ചരിത്രബോധവും വിശ്വാസവിപണിയും

നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുപോലും ഒരു ദീര്‍ഘ ചരിത്രം നിലനില്‍ക്കുന്നുണ്ടാകും. അപ്പോള്‍ ചരിത്രജ്ഞാനം ആര്‍ജിക്കുന്നതും ചരിത്രബോധം പുലര്‍ത്തുന്നതും മാനവരാശിയുടെ സുഗമജീവിതത്തിന് അനിവാര്യമാണെന്ന് സ്പഷ്ടം. ചരിത്രബോധമാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും അടിസ്ഥാനം. ഒരു പഠനം തുടങ്ങുന്നത് നാളിതുവരെയുള്ള അറിവുകള്‍ നിരത്തി അതിലെ പോരായ്മകള്‍, യുക്തിഭദ്രത എന്നിവ ചര്‍ച്ച ചെയ്തുകൊണ്ടാണ്. എപ്പോഴൊക്കെ ചരിത്രം വിസ്മരിക്കപ്പെടുന്നുവോ അപ്പോഴാണ് അടിസ്ഥാനരഹിതമായ വിശ്വാസങ്ങളും ശാസ്ത്രതത്ത്വങ്ങളെ നിഷേധിക്കുന്ന സാമൂഹികരീതികളും ശക്തിപ്പെടുന്നത്. ആരോഗ്യരംഗവും ഈ പൊതു തത്ത്വത്തില്‍തന്നെയാണ് നിലനില്‍ക്കുന്നത്.

മരിക്കാറായ രോഗികള്‍ക്ക് രക്തം നല്‍കിയാല്‍ ജീവന്‍ നിലനിര്‍ത്താനാകും എന്നത് ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനമായ കണ്ടത്തെലായിരുന്നു. രോഗശയ്യയിലായിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് പുതിയ ജീവിതം നല്‍കി. രക്തദാനത്തില്‍ സുപ്രധാനമായ ഒരു നിയമം, നാമിന്ന് വര്‍ണവിവേചനം എന്ന് അറിയുന്ന തത്ത്വമാണ്  കറുത്തവര്‍ഗക്കാരുടെ രക്തം വെള്ളക്കാര്‍ക്ക് നല്‍കിയാല്‍ വംശീയമായ അവരുടെ സംശുദ്ധി നഷ്ടപ്പെടുമെന്ന് കരുതിപ്പോന്നു. അതിനാല്‍ നിയമം മൂലം ഇത്തരം രക്തദാനങ്ങള്‍ നിഷിദ്ധമായിരുന്നു. വെള്ളക്കാരന്‍െറ രക്തം കറുത്തവര്‍ക്ക് നല്‍കാം; തിരിച്ചു പാടില്ല. രക്തം ശേഖരിച്ചുവെച്ചിരുന്ന കുപ്പികളില്‍ നിര്‍ബന്ധമായും ദാതാവിന്‍െറ വര്‍ഗവും രേഖപ്പെടുത്തേണ്ടതുണ്ട്. രണ്ടാം ലോക യുദ്ധകാലത്ത് വെള്ളക്കാരായ അമേരിക്കന്‍ പട്ടാളക്കാരെ രക്ഷിക്കാന്‍ മറ്റ് പോംവഴികാണാതെ ഡോക്ടര്‍മാര്‍ രഹസ്യമായി കറുത്തവരുടെ രക്തം നല്‍കുകയുണ്ടായി. അതേസമയം ജര്‍മന്‍ യുദ്ധഭൂമിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. വര്‍ണസങ്കരം ഒഴിവാക്കാന്‍ ജൂതന്മാരുള്‍പ്പെടെ മറ്റ് വംശീയരുടെ രക്തം ശേഖരിക്കുകപോലും പറ്റില്ലാത്തതിനാല്‍ വെള്ളക്കാരും ശുദ്ധ ജീനുകളും ഉള്ള ജര്‍മന്‍ ഭടന്മാര്‍ രക്തം ലഭിക്കാതെ ജീവന്‍ വെടിഞ്ഞു. വര്‍ണവിവേചനത്തിലെ ഒരു സങ്കല്‍പത്തിന് ശാസ്ത്രീയാടിത്തറ ഇല്ളെന്നു തെളിഞ്ഞ അനുഭവമായിരുന്നു ഇത്. ഷെറി വിന്നര്‍ (Circulating Life: Cherie Winner, 2007) രചിച്ച പുസ്തകത്തില്‍ രക്തചികിത്സയുടെ ചരിത്രമുണ്ട്.

