന്കഴിയും.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിെൻറ കണക്കുകൾ കാണിച്ചത് 2017--18-ലെ ആദ്യ മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ മൊത്ത ദേശീയ ഉല്പന്നം രേഖപ്പെടുത്തിയ വളര്‍ച്ചനിരക്ക് 5.7 ശതമാനമായിരുന്നു. ഒരുകാലത്ത് ഇന്ത്യയുടെ വളര്‍ച്ചനിരക്ക് എപ്പോഴും അഞ്ചില്‍താഴെ ആയിരുന്നു (3.5-4). അതിനെ പരിഹസിച്ച് പ്രശസ്ത ധനശാസ്ത്രജ്ഞനും ആസൂത്രണ വിദഗ്ധനും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ അധ്യാപകനും ആയിരുന്ന പ്രഫ. രാജ്കൃഷ്ണ ആണ് ‘ഹിന്ദു വളര്‍ച്ച നിരക്ക്’ എന്ന പേര് ഇന്ത്യയുടെ വളര്ച്ചമുരടിപ്പിന് നിർദേശിക്കുന്നത്. ഹിന്ദുമതത്തിെൻറ കര്‍മസിദ്ധാന്തവും വിധിവാദവും ഇന്ത്യന്‍ സാമ്പത്തിക പ്രക്രിയകളെ സ്വാധീനിക്കുന്നുവെന്നൊരു സോഷ്യോളജിക്കല്‍ നിരീക്ഷണമായിരുന്നു അത്. മാക്സ് വെബറുടെ അഭിപ്രായത്തില്‍ പ്രൊട്ടസ്റ്റൻറ് നൈതികത മുതലാളിത്തവളര്‍ച്ചക്ക് സഹായകമായി എന്ന് പറഞ്ഞതുപോലെ ഇന്ത്യയിലെ സവിശേഷമായ ഹിന്ദുമതപരത ഒരുപക്ഷേ, മുരടിച്ച സമ്പദ്വ്യവസ്ഥക്ക് കാരണമാകുന്നുണ്ടാവാം എെന്നാരു വിശകലനം മാത്രമായിരുന്നു അത്. 3.5 ശതമാനം എന്ന വളര്ച്ചനിരക്കില്നിന്ന് മുന്നോട്ടുപോകാന്‍ കഴിയാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സ്തംഭിച്ചുനിന്നത് ഒന്നും രണ്ടും വര്‍ഷമല്ല, ഏതാണ്ട് നാല് ദശാബ്ദത്തോളമാണ്- ’50കള്‍ മുതല്‍ ’80കൾ വരെ. ആ കാലഘട്ടത്തില്‍ പാകിസ്താെൻറ വളര്‍ച്ചനിരക്ക് അഞ്ചുശതമാനവും ഇന്തോനേഷ്യയുടേത് ആറുശതമാനവും തായ്ലൻഡിലേത് ഏഴുശതമാനവും തായ്വാനിലേത് എട്ടുശതമാനവും ദക്ഷിണ കൊറിയയിലേത് ഒമ്പതുശതമാനവും ഒക്കെ ആയിരുന്നുവെന്നതാണ് ഈ വിശകലനത്തെ പ്രസക്തമാക്കിയത്.
ഉദാരീകരണ നയം
1991 മുതല്ക്കുള്ള ഉദാരീകരണ നയങ്ങള്‍ ഇന്ത്യയുടെ മുതലാളിത്ത വളര്‍ച്ചക്ക് ആക്കംകൂട്ടി എന്നത് നമുക്കറിയാം. ഞാന്‍ ആദ്യം വളർച്ചനിരക്ക് മാത്രമല്ല, ഒരു സമ്പദ്വ്യവസ്ഥയുടെ സവിശേഷതകള്‍ പരിശോധിക്കാനുള്ള ഏകസൂചകമെന്ന് പറഞ്ഞത് ഈ ഉദാരീകരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഉണ്ടാക്കിയ ചില അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഗുണപരമായിരുന്നില്ല എന്നതുകൊണ്ടു കൂടിയാണ്. വളര്‍ച്ചനിരക്ക് കൂടുന്നതിന് സഹായകരമായെങ്കിലും ഇവിടെ നിലനിന്നിരുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കല്പത്തെ അത് പാടെ മാറ്റിമറിച്ചു. സാമ്പത്തികമേഖലകളില്‍ നിന്നുള്ള സര്‍ക്കാറിെൻറ പിന്മാറ്റം, സ്വകാര്യമേഖലക്കുള്ള നിയന്ത്രണങ്ങള്‍ റദ്ദുചെയ്യല്‍, വിദേശ മൂലധനത്തിനുമേലുള്ള നിയന്ത്രണങ്ങളില്ലാതാക്കല് തുടങ്ങി നിരവധി അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉദാരീകരണം കൊണ്ടുവന്നു. ഇതിെൻറ ഫലമായി ഒരുവശത്ത് മുതലാളിത്ത വളര്‍ച്ചക്ക് ആക്കംകൂടുകയും എന്നാൽ, പാർശ്വവത്കൃതസമൂഹങ്ങളുടെ സ്ഥിതി കൂടുതല്‍ പ്രശ്നഭരിതമാവുകയുമാണുണ്ടായത്. അതുകൊണ്ട് വളര്ച്ചനിരക്കിെൻറ മാന്ത്രികതയില്‍ വിശ്വസിച്ചുകൊണ്ടല്ല ഇതിനെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നത്. മറിച്ചു, ഇത്തരമൊരു വികസനസമീപനം സ്വീകരിച്ചതിനുശേഷം വളര്‍ച്ചനിരക്ക് കുറയുകകൂടി ചെയ്താല്‍ അതുണ്ടാക്കുന്ന ഭീതിദമായ അവസ്ഥ മനസ്സില്‍വെച്ചുകൊണ്ടാണ്.
