മുബാറക് അഹമ്മദും മുഹമ്മദ് ഹനീഫയും. രണ്ടു നാട്ടിൽനിന്ന് രണ്ടു സാഹചര്യങ്ങളിൽ അഞ്ചു പതിറ്റാണ്ടോളം മുമ്പ് പ്രവാസം തെരഞ്ഞെടുത്തവർ. 1968ലാണ് ദുബൈയിൽ അവർ കണ്ടുമുട്ടുന്നത്. പിന്നീട് യു.എ.ഇക്കൊപ്പം ഇരുവരും സഞ്ചരിക്കുന്നത് ഒന്നിച്ചാണ്. 49 വർഷമായി ഇരുവരും ജോലി ചെയ്യുന്നത് പോലും ഒരേ ഇടത്ത്. പ്രവാസം ഇവർക്ക് സന്തോഷകരമായ ജീവിതം മാത്രമല്ല നൽകിയത്, നീണ്ട ആത്മബന്ധം കൂടിയാണ്. ഇത്തരമൊരു പ്രവാസ സൗഹൃദം അത്യപൂർവമായിരിക്കും.
മുബാറക് അഹമ്മദ് എ.പി കണ്ണൂർ പഴയങ്ങാടിയിൽനിന്ന് 1967 നവംബറിൽ ദുബൈയിലേക്ക് ലോഞ്ച് കയറുന്നത് വീട്ടിലെ പ്രാരബ്ധം കാരണമാണെങ്കിൽ ഹനീഫ പണിക്കവീട്ടിലിനെ പ്രവാസ മണ്ണിലെത്തിച്ചത് മിക്ക ചാവക്കാട്ടുകാരെയും പോലെ മുന്നേ വന്ന അമ്മാവന്മാരും വീട്ടുകാരുടെ നിർബന്ധവുമാണ്. ആദ്യം ബ്രിട്ടീഷ് സേനയിലും പിന്നീട് യു.എ.ഇ ഡിഫൻസിലും ഏറ്റവുമൊടുവിൽ ദുബൈ പൊലീസിലും നഴ്സുമാരായി ഇരുവരും മുന്നോട്ടുപോകുന്നു.
മുബാറക്കിന് അന്ന് 20വയസ്സ്. ഗോവയിൽ നിന്നാണ് ലോഞ്ച് കയറിയത്. പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടു. ഉമ്മയാണ് വളർത്തിയത്. അഞ്ചു സഹോദരന്മാരിൽ ഏറ്റവും ഇളയവനായ മുബാറക് ഹൈസ്കൂൾ കഴിഞ്ഞശേഷം ഒന്നര വർഷം കണ്ണൂർ െഎ.ടി.െഎയിൽ വെൽഡിങ് കോഴ്സ് ചെയ്തു. ആറുമാസം നാട്ടിൽ വെൽഡിങ് പണിയുമെടുത്തു. പഠനം കഴിഞ്ഞേപ്പാഴാണ് പേർഷ്യയിലേക്ക് പോയാലോ എന്ന ്ചിന്തിച്ചത്. നാട്ടിൽനിന്ന് അന്ന് വിരലിലെണ്ണാവുന്നവർ മാത്രമേ അന്ന് പേർഷ്യ എന്നറിയപ്പെട്ട ഇന്നത്തെ ഗൾഫിലുണ്ടായിരുന്നുള്ളൂ.
സുഹൃത്തിനെയും കൂട്ടി ബോംബെയിലെത്തി. കടൽ പ്രക്ഷുബ്ധമായതിനാൽ ആദ്യ തവണ യാത്ര നടന്നില്ല. തിരിച്ച് നാട്ടിൽ പോയി. ഒരു വർഷത്തിന് ശേഷം വീണ്ടും ബോംബെയിലെത്തി. ഇത്തവണ തനിച്ചായിരുന്നു. ഒരു രാത്രി ലോഞ്ചിൽ കയറി. 200 രൂപയായിരുന്നു നിരക്ക്. 30 പേരുണ്ട്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പാസ്പോർട്ട് മാത്രമാണ് കൈയിലുള്ളത്. കടൽ പ്രക്ഷുബ്ധമായതിനാൽ ഇറാൻ തീരത്ത് അടുക്കേണ്ടിവന്നതിനാൽ 13 ദിവസമെടുത്തു യു.എ.ഇ തീരമണയാൻ.
