മഹാരാഷ്ട്രയിലെ ധീരമായ കര്‍ഷക സമരം ഒരു ദിവസംകൊണ്ട് പൊട്ടിമുളച്ചതല്ല. ഇപ്പോൾ സമരത്തിന് നേതൃത്വം നല്കുന്ന സി.പി.എമ്മിെൻറ കർഷക പ്രസ്ഥാനമായ കിസാന്‍സഭയും മറ്റു സംഘടനകളും ഗ്രാമസഭകളും ചേര്‍ന്ന് കഴിഞ്ഞ വർഷംതന്നെ സമരം ആരംഭിച്ചിരുന്നതാണ്. 2017 ജൂൺ അഞ്ചിന് മുംബൈ ഒഴിച്ചുള്ള പ്രദേശങ്ങളിൽ കിസാന്‍സഭയെ കൂടാതെ കിസാൻ ക്രാന്തിമോർച്ച അടക്കമുള്ള കര്‍ഷക സംഘടനകൾ ബന്ദ് പ്രഖ്യാപിക്കുകയും വിജയിപ്പിക്കുകയും ചെയ്തതാണ്. അന്നും മുഖ്യമന്ത്രി നേതാക്കളെ ചര്‍ച്ചക്ക് വിളിക്കുകയും ചില ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ആ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ കര്‍ഷകരിൽ വലിയൊരു വിഭാഗം തയാറായിരുന്നില്ല. ആ ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ സമരം നിര്ത്തിെവക്കാനുള്ള കിസാൻ ക്രാന്തിമോർച്ച, കിസാൻ ക്രാന്തിജന ആന്ദോളൻ തുടങ്ങിയ സംഘടനകളുടെ തീരുമാനം കര്‍ഷകര്‍ക്കിടയിൽ വലിയ വിയോജിപ്പാണ് സൃഷ്ടിച്ചത്. വൻ പ്രതിഷേധത്തോടെയാണ് സമരം നിര്ത്തിെവക്കാനുള്ള തീരുമാനത്തെ കര്‍ഷകർ ചോദ്യംചെയ്തത്. ഈ സംഘടനകളുടെ നേതാക്കളായ സൂര്യവൻഷിയുടെയും സന്ദീപ് ഗിദ്ദേയുടെയും ഒക്കെ കോലം കത്തിക്കുക വരെ ചെയ്തു മഹാരാഷ്ട്രയിലെ കര്‍ഷകര്‍. ഈ ഘട്ടത്തിൽ ഒരുപക്ഷേ നിലച്ചുപോവുകയോ ചിതറിപ്പോവുകയോ ചെയ്യുമായിരുന്ന സമരത്തെ, സ്വാഭാവികമായി ഉയര്‍ന്നുവന്ന കര്‍ഷക വികാരങ്ങളാണ് നേതാക്കള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത് എന്നുകൂടി മനസ്സിലാക്കി മുന്നോട്ടു കൊണ്ടുപോവാൻ കിസാന്‍സഭ എടുത്ത തീരുമാനമാണ് സമരത്തെ ഇന്നത്തെ നിലയിൽ നിലനിര്‍ത്തിയത് എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.
