പല തരത്തിലുള്ള വിശ്വാസമാണ് നമ്മുടെ പൊതുജീവിതത്തെ നയിക്കുന്നത്. ശരിയും തെറ്റും ഇടകലര്‍ന്നത്. ശരി കണ്ടത്തൊന്‍ ശാസ്ത്രാഭിരുചിയില്‍നിന്ന് തുടങ്ങണം. എല്ലാവര്‍ക്കും അത് സാധ്യമാകണമെന്നില്ല. ലളിതമായ ആശയങ്ങള്‍കൊണ്ട് ലോകത്തെ മനസ്സിലാക്കുകയാണ് സാധാരണക്കാര്‍ക്ക് എളുപ്പം. ശാസ്ത്രാവബോധം (Scientific temper) എന്ന ആശയം ജവഹര്‍ലാല്‍ നെഹ്റു മുന്നോട്ടുവെച്ചപ്പോള്‍ നാടിന്‍െറ പുരോഗതിക്ക് അത് അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. ശാസ്ത്രാവബോധം നേടുക ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമായി ഭരണഘടന കാണുന്നു. അതിനാല്‍ ശാസ്ത്രബോധത്തെ അമ്പേ നിഷേധിക്കുന്ന നിലപാടുകള്‍ ഭരണഘടനാവിരുദ്ധമായി കാണാനാകും എന്ന് സാരം.
ഇന്നത്തെ നില വിചിത്രമെന്നേ പറയാനാകൂ. ഡോ. ഭാര്‍ഗവ 2015ല്‍ എഴുതിയ ‘ശാസ്ത്രാവബോധം ഇല്ലാത്ത ശാസ്ത്രജ്ഞര്‍’ എന്ന ലേഖനത്തില്‍ നമ്മുടെ ശാസ്ത്രകാരന്മാര്‍ക്കുപോലും ശാസ്ത്രബോധം വഴങ്ങുന്നില്ളെന്ന സത്യം വരച്ചുകാട്ടുന്നു. പലപ്പോഴും ശാസ്ത്രവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവര്‍ ശാസ്ത്രാവബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കാറുമുണ്ട്. മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ളെന്നും ഭൂമി പരന്നതാണെന്നും വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇവയൊന്നും സാധാരണജീവിതത്തെ ബാധിക്കുന്നില്ലല്ളോ എന്ന് പറഞ്ഞൊഴിയാം. ഒറ്റനോട്ടത്തില്‍ ഇത്തരം വിശ്വാസങ്ങള്‍ നിര്‍ദോഷങ്ങളും ആരോഗ്യത്തെ ബാധിക്കാത്തതും ആണെന്ന് തോന്നാം. ഭൂകമ്പങ്ങള്‍, സൂനാമി, ആഗോളതാപനം, ജലക്ഷാമം തുടങ്ങിയവ മനസ്സിലാക്കാന്‍ ഇത്തരം അറിവുകള്‍ ആവശ്യവുമാണ്. ഇതെല്ലാം നമ്മുടെ പൊതു ആരോഗ്യാവസ്ഥയെ ബാധിക്കുന്നതുമാണ്.
ഒരു വ്യക്തിയുടെ സന്തോഷകരമായ നിലനില്‍പ്പിനും ആരോഗ്യപൂര്‍ണമായ ജീവിതത്തിനും അവശ്യം വേണ്ടതാണ് ശാസ്ത്രബോധനിബദ്ധമായ വിശ്വാസം. രോഗങ്ങള്‍ പ്രതിരോധിക്കാനും ഉചിതമായ ചികിത്സ തേടാനും സമൂഹത്തില്‍ നിലനില്‍ക്കുന്ന ശാസ്ത്രാവബോധവും വിശ്വാസങ്ങളും സഹായിക്കുന്നു. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ചെറുപ്പക്കാരുടെ രോഗാതുരത നിയന്ത്രിക്കാനും കഴിഞ്ഞത് ഈ രംഗത്തെ ശാസ്ത്രമുന്നേറ്റം കൊണ്ടുകൂടിയാണ്. കുട്ടികള്‍ക്ക് പ്രതിരോധ വാക്സിന്‍ വ്യാപകമായി നല്‍കാന്‍ സാധിച്ചത് ആയുര്‍ദൈര്‍ഘ്യത്തിന് അടിത്തറയായി. 2011ലെ കണക്കനുസരിച്ച് കേരളത്തിലിത് 80 ശതമാനം മാത്രമാണ്. ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. സിക്കിമിലും മണിപ്പൂരിലും 100 ശതമാനവും തമിഴ്നാട്ടില്‍ 86ഉം മേഘാലയയില്‍ 82 ശതമാനവുമാണ് വാക്സിന്‍ പ്രചാരം. 60 വയസ്സ് തികഞ്ഞവരുടെ ആയുര്‍ദൈര്‍ഘ്യം ഏറ്റവുംകൂടുതല്‍ കേരളത്തിലല്ല, കശ്മീരിലാണ്: 21.9 വര്‍ഷം. അതായത്, കശ്മീരില്‍ 60 വയസ്സ് തികഞ്ഞ ഒരാള്‍ക്ക് 22 വര്‍ഷംകൂടി ജീവിക്കാനാകുമ്പോള്‍ കേരളത്തിലത് 20 വര്‍ഷത്തില്‍ ചുരുങ്ങുന്നു.