ആടിയുലഞ്ഞ ആ കടൽയാത്രയിലെ വലിയ നിലവിളിയും പ്രാർഥനകളും മുബാറക്കിെൻറ ചെവിയിൽ ഇന്നുമുണ്ട്. അല്ലാഹുവിനെയും ഗുരുവായൂരപ്പനെയും കർത്താവിനെയും വിളിക്കുന്നവരുടെ കൂട്ടപ്രാർഥന. ജീവിതം അവസാനിച്ചുവെന്ന് കരുതിയതാണ്. പെെട്ടന്ന് ഒരു ഇടിയുടെ ശബ്ദം. ഇരുട്ടിൽ ലോഞ്ച് തകർന്നെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കരയിലിടിച്ച ശബ്ദമാണ്. നേരം വെളുത്തപ്പോൾ ഇറാൻ പൊലീസെത്തി. അവർ ഭക്ഷണം നൽകി. ലോഞ്ച് റിപ്പയർ ചെയ്ത രണ്ടു ദിവസം അവിടെ തങ്ങേണ്ടിവന്നു. വീണ്ടും യാത്ര. റാസൽഖൈമയിലാണ് ഇറങ്ങിയത്. അക്കാലത്തെ ഏതൊരു ലോഞ്ച് യാത്രക്കാരനെയും പോലെ ബദുക്കളുടെ ലാൻഡ്റോവറിൽ ദുബൈ ഖാദർ ഹോട്ടലിൽ എത്തി.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ അറബിയുടെ ഷോപ്പിൽ ടെലിഫോൺ ഒാപറേറ്ററായി. രണ്ടാഴ്ച അവിടെ ജോലിചെയ്തു. നേരത്തെ പരിചയമുള്ള കണ്ണൂർക്കാരായ റഷീദും സഹോദരങ്ങളും ഡിഫൻസ് ആശുപത്രിയിലുണ്ടായിരുന്നു. അന്ന് ബ്രിട്ടീഷ് ആർമിയായിരുന്നു. ഷാർജ മർകാബിലെ ബ്രിട്ടീഷ് സൈനിക ആശുപത്രിയിൽ അങ്ങനെ മുബാറക്കിന് ജോലികിട്ടി. അവിടെ നഴ്സിങ് പരിശീലനവും തുടർന്ന് നിയമനവും. 200 ദിർഹമായിരുന്നു ആദ്യശമ്പളം. ഭക്ഷണവും ബാരക്സിൽ താമസവും സൗജന്യം. ഒരു വർഷം കഴിഞ്ഞ് വിസയില്ലാത്ത കാര്യം പറഞ്ഞപ്പോൾ ബ്രിട്ടീഷ് വിസ തന്നു. അന്ന് ബ്രിട്ടീഷ് എംബസിയല്ല ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജൻസിയാണ്. ലോഞ്ചിൽ തന്നെ തിരിച്ച് നാട്ടിലേക്ക്. കൂടുതൽ പേരും മലയാളികളായതിനാൽ നേരെ കാഞ്ഞങ്ങാടാണ് ലോഞ്ച് അടുത്തത്. പക്ഷേ, അന്ന് മുബാറക് ഒരു വൻദുരന്തത്തിന് സാക്ഷിയായി.