സൂര്യവൻഷിയും സന്ദീപ് ഗിദ്ദേയും മാത്രമല്ല കര്‍ഷകരുടെ എതിര്‍പ്പിനു വിധേയരായത്. ഈ സമരം തുടങ്ങിയപ്പോൾ അവർ ആദ്യം സഹായത്തിനു സമീപിച്ച ഒരാൾ അണ്ണാ ഹസാരെ ആയിരുന്നു. ബി.ജെ.പി അധികാരത്തില്‍വന്ന ശേഷം സ്വസ്ഥത കിട്ടിയ അണ്ണാ ഹസാരെ പക്ഷേ, സമരത്തെ പിന്തുണക്കാൻ തയാറായില്ല. ഒടുവിൽ ബന്ദിെൻറയും തീവ്രമായ സമരങ്ങളുടെയും ഘട്ടത്തിലേക്ക് കര്‍ഷകർ നീങ്ങിയപ്പോൾ അദ്ദേഹം സമരത്തിെൻറ നേതൃത്വത്തിലേക്ക് പിന്തുണയുമായി കടന്നുവരാൻ ശ്രമിച്ചു. ഇനി താങ്കളുടെ സേവനം ആവശ്യമില്ലെന്ന് അദ്ദേഹത്തോട് പറയാൻ കര്‍ഷകര്‍ക്ക് രണ്ടു പ്രാവശ്യം ആലോചിക്കേണ്ടിവന്നില്ല. ശിവസേനയും മറ്റും കഴിഞ്ഞ വര്‍ഷവും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ്. അവര്‍ക്ക് രാഷ്ട്രീയമായി നേട്ടമുണ്ട് എന്നതാവാം അതിനു കാരണം. എന്നാൽ, സമരത്തിെൻറ മുന്‍നിരയിലേക്ക് പലരും കടന്നുവരാൻ മടിക്കുകയും ചില പ്രധാന കര്‍ഷക സംഘടനകൾ തന്നെ സര്‍ക്കാറിെൻറ വ്യര്‍ഥമായ ഉറപ്പുകളിൽ വിശ്വസിച്ചു സമരത്തില്‍നിന്ന് പിന്മാറുകയും ചെയ്ത ഘട്ടത്തിൽ സമരം മുന്നോട്ടുകൊണ്ടുപോകാൻ കിസാന്‍സഭ എടുത്ത ഏറ്റവും ഉചിതമായ തീരുമാനമാണ് കര്‍ഷകരുടെ ആവശ്യങ്ങൾ വീണ്ടും ചര്‍ച്ച ചെയ്യപ്പെടാൻ തന്നെ കാരണമായിട്ടുള്ളത്.
മാത്രമല്ല, ഈ സമരത്തിെൻറ തുടക്കം മുകൾത്തട്ടില്‍നിന്നുള്ള ആഹ്വാനങ്ങളില്നിന്നല്ല. മഹാരാഷ്ട്രയിലെ പുന്താംബ ഗ്രാമത്തിലെ ഗ്രാമസഭയാണ് ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ ഈ സമരത്തിന് തുടക്കംകുറിച്ചത്. സമരം തുടങ്ങാൻ തീരുമാനിച്ചപ്പോൾ അവർ അടുത്തുള്ള ഗ്രാമക്കാരെക്കൂടി കൂടെ കൂട്ടാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഇത് സംസ്ഥാനതലത്തിലുള്ള വലിയൊരു സമരമായി വളരുന്നതിന് ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് അവർ കണക്കുകൂട്ടിയത്. എന്നാൽ, അവരുടെ പ്രതീക്ഷകള്‍ക്കപ്പുറത്ത് 2017 ഏപ്രിലിൽ, ഗ്രാമസഭ സമരത്തിന് തയാറാവുന്നതിനെക്കുറിച്ചുള്ള പ്രമേയം പാസാക്കിയതിനു വെറും മൂന്നുമാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ മുഴുവൻ കര്‍ഷകരും ഈ സമരത്തിനു മുന്നിൽ അണിനിരക്കുകയാണുണ്ടായത്. അങ്ങനെയാണ് കഴിഞ്ഞ വർഷം ജൂണിൽ മഹാരാഷ്ട്ര ബന്ദ് ഉണ്ടാവുന്നത്. അതുകൊണ്ട് കൂടിയാണ് ചില സംഘടനകളും നേതാക്കളും