വംശവിശുദ്ധിയെക്കുറിച്ച് എന്തെങ്കിലും അബദ്ധധാരണകള്‍ വെച്ചുപുലര്‍ത്താന്‍ ഇത്തരം ചരിത്രസത്യങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. രണ്ടാം ലോകയുദ്ധകാലത്തുതന്നെ തള്ളിക്കളഞ്ഞ ഈ സിദ്ധാന്തം ദക്ഷിണാഫ്രിക്കയില്‍ പിന്നെയും ഒരു തലമുറക്കാലം നിലനിന്നത് ചരിത്രസത്യങ്ങളെ അമ്പേ നിഷേധിക്കുന്ന അശാസ്ത്രീയ നിലപാടുകള്‍ എടുക്കുന്നതിനാലാണ്.

പുകവലിക്കും ഇതുപോലൊരു ചരിത്രമുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ പുകവലി ആരോഗ്യം നല്‍കുന്നു എന്ന് വിശ്വസിച്ചിരുന്നു. പ്ളേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ പുകവലിക്കാര്‍ക്ക്  വരില്ല എന്ന വിശ്വാസം അക്കാലത്ത് പ്രബലമായി. പ്രസിദ്ധമായ ഈറ്റണ്‍ പബ്ളിക് സ്കൂളില്‍  കുട്ടികള്‍ നിര്‍ബന്ധമായും പുകവലിച്ചിരിക്കണം എന്ന നിയമം പോലുമുണ്ടായി. 1950ന് ശേഷം പുകവലിയുടെ ദോഷങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. എന്നാലിന്നും പുകവലിയുടെ ഗുണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന അബദ്ധശാസ്ത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ധമനികള്‍ കേടായി കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയാല്‍ ജീവിതം നഷ്ടപ്പെട്ടവര്‍ തുടങ്ങി  പുകവലിയുടെ ക്ളേശങ്ങള്‍ അനുഭവിച്ച ലക്ഷക്കണക്കിന് ആളുകളുടെ ചരിത്രം ലഭ്യമാണെങ്കിലും പുകവലിച്ചാല്‍ പാര്‍ക്കിന്‍സണ്‍ രോഗത്തെ പ്രതിരോധിക്കാമെന്നും അമിതവണ്ണം തടയാമെന്നും തുടങ്ങി അനവധി പരസ്യങ്ങള്‍ സുലഭമായി ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇത്തരം അവകാശവാദങ്ങളൊന്നും കര്‍ശനമായി നിയന്ത്രിക്കപ്പെട്ട പഠനങ്ങളില്‍നിന്ന്  വന്ന അറിവുകളല്ല. മാത്രമല്ല, ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗമുണ്ടാകാത്തതും അമിതവണ്ണം വരാത്തതും പുകവലികൊണ്ടാവണം എന്ന് കരുത്താനാവില്ലല്ളോ. അതിന് മറ്റനേകം ഘടകങ്ങള്‍ ഒത്തുപ്രവര്‍ത്തിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു ഘടകം ഉയര്‍ത്തിക്കാട്ടി കാര്യകാരണങ്ങളെ സിദ്ധാന്തവത്കരിക്കുന്നത് ചരിത്രത്തിനോ ശാസ്ത്രത്തിനോ നിരക്കാത്തതാണ്.