ലോഞ്ച് കരയിൽനിന്ന് അകലെയാണ് നിർത്തിയത്. ഒരു കമ്പകയർ കരയിലെ തെങ്ങിലേക്ക് വലിച്ചുകെട്ടി. എന്നിട്ട് എല്ലാവരോടും ചാടിക്കോളാൻ പറഞ്ഞു. നീന്തലറിയാത്തവർ ഇൗ കമ്പയിൽ പിടിച്ചുവേണം കരക്കെത്താൻ. പിടി വിട്ടാൽ മുങ്ങും. അങ്ങനെ മൂന്നുപേർ വെള്ളത്തിൽ മുങ്ങിമരിച്ചു. പിന്നീട് മദ്രാസിൽ പോയി വിസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തു. തിരിച്ചെത്തി ജോലി തുടർന്നു. ഷാർജക്ക് പുറത്തുള്ള സൈനിക ക്യാമ്പുകളിലേക്കും ഇടക്ക് മാറ്റും. അവിടെ ജീവിതം ദുസ്സഹമായിരുന്നു. ശുചിമുറികളില്ല. മലമുകളിൽ കയറിയാണ് പ്രാഥമിക കർമങ്ങൾ ചെയ്തത്. എങ്കിലും നാട്ടിലേക്ക് തിരിച്ചുപോകാൻ തോന്നിയില്ല.
1971ൽ നാട്ടിൽ പോയപ്പോൾ വിവാഹം കഴിച്ചു. ഭാര്യ സീനത്തിനെ ഗൾഫിലേക്ക് കൂട്ടി. അന്ന് ഷാർജയിൽ ഫ്ലാറ്റുകളോ വലിയ കെട്ടിടങ്ങളോ ഇല്ല. ഇൗത്തപ്പനയോല മേഞ്ഞ ചെറിയ വീടുകളിലാണ് അറബികൾ പോലും താമസം. ഷാർജയിൽ ടാറിട്ട ഒരു റോഡുപോലുമില്ലാത്ത കാലം. ദുബൈയിലേക്ക് ഒറ്റ വരി റോഡ് മാത്രം. പൈപ്പുവെള്ളത്തിൽ ഉപ്പുരസം കാരണം കുടിക്കാൻ പറ്റില്ല. ഒട്ടകപ്പുറത്ത് തുകൽബാഗിൽ കൊണ്ടുവരുന്ന കുടിവെള്ളം പണം കൊടുത്ത് വാങ്ങും. മണ്ണെണ്ണ അടുപ്പിലാണ് പാചകം. കഴുത വലിക്കുന്ന വണ്ടിയിലാണ് മണ്ണെണ്ണ കൊണ്ടുവരുക.
* * * * * * * * *
ചാവക്കാട് താലൂക്കിലെ പാലയൂർ സ്വദേശിയായ ഹനീഫ, മുബാറക് എത്തി മൂന്നാം മാസം തന്നെ ദുബൈയിലെത്തി, 18ാം വയസ്സിൽ. മുബാറക്കിെൻറ യാതനകളൊന്നുമില്ലാത്ത സുന്ദരൻ യാത്ര. വിസയും പാസ്പോർട്ടുമെല്ലാമായി ബോംബെയിൽനിന്ന് അക്ബർ എന്ന കപ്പലിൽ. അഞ്ചാം ദിവസം എത്തി.രണ്ടു അമ്മാവന്മാർ നേരത്തെ ഷാർജയിൽ ഡിഫൻസിലുണ്ട്. അവരാണ് ഹനീഫക്ക് വിസ അയച്ചുകൊടുത്തത്. ഹനീഫക്ക് രണ്ടു വയസ്സുള്ളപ്പോൾ ബാപ്പ സിലോണിൽ വെച്ച് മരിച്ചു. പിന്നെ ഉമ്മ മാത്രം. സഹോദരങ്ങളില്ല. ഉമ്മക്കൊപ്പം അമ്മാവന്മാരുടെ വീട്ടിലായിരുന്നു താമസം. അമ്മാവന്മാർ വിദേശത്തായതിനാൽ തോന്നിയപോലെയായി ഹനീഫയുടെ ജീവിതം. വിദേശത്ത് നിന്ന് പണം വല്യുമ്മയുടെ പേരിലാണ് വരുക. ബ്രിട്ടീഷ് പൗണ്ട് പോസ്റ്റോഫിസിൽ പോയി മാറുക ഹനീഫയായിരുന്നു. തനിക്ക് ആവശ്യമുള്ളത് എടുത്ത് ബാക്കി വല്യുമ്മയെ ഏൽപിക്കും. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉമ്മ ആങ്ങളമാർക്ക് കത്തയച്ച് നിർബന്ധിച്ച് വിസ വരുത്തുകയായിരുന്നു. താൻ നാട്ടിൽ നിന്നാൽ ശരിയാകില്ലെന്ന് ഉമ്മക്ക് നന്നായി അറിയാമായിരുന്നെന്ന് ഹനീഫ.ലോഞ്ചിലെത്തിയവരായിരുന്നു അന്ന് പ്രവാസികളിൽ കൂടുതലും. വിസയും പാസ്പോർട്ടുമായി കപ്പലിൽ വന്നയാളാണെന്ന് പറഞ്ഞ് മറ്റുള്ളവർ തന്നെ അദ്ഭുതത്തോടെ നോക്കിയത് ഒാർക്കുന്നു.
