ഗുജറാത്ത് തെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങളില്‍ പ്രധാനമായവയൊന്നും തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ടവയല്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. അത് ചർച്ച െചയ്യുന്നതിന് ദേശീയ രാഷ്ട്രീയ ചരിത്രത്തിലെ ഒരു കാലഘട്ടത്തിെൻറ ചില പരിണാമങ്ങളിലേക്ക് സൂക്ഷ്മമായി ഒന്നുകൂടി തിരിഞ്ഞുനോക്കേണ്ടതുണ്ട്. മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള കാലത്തെ രാഷ്ട്രീയവും അതിനുമുമ്പുണ്ടായിരുന്ന രാഷ്ട്രീയ ഗതിവിഗതികളും ചർച്ച ചെയ്യുന്നത് ഇക്കാര്യം വിശദീകരിക്കുന്നതിനു തീർച്ചയായും സഹായിക്കും. സവിശേഷമായ ശ്രദ്ധയർഹിക്കുന്നതാണ് ഒരു രാജ്യത്ത് ഫാഷിസം അധികാരത്തില്‍ എത്തുന്നതിനു തൊട്ടുമുമ്പുള്ള ദശകങ്ങളിലെ രാഷ്ട്രീയ ചലനങ്ങള്‍. ഏതുതരം പോപുലിസ്റ്റ് രാഷ്ട്രീയമാണ് ആത്യന്തികമായി അത്തരം രാഷ്ട്രീയത്തെ സഹായിച്ചത് എന്നകാര്യം നിശിതമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്.
ദേശീയതലത്തില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിക്ക് തുണയായത് അവര്‍ ശക്തമായി പ്രചരിപ്പിച്ച കോൺഗ്രസ് വിരുദ്ധതയായിരുന്നു. ദേശീയതലത്തില്‍ ബി.ജെ.പി ഇതര പ്രതിപക്ഷം ശുഷ്കമായിത്തുടങ്ങിയ പശ്ചാത്തലത്തില്‍ കടുത്ത കോൺഗ്രസ് വിരുദ്ധത ആത്യന്തികമായി ബി.ജെ.പിയെ മാത്രമേ സഹായിക്കൂ എന്നൊരു നിലപാടാണ് എനിക്കുണ്ടായിരുന്നത്. അണ്ണാ ഹസാരെയുടെ സമരം തുടങ്ങിയ കാലത്ത് അതിെൻറ പ്രത്യയശാസ്ത്രപരമായ സവർണ ഹൈന്ദവ ചായ്വിന് ഉപരി ഞാന്‍ അതിനെ വിമർശിക്കാന്‍ തുനിഞ്ഞത് ഇത്തരം സമരങ്ങള്‍ ഹിന്ദുത്വശക്തികളെ അധികാരത്തിലെത്തിക്കാന്‍ നേരിട്ട് സഹായിക്കുമെന്ന് തുറന്നുപറഞ്ഞുകൊണ്ടായിരുന്നു. കാരണം, ബി.ജെ.പി ഇതര പ്രതിപക്ഷം അപ്പോഴേക്ക് ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്നു. അവരില്‍ ചിലര്‍ ബി.ജെ.പി മുന്നണിയിലും മറ്റു ചിലര്‍ കോൺഗ്രസ് മുന്നണിയിലും ചേക്കേറിയിരുന്നു. ഏതാണ്ട് 20 വർഷക്കാലം കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് ഇടതുപക്ഷം ഉപയോഗിച്ച പാർലമെൻററി മറയായിരുന്ന മൂന്നാം മുന്നണി സങ്കൽപം തകര്‍ന്നുപോവുകയും അവര്‍തന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ മന്ത്രിസഭയെ പിന്തുണക്കേണ്ട സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് ബി.ജെ.പിയെ ഭരണത്തില്‍നിന്ന് മാറ്റിനിർത്തുക എന്നത് ബി.ജെ.പി പോലൊരു പാർട്ടി അധികാരത്തില്‍വന്നാല്‍ എന്തുസംഭവിക്കും എന്ന് ധാരണയുള്ളവരെ സംബന്ധിച്ചിടത്തോളം അടിയന്തരമായ രാഷ്ട്രീയ കർത്തവ്യമായിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ പോപുലിസ്റ്റ് ഫാഷിസത്തിന് സഹായകമാംവിധമാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരുന്നവരെങ്കിലും പ്രത്യയശാസ്ത്രപരമായി ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ രാഷ്ട്രീയം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുള്ള ദിമിത്രോവിെൻറ ആശയങ്ങളൊക്കെ ഇവിടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള ഇടതുപക്ഷംപോലും പ്രവർത്തിച്ചത് എന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വിസ്മയകരമായി തോന്നുന്നു. ഇത്രയും ദൂരക്കാഴ്ചയില്ലാത്തവരായി ഒരുകൂട്ടം പുരോഗമന രാഷ്ട്രീയക്കാരും മതേതരവാദികളും മാറുന്നതെങ്ങനെ എന്ന ചോദ്യത്തിന്, അതാണ് ഫാഷിസ്റ്റ്- ^പോപുലിസ്റ്റ് രാഷ്ട്രീയത്തിെൻറ സർവസാധാരണമായ ചെപ്പടിവിദ്യ എന്ന ഒരുത്തരം പെട്ടെന്ന് നൽകാൻ കഴിയും. കൂടുതല്‍ വിശദീകരണങ്ങള്‍ തുടർന്ന് ആവശ്യമാണ് എന്നത് ഞാന്‍ മറക്കുന്നില്ല.
