ബി.ജെ.പി സര്‍ക്കാർ അധികാരത്തിൽ വന്നശേഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലുകളുടെ സ്വഭാവം, അവയുടെ ലക്ഷ്യങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ഈ പംക്തിയിൽ ധാരാളം എഴുതിയിട്ടുണ്ട്. കൊളോണിയൽ വിരുദ്ധ സമരപാരമ്പര്യത്തിെൻറ മുഖ്യധാരയായ കോൺഗ്രസ് ചിന്താസരണിയിൽനിന്ന് ഇന്ത്യയെ രക്ഷിച്ച് ആർ.എസ്.എസ് ചിന്താസരണിയിലേക്ക് രാജ്യത്തെ കൊണ്ടുവരുക എന്ന അമിത് ഷായുടെ പ്രഖ്യാപിത ലക്ഷ്യത്തെക്കുറിച്ച് ഏതാനും വർഷം മുന്‍പ് എഴുതിയിരുന്നു. അതോടൊപ്പംതന്നെ ഈ പാരമ്പര്യത്തോട് വിമര്‍ശനാത്മകമായ ബന്ധം െവച്ചുപുലര്‍ത്തുന്ന കീഴാള-ന്യൂനപക്ഷ രാഷ്ട്രീയ-വൈജ്ഞാനിക വ്യവഹാരങ്ങളും നിശ്ശബ്ദമാക്കുക എന്ന ലക്ഷ്യവും തുറന്നുകാട്ടിയിട്ടുണ്ട്.
ദൂരവ്യാപകമായ ഫലങ്ങൾ ലാക്കാക്കി ബോധപൂര്‍വം നടത്തുന്ന ഇടപെടലുകളാണ് അവയൊക്കെ എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത് എന്നത് കൂടുതൽ കൂടുതൽ വ്യക്തമാവുകയാണ്. മൂന്നു സവിശേഷതകളാണ് അവയെ മറ്റുതരം ഇടപെടലുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഒന്ന്, പ്രത്യയശാസ്ത്രപരം മാത്രമായ നിയമനങ്ങൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ നടത്തുന്നു എന്നുള്ളതാണ്. ഇക്കാര്യത്തിൽ പലപ്പോഴും ചെയ്തുപോരുന്നത് തങ്ങളുടെ രാഷ്ട്രീയസമീപനത്തോട് ചേര്ന്നുനിൽക്കുന്നവർ എന്ന പരിഗണനയല്ലാതെ ബൗദ്ധികമായ അടിസ്ഥാനയോഗ്യതകൾ ഉണ്ടോ ഇല്ലയോ എന്നത് ഒരു മാനദണ്ഡമാക്കാൻ തീരെ താൽപര്യമില്ല എന്ന അങ്ങേയറ്റം അസ്വീകാര്യമായ ഒരു നിലപാട് കൈക്കൊള്ളുന്നു എന്നതാണ്. മറ്റൊന്ന്, ഉന്നത വിദ്യാഭ്യാസമേഖലയിലെ ഗവേഷണരംഗത്തോട് പുലര്‍ത്തുന്ന കടുത്ത നിഷേധാത്മക സമീപനമാണ്. സാമൂഹിക-മാനവിക വിഷയങ്ങളിലെ ഗവേഷണത്തിലെ വിമര്‍ശനാത്മക പാരമ്പര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നത് മാത്രമല്ല, പൊതുവിൽ ഇൗ രംഗത്തെ ഗവേഷണത്തെത്തന്നെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഗവേഷണത്തിനുള്ള പ്രവേശനം കൂട്ടത്തോടെ പിന്‍വലിക്കുക, സ്കോളര്‍ഷിപ്പുകൾ ഇല്ലാതാക്കുക തുടങ്ങി സാമൂഹിക-മാനവിക വിഷയങ്ങളിലെ ഗവേഷണപാരമ്പര്യത്തെ ശുഷ്കിപ്പിക്കുകയും അപ്രസക്തമാക്കുകയും ചെയ്യുക എന്നതാണ്. മൂന്നാമത്തേത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വയംഭരണത്തിെൻറ പേരില്‍ നിലവാരമാനദണ്ഡങ്ങൾ മറികടന്ന് അധികാര പ്രീണനപരമായ അക്കാദമിക-ഭരണരീതികൾ അനുവര്‍ത്തിക്കാൻ അനുവദിക്കുന്നു എന്നതാണ്.
