വ്യാജ ഔഷധങ്ങൾക്ക്​ പിന്നാലെ പോകുന്നവർ

വ്യാജസന്ദേശങ്ങളും കപട ചികിത്സകളും സ്വീകരിക്കാൻ സദാ സന്നദ്ധമാണ്​ നമ്മളെന്നു വേണം കരുതാൻ. പല ഭാഷാപത്രങ്ങളിലെയും ലഘു പരസ്യങ്ങളിൽകൂടി കണ്ണോടിച്ചാൽ ഇത് വ്യക്തമാകും. അമിതവണ്ണം, നടുവേദന, അലർജി, ലൈംഗികരോഗങ്ങൾ, ആർത്തവ, സ്തനപ്രശ്നങ്ങൾ, മദ്യപാനം, മാനസിക പിരിമുറുക്കം, ദാമ്പത്യ സംഘർഷം തുടങ്ങിയ സമൂഹത്തിനെ അലട്ടുന്ന നിരവധി ക്ലേശങ്ങൾക്ക് ഫലപ്രദമായ ചികിത്സ. നേരിട്ട് കാണുകപോലും വേണ്ടാത്ത ചികിത്സ, എങ്കിലും ഫലം ഉറപ്പുനൽകുന്നു. ദിവസേന കാണുന്ന ഇത്തരം പരസ്യങ്ങൾക്ക് ഭാരിച്ച തുക ഇതിനു പിന്നിലുള്ളവർ ​െചലവാക്കുന്നുവെന്നു വ്യക്തം. പരസ്യത്തുകയെക്കാൾ പതിന്മടങ്ങു ലാഭമില്ലെങ്കിൽ ഇതൊന്നും ബിസിനസ്​ ആയി നിലനിൽക്കുകയില്ല. ഹെർബൽ, ആയുർവേദ, പാരമ്പര്യ ചികിത്സപദ്ധതി കൂടി പരസ്യങ്ങളിൽ ഉൾപ്പെടുത്തിയാൽ ലാഭത്തിൽ വൻവർധനയുണ്ടാകും. കോടിക്കണക്കിനു ഡോളർ ലാഭം കൊയ്യുന്ന പ്രസ്തുത ബിസിനസ്​ അടുത്ത രണ്ടോ മൂന്നോ വർഷത്തിൽ 15-20 ശതമാനം കണ്ട്​ വികസിക്കുമെന്നാണ് കണക്ക്.

2018ലെ കണക്കനുസരിച്ച്​ അതിവേഗം വികസിക്കുന്ന ഇന്ത്യൻ ആരോഗ്യദായക ഔഷധ കമ്പോളത്തിൽ ഇപ്പോൾത്തന്നെ 460 കമ്പനികളുണ്ട്. വിറ്റമിൻ ഔഷധ മാർക്കറ്റിൽ 100 സ്ഥാപനങ്ങൾ മത്സരിക്കുന്നു. ക്രമേണ മാർക്കറ്റിൽ അന്താരാഷ്​ട്ര കുത്തകകൾ കടന്നുവരുമെന്ന പ്രതീക്ഷയാണ് മത്സരം കൊഴുപ്പിക്കുന്നത്. സമാന്തരമായി വികസിക്കുന്ന മറ്റൊരു രംഗമാണ് സ്പോർട്സ് ഔഷധ വിപണി. പുതിയ ഉൽപന്നങ്ങൾ, ഫോർമുലകൾ, നൂതന പരസ്യശൈലികൾ എന്നിവയുമായി രംഗം കീഴടക്കാൻ ശ്രമിക്കുകയാണ് കമ്പനികൾ. ആരോഗ്യരംഗത്ത്​ അനുബന്ധ ചികിത്സ എന്ന രീതിയിലാണ് ഇവർ വിപണിയിൽ നിൽക്കുന്നത്. അനുബന്ധ ചികിത്സകൾ ഉപഭോക്താവ് നേരിട്ട് വാങ്ങാവുന്നതായതിനാൽ ചികിത്സാരംഗത്തുള്ള സങ്കീർണമായ നിയമങ്ങളോ വിലക്കുകളോ ഇല്ല. മറ്റേതൊരു കൺസ്യൂമർ ഉൽപന്നവും പോലെ വിറ്റഴിക്കാവുന്നവയായതിനാൽ പരസ്യങ്ങളാണ് കച്ചവടം സാധ്യമാക്കുന്ന പ്രധാന ഉപകരണം. നെറ്റ് മാർക്കറ്റിങ്​, ചെയിൻ മാർക്കറ്റിങ്, മെഡിക്കൽ ഷോപ്പുകൾ, ജിംനേഷ്യം, ബ്യൂട്ടി പാർലർ എന്നിവയാണ് കച്ചവട റൂട്ടുകൾ. ഇന്ത്യൻ കമ്പോളം 2017ൽ തന്നെ 24,000 കോടി രൂപ വലുപ്പമെത്തി; 2022ൽ 70,000 കോടി രൂപ മൂല്യമെത്തുമെന്നാണ് പ്രതീക്ഷ.

