നവോത്ഥാനയാത്ര മതിയാക്കി രാഷ്ട്രീയകേരളം പിന്നോട്ടു നടന്നുതുടങ്ങിയിട്ട് ഏതാണ്ട് നാലു പതിറ്റാണ്ടാകുന്നു. പ ുറത്തുനിന്ന് ഒഴുകിയെത്തിയ പണത്തിെൻറ സഹായത്തോടെ നാട് ദാരിദ്ര്യത്തില്‍നിന്ന് കരകയറുകയും അവസരങ്ങള്‍ നിഷേധിക്കപ്പെട്ട പിന്നാക്കവിഭാഗങ്ങളില്‍പെട്ടവരുടെ സാമ്പത്തികനില മെച്ചപ്പെടുകയും ചെയ്തതുകൊണ്ട് സാമൂഹികതലത്തിലെ പിന്നോട്ടുപോക്ക് പലരും ശ്രദ്ധിച്ചതേയില്ല. എന്നാല്‍, അത് ആദിവാസികളുടെയും ദലിതരുടെയും സ്ത്രീകളുടെയും ജീവിതാവസ്ഥകളില്‍ ശക്തമായി പ്രതിഫലിച്ചു. ഭരണതലത്തില്‍ ജാതിമേധാവിത്വത്തിെൻറയും ആൺകോയ്മയുടെയും സ്വാധീനം തുടർന്നതിനാല്‍ മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് പിന്നോട്ടുപോക്ക് തടയാനായില്ല. ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിെൻറയും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ കന്യാസ്ത്രീപീഡനക്കേസിലെ അറസ്റ്റിെൻറയും പേരില്‍ നടക്കുന്ന പേക്കൂത്തുകളെ കാണേണ്ടത്.
അതിക്രൂരമായ രീതിയിലാണ് വടക്കുനിന്നെത്തിയ വൈദികസമൂഹം ബൗദ്ധ-ജൈന സ്വാധീനത്തിലായിരുന്ന കേരളത്തിലെ ജനങ്ങളുടെമേല്‍ ജാതിവ്യവസ്ഥ അടിച്ചേൽപിച്ചത്. കൃഷി, കച്ചവടം തുടങ്ങി സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ അവര്‍ വൈശ്യരായി അംഗീകരിക്കാതെ അയിത്തജാതിക്കാരായി താഴ്ത്തിക്കെട്ടി. തങ്ങളോട് സഹകരിച്ച വിഭാഗങ്ങളോടുപോലും അവര്‍ നീതി കാട്ടിയില്ല. ഒന്നോ രണ്ടോ രാജകുടുംബങ്ങള്‍ക്കു മാത്രമാണ് അവര്‍ ക്ഷത്രിയപദവി നല്‍കിയത്. അങ്ങനെ ഏറക്കുറെ ബ്രാഹ്മണരും അവരുടെ സേവകരായ ശൂദ്രരും മാത്രമടങ്ങുന്നതും ബഹുഭൂരിപക്ഷം ജനങ്ങളെയും ഉള്‍ക്കൊള്ളാത്തതുമായ ഒരു സമൂഹം അവരുണ്ടാക്കി. വൈശ്യെൻറ അഭാവത്തില്‍ സാമ്പത്തികരംഗം മന്ദീഭവിച്ചപ്പോള്‍ തെക്കന്‍ രാജാക്കന്മാര്‍ ക്രിസ്ത്യാനികളുടെയും വടക്കന്‍ രാജാക്കന്മാര്‍ മുസ്ലിംകളുടെയും സഹായത്തോടെ തകര്‍ച്ച ഒഴിവാക്കി.
19ാം നൂറ്റാണ്ടില്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും വിവിധ പ്രദേശങ്ങളിലെ സാമൂഹികാവസ്ഥ മനസ്സിലാക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞു. എന്നാല്‍, വ്യത്യസ്ത സാമൂഹികവിഭാഗങ്ങളില്‍ അതിനകം രൂപപ്പെട്ട നവീകരണപ്രസ്ഥാനങ്ങള്‍ അതിവേഗം നവോത്ഥാന സ്വഭാവം കൈവരിക്കുകയും ഇരുപതാം നൂറ്റാണ്ടില്‍ കേരളം ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കുകയും ചെയ്തു.