ഇതുപോലെ വിശ്വാസവും ശാസ്ത്രവും ഇടകലര്‍ന്ന മേഖലയാണ് നമ്മുടെ മുന്‍കാല പകര്‍ച്ചവ്യാധികളുടെ ചരിത്രം. പതിനാലാം നൂറ്റാണ്ടിലാണ് ആദ്യമായി പ്ളേഗ് പടര്‍ന്നുപിടിക്കുന്നത്. ചുറ്റുപാടും ജീവിക്കുന്നവര്‍ പൊടുന്നനെ മരിച്ചുവീഴുമ്പോള്‍ കാരണമെന്തെന്നറിയാതെ ജനം ഭയന്നു. പല പട്ടണങ്ങളിലും 15 മുതല്‍ 40 ശതമാനം വരെ ജനങ്ങള്‍ മരിച്ചുവീണു.  ഇന്ത്യയില്‍ 19ാം നൂറ്റാണ്ടില്‍ ഒന്നരക്കോടിയോളം ജനങ്ങളാണ് മരിച്ചത്. അന്നത്തെ ജനസംഖ്യ ഇപ്പോഴുള്ളതിന്‍െറ 20 ശതമാനം മാത്രമാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെ ഭീതിദമായ അന്തരീക്ഷത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് ചെയ്യാനാവുന്നത് കൂടുതല്‍ ശുഷ്കാന്തിയോടെ പ്രാര്‍ഥിക്കുകയും ദേവതകളെയും മാലാഖമാരെയും പ്രീതിപ്പെടുത്തുകയും മാത്രമായിരുന്നു. മനുഷ്യരും ദേവതകളും ഒപ്പം പ്രവര്‍ത്തിച്ചിട്ടും പ്ളേഗ് എന്ന മഹാമാരി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ലോകമെമ്പാടും കയറിയിറങ്ങി.
പ്ളേഗിന് മുമ്പുള്ള ജനസംഖ്യ വീണ്ടെടുക്കാനായത് രണ്ടുനൂറ്റാണ്ട് കഴിഞ്ഞാണ്. വിശ്വാസത്തിന്‍െറ അടിസ്ഥാനത്തില്‍ അനവധി വ്യാഖ്യാനങ്ങള്‍ മഹാമാരിക്കാലത്ത് രൂപപ്പെട്ടു. പ്ളേഗ് മനുഷ്യന്‍ തങ്ങളുടെ പാപപൂര്‍ണമായ ജീവിതം കൊണ്ട് സമ്പാദിച്ചതാണെന്നും സ്ത്രീകളുടെ അഹങ്കാരവും ജൂതരുടെ വഞ്ചനയും നിമിത്തമാണെന്നും പ്രചരിക്കപ്പെട്ടു. അതോടെ ജൂതരെ ഉന്മൂലനം ചെയ്യുക ഒരു ധര്‍മമായി മാറി. 14ാം നൂറ്റാണ്ടില്‍ മാത്രം ഇരുന്നൂറോളം ജൂതസമൂഹങ്ങള്‍ നശിപ്പിക്കപ്പെട്ടു. അഹങ്കാരവും പാപജീവിതവുമാണ് പ്ളേഗിന് കാരണം എന്ന തോന്നല്‍ ശക്തിപ്പെട്ടപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ചാട്ട കൊണ്ട് സ്വയം അടിക്കുകയും പലരീതിയില്‍ അംഗഭംഗം വരുത്തുകയും ചെയ്തു. ചരിത്രത്തിലെ ആദ്യകാല രോഗപ്രതിരോധരീതിയായിരുന്നിരിക്കണം ഇത്. അജ്ഞാതവും നമുക്ക് അദൃശ്യരുമായ ദേവതകള്‍ക്ക് കഴിയാത്തത് നൂറ്റാണ്ടുകള്‍ക്കുശേഷം 19ാം നൂറ്റാണ്ടില്‍ ശാസ്ത്രത്തിന് കണ്ടുപിടിക്കാനായി. സൂക്ഷ്മദര്‍ശിനിയിലൂടെ കാണാവുന്ന ബാക്റ്റീരിയയാണ് രോഗകാരണമെന്നും എലികളില്‍ വസിക്കുന്ന ചെള്ളിനെ നിയന്ത്രിച്ചാല്‍ രോഗം തടയാമെന്നുമുള്ള കണ്ടുപിടിത്തം വിശ്വാസികളുള്‍പ്പെടെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ജീവിക്കാനവസരമൊരുക്കി. ജൂതന്മാര്‍ക്ക് പീഡനങ്ങളില്‍നിന്ന് മുക്തിയും നല്‍കി.