സമാന്തര ഔഷധപ്രയോഗം എന്നരീതിയിൽ നിലയുറപ്പിച്ച, എന്നാൽ ശാസ്ത്രത്തി​​​െൻറ പിൻബലമില്ലാത്ത കപടചികിത്സ എങ്ങനെയാണ് ഇത്രയധികം വികസിച്ചത്? ഇന്ത്യയിൽ ഇതിന് സമഗ്രപഠനങ്ങളൊന്നുമില്ല. പല കാരണങ്ങൾ സൂചകങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ സമൂഹമാകമാനം അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവരാണ്. വിദ്യാഭ്യാസമോ വലുപ്പച്ചെറുപ്പമോ സാമൂഹികാവസ്ഥയോ ഇതിനെ ബാധിക്കുന്നില്ല. അതിനാൽ, അതിശയോക്തി അടിസ്ഥാനമാക്കിയ എന്തു പ്രചാരണവും ലക്ഷ്യം കാണും. ഇതോടൊപ്പം ഫലം ഗാരൻറി ചെയ്താൽ അതിനു വിശ്വസനീയത വർധിക്കുകയും ചെയ്യും. നിരവധി സാക്ഷ്യം പറച്ചിലും പരസ്യകഥാപാത്രങ്ങളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. പരസ്യത്തിലെത്തുന്ന കഥാപാത്രങ്ങൾ നാം തന്നെയാകുന്നുവെന്ന് കണ്ടെത്താൻ പ്രയാസമില്ല. മൂന്നാമതായി, ശാസ്ത്രീയമായി ചെയ്യുന്നതെല്ലാം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന ശക്തമായ തോന്നൽതന്നെ.

ആരോഗ്യസ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന എല്ലാ മരുന്നുകളും പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും സമാന്തര വിപണി നൽകുന്ന ഉൽപന്നങ്ങൾ നല്ലതാണെന്നും കുട്ടികളുടെ നിഷ്‌കളങ്കതയോടെ നാം അംഗീകരിക്കും. പരസ്യങ്ങളിലെ അവകാശവാദങ്ങളിൽ വസ്തുതയുണ്ടോ എന്നന്വേഷിക്കുന്നത് വളരെ ശ്രമകരമാണെന്ന് കരുതുന്നു. സമൂഹത്തി​​​െൻറ ശാസ്ത്രാവബോധത്തിൽ കാണുന്ന ഈ വിടവാണ് സമാന്തര ആരോഗ്യ മേഖലയെയും അവരുടെ ഉൽപന്നങ്ങളെയും നിലനിർത്തുന്നത്.

എന്തുകൊണ്ടാണ് ആരോഗ്യ സപ്ലിമ​​െൻറ്​ എന്ന പേരിൽ ശക്തമായ വിപണി രൂപപ്പെട്ടത്? ഇതിനും ശക്തമായ പഠനങ്ങൾ ഇന്ത്യയിലില്ല. ഭാഗ്യവശാൽ വിദേശപഠനങ്ങൾ ഇതേക്കുറിച്ച് വെളിച്ചം വീശുന്നവയാണ്. ഡ്വയർ, കോറ്റ്സ് (2018) തുടങ്ങിയവരുടെ പ്രബന്ധം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഒന്നാമതായി, ആരോഗ്യദായക ഔഷധങ്ങൾ, പോഷക സപ്ലിമ​​െൻറുകൾ എന്നിവയെക്കുറിച്ചുള്ള ഏതു സംവാദവും പലപ്പോഴും നമ്മെ രണ്ടു ചേരികളിലാക്കുന്നു. ചർച്ചകൾ വൈകാരികതക്ക് വഴിമാറിക്കൊടുത്താൽ ശാസ്ത്രബോധം പരാജയപ്പെടും. ഇത് ശക്തമായി നടക്കുന്നത് തദ്ദേശജന്യമായ നാട്ടുചികിത്സാരീതികൾ നിലവിലുള്ള രാജ്യങ്ങളിലാണ്. തീർച്ചയായും ഇന്ത്യ അക്കൂട്ടത്തിൽപെടും. അതുകൊണ്ടുതന്നെ രാജ്യത്തെ രാഷ്​ട്രീയനിലപാടുകൾ വിപണിയെ അനുകൂലമായി സ്വാധീനിക്കുകയും ചെയ്യും.