ഡിഫൻസിൽ കുക്കായിരുന്നു അമ്മാവൻ. സൈനിക ബാറിൽ ബാർമാനായാണ് ഹനീഫക്ക് ആദ്യ ജോലി കിട്ടിയത്. 250 ദിർഹമായിരുന്നു ആദ്യ ശമ്പളം. ടിപ്പും കിട്ടും. പക്ഷേ, മേലുേദ്യാഗസ്ഥെൻറ ഇഷ്ടക്കാരനെ ജോലിക്ക് കയറ്റാനായി തന്നെ ആറു മാസം കഴിഞ്ഞപ്പോൾ പുറത്താക്കിെയന്ന് ഹനീഫ.
അടുത്ത ജോലി ഡിഫൻസിൽ തന്നെ ട്രെയ്നി നഴ്സായിട്ടായിരുന്നു. അന്നവിടെ മുബാറക് ഉണ്ടായിരുന്നു. അസാധാരണ സൗഹൃദത്തിെൻറ തുടക്കമായിരുന്നു അത്. മൂന്നു വർഷത്തെ പരിശീലനം കഴിഞ്ഞാണ് രണ്ടുപേർക്കും നഴ്സായി സ്ഥിര നിയമനം കിട്ടിയത്. രണ്ടാമത്തെ പോക്കിൽ 1973ൽ ഹനീഫയുടെ കല്യാണം. 75ൽ ഭാര്യ സുബൈദയെ കൊണ്ടുവന്നു. 71ൽ യു.എ.ഇ രൂപവത്കരിച്ചപ്പോൾ രണ്ടുപേരും യു.എ.ഇ ഡിഫൻസിലായി. നഴ്സുമാരാണെങ്കിലും പട്ടാളക്കാർക്കുള്ള പരിശീലനത്തിലൊക്കെ പെങ്കടുക്കണം. സൈനിക യൂനിഫോമിലായിരുന്നു ജോലി. സൈനിക ക്യാമ്പിൽ തന്നെയായിരുന്നു താമസം.
ബ്രിട്ടീഷുകാരോടൊപ്പം ജോലി ചെയ്ത കാലം ഇരുവർക്കും മറക്കാനാവില്ല. അത്രമാത്രം സഹായങ്ങളാണ് അവരിൽനിന്ന് ഇൗ മലയാളികൾക്ക് കിട്ടിയത്. ബ്രിട്ടീഷുകാരുടെ യു.എ.ഇയിലെ ആസ്ഥാനം ഷാർജയായിരുന്നു. ദുബൈ അന്ന് ചിത്രത്തിലേ ഇല്ല. പിന്നീട് ദുബൈയുടെ കുതിപ്പിന് ഇരുവരും സാക്ഷികളായി.പിന്നീട് രണ്ടുപേർക്കും ഡിഫൻസ് വിടേണ്ടി വന്നു. ആദ്യം ഹനീഫ. പിന്നീട് മുബാറക്. 1990^91ൽ കുവൈത്ത് യുദ്ധത്തോടെയാണ് ഹനീഫ പിരിയുന്നത്. മുബാറക് 1994ലും. ഹനീഫ 24വർഷവും മുബാറക് 26 വർഷവും സൈന്യത്തിൽ ജോലി ചെയ്തു.