സമരം നിര്‍ത്തിെവക്കാൻ തയാറായപ്പോൾ അത് നിലച്ചുപോകാതിരുന്നത്. ഞങ്ങൾ തുടങ്ങിയ സമരം നിര്‍ത്തിെവക്കാൻ പറയാൻ നിങ്ങളാരാണ് എന്ന ശരിയായ ചോദ്യമാണ് നേതാക്കളോട് കര്‍ഷകർ ചോദിച്ചത്. സമരത്തിെൻറ ഈ ഗ്രാമതല സർഗാത്മകത അതിെൻറ വിജയത്തിന് ഒരു പ്രധാന കാരണമാണ്. നൂറുകണക്കിന് കിലോമീറ്ററുകൾ അവർ നടക്കുന്നതിൽ പലരും അത്ഭുതപ്പെടുന്നുണ്ട്. അങ്ങനെ നടക്കാൻ അവരെ പ്രാപ്തരാക്കുന്നത് ഈ സമരത്തിെൻറ പിന്നിൽ സ്വന്തം ജീവിതോർജവും ആർജവവും സഹനശക്തിയും പോരാട്ടവീര്യവും തന്നെയാണ് എന്നുള്ള അവരുടെ ആത്മവിശ്വാസമാണ്. ചില സംഘടനകളുടെ പിന്മാറ്റവും നേതാക്കളുടെ വഞ്ചനകളും സമരത്തിലെ കര്‍ഷക സാന്നിധ്യത്തെയും പങ്കാളിത്തത്തെയും കുറെയൊക്കെ കുറച്ചിട്ടുണ്ടാവാം. പക്ഷേ, ഈ സമരം അതിെൻറ അസാധാരണമായ ഗ്രാമതല നൈസർഗികതയാല്കൂടി നയിക്കപ്പെടുന്നതായതിനാൽ പെട്ടെന്നൊന്നും അവസാനിക്കാൻ പോകുന്നതല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
അഗ്രോവൻ എന്ന കർഷക പ്രസിദ്ധീകരണത്തിലാണ് ആദ്യമായി സമരത്തെക്കുറിച്ചുള്ള വാര്‍ത്തകൾ വെളിച്ചം കണ്ടത്. സകാൽ മാധ്യമ ഗ്രൂപ് നടത്തുന്ന കാര്‍ഷിക ദിനപത്രമാണ് അഗ്രോവന്‍. എട്ട് എഡിഷനുകളുള്ള അഗ്രോവൻ കാര്‍ഷിക^വ്യവസായിക^സാങ്കേതിക വാര്‍ത്തകള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന മഹാരാഷ്ട്രയിലെ ഒരു ടാബ്ലോയിഡ് ദിനപത്രമാണ്. അവർ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയാണ് മറ്റു പത്രങ്ങളും ചാനലുകളും ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ തുടങ്ങിയത്. സമരത്തിെൻറ തുടക്കത്തിൽ വലുതായ മാധ്യമശ്രദ്ധ അതിനു ലഭിച്ചിരുന്നില്ല. എന്നാൽ, വളരെ വേഗം മറാത്തി ചാനലുകൾ പുന്താംബയില്നിന്ന് സമരം തൽസമയം സംപ്രേഷണം ചെയ്യുന്ന സ്ഥിതിയുണ്ടായി. നിരവധി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സമരത്തിെൻറ ക്രോഡീകരണത്തിന് കോർ കമ്മിറ്റി രൂപവത്കരിക്കപ്പെടുകയും ചെയ്തു. വിവിധ ബഹുജന സംഘടനകളും ശേത്കാരി സംഘടനയും സ്വാഭിമാൻ ശേത്കാരി സംഘടനയുമൊക്കെ സമരത്തിലേക്ക് ആദ്യഘട്ടത്തിൽ കടന്നുവരുന്നുണ്ട്. അത്രയും ഗ്രാമതല നൈസർഗികതയുള്ള സമരം ഏതാനും ചില കര്‍ഷക സംഘടനകൾ പിന്മാറുന്നതുകൊണ്ട് മാത്രം ഇല്ലാതാവുകയില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും.