പൊതുവെ പരിചിതമായ വിറ്റമിനുകളും മൂലകങ്ങളുമാണ് മരുന്നുകളിൽ കാണുന്ന​െതന്ന് പറയാനാവില്ല. നാട്ടുപാരമ്പര്യത്തിലൂടെ അറിവായ അനേകം ഘടകങ്ങൾ മരുന്നുകളിൽ ധാരാളമായി പ്രത്യക്ഷപ്പെടും. ഇവയും കൂടി നിയമക്കുരുക്കുകൾ കൂടാതെ ജനങ്ങളിൽ എത്തുന്നുവെന്നതാണ് പ്രശ്നം. ഇങ്ങനെ ആയിരക്കണക്കിന് തദ്ദേശീയ കൂട്ടുകളും ഫോർമുലകളുമാണ് സപ്ലിമ​​െൻറുകളായി ആളുകൾ വാങ്ങി ഭക്ഷിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, ശാസ്ത്രാവബോധത്തോടെ ആരോഗ്യ സപ്ലിമ​​െൻറുകൾ തെരഞ്ഞെടുക്കാൻ മിനക്കെടാത്ത സമൂഹത്തിൽ നിയമപരമായ നിയന്ത്രണങ്ങൾ മാത്രമേ ആരോഗ്യസുരക്ഷ ഉറപ്പാക്കൂ.
രണ്ടാമതായി, സപ്ലിമ​​െൻറുകളുടെ മേൽ ആഗോളതലത്തിൽ നിയന്ത്രിക്കാൻ ആവശ്യമായ മാർഗരേഖകളും ഇനിയും സൃഷ്​ടിക്കപ്പെട്ടിട്ടില്ല. പല രാജ്യങ്ങളിലും തദ്ദേശീയ നിയന്ത്രണങ്ങൾ ഉണ്ടുതാനും.

ഇതിനു കാരണങ്ങളുണ്ട്. നാട്ടുചികിത്സക്ക് സ്വാധീനമുള്ള രാജ്യങ്ങൾ തങ്ങളുടെ വിപണി നഷ്​ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള അടിസ്ഥാന ഫോർമുല, പാർശ്വഫലങ്ങളെ കുറിച്ചുള്ള ഗവേഷണം എന്നിവയിലൊക്കെ അന്താരാഷ്​ട്രതലത്തിൽ യോജിപ്പിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. പാരമ്പര്യ ഔഷധങ്ങളെക്കുറിച്ച്​ 2014-23 ലോകാരോഗ്യ സംഘടനാപത്രികയാണ് ഈ മേഖലയിലെ പരിമിതമായ മുന്നേറ്റം. ഓരോ രാജ്യത്തി​​​െൻറയും നിലവിലെ നിയമവ്യവസ്ഥയാണ് ചട്ടക്കൂടായി ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഇന്ത്യൻ നിയമം എത്ര നിയന്ത്രണമാണോ വെക്കുന്നത്, അത്രകണ്ട് ഫലമേ പ്രാപിക്കാനാകൂ.

ആരോഗ്യദായക ഔഷധങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് നിലവിലെ അറിവ് പര്യാപ്തമെന്ന് പറയാനാവില്ല. പഠനങ്ങളേറെയും വിദേശത്താണ് നടന്നിട്ടുള്ളത്. എങ്കിലും നാഡീവ്യൂഹം, വൃക്ക, കരൾ, ത്വക്ക് എന്നിവയെ സാരമായി തകരാറിലാക്കിയതായി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണമോ നിരോധനമോ ഉള്ള പല തന്മാത്രകളും പാരമ്പര്യ ഔഷധ നിർമിതിയിലേക്ക് പോകുന്നുവെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആംഫിറ്റമിൻ, അനാബോളിക് സ്​റ്റിറോയിഡ്, സ്വർണം, വെള്ളി, പേൾ എന്നിവ സുലഭമായി മാർക്കറ്റിൽ കിട്ടുന്നു. ഇവയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികൾ ചില സംസ്ഥാനങ്ങൾ ആരംഭിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്. സാപേർ, ഫിലിപ്സ് മുതൽ പേർ 2008ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇൻറർനെറ്റ് വഴി അമേരിക്കയിൽ ലഭിക്കുന്ന ആയുർവേദ മരുന്നുകൾ പഠനവിധേയമാക്കി. ഉദ്ദേശ്യം 20 ശതമാനം ആയുർവേദ മരുന്നുകളിലും ഉയർന്ന അളവിൽ ലെഡ്, മെർക്കുറി, ആർസെനിക് എന്നീ ലോഹങ്ങൾ കണ്ടെത്തി. മൂന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്​ടിക്കാൻ കെൽപുള്ള മൂലകങ്ങളാണ്.