മുബാറക് അക്കാലത്തുണ്ടായ അപകടം ഒാർക്കുന്നു. റാസൽഖൈമയിലെ ക്യാമ്പിലായിരുന്നു അന്ന് മുബാറക്. വ്യാഴാഴ്ച വൈകീട്ട് വാരാദ്യ അവധിക്ക് ഷാർജയിലേക്ക് േപാരും. അവിടെ മുബാറക് തന്നെ കൊണ്ടുവന്ന ജ്യേഷ്ഠന്മാരുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി തിരിച്ചുപോരും. അങ്ങനെയൊരു മടക്കയാത്രയിൽ മുബാറക് കയറിയ വാഹനം തലകീഴായ് മറിഞ്ഞു. അഞ്ചുപേർ തൽക്ഷണം മരിച്ചു. ഒരു പാട് പേർക്ക് ഗുരുതര പരിക്ക്. ഭാഗ്യം കൊണ്ട് മുബാറക് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെ റാസൽഖൈമ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടത്തെ നഴ്സുമാർ പരിഭ്രാന്തരായി. രക്തത്തിൽ കുളിച്ചും അവയവങ്ങൾ അറ്റുപോയും കിടക്കുന്ന സൈനികരെ കണ്ട് അവർ ഭയചകിതരായി നിന്നു. സാഹചര്യം മനസ്സിലാക്കി ഡോക്ടർമാരെ സഹായിക്കാൻ മുബാറക് മുന്നോട്ടുവന്നു. തിരിച്ച് ക്യാമ്പിലെത്തിയപ്പോൾ ആശുപത്രി കമാൻഡർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഒരു പ്രമോഷനും തന്നു.
ഡിഫൻസ് വിട്ട ശേഷം മുബാറക് അജ്മാനിൽ ഡെൻറൽ ക്ലിനിക് സ്വന്തമായി തുടങ്ങി.ചാവക്കാട്ടുകാരനായ ഒരു ഡോക്ടറുമായി ചേർന്നാണ് ക്ലിനിക് തുടങ്ങിയത്. ഡിഫൻസിൽ നിന്ന് പിരിയുേമ്പാൾ ലഭിച്ച തുകയാണ് മുതൽമുടക്കിയത്. പക്ഷേ രണ്ടുവർഷം കഴിഞ്ഞപ്പോഴേ കടം വന്നു. അതോടെ നിർത്തി നാട്ടിൽപോയി.തിരിച്ചുവന്ന് ജോലി അന്വേഷിച്ചപ്പോൾ ഡിഫൻസിലുണ്ടായിരുന്ന പഴയ മേധാവി ദുബൈ പൊലീസിലുണ്ടെന്ന് അറിഞ്ഞു. അവിടെ ജോലിക്ക് കയറി. 1996ൽ. അതിനുമുമ്പ്തന്നെ അവിടെ ഹനീഫ എത്തിയിരുന്നു. ഡിഫൻസിൽ നിന്ന് വിട്ട് 1992ൽ നാട്ടിൽ പോയി തിരിച്ചുവന്ന ഹനീഫ ഡിഫൻസിലെ പഴയ മേട്രൻ വഴിയാണ് ദുബൈ പൊലീസിലെത്തിയത്.