കേരള വൈചിത്ര്യം
രസകരമാണ് കേരളത്തിലെ പ്രമേഹത്തിന്‍െറ കണക്കുകള്‍. ഇന്ത്യയില്‍ പൊതുവെ 8 ശതമാനം പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. കേരളത്തിലിത് 20 ശതമാനത്തിലധികവും. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ പട്ടണങ്ങളിലാണ് പ്രമേഹം അധികവും; ഗ്രാമങ്ങളില്‍ കുറവും. കേരളത്തിലാകട്ടെ, കൂടുതല്‍ പ്രമേഹബാധിതര്‍ ഗ്രാമങ്ങളിലാണ്. ഇത് കേരളവൈചിത്ര്യം എന്നറിയപ്പെടുന്നു. കേരളത്തിലെ തീരദേശത്ത് പ്രമേഹബാധിതര്‍ താരതമ്യേന വളരെ കുറവാണ്. ഇവിടെയുള്ളതിന്‍െറ ഇരട്ടിയാണ് മലനാടുകളില്‍; അതിലും വളരെക്കൂടുതല്‍ ഇടനാടുകളില്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പ്രമേഹസാന്നിധ്യം കൂടുതല്‍.
അനിയന്ത്രിതമായ പ്രമേഹം മാരകമാണെന്നും നിയന്ത്രിച്ചാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാമെന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍, ആരോഗ്യത്തെക്കുറിച്ച ശാസ്ത്രീയമായ കാഴ്ചപ്പാട് , പൊതുവിദ്യാഭ്യാസത്തില്‍ മുന്‍നിരയിലുള്ള കേരളത്തില്‍ ഇല്ലായെന്ന് പറയേണ്ടിയിരിക്കുന്നു. പുതുതായി പ്രമേഹം ബാധിക്കുന്നവരില്‍ 55 ശതമാനം പേരെ മാത്രമാണ് രോഗമുള്ളതായി കണ്ടത്തെുന്നത്. രോഗനിര്‍ണയം ചെയ്തവരില്‍ 32 ശതമാനം പേരും കാര്യമായ ചികിത്സകളെടുക്കാത്തവരാണ്. ബാക്കി 68 ശതമാനം പേരാണ് എന്തെങ്കിലും ചികിത്സ ചെയ്യുന്നത്; 40 ശതമാനം പേര്‍ രോഗത്തെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പ്രമേഹവും ഇന്‍സുലിനും തമ്മിലുള്ള ബന്ധം പരക്കെ അറിയാവുന്നതാണെങ്കിലും പ്രമേഹബാധിതരില്‍ 10 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഇന്‍സുലിന്‍ ഉപയോഗിക്കുന്നത്. അതായത് വ്യക്തമായ തെളിവുകള്‍ ലഭ്യമായ പ്രമേഹരോഗത്തില്‍ പോലും വളരെ കുറച്ചുപേര്‍ മാത്രമാണ് ശാസ്ത്രീയമായ ചികിത്സ തേടുന്നത്.
ഇത് പ്രമേഹത്തില്‍ മാത്രം സംഭവിക്കുന്നതല്ല; കുറെക്കൂടി ലഘുവായി ചികിത്സിക്കാവുന്ന രക്തസമ്മര്‍ദത്തിന്‍െറ കാര്യത്തിലും ഇതേ സ്ഥിതി കാണാം. 2010ലെ ഒരു വൈദ്യശാസ്ത്ര പ്രബന്ധത്തില്‍ കണ്ടത്തെിയ കാര്യങ്ങള്‍ അഭിമാനിക്കാന്‍ വക തരുന്നില്ല. 30 വയസ്സു മുതല്‍ രക്തസമ്മര്‍ദം കണ്ടുവരുന്നു; തുടക്കത്തില്‍ 18 ശതമാനം പേരെ ബാധിക്കുന്ന പ്രശ്നം 70 കടന്നവരില്‍ 50 ശതമാനം എത്തുന്നു; ഉദ്ദേശം 25 ശതമാനം പേര്‍ക്ക് മാത്രമേ രോഗം ബാധിച്ചിട്ടുണ്ടെന്നു അറിയാവൂ. അതില്‍ മൂന്നിലൊന്നു പേരാണ് ഫലപ്രദമായ ചികിത്സ തേടുന്നത്. അതായത് വലിയൊരു ശതമാനം പേര്‍ പ്രമേഹവും രക്തസമ്മര്‍ദവും ശരിയാംവണ്ണം ചികിത്സിക്കാതെ വിടുന്നുവെന്നര്‍ഥം.
