ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ എന്തെല്ലാം സാമൂഹിക^ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക എന്ന ചോദ്യം സജീവമായ ചർച്ച അർഹിക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളിൽ മൂന്നു ലക്ഷം കർഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് കണക്കുകൾ. കർഷകരുടെ ആത്മഹത്യ നിരക്ക് ദേശീയ ശരാശരിയെക്കാൾ 50 ശതമാനം കൂടുതലുമാണ്. നാടിെൻറ നിലനിൽപിന് കൃഷി അത്യാവശ്യമാണെന്നിരിക്കെ കർഷക ആത്മഹത്യ സജീവ പഠനം ആവശ്യപ്പെടുന്നു. ഒരു കർഷകെൻറ ആത്മഹത്യ അയാൾക്ക് ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി എന്നതിനു പുറമെ ഒരു കുടുംബത്തിെൻറ ജീവിതോപാധി ഇല്ലാതാക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളിൽ മാനസികവും ശാരീരികവുമായ നിരവധി അനുബന്ധ ആരോഗ്യ പ്രത്യാഘാതങ്ങൾ ഇതുമൂലമുണ്ടാകുന്നു.
ഇന്ത്യയിലെ കർഷക ആത്മഹത്യകൾ ജനിതകവ്യതിയാനം വരുത്തിയ വിത്തിനങ്ങൾ സൃഷ്ടിക്കുന്ന സമ്മർദംമൂലമാണെന്ന് പരക്കെ അഭിപ്രായമുയർന്നിട്ടുണ്ട്. പ്രമുഖ ആക്ടിവിസ്റ്റായ വന്ദന ശിവ ഈ വിത്തിനങ്ങളെ ആത്മഹത്യവിത്തുകൾ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അവരുടെ അഭിപ്രായത്തിൽ, ഇത്തരം വിത്തുകൾ ബഹുരാഷ്ട്ര കമ്പനികളുടെ പൂർണാധിപത്യം, മറ്റു കൃഷിസാധ്യതകളുടെ നിഷേധം, ഏകകൃഷി സമ്പ്രദായം എന്നീ പ്രതിലോമകരമായ രീതികളിലേക്ക് കർഷകരെ തള്ളിവിടും. ക്രമേണ കാർഷിക പ്രതിസന്ധിക്കും വർധിച്ച ആത്മഹത്യക്കും സാഹചര്യമൊരുക്കുകയും ചെയ്യുന്നു. ബി.ടി കോട്ടൺ (പരുത്തി) മുതൽ ആരംഭിച്ച മാറ്റങ്ങളുടെ അലകളാണ് നാമിപ്പോഴും കാണുന്നത്. ശക്തമായ നിലപാടാണ് വന്ദന ശിവയുടേതെങ്കിലും വിയോജിപ്പുകൾ ഏറെയുണ്ട്.
സിറാക്യൂസ് സർവകലാശാലയിലെ പ്രഫസർ അനൂപ് സദാനന്ദൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, സുഗമമായ കാർഷിക കടമിടപാടുകൾ ലഭ്യമല്ലാത്ത അഞ്ചു സംസ്ഥാനങ്ങളിലാണ് ആത്മഹത്യകൾ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ്. മറ്റു പഠനങ്ങൾ കാലാവസ്ഥ വ്യതിയാനം പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി കരുതുന്നു. കാലാവസ്ഥയിലെ ആകസ്മിക വ്യതിയാനങ്ങൾ തുടരെയുണ്ടാകാമെങ്കിലും മഴ കുറയുകയും പ്രവചനാതീതമാകുകയും ചെയ്യുമെന്ന വിദഗ്ധാഭിപ്രായം നിലവിലുണ്ട്. കർഷകരുടെയും അവരുടെ കുടുംബത്തിെൻറയും ആരോഗ്യം നിലനിർത്താനും പ്രായോഗികമായ കൃഷിവികസന സംസ്കാരം ഉറപ്പാക്കാനും നൂതനമായ പദ്ധതികളുമായി സർക്കാർ ഇടപെടാൻ സമയമായിരിക്കുന്നു.