നേരത്തെ ഡിഫൻസിൽ ജോലി പോയപ്പോൾ ഉള്ളിെൻറ ഉള്ളിൽ സന്തോഷിക്കുകയായിരുന്നുവെന്ന് ഹനീഫ പറയുന്നു. കാരണം മടി തന്നെ. കുട്ടികളെ പോറ്റണം നന്നായി ജീവിക്കണം എന്ന നിർബന്ധം മാത്രമാണ് ജോലിയിലേക്ക് തള്ളിവിട്ടത്. നാട്ടിൽ ചെന്നപ്പോഴാണ് തൊഴിലില്ലായ്മയുടെ പ്രശ്നം ശരിക്കും മനസ്സിലായത്. 25 വർഷം സൈന്യത്തിലായതിനാൽ അഞ്ചുമണിക്ക് തന്നെ എഴുന്നേൽക്കുമായിരുന്നു. പത്രവായന, ഭക്ഷണം. മറ്റൊരു പണിയുമില്ല. നാട്ടിൽ അധികം സൗഹൃദങ്ങളുമില്ല. ശരിക്കും മടുത്തു. അങ്ങനെയാണ് വീണ്ടും ഗൾഫിലെത്തുന്നത്. ഫാർമസിയിൽ സെയിൽസ്മാനായി േജാലി കിട്ടി. ആറുമാസം അവിടെ ജോലി ചെയ്തു. പിന്നീടാണ് പൊലീസിലെത്തിയത്.1994 ൽ.മുബാറക്കും ഹനീഫയും അതോടെ വീണ്ടും ഒന്നിച്ചു. പരസ്പരം ദുഃഖവും സന്തോഷവും പങ്കുവെക്കുന്ന ആഴത്തിലുള്ള സൗഹൃദമായിരുന്നു അത്. ഇവിടെയുള്ളപ്പോൾ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമായിരുന്നു. ഡിഫൻസിൽനിന്ന് വന്ന് ദുബൈ പൊലീസിൽ തുടരുന്ന മലയാളികൾ ഇന്ന് ഇവർ രണ്ടുപേർ മാത്രമേയുള്ളൂ. പിരിച്ചുവിടുന്നത് വരെ ഇവിടെ നിൽക്കുമെന്നാണ് ഇരുവരും പറയുന്നത്. ഹനീഫക്ക് മൂന്നു മക്കളും എട്ടു പേരക്കുട്ടികളുമായി. മൂത്തവൻ സാഗർ അബൂദബിയിൽ എയർക്രാഫ്റ്റ് എൻജിനീയറാണ്. മറ്റു മക്കളായ സമീറും റീമയും ഖത്തറിലാണ്. മുബാറക്കിെൻറ മൂത്തമകൻ ദുബൈയിൽ ദന്ത ഡോക്ടറാണ് -ഡോ. സാജിദ്. മകൾ സൈറ വിവാഹം കഴിച്ച് ബഹ്റൈനിലുണ്ട്.
1985ൽ ഡിഫൻസിലുള്ളപ്പോൾ കൂടെ ജോലി ചെയ്ത ഫിലിപ്പീൻസുകാരി ഗ്ലോറിയയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവവും മുബാറക്കിെൻറ ജീവിതത്തിലുണ്ട്. അതിൽ രണ്ടു മക്കളുണ്ട്. ഫറയും ദീനയും. അവരെല്ലാം ഇപ്പോൾ അമേരിക്കയിലാണ്. ഹനീഫ ഇപ്പോൾ ദുബൈ അവീർ ജയിലിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യക്കാരും ദുബൈയിലുണ്ടെന്നതിന് ജയിലും തെളിവാണ്. തടവുകാരിൽ എല്ലാ നാട്ടുകാരുമുണ്ട്. എന്നാൽ അവരാരും തന്നെ ഇൗ നാടിനെ കുറ്റം പറയുന്നില്ല. ഇവിടത്തെ നീതി നിർവഹണ രീതിയോട് മതിപ്പേയുള്ളൂ തടവുകാർക്കും. ജയിലിലെ സൗകര്യങ്ങൾ എടുത്തു പറയേണ്ടതാണ്. മൂന്നു നേരം മികച്ച ഭക്ഷണം. മികച്ച ചികിത്സ. എല്ലാ സെല്ലിലും ടെലിവിഷനും ശുചിമുറിയും. വായിക്കാൻ താൽപര്യമുള്ളവർക്ക് നല്ല വായനശാലയുണ്ട്. ജയിലിലെ കാൻറീനിൽ നിന്ന് ഇഷ്ടമുള്ള ഭക്ഷണം വാങ്ങുകയും ചെയ്യാം.