വസൂരി, വൈറല്‍ പനി,  ക്ഷയം എന്നീ രോഗങ്ങളുടെയും ചരിത്രം ഏറക്കുറെ സമാനമാണ്. ശക്തമായ വിശ്വാസങ്ങള്‍ ക്രമേണ ശാസ്ത്രസത്യങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു. ഈ ചരിത്രാവബോധമാണ് പില്‍ക്കാലത്ത് എയ്ഡ്സ്, പന്നിപ്പനി, സാര്‍സ്, ഇബോള എന്നീ രോഗങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും സഹായകമായത്. രോഗങ്ങളെക്കാള്‍ ഭയങ്കരമായ ആരോഗ്യപ്രശ്നങ്ങളാണ് പട്ടിണി സൃഷ്ടിക്കുന്നത്. മധ്യകാല ഇന്ത്യയില്‍ കൊടും വരള്‍ച്ചകള്‍ അപൂര്‍വമായിരുന്നില്ല; ഓരോ വരള്‍ച്ചയും അഞ്ചുമുതല്‍ 10 ശതമാനം വരെ ജനങ്ങളെ  കൊന്നൊടുക്കി. പട്ടിണിയുമായി ജീവിക്കേണ്ടവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. പല ശാരീരിക ക്ളേശങ്ങളുമായി ജീവിക്കുകയും നേരത്തേ മരിക്കുകയും ചെയ്യുന്നത് സര്‍വസാധാരണമായിരുന്നു അക്കാലത്ത്. കഴിഞ്ഞ നൂറുകൊല്ലത്തെ ശാസ്ത്രനേട്ടങ്ങള്‍ പട്ടിണി മരണങ്ങളെ അപൂര്‍വമാക്കി.

ഇങ്ങനെയൊക്കെയാണ് ചരിത്രപാഠങ്ങള്‍. നമുക്കുചുറ്റും സംഭവിക്കുന്ന പ്രതിഭാസങ്ങള്‍ അപഗ്രഥിക്കാനോ നമ്മുടെ ജീവിതത്തില്‍ അവക്കുള്ള സ്വാധീനം ശാസ്ത്രീയമായി വിശകലം ചെയ്യാനോ കഴിവില്ലാത്ത കാലത്തു വിശ്വാസമായിരുന്നു ഏക ആശ്രയം. കഴിഞ്ഞ 50 വര്‍ഷമായി ശാസ്ത്രപുരോഗതി നമ്മുടെ ജീവിതരീതിയെയും വിശ്വാസപ്രമാണങ്ങളെയും ഉടച്ചുവാര്‍ക്കുകയുണ്ടായി. ചരിത്രവിജ്ഞാനം നമുക്ക് പ്രധാനമായും രണ്ടുതരം അറിവുകള്‍ നല്‍കുന്നു. ഒന്ന്, പഴയകാലത്തു ജനങ്ങള്‍ നേരിട്ട പ്രശ്നങ്ങളില്‍ അവര്‍  എന്തൊക്കെ നിലപാടെടുത്തു? അവര്‍ വിട്ടുപോയതും കൂടുതല്‍ തുടര്‍പഠനങ്ങള്‍ വേണ്ടതുമായ മേഖലകള്‍ ഏവ? രണ്ട്, പുതുതായി നാം നേടിയെടുത്ത ശാസ്ത്രവിജ്ഞാനം എങ്ങനെയാണ് ഭാവിയിലെ  ഉപയോഗത്തിന് സജ്ജമാക്കുക?