അണ്ണാ ഹസാരെയും മറ്റും ഉയർത്തി ക്കൊണ്ടുവന്ന അഴിമതിവിരുദ്ധ സമരം, അതിെൻറ ഗുണഭോക്താക്കള്‍ ബി.ജെ.പി തന്നെയാണ് എന്ന ഉത്തമബോധ്യത്തോടെ ആയിരുന്നു. അക്കാലത്തുതന്നെ ഞാന്‍ അതേക്കുറിച്ച് എഴുതിയിരുന്നു. കോൺഗ്രസിനെക്കാള്‍ കടുത്ത അഴിമതികള്‍ ഫാഷിസ്റ്റ് പാർട്ടികള്‍ നടത്തും എന്ന കാര്യത്തില്‍ സംശയമില്ലാതിരിക്കെ ആ അഴിമതിവിരുദ്ധ സമരംപോലും ചരിത്രശൂന്യമായ ഹിന്ദുത്വപ്രീണനമായി മാറുകയായിരുന്നു. ബി.ജെ.പി ഇതര പ്രതിപക്ഷത്തിന് ഒരു മൂന്നാം ബദലിെൻറ സാധ്യതകള്‍ നിലനിർത്താൻ കഴിഞ്ഞിരുന്ന സാഹചര്യത്തില്‍നിന്ന് അവര്‍ തകർന്നുപോയത് സമ്മതിക്കാനുള്ള ഉള്ളുറപ്പില്ലായ്മ ബാഹ്യമായ അവരുടെ തകർച്ചയെക്കാള്‍ കൂടുതല്‍ അപകടകരമായി മാറുകയായിരുന്നു.
കോൺഗ്രസ് ഇതര കക്ഷികളുടെയും അണ്ണാ ഹസാരെയുടെയും മറ്റും പോപുലിസ്റ്റ് രാഷ്ട്രീയം മുതലെടുത്ത് അധികാരത്തില്‍ വരാൻ ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിച്ചു. ഒരുവശത്ത് അവര്‍ സ്വന്തം മതവിഭാഗീയ രാഷ്ട്രീയത്തിന് സ്വീകാര്യത നേടാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. മറുവശത്ത് ആ ബദലിനെ ആവശ്യമാക്കുന്ന രാഷ്ട്രീയ-^സാമ്പത്തിക തകർച്ചയിലാണ് ഇന്ത്യ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇതില്‍ രണ്ടാമതു പറഞ്ഞതില്‍ അവർക്ക് ആത്മാർഥതയില്ലെന്നും ആദ്യത്തെ ഹിന്ദുത്വ അജണ്ട മാത്രമാണ് ആത്യന്തികമായി അവർക്കുള്ളതെന്നും മനസ്സിലാക്കിയിരുന്നു എങ്കിൽപോലും സ്വന്തം രാഷ്ട്രീയത്തില്‍ അതിനനുസൃതമായുള്ള അടവുപരമായ മാറ്റം ഉണ്ടാക്കുന്നതില്‍ ചെറുപാർട്ടികള്‍ പലതും പരാജയപ്പെട്ടു എന്നകാര്യം അവിതർക്കിതമാണ്. അവിടെയാണ് ബി.ജെ.പി ഇതര പ്രതിപക്ഷത്തിന് ആശയദാർഢ്യം ഇല്ലാതെപോയത്. അതുകൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും. മോദി നേതൃത്വംകൊടുത്തതു കൊണ്ടല്ല ബി.ജെ.പി വിജയിച്ചത്. പഴയ രാഷ്ട്രീയ ക്ലീഷേ ഉപയോഗിച്ച് പറഞ്ഞാല്‍ ‘ഏതു കുറ്റിച്ചൂല്‍’ നേതൃത്വം കൊടുത്തിരുന്നുവെങ്കിലും ബി.ജെ.പിവിജയം അനായാസമാകുമായിരുന്നു ആ തെരഞ്ഞെടുപ്പില്‍. അദ്വാനിയെ മാറ്റിയതും മോദിയെ അവരോധിച്ചതും ഒന്നും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ച ഘടകമായി ഞാന്‍ കാണുന്നില്ല. ബി.ജെ.പിയുടെ അധികാരത്തിലേക്കുള്ള യാത്ര സുഗമമാക്കിയത് ബി.ജെ.പി ഇതര പ്രതിപക്ഷത്തിെൻറ ദീർഘവീക്ഷണമില്ലായ്മ കൂടിയാണെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാവുന്നുണ്ട്.