അബദ്ധധാരണകള്‍
സാക്ഷരത, വിദ്യാഭ്യാസം, പൊതുജനാരോഗ്യം സൂചികകളില്‍ മികവുള്ള കേരളത്തില്‍ 50 വയസ്സിനുമേല്‍ രോഗാതുരതയേറി വന്നാല്‍ കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. പ്രധാനമായും ഇത് വിരല്‍ചൂണ്ടുന്നത് നമ്മുടെ ശാസ്ത്രാവബോധവും ജീവിതരീതികളെക്കുറിച്ചുള്ള വിശ്വാസങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളിലേക്കാണ്. ഇവയില്‍ ചിലത് പരിശോധിക്കാം.
1. പ്രമേഹവും രക്തസമ്മര്‍ദവും പൂര്‍ണമായും ഇല്ലാതാക്കാനാകും
ഇത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു മൂര്‍ത്തമായ വിശ്വാസമാണ്. പരസ്യവാചകം പോലെ ആകര്‍ഷകവും. എന്നാല്‍, പരസ്യവാചകം പോലെ തെറ്റിദ്ധാരണാജനകവുമാണിത്. ഈ രണ്ടു രോഗാവസ്ഥകളെക്കുറിച്ചു പതിനായിരക്കണക്കിന് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിലൊന്നില്‍പോലും പ്രമേഹമോ രക്തസമ്മര്‍ദമോ പൂര്‍ണമായി മാറ്റാമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ക്രമീകരിച്ച ഭക്ഷണവും ശാരീരികക്ഷമതയും ഭാരവും ഒക്കെ നിയന്ത്രിക്കുന്നവര്‍ക്ക് ഒരുപരിധിവരെ രോഗങ്ങള്‍ തടയാനാവും; രോഗം വന്നവര്‍ ജീവിതകാലമത്രയും ശ്രദ്ധാപൂര്‍വം ചികിത്സ നടത്തേണ്ടതുണ്ട്. പ്രമേഹം പൂര്‍ണമായി മാറ്റാമെന്നവകാശപ്പെടുന്നവര്‍ പറയുന്ന കാര്യങ്ങള്‍ വര്‍ഷങ്ങള്‍തോറും മാറിക്കൊണ്ടിരിക്കും; നിങ്ങള്‍ സ്വയം അനുഭവിച്ചുനോക്കൂ എന്നാവും പറയുക. 1980ല്‍ പലതരം ഇലകളായിരുന്നു ഒറ്റമൂലി. പിന്നീടത് വേങ്ങയില്‍ നിര്‍മിച്ച കപ്പില്‍ വെള്ളം കുടിച്ചാല്‍ മതിയെന്നായി. പിന്നീട് മധുരം കഴിച്ചും യോഗാഭ്യാസത്തിലൂടെയും പച്ചക്കറി ഭക്ഷിച്ചും ഒക്കെ പ്രമേഹമുക്തി അവകാശപ്പെടുന്നവര്‍ രംഗത്തത്തെി. ഓരോ ചികിത്സയുടെയും ഫലം നാമറിയുന്നത് ടെസ്റ്റുകള്‍ വഴിയല്ല, അനുഭവസ്ഥരുടെ സാക്ഷ്യം വഴിയാണ്. ഇതൊരു ശാസ്ത്രവഴിയല്ളെന്ന് എന്തുകൊണ്ട് ഓര്‍ക്കുന്നില്ല?
2. പ്രമേഹവും രക്തസമ്മര്‍ദവും കര്‍ശനമായി നിയന്ത്രിക്കേണ്ടതില്ല
ഇത്തരമൊരു വിശ്വാസം ശക്തമാണ്. അതിനാലാണ്, ബഹുഭൂരിപക്ഷം രോഗികളും രോഗാവസ്ഥയെ പൂര്‍ണമായും അവഗണിക്കുന്നത്. എന്നാല്‍, പഠനങ്ങള്‍ വ്യക്തമാക്കുന്നത് അനിയന്ത്രിതമായി തുടരുന്ന ഈ രോഗങ്ങള്‍ ക്രമേണ ഹൃദയം, ധമനികള്‍, വൃക്ക, നേത്രപടലം എന്നിവയെ കേടാക്കും എന്നാണ്. രോഗങ്ങളുടെ സങ്കീര്‍ണാവസ്ഥകള്‍ ഭാരിച്ച സാമ്പത്തികബാധ്യത രോഗിക്കും കുടുംബത്തിനും വരുത്തിവെക്കുകയും ചെയ്യും. ഇപ്പോള്‍ കേരളത്തില്‍ കാണുന്ന ഡയാലിസിസ് രോഗികളും ഹൃദ്രോഗം, സ്ട്രോക്ക് എന്നീ രോഗങ്ങള്‍ ബാധിച്ചവരെയും ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദവും പ്രമേഹവും ഏല്‍പിക്കുന്ന ആഘാതം എത്രയെന്നു മനസ്സിലാക്കാം.