സാമൂഹികാരോഗ്യ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ശാസ്ത്രത്തിന്‍െറ കണ്ടത്തെലുകളിലൂടെ നാം കൂടുതല്‍ ക്ഷേമകരമായ ജീവിതം കെട്ടിപ്പടുത്തെന്നുതന്നെ. ചരിത്രപാഠങ്ങള്‍ നാമുള്‍ക്കൊള്ളുന്നില്ളെങ്കില്‍ കാലാകാലങ്ങളില്‍ നമ്മോടൊപ്പമുള്ള അബദ്ധവിശ്വാസങ്ങളാവും നമ്മുടെ പെരുമാറ്റരീതികളെ നയിക്കുക. വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ വിപണി ഉണ്ടാകുന്നതില്‍ അദ്ഭുതമില്ല. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നാം കാണുന്നത് ആരോഗ്യചരിത്രത്തെ നിഷേധിക്കുന്ന വിശ്വാസങ്ങളെ അധികരിച്ച് നവവിപണിയൊരുങ്ങുന്നതാണ്. പണ്ട് ജീവിച്ചവര്‍ നമ്മെക്കാള്‍ ആരോഗ്യമുള്ളവരായിരുന്നു എന്നും അവര്‍ നമ്മെക്കാള്‍ ഏറെക്കാലം രോഗങ്ങളില്ലാതെ ജീവിച്ചിരുന്നു എന്നും മറ്റും വിപണി അവകാശപ്പെടുന്നു. മുന്‍കാല ചരിത്രത്തിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യാജമായ അവകാശവാദമാണെന്ന് കണ്ടത്തൊനാകും.

കഴിഞ്ഞ മുപ്പതു വര്‍ഷത്തെ വിശ്വാസവിപണി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ്  ആക്ട് 1954 മുതല്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും യാതൊരു തെളിവും ഇല്ളെന്നുറപ്പായ ചികിത്സാവിധികള്‍ വ്യാപകമായി പരസ്യം ചെയ്യപ്പെടുന്നു. മാര്‍ച്ച്  2016ല്‍ ദി  ഇക്കോണോമിസ്റ്റ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം പറയുന്നത് ആരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ വിറ്റുവരവ് ബഹുശതം കോടി ഡോളര്‍ ആയിക്കഴിഞ്ഞുവെന്നാണ്.  കേന്ദ്രസര്‍ക്കാര്‍ ആരോഗ്യത്തിനുവേണ്ടി നിക്ഷേപിക്കുന്ന തുകയുമായി താരതമ്യം ചെയ്താല്‍ വിശ്വാസവിപണി ശക്തമാണെന്ന് കാണാം. ഏറക്കുറെ ഒരു സമാന്തര ആരോഗ്യ സമ്പ്രദായം എന്നോണം. 

വ്യക്തിയുടെയോ സമൂഹത്തിന്‍െറയോ ആരോഗ്യകാര്യങ്ങളില്‍ നിലവില്‍ ലഭ്യമായ തെളിവുകള്‍ നിരാകരിക്കുന്ന പ്രതിരോധരീതികളോ ചികിത്സകളോ അനുവര്‍ത്തിച്ചാല്‍ നാം നഷ്ടപ്പെടുത്തുന്നത് മര്‍മപ്രധാനമായ സമയമായിരിക്കും. കാലാവസ്ഥ വ്യതിയാനം, മാലിന്യനിയന്ത്രണം, ജീവിതശൈലി  എന്നിവയുമായി ബന്ധപ്പെട്ട സാമൂഹികാരോഗ്യ കാര്യങ്ങളിലും അര്‍ബുദം, പക്ഷാഘാതം തുടങ്ങി വ്യക്തിഗത പ്രശ്നങ്ങളിലും നമ്മുടെ പ്രതികരണത്തിന് ശാസ്ത്രീയമായ  അടിത്തറ ഉണ്ടാവണം. ആരോഗ്യചരിത്രം അറിയുന്നത് ഇതിന് അത്യാവശ്യവുമാണ്.

Tags:    
News Summary - history and faith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.