അങ്ങനെ അധികാരത്തിലെത്തിയ ബി.ജെ.പി അങ്ങേയറ്റത്തെ പിന്തിരിപ്പന്‍ നയങ്ങള്‍ നടപ്പാക്കുകയും ഇന്ത്യന്‍ ഗ്രാമീണസമ്പദ്വ്യവസ്ഥയെ കോർപറേറ്റ് സംവിധാനത്തിനുവേണ്ടി കൊള്ളയടിക്കുകയും ചെയ്തു. ഡീമോണിറ്റൈസേഷനും ജി.എസ്.ടിയും ഒക്കെ കൊണ്ടുവന്നപ്പോള്‍ ഉത്സാഹത്തോടെ അതിനെ പിന്തുണക്കാന്‍ ആദ്യം തുനിഞ്ഞവരുടെ കൂട്ടത്തില്‍ കണ്ടിരുന്ന കേരള ധനമന്ത്രിപോലും ഇപ്പോള്‍ പാപ്പരായ ഖജനാവിന് കാവലിരിക്കുകയാണ് എന്നാണു പത്രവാർത്തകള്‍. അതുകൊണ്ടുതന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം സാമ്പത്തിക-സാമൂഹിക നയങ്ങളുടെ പേരില്‍ വോട്ടുചോദിക്കാന്‍ ബി.ജെ.പിക്ക് കഴിയുമായിരുന്നില്ല. എന്നിട്ടും ബി.ജെ.പി പിടിച്ചുനിൽക്കാന്‍ ശ്രമിച്ചത് ഫാഷിസം എങ്ങനെ ഈ സത്യാനന്തരലോകത്തെ തങ്ങളുടെ നിലനിൽപിനു ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിെൻറ ഏറ്റവും നല്ല ഉദാഹരണം ആവുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പു നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം അതാണ്. നിരന്തരമായ നുണപ്രചാരണങ്ങള്‍ മാത്രമല്ല, അത്തരം നുണകൾക്ക് അനുപൂരകമായി വ്യാജാരോപണങ്ങളുടെ പുകപടലങ്ങള്‍കൂടി ഉയർത്തിവിട്ടുകൊണ്ട് ബി.ജെ.പി ഗുജറാത്തില്‍ നടത്തിയ പ്രചാരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും നീചമായ ഇലക്ഷന് പ്രചാരണം എന്നരീതിയില്‍ സവിശേഷമായി പഠിക്കപ്പെടേണ്ടതാണ്.