2017--18 തുടക്കത്തില്‍ വളര്‍ച്ചനിരക്ക് 5.7 ശതമാനം ആയിരുന്നുവെന്നത് പഴയ ഹിന്ദു വളര്‍ച്ചനിരക്കിനേക്കാൾ ഭേദമാണ് എന്ന് പറയാം. പക്ഷേ, ഉദാരീകരണം നടപ്പാക്കിയതിന് ശേഷം വളര്‍ച്ചനിരക്ക് ഇതുപോലെ കുറയുന്നത് ഒരു അശുഭ സൂചനയായാണ് മനസ്സിലാക്കേണ്ടത്. കാരണം, അതിനു മുമ്പത്തെ വർഷം ഇതേ കാലയളവില്‍ ഏതാണ്ട് എട്ടുശതമാനമായിരുന്നു വളര്‍ച്ചനിരക്ക്. അതില്‍നിന്ന് കുത്തനെ താഴോട്ടുപോയിരിക്കുന്നുവെന്നത് നിസ്സാരമായ കാര്യമല്ല. അത് മാത്രമല്ല പ്രധാനമായിട്ടുള്ളത്. ബി.ജെ.പി അധികാരത്തില്‍വരുന്ന സമയത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 10 ശതമാനം വാര്‍ഷികവളര്‍ച്ച എന്ന നിലയിലേക്ക് നീങ്ങുകയായിരുന്നു. മന്മോഹൻ സിങ് ഭരിച്ചിരുന്നപ്പോൾ ലോകസമ്പദ് വ്യവസ്ഥയിലുണ്ടായ വലിയ സാമ്പത്തിക കുഴപ്പംപോലും വലിയരീതിയില്‍ ഇന്ത്യയിൽ ബാധിക്കാതെ പോവുകയാണുണ്ടായത് എന്നത് വിസ്മയകരമായ കാര്യമായിരുന്നു. ആ വളര്‍ച്ച ബി.ജെ.പി ഭരണത്തിെൻറ ആദ്യ കാലത്തും തുടർന്നു. 2016 മാര്‍ച്ച് വരെ ഒമ്പതുശതമാനം വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടുവര്‍ഷത്തെ ബി.ജെ.പി ഭരണത്തിെൻറ ആഘാതം 2016 ആയപ്പോഴേക്കും സമ്പദ് വ്യവസ്ഥയില്‍ അനുഭവപ്പെട്ടുതുടങ്ങി. വളര്‍ച്ചനിരക്ക് മാര്‍ച്ചിനു ശേഷമുള്ള ത്രൈമാസ കാലയളവുകളില്‍ 7.9, 7.5, 7, 6.1 ശതമാനം എന്നിങ്ങനെ തുടര്‍ച്ചയായി കുറഞ്ഞുവന്ന് ഇപ്പോള്‍ 5.7 ശതമാനം ആയി കുത്തനെ ഇടിഞ്ഞിരിക്കുന്നു. അതായതു ഏതാണ്ട് ഒന്നരവര്‍ഷമായി തുടര്‍ച്ചയായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് വളര്‍ച്ച പിറകോട്ടാണ്. ഇതിെൻറ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. കാരണം, ഉദാരീകരണം സൃഷ്ടിച്ച പ്രശ്നങ്ങള്‍ കുറെയെങ്കിലും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയണമെങ്കില്‍ ഉയര്‍ന്ന വളര്‍ച്ചനിരക്ക് അത്യാവശ്യമാണ്. അതില്‍നിന്ന് പിന്നോട്ടുപോവുക എന്ന് പറഞ്ഞാൽ അതിനർഥം ഗ്രാമീണമേഖലയിലും അസംഘടിതമേഖലയിലും പട്ടിണിയും തൊഴിലില്ലായ്മയും വർധിക്കുമെന്നതാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് സമ്പദ്വ്യവസ്ഥയിലെ മൊത്തം മൂല്യാധിക വളര്‍ച്ചനിരക്കും (gross value added) 7.6 ശതമാനം എന്നതില്‍നിന്ന് 5.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരിക്കുന്നു എന്നതും.