തുടർന്ന് നടന്ന പഠനങ്ങളിലും ഫലം ഏറക്കുറെ സമാനമാണ്. അതിനർഥം പുറത്തുവന്ന പഠനങ്ങൾക്കൊന്നും ഉൽപാദനരീതിയെ സ്വാധീനിക്കാനായില്ല എന്നുതന്നെ. അപ്പോൾ ഉൽപാദന പ്രക്രിയ ശുദ്ധവും മെച്ചവും ആകണമെങ്കിൽ നിയമത്തി​​​െൻറ നിയന്ത്രണം വേണ്ടിവരുമെന്നു തോന്നുന്നു. ഇതുതന്നെയാണ് മധുകുമാർ നേതൃത്വം കൊടുത്ത കാലിഫോണിയൻ പഠനവും (2018) കാണിക്കുന്നത്.

എണ്ണൂറോളം സപ്ലിമ​​െൻറുകൾ പഠനവിധേയമാക്കിയപ്പോൾ 746 എണ്ണത്തിൽ മായം ചേർന്നതായി കണ്ടെത്തി. ഇവയിൽ 45 ശതമാനം സപ്ലിമ​​െൻറുകളും ലൈംഗിക ഉത്തേജനത്തിനുള്ള ഔഷധമായി മാർക്കറ്റിൽ എത്തിയതാണ്. വണ്ണം കുറക്കാനുതകുമെന്ന്​ അവകാശപ്പെടുന്നതാണ് 41 ശതമാനം സാമ്പിൾ. മാംസപേശികൾ വളർത്താനും ശരീരം പുഷ്​ടിപ്പെടുത്താനും ഉതകുമെന്ന് മറ്റു 12 ശതമാനം ഔഷധങ്ങൾ അവകാശപ്പെടുന്നു.

ഒരുവിധം കർശന നിയമങ്ങളുള്ള അമേരിക്കയിലാണ് പഠനങ്ങൾ നടന്ന​െതന്നു കൂടി നാം ഓർക്കണം. പുതിയ വെളിപ്പെടുത്തലുകൾമൂലം അവിടെ അനിയന്ത്രിത ഔഷധ വ്യാപാരത്തിൽ കൂടുതൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച്​ ബന്ധപ്പെട്ടവർ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.

ദുർബലമായ നിയമങ്ങൾ മാത്രമുള്ള നമ്മുടെ രാജ്യത്ത് അനിയന്ത്രിത ഉത്തേജക മരുന്നുകൾ വിപണിയിലെത്തുന്നത് തടയാൻ മാർഗമുണ്ടാകണം. ലൈംഗിക ഉത്തേജനം, ബോഡി ബിൽഡിങ്, സൗന്ദര്യ വർധന എന്നിവയിലാണ് നമ്മുടെ വിപണി ശ്രദ്ധിക്കുന്നത്. തീർച്ചയായും ഇതിൽ ചേർന്നിരിക്കുന്ന മായം കണ്ടെത്താനാവശ്യമായ പഠനങ്ങൾ കൂടുതലായി നടക്കേണ്ടതുണ്ട്.

രാസവളത്തെക്കുറിച്ചും കീടനാശിനിയെക്കുറിച്ചും അമിതമായി ഭയക്കുന്ന നമ്മുടെ സമൂഹം ഒരു ഭയവും കൂടാതെ വിപണിയിൽ കാണുന്ന വ്യാജ മരുന്നുകളുടെ പിന്നാലെ പോകുന്നത് വലിയ ശാസ്ത്ര നിഷേധമായി കാണേണ്ടതുണ്ട്.

Tags:    
News Summary - fake medicine-columnist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.