രാഷ്ട്രീയ കക്ഷികള്‍ക്കിടയിലെ അധികാരമത്സരം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഒതുക്കിയ ജാതിമേധാവിത്വത്തിനും തുടച്ചുമാറ്റിയ അനാചാരങ്ങള്‍ക്കും തിരിച്ചുവരാന്‍ സഹായകമായ സാഹചര്യം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സർക്കാറിെൻറ ഭൂപരിഷ്കരണനിയമത്തിനും വിദ്യാഭ്യാസനിയമത്തിനുമെതിരെ ജാതിമത സംഘടനകള്‍ വിമോചനസമരം സംഘടിപ്പിച്ചു. അവയുമായി കൈകോർത്ത് കോൺഗ്രസ് ആ സർക്കാറിനെ പുറത്താക്കി. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും അധികാരത്തിനായി ജാതിമതശക്തികളെ കൂട്ടുപിടിക്കാന്‍ തയാറായി.
കാലക്രമത്തില്‍ ആ കൂട്ടുകെട്ടുകള്‍ കോ ൺഗ്രസിനെയും സി.പി.എമ്മിനെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചു. മുന്നണികളിലെ വല്യേട്ടന്മാരായതുകൊണ്ട് ശക്തി ശോഷിച്ച കാര്യം അവര്‍ക്ക് മറച്ചുപിടിക്കാനായി. എന്നാല്‍, തെരഞ്ഞെടുപ്പ് കണക്കുകള്‍ ഓടിച്ചു നോക്കിയാല്‍തന്നെ ഇത് വ്യക്തമാകും.
ആകെയുള്ള 126ല്‍ 100 സീറ്റുകളില്‍ മാത്രം മത്സരിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 35.28 ശതമാനം വോട്ടാണ് 1957ല്‍ നേടിയത്. പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരും കൂടിയായപ്പോള്‍ സഭയില്‍ ഭൂരിപക്ഷമായി. കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച കോൺഗ്രസിന് അന്ന് 37.85 ശതമാനം വോട്ട് കിട്ടി. ഇപ്പോള്‍ മുന്നണികളെ നയിക്കുന്ന പാര്‍ട്ടികള്‍ക്ക് സ്വന്തംനിലയില്‍ ഇത്രയും വോട്ട് സമാഹരിക്കാനുള്ള കഴിവില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 1960ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനായില്ലെങ്കിലും വോട്ടുവിഹിതം 39.14 ശതമാനമായി വർധിപ്പിക്കാനായി. പാര്‍ട്ടി പിളര്‍ന്നശേഷം 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം 40 സീറ്റും കോൺഗ്രസ് 36 സീറ്റും നേടി. ബാക്കിയുള്ള 57 സീറ്റ് നേടിയവരില്‍നിന്ന്‍ ഭൂരിപക്ഷത്തിനാവശ്യമായ 67 തികക്കാന്‍ ഇരുകക്ഷികള്‍ക്കും കഴിഞ്ഞില്ല. ആ അനുഭവം ആത്മവിശ്വാസം തകര്‍ത്തതിെൻറ ഫലമായാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് 1967ല്‍ വിമോചനസമരത്തിലെ പങ്കാളികളെകൂടി ചേര്‍ത്ത് ഒരു വലിയ മുന്നണി തല്ലിക്കൂട്ടിയത്. അതോടെ അധികാരം നേടുന്നതിനായി ഏതു പിന്തിരിപ്പന്‍ശക്തിയുമായും കൂട്ടുകൂടാമെന്നായി.
ഇരുമുന്നണി സംവിധാനം തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയത്തിന് മാന്യത നല്‍കി. പ്രത്യക്ഷമായോ പരോക്ഷമായോ വർഗീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ രണ്ടു മുന്നണികളിലുമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടിയത് 26.7 ശതമാനം വോട്ടാണ്. കോൺഗ്രസിനു 23.8 ശതമാനവും. ഒമ്പത് ചെറിയ കക്ഷികളുടെയും ഏതാനും സ്വതന്ത്രരുടെയും സഹായത്തോടെ വോട്ടുവിഹിതം 41.75 ശതമാനമായി ഉയര്‍ത്തിയാണ് എല്‍.ഡി.