ഏറ്റവും ഒടുവിൽ വാര്‍ത്താപ്രാധാന്യം നേടിയ മൂന്നു ഇടപെടലുകൾ ഇൗ ശൈലി സര്‍ക്കാര്‍തലത്തിൽ സാധാരണമാക്കപ്പെടുന്നു എന്നതിെൻറ സൂചനയാണ്. ഇതിലൊന്ന് ജവഹര്‍ലാൽ നെഹ്റു സര്‍വകലാശാലയിലെ മാധ്യമവകുപ്പിൽ രാജീവ് മല്‍ഹോത്രയെ വിസിറ്റിങ് പ്രഫസറായി നിയമിച്ചതാണ്. മുമ്പ് ഈ പംക്തിയിൽ എഴുതിയ രണ്ടു കാര്യങ്ങള്‍ക്ക് ഈ നിയമനവുമായി ബന്ധമുണ്ട്. ഒന്ന്, കേന്ദ്രസര്‍വകലാശാലകളിൽ സ്വയംഭരണം അനുവദിച്ച് ഇറക്കിയ ഉത്തരവ് ചര്‍ച്ചചെയ്യുന്ന സന്ദര്‍ഭത്തിൽ നിയമനങ്ങളിൽ യു.ജി.സിയെ മറികടക്കാനുള്ള സ്വാതന്ത്ര്യം സര്‍വകലാശാലകള്‍ക്ക് നല്‍കുന്നത് യഥാർഥത്തിൽ ദുരുപയോഗം മാത്രം ലക്ഷ്യമാക്കിയുള്ളതാവാമെന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരമൊരു നിയമനമാണ് മൽഹോത്രയുടേതെന്ന് ഇപ്പോൾതന്നെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മറ്റൊരു ലേഖനം മല്‍ഹോത്രയുടെ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് വിശദീകരിക്കുന്നതായിരുന്നു (മാധ്യമം ഒക്ടോബര്‍ 2016, സംസ്കൃതത്തിനായുള്ള സമരങ്ങള്‍). ഒരു വശത്ത് അന്താരാഷ്ട്ര തലത്തില്‍, വിശേഷിച്ച് അമേരിക്കയില്‍, ഇന്ത്യൻ ഡയസ്പോറയെ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള അജണ്ട ശക്തമായി നടപ്പാക്കുന്ന മല്‍ഹോത്ര അതേസമയംതന്നെ ഷെല്‍ഡൻ പൊള്ളോക്കിനെ പോലുള്ള പ്രമുഖ ഇന്ഡോളജിസ്റ്റ് ചിന്തകര്‍ക്കെതിരെ പൊള്ളയായ ബൗദ്ധികവാദങ്ങൾ ഉയര്‍ത്തി വിമര്‍ശിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര പ്രചാരകനാണ്. അദ്ദേഹത്തെ ജെ.എൻ.യുവിൽ അധ്യാപകനാക്കുന്നതിലൂടെ സ്വയംഭരണത്തിെൻറ ദിശ എങ്ങോട്ടായിരിക്കും എന്നതിനെക്കുറിച്ച് ഉയര്‍ത്തിയ ആശങ്കകൾ തികച്ചും ശരിയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.
