നൂറു വര്‍ഷം മുമ്പ് നടന്ന ശക്തമായ ഒരു സാമൂഹിക ഇടപെടലിെൻറ ഓർമ പുതുക്കുന്ന സന്ദര്‍ഭമാണിത്. 1917ൽ എറണാകുളത്ത് ചെറായിയിൽ സഹോദരന് അയ്യപ്പെൻറ നേതൃത്വത്തിൽ നടന്ന മിശ്ര-ജാതി ഭോജനം ആണത്. ഓര്മ സങ്കീര്‍ണമായ ഒരു കാര്യമാണ്. ഏതു സാഹചര്യത്തിൽ എന്ത് ഓര്ത്തെടുക്കുന്നുവെന്നത് വ്യക്തികളെ സംബന്ധിച്ചിടത്തോളവും സമൂഹങ്ങളെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. ഏറ്റവും യഥാസ്ഥിതികമായ ഒരു സമൂഹത്തില്‍, അതിെൻറ ആചാരബദ്ധമായ ചരിത്രത്തില്‍ അങ്ങേയറ്റത്തെ ജാഗ്രതയോടെ കാത്തുപോന്നിരുന്ന ജാതിശ്രേണീവ്യവസ്ഥയുടെ നിലനില്‍പിെൻറ അസ്തിവാരങ്ങളിൽ ഒന്നിനെ അട്ടിമറിക്കുന്ന ഒരു പരീക്ഷണം നടത്തുക എന്നത് രാഷ്ട്രീയഭാവനയുടെ അന്യൂനമായ കരുത്തും ദൃഢനിശ്ചയവും വ്യക്തമാക്കുന്ന ഇടപെടലായിരുന്നു.
പന്തിഭോജനം ആദ്യമായി നടത്തുന്നത് സഹോദരൻ അയ്യപ്പനല്ല എന്ന് ചരിത്രവിദ്യാര്ഥികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ ശ്രീനാരായണഗുരുവിെൻറയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന അയ്യാസ്വാമികളും പിന്നീട് നിർമലാനന്ദസ്വാമികളും ഒക്കെ പന്തിഭോജനം എന്നു വിളിക്കാവുന്ന, വിവിധ ജാതിക്കാർ ഒരുമിച്ചിരുന്നുള്ള മിശ്രഭോജനം നടത്തിയിടുണ്ട്. എന്നാല്‍, സഹോദരൻ അയ്യപ്പെൻറ പന്തിഭോജനത്തെ അവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത് അതിനെ വിശാലമായ ഒരു സാമൂഹിക സന്ദേശമായി മാറ്റാന്‍ സാധിക്കുന്ന രാഷ്ട്രീയസന്ദര്‍ഭം കേരളത്തിൽ സംജാതമായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഒരു ജാത്യാധീശവിരുദ്ധ പ്രസ്ഥാനത്തിെൻറ തുടക്കമായി അത് മുന്നോട്ടുെവച്ചു എന്നതിലാണ്. ഈ രാഷ്ട്രീയ സാഹചര്യം എന്നത് യഥാർഥത്തില്‍ 1915-^17 കാലത്ത് കേരളത്തിൽ നടന്ന ഈഴവരുടെ ക്ഷേത്രത്യാഗസമരം ആയിരുന്നു. ഈഴവരെ ഹിന്ദു ആചാരങ്ങളിലേക്കും അമ്പലങ്ങളിലേക്കും കൂട്ടത്തോടെ കൊണ്ടുവരാൻ ശ്രീനാരായണഗുരുവിെൻറ ചില പ്രവര്‍ത്തനങ്ങൾ കാരണമായപ്പോൾ ഇൗ അമ്പലങ്ങളിലേക്കു വന്ന ഈഴവർ തങ്ങൾ ഇൗ സ്ഥലങ്ങളില്‍, അതിെൻറ കൃത്യമായ അതിരുകള്‍ക്ക് പുറത്തുപോലും, എത്രമാത്രം അനഭിലഷണീയരാണ് എന്ന് കൂടുതൽ ശക്തിയോടെ മനസ്സിലാക്കുകകൂടി ചെയ്യുന്നുണ്ടായിരുന്നു. അതിെൻറ ഫലമായാണ് ക്ഷേത്രത്യാഗസമരം നടക്കുന്നത്. ഇത് ഹൈന്ദവക്ഷേത്രങ്ങളുടെ വരുമാനത്തെത്തന്നെ ബാധിക്കുകയും ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നൽകാന്‍പോലും കഴിയാത്ത സ്ഥിതി സംജാതമാവുകയും ചെയ്തു. ആഴ്വാഞ്ചേരി തമ്പ്രാക്കൾ ശമ്പളം നല്‍കുന്നില്ലെന്ന പരാതിയുമായി അടിച്ചുതളിക്കാരി കോടതിയെ സമീപിച്ചപ്പോൾ ക്ഷേത്രത്യാഗസമരം മൂലം ഉണ്ടായ വരുമാനനഷ്ടമാണ് കാരണമായി ക്ഷേത്ര മാനേജ്മെൻറ് കോടതിയില്‍ ബോധിപ്പിക്കുന്നത്. ഈ ഒരു ചരിത്രസന്ദര്‍ഭമാണ് പന്തിഭോജനത്തിന് അയ്യപ്പൻ തെരഞ്ഞെടുക്കുന്നത് എന്നത് തീരെ അപ്രധാനമായ കാര്യമായി തോന്നുന്നില്ല.