3. അര്‍ബുദം ഭേദമാവില്ല; ചികിത്സയില്‍ അദ്ഭുതങ്ങള്‍ക്ക് സ്ഥാനമുണ്ട്
തികച്ചും അബദ്ധജടിലമായ വിശ്വാസമാണ് അര്‍ബുദം ഭേദമാവില്ലയെന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ അര്‍ബുദത്തെ അതിജീവിക്കുന്നവര്‍ ഇരട്ടിയിലധികമായിട്ടുണ്ട്. കുട്ടികളില്‍ കാണുന്ന അര്‍ബുദം ഏറിയകൂറും ചികിത്സക്ക് വഴങ്ങുമെന്ന നിലയിലാണിപ്പോള്‍. അര്‍ബുദവുമായി അഞ്ചുവര്‍ഷത്തിലധികമായി ജീവിക്കുന്നവരുടെ എണ്ണം 2006ല്‍തന്നെ ഇങ്ങനെയാണ്: സ്തനാര്‍ബുദം 90 ശതമാനം, പ്രോസ്റ്റേറ്റ് 100 ശതമാനം, മൂത്രാശയം 81 ശതമാനം. രോഗനിര്‍ണയം എളുപ്പമായ അര്‍ബുദങ്ങളില്‍ പത്തുവര്‍ഷം ജീവിക്കുന്നവരുടെ എണ്ണം 80 ശതമാനം കടന്നിരിക്കുന്നു ഇപ്പോള്‍. അദ്ഭുതങ്ങള്‍ ഒന്നുംതന്നെ സംഭവിക്കുന്നില്ല. യഥാര്‍ഥ അദ്ഭുതം അര്‍ബുദം ചികിത്സമൂലം ഭേദപ്പെടുന്നുവെന്നതുതന്നെ.
അര്‍ബുദ ചികിത്സയിലെ പ്രശ്നങ്ങള്‍ രണ്ടാണ്; പ്രതിരോധം, പ്രാരംഭഘട്ടത്തില്‍ ചികിത്സ തുടങ്ങുക. 30 ശതമാനത്തിലധികം അര്‍ബുദങ്ങള്‍ തടയാവുന്നതാണ്. പുകയില, മദ്യം, ചില ലൈംഗികരോഗങ്ങള്‍, അമിതവണ്ണം, അന്തരീക്ഷ മലിനീകരണം, പോഷകാഹാരക്കുറവ് എന്നിവയിലെ ഇടപെടലുകളാണ് പ്രതിരോധമാര്‍ഗങ്ങള്‍. അര്‍ബുദ ചികിത്സയിലെ പ്രധാന ഘടകം പണച്ചെലവാണ്. പലര്‍ക്കും താങ്ങാനാവാത്ത ഭാരമാണ് അര്‍ബുദം സൃഷ്ടിക്കുന്നത്. ഇതിനു പരിഹാരം കണ്ടത്തെുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മിറക്കിള്‍.
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ളെന്ന തെറ്റായ വിശ്വാസം ആരുടെയും ജീവിതത്തെ ബാധിക്കുന്നില്ല. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ ശാസ്ത്രബോധത്തെ നിരാകരിക്കുന്ന നിലപാടുകള്‍ അവരവരത്തെന്നെ ബാധിക്കും. അതിനാലെങ്കിലും ആരോഗ്യകാര്യങ്ങളില്‍ ശാസ്ത്രപഠനങ്ങളിലൂടെ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവേണം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍. ഒറ്റമൂലികളും മിറക്കിളുകളുമില്ലാത്ത കാലത്താണ് നാം വസിക്കുന്നത്; എന്നാല്‍, ശാസ്ത്രം നമുക്കുവേണ്ടി കരുതിയിട്ടുള്ള അസംഖ്യം അദ്ഭുതങ്ങളുടെ ലോകമാണ് നമ്മെ വലയം ചെയ്തിരിക്കുന്നത്. ആ ഭാഗ്യം കാണാനും അനുഭവിക്കാനും വേണ്ട ശാസ്ത്രാവബോധം നാം ദൈനംദിന ജീവിതത്തില്‍ സ്വായത്തമാക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.