കാലാവസ്ഥവ്യതിയാനം സമാനതകളില്ലാത്ത വരൾച്ചയുണ്ടാക്കുമെന്നും 2050 ആകുമ്പോഴേക്കും കൃഷിയിടങ്ങൾ ചുരുങ്ങുകയും വരൾച്ചയേറുകയും ചെയ്യുമെന്നും പറയപ്പെടുന്നു. നമുക്ക് പരിചിതമായ നടപ്പ് കൃഷിരീതികൾക്ക് അന്നത്തെ ജനസംഖ്യ പരിഗണിച്ചാൽ, വേണ്ടുന്ന ഭക്ഷണം നൽകാനാവില്ല. വിത്തുകളിൽ ജനിതക മാറ്റം ഉണ്ടാക്കിയാൽ കൃഷിക്ക് ഉത്തേജകമാകുമെന്നു മാത്രമല്ല, ഭാവിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും. കൃഷി ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ അവസാന ഉപഭോക്താവ് (end user) ഭക്ഷണം പാകംചെയ്ത് കഴിക്കുന്നയാളാണ്. അപ്പോൾ, മാറ്റപ്പെട്ട ജീനുകൾ അയാളെ എങ്ങനെ ബാധിക്കുമെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. ജനിതക മാറ്റത്തെ അമ്പേ എതിർക്കുന്ന നിരവധി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളും സജീവമാണ്. അവർ മുമ്പോട്ടുവെക്കുന്ന വാദഗതികൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ജഫ്രി സ്മിത്ത് രചിച്ച രണ്ടു പുസ്തകങ്ങളാണ് ജി.എം കൃഷിയെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ചതിയുടെ വിത്തുകൾ (Seeds of Deception), ജനറ്റിക് റൗലറ്റ് എന്നിവ. ഇവയിൽ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾക്ക് വേണ്ടവിധം ഉത്തരം ലഭിച്ചിട്ടില്ലെന്നും അവർ കരുതുന്നു. രണ്ടു പുസ്തകങ്ങളും തികച്ചും അപ്രശസ്തരായ എസ് ബുക്ക്സ് എന്ന സ്ഥാപനമാണ് പ്രസിദ്ധീകരിച്ചത്. അതിനാൽ, ഗൗരവമുള്ള നിരൂപകശ്രദ്ധ പുസ്തകങ്ങളിൽ പതിഞ്ഞിട്ടില്ല. മഹാഋഷി യൂനിവേഴ്സിറ്റിയിൽ പഠിക്കുകയും യോഗവഴി പറക്കാൻ മുതിരുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിെൻറ ശാസ്ത്രപരിജ്ഞാനം വ്യാപകമായി ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും വ്യക്തിഗതമായ അഭിപ്രായങ്ങളും തെളിയിക്കാനാവാത്ത ആശയങ്ങളും ഒറ്റപ്പെട്ട അനുഭവസാക്ഷ്യങ്ങളുമാണ് ശാസ്ത്രമെന്ന പേരിൽ പുസ്തകങ്ങൾ മുന്നോട്ടുവെക്കുന്നത്. ശാസ്ത്രാവബോധമുള്ളവർ ജഫ്രി സ്മിത്തിെൻറ നിലപാടുകൾക്ക് വലിയ വിലനൽകുന്നില്ല.
ഇത്തരം അഭിപ്രായപ്രകടനങ്ങൾ ജി.എം കൃഷിയെ എതിർക്കുന്നവരുടെ വാദങ്ങൾ ദുർബലകാനേ കാരണമാകൂ. എറിക് സെറലിനി 2012ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗ്ലൈഫോസേറ്റ് (Glyphosate) അടങ്ങുന്ന ജനിതകമാറ്റം വരുത്തിയ ചോളം പരീക്ഷിക്കപ്പെട്ട എലികളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തി. ഫ്രാൻസിൽ നടന്ന പരീക്ഷണമായതിനാൽ ഈ പഠനം പ്രത്യേകശ്രദ്ധ ആകർഷിക്കുകയും ചെയ്തു. തുടർന്ന് കാനഡയിൽ പ്രബന്ധം പുനരവലോകനത്തിന് വിധേയമാക്കിയപ്പോൾ പഠനത്തിൽ പ്രയോഗിച്ചിരുന്ന നിയന്ത്രണങ്ങളിലും സ്റ്റാറ്റിസ്റ്റിക് ഉപയോഗിച്ചരീതികളിലും വൈകല്യങ്ങൾ കണ്ടെത്തി. പഠനഫലം അംഗീകരിക്കത്തക്കതല്ല എന്ന് പൊതുനിരീക്ഷണം ഉണ്ടാകുകയും ചെയ്തു. സമാനമായ മറ്റു പഠനങ്ങൾ പിൽക്കാലത്ത് പുറത്തുവന്നിട്ടുമില്ല.