മാന്ദ്യത്തിെൻറ സൂചനകൾ
ഒരു സമ്പദ്വ്യവസ്ഥയുടെ ത്രൈമാസ വളര്‍ച്ചനിരക്ക് ഇതുപോലെ രണ്ടുതവണ അടുപ്പിച്ചു കുറഞ്ഞാല്‍തന്നെ സാമ്പത്തികശാസ്ത്രത്തിൽ അതിനർഥം ആ രാഷ്ട്രം സാമ്പത്തികമാന്ദ്യത്തെ നേരിടാന്തുടങ്ങിയിരിക്കുന്നു എന്നാണ്. ഇതിപ്പോള്‍ തുടര്‍ച്ചയായി അഞ്ചുതവണയാണ് സംഭവിച്ചിരിക്കുന്നത്. എന്നിട്ടും ദേശീയമാധ്യമങ്ങളും സാമ്പത്തികശാസ്ത്രജ്ഞന്മാരും ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാെണന്ന യാഥാർഥ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഡീമോനിറ്റൈസേഷനും ജി.എസ്.ടി പ്രഖ്യാപനത്തിനും മുമ്പുതന്നെ സാമ്പത്തികമാന്ദ്യത്തിെൻറ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.
തലക്കു വെളിവുള്ള ഒരു ഭരണകൂടവും ആ ഘട്ടത്തില്‍ ഇത്തരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങുകയില്ലായിരുന്നു. എന്നാല്‍, ഊഹക്കച്ചവട മൂലധനത്തിെൻറ താല്‍ക്കാലിക താല്പര്യങ്ങള്മാത്രം മുന്‍നിര്‍ത്തി ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ഗ്രാമീണ- അസംഘടിതമേഖലയെ പാടേ തകര്‍ത്തുകളഞ്ഞ ഈ രണ്ടു നയങ്ങളും ഒരു തത്ത്വദീക്ഷയും പാലിക്കാതെ നടപ്പാക്കുകയാണ് ബി.ജെ.പി സര്‍ക്കാർ ചെയ്തത്. ഇന്നിപ്പോള്‍ ഈ രണ്ടു മേഖലകളെയും കടന്നു ഉൽപാദനരംഗത്താകെ മ്ലാനത പടരുകയാണ്. ഒരുവർഷം മുമ്പ് 10.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന വ്യാവസായികോല്പന്ന മേഖലയിലെ ഇപ്പോഴത്തെ വളര്‍ച്ചനിരക്ക് കേവലം 1.2 ശതമാനമാണ്. വ്യാവസായിക മേഖലയിലെ മൊത്തം വളര്‍ച്ചനിരക്ക് ഒരുവർഷം മുമ്പുണ്ടായിരുന്ന 7.4 ശതമാനത്തില്‍നിന്ന് ഇപ്പോള്‍ 1.6 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഉൽപാദനമേഖലയില് ഉണ്ടായിരിക്കുന്ന ഈ തിരിച്ചടി അങ്ങേയറ്റം ഗൗരവതരമാണ്. കൂടുതല്‍ തൊഴിലില്ലായ്മയിലേക്കും വരുമാനക്കുറവിലേക്കും അതുവഴി കൂടുതൽ സാമ്പത്തികക്കുഴപ്പത്തിലേക്കും ഇന്ത്യ നീങ്ങാൻ പോകുന്നുവെന്നതിെൻറ സൂചനയാണിത്. വേതനമരവിപ്പും പിരിച്ചുവിടലുകളും വ്യവസായമേഖലയെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ നയം മാറ്റുക, അല്ലെങ്കില്‍ സര്‍ക്കാര്‍തന്നെ മാറുക എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് ഇതിനോട് സ്വീകരിക്കാവുന്ന മുദ്രാവാക്യം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.