ശ്രീനാരായണഗുരുവിെൻറ സന്ദേശങ്ങളെ അവയുടെ രാഷ്ട്രീയമായ സാംഗത്യം തിരിച്ചറിഞ്ഞു പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നത് എസ്.എന്‍.ഡി.പി യോഗത്തേക്കാളേറെ ടി.കെ. മാധവനും സഹോദരൻ അയ്യപ്പനുമാണ്. രണ്ടുപേരും രണ്ടു വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. അയ്യപ്പന് ഗുരുവിെൻറ സന്ദേശങ്ങളെ ഒരു പുതിയ സിവില്സമൂഹത്തിെൻറ നിർമാണത്തിനും രാഷ്ട്രശരീരത്തിെൻറ പുനര്‍നിർമിതിക്കുമായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ടി.കെ. മാധവൻ അതിനെ രാഷ്ട്രീയ സമൂഹത്തിെൻറയും ദേശീയ രാഷ്ട്രീയത്തിെൻറയും ഭാഗമാക്കാനാണ് ഉത്സാഹിച്ചത്. രണ്ടു വ്യത്യസ്ത രീതിയിലുള്ള സ്വാംശീകരണങ്ങളായിരുന്നു ഇത് രണ്ടും. എന്നാല്‍, പ്രധാനമായ വസ്തുത, ഈ രണ്ട് ഇടപെടലുകളും ഇല്ലായിരുന്നെങ്കിൽ പില്ക്കാലത്ത് ഗുരുവിെൻറ സന്ദേശങ്ങള്ക്കുണ്ടായ പ്രചാരമോ ആഴത്തിലുള്ള സ്വീകരണമോ ഉണ്ടാവുമായിരുന്നോ എന്നത് സംശയമാണ് എന്നതാണ്. ഇത് ഒരർഥത്തിൽ ഗുരുതന്നെ മനസ്സിലാക്കിയിരുന്നു. ടി.കെ. മാധവെൻറയും സഹോദരൻ അയ്യപ്പെൻറയും ശ്രമങ്ങള്‍ തെൻറ ആശയങ്ങളെ ‘തത്തമ്മേ പൂച്ച പൂച്ച’ എന്നരീതിയിൽ പ്രചരിപ്പിക്കുന്നവയല്ല എന്നും അവർ അതിനെ പുനര്വ്യഖ്യാനിക്കുകയാണ് ചെയ്യുന്നതെന്നും ഗുരുവിനു തീര്‍ച്ചയായും മനസ്സിലായിരുന്നു.
പക്ഷേ, സങ്കുചിതമായി അതിനെ എതിര്‍ക്കാനോ താൻ വരച്ച കളത്തില്‍ മാത്രം നില്‍ക്കണമെന്ന് ആവശ്യപ്പെടാനോ അല്ല ഗുരു തയാറായത്. മറിച്ച് അദ്ദേഹം അവരെ പരോക്ഷമായും പ്രത്യക്ഷമായും ആശീര്‍വദിക്കുകയാണ് ചെയ്യുന്നത്. സഹോദരന് അയ്യപ്പൻ പന്തിഭോജനം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിന് ഗുരു നല്കിയ സന്ദേശത്തില്‍ ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് ഒരു ദോഷവും ഇല്ല’ എന്ന് കൃത്യമായി എഴുതിനല്കാൻ ഗുരു മടിക്കുന്നില്ല. എന്നു മാത്രമല്ല, കേവലം ഗതാനുഗതികത്വത്തിൽ കുടുങ്ങിക്കിടന്ന എസ്.എന്‍.ഡി.പി യോഗത്തെക്കാള്‍ ക്രിയാത്മകമായി തെൻറ സന്ദേശങ്ങളെ പുനര്‍വ്യാഖ്യാനിക്കാൻ ശ്രമിച്ചിരുന്ന ടി.കെ. മാധവെൻറയും സഹോദരൻ അയ്യപ്പെൻറയും മാര്‍ഗമാണ് ഗുരുവിനു കൂടുതല്‍ അഭികാമ്യമായിരുന്നത് എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് അദ്ദേഹം പില്ക്കാലത്ത് കൂടുതല്‍കൂടുതൽ യോഗത്തില്‍നിന്ന് അകലുകയും അയ്യപ്പെൻറയും മാധവെൻറയും രാഷ്ട്രീയമായ ഇടപെടലുകളെ അംഗീകരിക്കുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നത്.