കർഷകനും ഗവേഷകനുമായ ഗിൽബെർട് ഏറെപ് ബോർ പറയുന്നത് ആഫ്രിക്ക വരും നാളുകളിൽ ഭക്ഷ്യപ്രതിസന്ധി നേരിടുമെന്നാണ്. വർധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഭക്ഷണം ഉൽപാദിപ്പിക്കുന്നില്ല എന്നതുതന്നെ കാരണം. ആഫ്രിക്കയുടെ പ്രധാന ഭക്ഷ്യവസ്തുവായ കേസാവ ഉൽപാദനം ജി.എം സാങ്കേതികവിദ്യയിലൂടെ ഗണ്യമായി വർധിപ്പിക്കാനാകുമെന്നു ടാൻസാനിയൻ പഠനങ്ങൾ തെളിയിക്കുന്നു. ആഫ്രിക്കയിലെ 47 രാജ്യങ്ങളിൽ നാലിൽ മാത്രമാണ് ജി.എം ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാനാകുക. മറ്റിടങ്ങളിൽ ജി.എം ടെക്നോളജി നിഷിദ്ധമാണ്. അരി, ഗോതമ്പ്, ചോളം എന്നീ വിളകൾ പരാജയപ്പെടുന്നകാലങ്ങളിൽ ആഫ്രിക്കക്കാർ അഭയം തേടുന്നത് കിഴങ്ങുവിഭവങ്ങളിലാണ്. കേസോ വിവാദമോ ഉണ്ടാവാത്തതിനാൽ ആഫ്രിക്കൻ പട്ടിണിയുടെ പ്രതിരോധമാണ് ജി.എം സാങ്കേതികവിദ്യ.
ശാസ്ത്രീയ പഠനങ്ങളെക്കുറിച്ചും ജി.എം വിരുദ്ധർക്ക് നിലപാടുണ്ട്. ജി.എം കൃഷി അനുവദിക്കപ്പെട്ടാൽ ലാഭം കൊയ്യുന്നത് ബഹുരാഷ്ട്ര കുത്തകകളാണെന്നിരിക്കെ അനുകൂല റിപ്പോർട്ടുകളുണ്ടാകുന്ന പഠനങ്ങൾക്ക് ഗവേഷണ ഫണ്ടും പ്രസിദ്ധീകരണ സഹായവും എളുപ്പത്തിൽ ലഭ്യമാകാം. ജി.എം ഭക്ഷണത്തെ സ്വാഗതംചെയ്യുന്ന അമേരിക്കയിലാണ് കൂടുതൽ പഠനങ്ങൾ നടക്കുന്നത് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. എന്നാൽ, ജി.എം വിരുദ്ധ നിലപാടിൽ നിൽക്കുന്ന യൂറോപ്പിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ട 130 പഠനങ്ങളിൽ ജനിതകമാറ്റം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി തെളിവ് കണ്ടെത്തിയില്ല. കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ ഗവേഷക പമേല റോണൾഡ് നിലവിലുള്ള പഠനങ്ങൾ അവലോകനം ചെയ്തിട്ട് പറയുന്നത്, ജി.എം ടെക്നോളജി ആരോഗ്യത്തിന് ഹാനികരമല്ലെന്നുതന്നെയാണ്. അമേരിക്കയിലെ എൻവയൺമെൻറൽ മെഡിസിൻ അക്കാദമി ആരോഗ്യപ്രശ്നങ്ങൾ തള്ളിക്കളയാനാവില്ല എന്ന നിലപാടെടുത്തു. ബ്രസിൽനട്ട് പ്രോട്ടീൻ കടത്തി ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ച ഉയർന്ന പോഷകമൂല്യമുള്ള സോയയിൽ ദീർഘകാല അലർജി സാധ്യതയുണ്ടാകുമെന്ന് 1996ൽ ഇംഗ്ലണ്ടിൽനിന്ന് പഠനമുണ്ടായി. ഇത്തരം ഭയാശങ്കകൾക്ക് സ്ഥാനമില്ലെന്നും ഇവ പരീക്ഷണഘട്ടത്തിൽത്തന്നെ കണ്ടെത്താനാകുമെന്നും അങ്ങനെ പ്രശ്നസാധ്യതയുള്ള വിത്തിനങ്ങൾ കമ്പോളത്തിലെത്താതെ തടയാനാവുമെന്നും വിശദീകരണമുണ്ടായി. യഥാർഥത്തിൽ ബ്രസിൽനട്ട് പ്രോട്ടീൻ ചേർത്ത സോയ ഒരിക്കലും പുറത്തെത്തിയിരുന്നില്ല.