എഫ് അധികാരത്തിലെത്തിയത്.
ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ അധികാരം നേടുന്നതിനു രണ്ടു മുന്നണികള്‍ക്കും ജാതിമത സംഘടനകളെ പ്രീണിപ്പിക്കേണ്ടിവരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലായിരുന്നു ആദ്യ കാലത്ത് പ്രീണനം വ്യക്തമായി കണ്ടിരുന്നത്. ആദിവാസികളെ ദ്രോഹിച്ച് പ്രമുഖ കക്ഷികള്‍ വനംകൈയേറ്റക്കാരുടെ സംരക്ഷകരായി. ഒരു ജാതിസംഘടനയെ തൃപ്തിപ്പെടുത്താനായി ഭരണഘടനയുടെ അന്തഃസത്ത അവഗണിച്ച് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനും മുന്നാക്ക സമുദായ കോർപറേഷന്‍ സ്ഥാപിക്കാനും അവര്‍ തയാറായി.
പ്രമുഖ കക്ഷികളുടെ വികല സമീപനങ്ങള്‍ ജാതിമതശക്തികള്‍ക്കു മാത്രമല്ല പരിസ്ഥിതി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയകളെപോലെയുള്ള സ്ഥാപിതതാൽപര്യങ്ങള്‍ക്കും നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള ധൈര്യം നല്‍കുന്നു. തിരിഞ്ഞുനടന്നു നാം വീണ്ടും ഫ്യൂഡല്‍ കാലത്തിെൻറ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കത്തോലിക്ക സഭ ബലാത്സംഗക്കുറ്റം നേരിടുന്ന ബിഷപ്പിനെ വാഴ്ത്തുന്നതും ഹിന്ദുത്വവാദികള്‍ അയ്യപ്പദര്‍ശനത്തിനു പോകുന്ന സ്ത്രീകള്‍ക്കുമേല്‍ തെറിയഭിഷേകം നടത്തുന്നതും അതിനു മതിയായ തെളിവാണ്. അധികാര രാഷ്ട്രീയത്തില്‍ പങ്കാളികളായ പാര്‍ട്ടികള്‍ നമ്മുടെ സമൂഹെത്ത ഈ ജീർണാവസ്ഥയിലെത്തിച്ചതില്‍ തങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിഞ്ഞ് സമീപനം തിരുത്താന്‍ തയാറാകണം.
ക്ഷേത്രകാര്യങ്ങളില്‍ സി.പി.എമ്മും അത് നിശ്ചയിച്ചവരടങ്ങുന്ന ദേവസ്വം ബോര്‍ഡുകളും പൊതുവെ ജാതിമേധാവിത്വത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. കേരള ഹൈകോടതി 1991ല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം നിരോധിച്ചപ്പോള്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറോ ബോര്‍ഡോ അപ്പീല്‍ പോയില്ല. മുന്‍ രാജകുടുംബത്തിെൻറ നിയന്ത്രണത്തിലായിരുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെൻറ ഭരണത്തിന് സംസ്ഥാനം പുതിയ സംവിധാനമുണ്ടാക്കണമെന്ന് ഹൈകോടതി നിർദേശിച്ചപ്പോള്‍ ആ വിഷയം മന്ത്രിസഭക്കു മുന്നില്‍ വെക്കാനുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ തീരുമാനത്തെ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പിണറായി വിജയനെ തടഞ്ഞിരുന്നു. ആ നിലക്ക് ശബരിമല വിഷയത്തില്‍ അദ്ദേഹം എടുത്തിട്ടുള്ള നിലപാട് പ്രതീക്ഷക്ക് വകനല്‍കുന്ന ഒരു പുതിയ തുടക്കമാണ്. എന്നാല്‍, ഒടുവില്‍ അദ്ദേഹം വിലയിരുത്തപ്പെടുക വാക്കുകളുടെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.