മറ്റൊന്ന്, ഡല്‍ഹി സര്‍വകലാശാലയിൽ പൊളിറ്റിക്കൽ സയന്‍സ് കരിക്കുലത്തിൽനിന്ന് പ്രഫസർ കാഞ്ച െഎലയ്യയുടെ പുസ്തകങ്ങൾ പിന്‍വലിക്കാൻ അക്കാദമിക് കൗൺസിൽ നിർദേശം നല്‍കിയതാണ്. അതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിെൻറ പുസ്തകങ്ങൾ ഹിന്ദുവിശ്വാസത്തെ വിമര്‍ശിക്കുന്നു എന്നതാണ്. അടിസ്ഥാനപരമായി ഇന്ത്യൻ അവസ്ഥകളുടെ സാമൂഹികശാസ്ത്രപരവും രാഷ്ട്രീയവുമായ പഠനങ്ങളിൽ ഹൈന്ദവഘടനാവിമര്ശനം ഒഴിവാക്കാൻ കഴിയില്ല. ഹിന്ദുമത വിമര്‍ശനമെന്നത് ഏതെങ്കിലും പുസ്തകം പഠിപ്പിക്കാതിരിക്കാൻ ഒരു കാരണമാണെങ്കിൽ ഡോ. ബി.ആർ. അംബേദ്കർ എഴുതിയ പുസ്തകങ്ങൾ എങ്ങനെ പഠിപ്പിക്കും? അവയും സര്‍വകലാശാലകളിൽ നിരോധിക്കുമോ? കാഞ്ച െഎലയ്യയെക്കാൾ ആഴത്തില്‍, കൂടുതൽ കര്‍ക്കശമായി അംബേദ്കർ ഹിന്ദുമത വിമര്‍ശനം നടത്തിയിട്ടില്ലേ? മാത്രമല്ല, ഹിന്ദുമത വിമര്‍ശനം ഉള്‍ക്കൊള്ളിക്കാതെ സാമൂഹികചരിത്രത്തിൽ വർണാശ്രമസംവിധാനത്തെക്കുറിച്ച് എങ്ങനെയാണ് പഠിപ്പിക്കാൻ കഴിയുക? വർണാശ്രമവ്യവസ്ഥ ഒരു സവിശേഷ രാഷ്ട്രീയ-പ്രത്യയശാസ്ത്ര സാമൂഹികഘടനയാണ്. അതിനുള്ളിൽ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ബാക്കിയുള്ളവർ അതിനു പുറത്താണ്. അവർ വ്യവസ്ഥക്ക് പുറത്താണ് എന്നത് ഒരു സ്വാതന്ത്ര്യമല്ല, മറിച്ച് വർണാശ്രമങ്ങൾ നിര്‍വചിക്കുന്ന അനുശാസനങ്ങള്‍ക്ക് വഴങ്ങി ജീവിക്കാൻ ബാധ്യതപ്പെട്ട അടിമകളാണവര്‍. ഒരേ സമയം വ്യവസ്ഥക്കുള്ളിലും പുറത്തുമായി നില്‍ക്കേണ്ടി വന്നിട്ടുള്ള, ഇപ്പോഴും നിൽക്കുന്ന, കീഴാളവിഭാഗങ്ങളുടെ പരിപ്രേക്ഷ്യം സാമൂഹികവും രാഷ്ട്രീയവുമായ അർഥത്തിലുള്ള ഹിന്ദുമതവിമര്ശനമാണ്. ഇന്ത്യയിലെ ജാതിസങ്കുലമായ ഇത്തരം സാമൂഹിക യാഥാർഥ്യങ്ങൾ വിശദീകരിക്കുന്നവയാണ് കാഞ്ചാ െഎലയ്യയുടെ പുസ്തകങ്ങൾ എന്നതിനാലാണ് അവക്ക് പാഠ്യപദ്ധതിയിൽ വിലക്ക് കൽപിക്കുന്നത്.
ഏറ്റവും ഒടുവിലായി എെൻറ ശ്രദ്ധയിൽ പെട്ടത് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളാണ്. ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി കോംപ്ലക്സിൽ നെഹ്റു മ്യൂസിയത്തെ മുൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയമാക്കി മാറ്റി നെഹ്റുവിനുള്ള പ്രാധാന്യം തമസ്കരിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത അംഗങ്ങളെ അംഗത്വത്തിൽനിന്ന് ഒഴിവാക്കി പകരക്കാരെ നിയമിക്കാനാണ് തീരുമാനമായത്. വലിയ അക്കാദമിക ചര്‍ച്ചകളുടെയും പഠനങ്ങളുടെയും കേന്ദ്രമാണ് നെഹ്റു ലൈബ്രറി എന്നതുകൊണ്ടുതന്നെ ഔദ്യോഗിക അംഗങ്ങൾ കഴിഞ്ഞാൽ അക്കാദമിക മികവായിരുന്നു ഇവിടെ അംഗത്വം നല്‍കുന്നതിനുള്ള മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. അത് കാറ്റിൽ പറത്തി നടത്തിയ പുതിയ നിയമനത്തിൽ മുൻ വിദേശകാര്യ സെക്രട്ടറി ജയ്ശങ്കര്, റിപ്പബ്ലിക് ടി.വി അവതാരകൻ അര്‍ണബ് ഗോസ്വാമി, ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധെ, എ.ബി.വി.പിയുടെ സ്ഥാപക സെക്രട്ടറി പത്രപ്രവര്ത്തകൻ റാം ബഹാദൂർറായ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരെയൊക്കെയാണ് ഒഴിവാക്കുന്നത് എന്നത് ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതാണ്. പ്രശസ്ത ധനശാസ്ത്രജ്ഞനായ നിതിൻ ദേശായ്, െഎക്യരാഷ്ട്രസഭയിലെ സാമ്പത്തിക-സാമൂഹികകാര്യ വിഭാഗത്തിലെ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്നു. ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ പഠിച്ച അദ്ദേഹം ലിവർപൂള്‍, സൗതാംപ്റ്റൻ സര്‍വകലാശാലകളിൽ അധ്യാപകനായിരുന്നു. ബ്രണ്ട് ലാന്‍ഡ് കമീഷന് എന്നറിയപ്പെടുന്ന പ്രശസ്തമായ ലോക പരിസ്ഥിതി-വികസന കമീഷെൻറ സീനിയർ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്നു.