മറ്റ് ആശങ്കകളും ഗൗരവമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ഒന്ന്, ഭക്ഷണത്തിലൂടെ ആമാശയത്തിലെത്തുന്ന വിദേശ ജീൻ കുടലിലെ ബാക്റ്റീരിയയിൽ പ്രവേശിച്ചു പിൽക്കാല പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നു എങ്ങനെ പറയാനാകും? വിദേശ ജീൻ കുടൽ ബാക്റ്റീരിയയിൽ കടന്ന് ആൻറിബയോട്ടിക് പ്രതിരോധം സൃഷ്ടിച്ചാൽ നമ്മുടെ ആരോഗ്യരംഗത്തെ കൊടും കെടുതിയാവും അത്. രണ്ട്, ഭക്ഷണത്തിൽ അടങ്ങിയ ജീനുകളിൽനിന്നുള്ള ഡി.എൻ.എ കുറച്ചെങ്കിലും ദഹനപ്രക്രിയയെ അതിജീവിച്ചു കുടലിൽ ഒട്ടിയിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ജി.എം ഭക്ഷണത്തിലെ ജീനുകൾ കൂടുതൽ വീര്യമുള്ളതാണെങ്കിൽ അതിലെ ഡി. എൻ.എ ബാക്ടീരിയ ജീനോമുകളിൽ കടന്നു രോഗങ്ങൾ ഉണ്ടാകാമോ എന്നും സംശയിക്കപ്പെടുന്നു. ഈ ആശങ്കകളെ സാധൂകരിക്കുന്ന ഫലങ്ങളൊന്നും നാളിതുവരെ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടില്ല.
കാനഡയിൽനിന്ന് 2011ൽ പുറത്തുവന്ന പഠനത്തിൽ, ജി.എം ഭക്ഷ്യവസ്തുക്കളിൽ കാണാവുന്ന Cry1Ab എന്ന കീടനാശിനി പ്രോട്ടീൻ തന്മാത്ര ചില ഗർഭിണികളിലും ഗർഭസ്ഥ ശിശുക്കളിലും കണ്ടെത്തി. ഇത് 30 പേരിൽ നടത്തിയ ചെറിയ പരീക്ഷണമായിരുന്നു. പഠനം ചിട്ടപ്പെടുത്തിയ രീതിയും പങ്കെടുത്ത സ്ത്രീകളുടെ ഭക്ഷണക്രമവും മറ്റും അജ്ഞാതമായതിനാൽ എന്തെങ്കിലും വ്യക്തമായ അനുമാനം ഉൾക്കൊള്ളാൻ പൊതുസമ്മതം ലഭിക്കാതെ പോയി. ചുരുക്കത്തിൽ ജി.എം ടെക്നോളജിയെ എതിർക്കുന്ന വാദങ്ങൾ തെളിയിക്കാൻ ധാരാളം പഠനങ്ങൾക്കുശേഷവും സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.