ഹാർദിക് പട്ടേലിെൻറ രാഷ്ട്രീയത്തോടോ അതിനോട് കോൺഗ്രസ് സ്വീകരിച്ച സമീപനത്തോടോ എനിക്ക് യോജിപ്പില്ല. പക്ഷേ, ആ ചെറുപ്പക്കാരന്‍ കോൺഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചപ്പോള്‍ അയാളെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ബി.ജെ.പി അപവാദവ്യവസായം തുടങ്ങിയത്, മോദി തന്നെ നേരിട്ട് കോൺഗ്രസ് പാകിസ്താനുമായി ചേർന്ന് ബി.ജെ.പിയെ തകർക്കാന്‍ ശ്രമിക്കുന്നു എന്ന് തുടങ്ങിയ ഹൈപ്പര്‍ നുണബോംബുകള്‍ തലങ്ങുംവിലങ്ങും എറിഞ്ഞത്, ജിഗ്നേഷ് മേവാനിയെ അപകീർത്തിപ്പെടുത്താന്‍ വ്യാജകഥകള്‍ മെനഞ്ഞത്, മുസ്ലിം ഭീതി പടർത്തി ഹിന്ദുവോട്ടുകള്‍ ഭിന്നിക്കാതെ ബി.ജെ.പിക്ക് തന്നെ ലഭിക്കാന്‍ വൈകാരിക ധ്രുവീകരണം ലക്ഷ്യമിട്ട് ചില വിഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്, രാഹുൽ ഗാന്ധിക്കും തനിക്കും ഒരുപോലെ റോഡ്‌ഷോ അനുമതി നിഷേധിക്കപ്പെട്ടു എന്ന് വരുത്തി അതിനുപകരം എന്ന വ്യാജേന കടൽവിമാനം കൊണ്ടുവന്നു വോട്ടർമാരെ അമ്പരപ്പിക്കാന്‍ ശ്രമംനടത്തിയത് എന്നിവയൊക്കെ കേവലം എടുത്തുപറയാവുന്ന ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണ്. സംസ്ഥാനങ്ങളിലായാലും കേന്ദ്രത്തിലായാലും കിട്ടിയ അധികാരത്തിനു വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ബോധ്യമായാല്‍ ഫാഷിസ്റ്റ് രാഷ്ട്രീയം എന്ത് അധമമായ അടവും സ്വീകരിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ബി.ജെ.പി ഗുജറാത്തില്‍ പയറ്റിയ രാഷ്ട്രീയം എന്ന് ആഴത്തില്‍ തന്നെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
ദേശീയ രാഷ്ട്രീയത്തില്‍ ഇതിനകം തന്നെ ദൃശ്യമായിക്കഴിഞ്ഞതും എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി വെളിവാക്കപ്പെട്ടതുമായ ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതിനെക്കാള്‍ ഗുരുതരമായ ഒന്നാണ്. അങ്ങേയറ്റത്തെ മാധ്യമ പങ്കാളിത്ത -വിശ്വസ്തതകള്‍ ഉള്ളതും മാധ്യമങ്ങളുടെ മാധ്യസ്ഥ്യത്തില്‍ സംഭവിക്കുന്നതുമായ ആശയസംവിധാനമാണ് പോപുലിസ്റ്റ്-^ഫാഷിസ്റ്റ് ചങ്ങാത്തം എന്നതാണ് ഈ സുപ്രധാന പാഠം. മോദി പാർലമെൻറ് വിളിച്ചുകൂട്ടാന്‍ പോലും തയാറാവാതെ നിൽക്കുമ്പോള്‍, അദ്ദേഹത്തിെൻറ സാമ്പത്തികനയങ്ങളും സാംസ്കാരിക നയങ്ങളും ഗ്രാമീണ- നഗര സാമൂഹിക^സാമ്പത്തിക വ്യവസ്ഥകളെ ഒരുപോലെ തകിടംമറിക്കുമ്പോള്‍, പ്രധാനമന്ത്രി സ്വന്തം വ്യാജവാദങ്ങളുടെ പ്രചാരകനായി യോഗങ്ങളില്‍നിന്ന് യോഗങ്ങളിലേക്ക് നീങ്ങുമ്പോള്‍, അതിനെതിരെ ചെറുവിരല്‍പോലും അനക്കാത്ത മാധ്യമങ്ങള്‍ അതേസമയത്ത് കേവലമായ നിഷ്പക്ഷത നാട്യങ്ങൾപോലും ഉപേക്ഷിച്ച് ഹിന്ദുത്വശക്തികളെ സഹായിക്കാന്‍ രംഗത്തിറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല. ഭരണകൂട ഭീകരതയോടും ഹിന്ദുത്വഭീകരതയോടും ലജ്ജാരഹിതമായി കൈകോർക്കുന്ന മാധ്യമരാഷ്ട്രീയത്തിെൻറ ‘ദേശീയതാബോധം’ മറ്റൊരു ഭീകരതയായി തെളിഞ്ഞുവരുന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു നമുക്ക് കൃത്യമായി കാട്ടിത്തരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.