രാജിെവച്ചൊഴിയുന്ന മറ്റൊരാൾ പ്രഫ. ഭാനുപ്രതാപ് മേത്തയാണ്. അശോക സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍. ഓക്സ്ഫഡിൽനിന്ന് ബിരുദവും പ്രിൻസ്റ്റണിൽനിന്ന് പിഎച്ച്്.ഡിയും എടുത്ത് ഹാര്‍വാര്‍ഡിൽ അധ്യാപകനായിരുന്നു. ഡല്‍ഹിയിലെ സെൻറർ ഫോർ പോളിസി റിസര്ച്ചിെൻറ പ്രസിഡൻറ്. പുറത്താവുന്ന മറ്റൊരാൾ പ്രഫസർ ഉദയോന മിശ്ര. പ്രഗല്ഭ പണ്ഡിതനും ഗ്രന്ഥകർത്താവും. അദ്ദേഹം ഐ.സി.എസ്.എസ്.ആറിെൻറ നാഷനൽ ഫെലോ ആയിരുന്നു. ഇന്ത്യയിലെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും വര്ത്തമാനത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിെൻറ പഠനങ്ങൾ പൊള്ളയായ ദേശീയതാസങ്കൽപത്തെ മറികടക്കുന്ന ആഴമുള്ള അന്വേഷണങ്ങളാണ്.
അതേസമയം, ‘പൊളിറ്റിക്കൽ കമേൻററ്റര്‍’ എന്നതാണ് അര്‍ണബ് ഗോസ്വാമിയുടെ യോഗ്യത എന്നാണ് ഔദ്യോഗിക വിശദീകരണം. എത്ര എളുപ്പത്തിലാണ് യോഗ്യതയുടെ മാനദണ്ഡം മാറ്റിമറിക്കപ്പെടുന്നത്. എ.ബി.വി.പിയുടെ സ്ഥാപകനും മോദിഭരണത്തിെൻറ സ്തുതിപാഠകനുമെല്ലാം എത്ര വേഗമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സ്ഥാനങ്ങളിലേക്ക് എത്തിച്ചേരുന്നത്. മുൻകാലങ്ങളിൽ ഇൗ മേഖല പരിപൂർണമായും ജനാധിപത്യവത്കരിക്കപ്പെട്ടിരുന്നു എന്നോ അവക്ക് കീഴാള-ന്യൂനപക്ഷ പ്രാതിനിധ്യസ്വഭാവം ഉണ്ടായിരുന്നുവെന്നോ അവ വരേണ്യതാൽപര്യങ്ങൾ പ്രസരിപ്പിക്കാതിരുന്നുവെന്നോ ഞാൻ കരുതുന്നില്ല. പക്ഷേ, നിലവിലുള്ള സംവിധാനത്തെ കൂടുതൽ ജനകീയവത്കരിക്കുകയല്ല, മറിച്ചു ഹിന്ദുത്വവത്കരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത് എന്നത് രാജ്യം നേരിടുന്ന കടുത്ത ഫാഷിസ്റ്റ് വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ജനാധിപത്യവാദികൾ പ്രതിരോധിക്കേണ്ട മറ്റൊരു കടന്നുകയറ്റംതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.