പന്തിഭോജനത്തെ രാഷ്ട്രീയശരീരത്തിെൻറ പുനര്‍നിർമിതിക്കുള്ള ഒരു മുദ്രാവാക്യമാക്കി മാറ്റാനുള്ള അയ്യപ്പെൻറ ശ്രമം ദൂരവ്യാപക ഫലങ്ങളാണ് സൃഷ്ടിച്ചത്. അത് തൊള്ളായിരത്തി ഇരുപതുകളിൽ കൂടുതല്‍കൂടുതൽ സവര്‍ണരെ കീഴാളരാഷ്ട്രീയത്തിെൻറ സാധ്യതകൾ തിരിച്ചറിയുന്നതിലേക്ക് നയിക്കുകയുണ്ടായി. കേളപ്പനും കൃഷ്ണപിള്ളയും നമ്പൂതിരിപ്പാടും ഭട്ടതിരിപ്പാടുമെല്ലാം ഈ രാഷ്്ട്രീയത്തിെൻറ സൃഷ്ടികളാണ്. കീഴാളസമൂഹത്തിലെ നേതൃത്വം സൃഷ്ടിച്ചെടുത്ത നവോത്ഥാനത്തിെൻറ ഗുണഭോക്താക്കളിൽ പ്രമുഖരായിരുന്നു ഇവരെല്ലാം. അവരുടെ ആദ്യകാല പ്രശ്നമായ സ്വന്തം ജാതിയിലെ അനാചാരങ്ങളുടെ അർഥമില്ലായ്മ അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് സഹോദരൻ അയ്യപ്പെൻറയും അയ്യങ്കാളിയുടെയും മറ്റും പ്രവര്‍ത്തനങ്ങളാണ്. അയ്യങ്കാളിയും അയ്യപ്പനും ഇല്ലായിരുന്നെങ്കിൽ ഒരു ഇ.എം.എസോ കൃഷ്ണപിള്ളയോ വി.ടി. ഭട്ടതിരിപ്പാടോ ഉണ്ടാവുമായിരുന്നില്ല. അത്തരത്തില്‍ സവര്‍ണ വിഭാഗങ്ങളില്‍തന്നെ വളരെ കൃത്യമായി ഉല്പതിഷ്ണു ചിന്തകളുടെ വിത്തുകൾ പാകാൻ അയ്യപ്പെൻറ പന്തിഭോജനത്തിനു കഴിഞ്ഞു.
കേരളത്തെ യഥാർഥത്തില്‍ സാമൂഹികപരിഷ്കരണത്തിെൻറ ഒരു പരീക്ഷണശാലയാക്കുന്നത് സഹോദരന് അയ്യപ്പനാണ്. അതില്‍ പന്തിഭോജനത്തിനുള്ള പ്രാധാന്യം അവിതര്‍ക്കിതവുമാണ്. ഇരുപതുകളിലെ മനുഷ്യാവകാശസമരങ്ങള്‍ മുതൽ നിവര്‍ത്തനപ്രക്ഷോഭം വരെയുള്ള സിവില്‍സമൂഹ സമരങ്ങളുടെ പ്രചോദനം പന്തിഭോജനമായിരുന്നു. കാരണം, ഒരു പ്രതീകാത്മക പന്തിഭോജനത്തോടെ തെൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയല്ല അദ്ദേഹം ചെയ്തത്. ഒരു ബീഫ് ഫെസ്റ്റിവൽ ആയിരുന്നില്ല പന്തിഭോജനം. അത് ഒരു സാംസ്കാരിക നവീകരണ പ്രക്രിയയുടെ തുടക്കവും തെൻറ പില്ക്കാല രാഷ്ട്രീയ പ്രവര്‍ത്തനത്തിെൻറ ഊർജവുമാക്കി മാറ്റിക്കൊണ്ടാണ് സഹോദരൻ അയ്യപ്പൻ മുന്നോട്ടുപോയത്. അത് കേരളസമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം അയിത്തജാതിക്കാര്‍ക്ക് രാഷ്ട്രീയമായ ആത്മവിശ്വാസം നല്കിയെന്നതും ഒരു കീഴാള രാഷ്ട്രീയമുന്നണി എന്ന സാര്‍ഥകമായ സങ്കല്പം സൃഷ്ടിക്കുകയും ചെയ്തു എന്നുള്ളതുമാണ്.