ഷാർജയിൽ പണ്ട് യൂത്ത് സെൻറർ എന്നൊരു സംഘടനയുണ്ടായിരുന്നു. അതിെൻറ ശിൽപികളിലൊരാളാണ് ഹനീഫ. നന്നായി പ്രവർത്തിച്ച സംഘടന ഏഴു വർഷമേ നിന്നുള്ളൂ. ചെറുപ്പത്തിലേ നന്നായി വായിക്കുമായിരുന്നു. നാടകം എഴുത്തും അഭിനയവുമൊക്കെയുണ്ടായിരുന്നു ഹനീഫക്ക്. പിന്നീട് മടിയും മറ്റു തിരക്കുകളും കാരണം എല്ലാത്തിൽ നിന്നും പിന്മാറി.
തിരിച്ചുപോയാൽ എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല ഹനീഫ. മക്കളെ നന്നായി പഠിപ്പിച്ച് നല്ല നിലയിലെത്തിച്ചു. അതാണ് സമ്പാദ്യം. മറ്റു സമ്പാദ്യങ്ങളോ നിക്ഷേപങ്ങളോ ഇല്ലെന്നാണ് ഹനീഫ പറയുന്നത്. ഇൗ പ്രായത്തിലും ഇരുവർക്കും കാര്യമായ രോഗങ്ങളൊന്നുമില്ല. ഹനീഫ 67ാം വയസ്സിലും ഭാര്യക്കൊപ്പം ദിവസവും ഒരു മണിക്കൂർ നടക്കും. ഭക്ഷണത്തിലും ശ്രദ്ധിക്കും. ഹനീഫക്ക് വിമാനയാത്ര ഇപ്പോഴും പേടിയാണ്. അതുകൊണ്ട് അധികം വിദേശയാത്രകളില്ല. നാട്ടിൽ പോകുന്നത് തന്നെ പേടിച്ചുവിറച്ചാണ്. വിമാനത്തിെൻറ ചെറിയ ഇളക്കം പോലും സഹിക്കാനാകില്ലെന്ന് ഹനീഫ.
മുബാറക് ദുബൈ പൊലീസ് ആസ്ഥാനത്തെ ആരോഗ്യകേന്ദ്രത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഗൾഫ് നല്ല ജീവിതം തന്നെങ്കിലും തിരിച്ചുപോയാൽ എന്തു ചെയ്യുമെന്ന ആേലാചനയിൽ ഇൗയടുത്തകാലത്ത് മാത്രമാണ് സമ്പാദിക്കാൻ തുടങ്ങിയത്. മക്കളെല്ലാം നല്ല നിലയിലെത്തി. പക്ഷേ അവരെ ആശ്രയിക്കാതെ ജീവിക്കണമെന്നാണ് ആഗ്രഹം. നാട്ടിൽ സുഹൃത്തുക്കളില്ലാത്തതാണ് മുബാറക്കിെൻറ പ്രശ്നം.അര നൂറ്റാണ്ടിനടുത്ത് എത്തിനിൽക്കുന്ന പ്രവാസവും അത്രത്തോളം തന്നെ നീളുന്ന സൗഹൃദവും. അതുമാത്രമല്ല ഇൗ പ്രായത്തിലും പൂർണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യുന്നതും മുബാറക്കിെൻറയും ഹനീഫയുടെയും ഗൾഫ് ജീവിതത്തെ വ്യത്യസ്തമായി അടയാളപ്പെടുത്തേണ്ടതാകുന്നു.
mfiroskhan@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.