അതിരൂക്ഷമായ സാമ്പത്തിക തകര്‍ച്ചയാണ് മഹാരാഷ്ട്രയിലെയും മറ്റു സംസ്ഥാനങ്ങളിലെയും കര്‍ഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്. കാര്‍ഷിക ഉൽപന്നങ്ങള്ക്ക് വില കുറയുകയും കാര്‍ഷിക ഉപകരണങ്ങള്‍ക്കും വിത്തിനും വളത്തിനും വിലകയറുകയും ചെയ്യുന്ന കാര്‍ഷിക-^വ്യവസായിക വൈരുധ്യം ഗ്രാമീണമേഖലയിൽ സൃഷ്ടിക്കുന്ന അരക്ഷിതത്വം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ സ്ഥൂല സമ്പദ്ശാസ്ത്രം എഴുപതുകൾ മുതൽ കാര്‍ഷിക മേഖലയെ പിടിച്ചുഞെരിക്കുന്നുണ്ട്. എണ്‍പതുകളിൽ ഇന്ത്യയിലുണ്ടായ വലിയ കര്‍ഷക സമരങ്ങൾ ഇതിെൻറ പ്രതിഫലനമായിരുന്നു. ആദ്യകാലത്ത് സമരത്തിെൻറ മുന്നണിയിലുണ്ടായിരുന്നത് ഉത്തരേന്ത്യയിലെ ചെറുകിട കര്‍ഷകരായിരുന്നു. എന്നാൽ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിച്ചതോടെ എണ്‍പതുകളിൽ വര്‍ഗ വ്യത്യാസങ്ങളില്ലാതെ ധനിക-^ചെറുകിട- ഇടത്തരം കര്‍ഷകര്‍കൂടി പങ്കെടുക്കുന്ന വിശാല മുന്നണിയായി ആ സമരം വളര്‍ന്നിരുന്നു. ഈ സമരങ്ങളുടെയുംകൂടി നെഞ്ചിലൂടെയാണ് അദ്വാനിയുടെ രഥയാത്ര കടന്നുപോയതെന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നതാണ്.
ഭീമമായ സാമ്പത്തിക കെടുതികളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാൻ ഭരണകൂടത്തിനു കഴിയാതെവന്നതോടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യകൾ സാധാരണമാവാന്‍ തുടങ്ങി. ആയിരക്കണക്കിന് ഹതാശരായ കര്‍ഷകരാണ് കടക്കെണിയിൽ വീണ് ആത്മഹത്യയുടെ വഴിയിലേക്ക് ഇറങ്ങിപ്പോയത്. പരുത്തി കര്‍ഷകർ ആന്ധ്രയിലും മഹാരാഷ്ട്രയിലും ദിനംപ്രതിയെന്നോണം സ്വയംഹത്യക്ക് തയാറാവുന്ന സ്ഥിതിവിശേഷം സംജാതമായി. കോർപറേറ്റ് സംവിധാനങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും സഹായങ്ങളും ചെയ്യുന്ന, അവരുടെ വലിയ തട്ടിപ്പുകൾക്കുനേരെ കണ്ണടക്കുന്ന ഇന്ത്യൻ ബാങ്കിങ് മേഖല അങ്ങേയറ്റത്തെ കാരുണ്യരാഹിത്യങ്ങളാണ് കര്‍ഷകരോട് കാണിച്ചിട്ടുള്ളത്. ഈ പ്രതിസന്ധി മൂർച്ഛിപ്പിക്കുന്നതിൽ ഇന്ത്യൻ ബാങ്കിങ് മേഖലക്കുള്ള പങ്കു തുറന്നുകാട്ടേണ്ടതുണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിലുണ്ടായ ഈ കര്‍ഷക സമരം എണ്പതുകളിലെന്നപോലെ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കേണ്ടതാണ്. ഭരണകൂടത്തിെൻറ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ മാത്രമല്ല, അതിെൻറ നവഫാഷിസ്റ്റ് വിഭജന പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനുമെതിരെയുള്ള പുതിയ ഒരു രാഷ്ട്രീയമുന്നണി കൂടി ഈ സമരങ്ങളില്‍നിന്ന് ഉയര്‍ന്നുവരുമെന്ന് ഞാൻ പ്രത്യാശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.