ഈ കീഴാളമുന്നണി രൂപപ്പെട്ടതുകൊണ്ടാണ് തൊട്ടടുത്ത ദശകം മുതൽ സവർണ ജാതികളില്‍നിന്ന് ഒറ്റപ്പെട്ട വ്യക്തികൾ സാമൂഹിക പരിഷ്കരണത്തെക്കുറിച്ച് ചിന്തിക്കുന്നവരായി മാറിയത്. എന്നാല്‍, നിർഭാഗ്യകരമായ വസ്തുത ഈ വിഭാഗം സ്വയം ദലിത് നേതൃത്വം സ്വീകരിക്കുന്നതിനു പകരം അവരുടെ സമരത്തെ സ്വന്തം അജണ്ടകളിലേക്ക് സ്വാംശീകരിക്കുകയാണ് ചെയ്തത് എന്നതാണ്. അത് വ്യാപകമായി സംഭവിച്ചു എന്നത് നിസ്സാരമായ കാര്യമല്ല. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതല്ല. മറിച്ച് ഇതു കാണിക്കുന്നത് സിവില്‍സമൂഹത്തിനുള്ളിൽ സമൂഹത്തിൽ സ്വന്തം രാഷ്ട്രീയം പോലും വളരെവേഗം അപഹരിക്കപ്പെടാവുന്നത്ര ദുർബലാവസ്ഥയാണ് പാര്ശ്വവത്കൃതര്ക്കുണ്ടാവുക എന്നതാണ്. 1910-^20 ദശകത്തില്‍നിന്ന് കേരളസമൂഹം ഇരുപതുകളിൽ എത്തുമ്പോഴേക്ക് സവര്‍ണ ഉല്പതിഷ്ണു വിഭാഗങ്ങള്‍ കീഴാളമോചനത്തിെൻറ രാഷ്ട്രീയത്തെ ഏതാണ്ട് പൂര്‍ണമായും ഏറ്റെടുക്കുന്നതാണ് കാണുന്നത്. അങ്ങനെ ഏതാണ്ട് അരനൂറ്റാണ്ട് കീഴാളസമൂഹങ്ങൾ സ്വന്തം നേതൃത്വത്തിൽ നടത്തിയ മുന്നേറ്റത്തിെൻറ ചരിത്രം പില്ക്കാലത്ത് അതുവഴി വന്ന കോൺഗ്രസിലെയും സോഷ്യലിസ്റ്റ് കോൺഗ്രസിലെയും കമ്യൂണിസ്റ്റ് പാർട്ടിയിലെയുമൊക്കെ സവർണ നേതൃത്വത്തിെൻറകൂടി ചരിത്രമായി മാറുന്നു. പന്തിഭോജനംപോലെ വിപ്ലവാത്മകമായ ഒരു പ്രതീകത്തിെൻറ വിസ്ഫോടനാത്മകമായ ഉള്ളടക്കം അവര്‍ക്ക് മനസ്സിലാവുന്നതായിരുന്നില്ല.
ഇന്ന് കേരളം ജാതിസമത്വത്തിെൻറ ആ ആദ്യകാല രാഷ്ട്രീയത്തില്‍നിന്ന് ഏറെ അകന്നുകഴിഞ്ഞിരിക്കുന്നു. വ്യക്തിസമത്വം ഉണ്ടാകാതിരിക്കുകയും ജാതിശ്രേണി വിരുദ്ധസമരങ്ങൾ മുപ്പതുകളോടെ തളരുകയും ചെയ്തതിെൻറ ബാക്കിപത്രമാണ് ഇന്നത്തെ കേരളം. നിരോധിക്കപ്പെട്ട കാളയിറച്ചി പരസ്യമായി കഴിക്കുന്നത് ഒരു പ്രതിഷേധ മാർഗമാണ്. പക്ഷേ, നവോത്ഥാനത്തിെൻറ രാഷ്ട്രീയം തിരിച്ചുപിടിക്കാൻ അതുമാത്രം മതിയാവില്ലെന്നും ജാതിസമത്വം ഇന്നും പൂര്‍ത്തീകരിക്കാത്ത സാമൂഹിക അജണ്ടയാണെന്നും പന്തിഭോജനം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ നാം കൂടുതൽ വ്യക്തതയോടെ ഓർക്കേണ്ടിവരുകയാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.