ഇപ്പോൾ ഒരു കാര്യം കൂടുതൽ വ്യക്തമായി വരുന്നു. കോവിഡ് 19 അടുത്തിടെയൊന്നും നമ്മെ വിട്ടുപോകുമെന്നു തോന്നുന്നില്ല. പല രാജ്യങ്ങളിലും രോഗാവസ്ഥ സങ്കീർണമായിത്തന്നെ തുടരുന്നു. ഫലപ്രദമായ രോഗനിയന്ത്രണത്തിനുള്ള വാക്സിനോ, ചികിത്സക്കുള്ള മരുന്നോ ഇനിയും ലഭ്യമായിട്ടില്ല. അതിനാൽ പെരുമാറ്റ രീതികളിലും ഇടപെടലുകളിലും ഉണ്ടാകുന്ന പരിവർത്തനങ്ങളാണ് നിലവിൽ ഏറ്റവും ശക്തമായ പ്രതിരോധമാർഗം. രോഗവ്യാപനം നിലക്കാതിരുന്നാൽ ജനങ്ങളിൽ ലോക്ഡൗൺ ആലസ്യം (fatigue) ഉണ്ടാകും. ലോക്ഡൗൺ കാലത്തെ വീട്ടിലിരിക്കൽ വ്യാജമായ സുരക്ഷിതത്വ ബോധം വളരാനിടയാക്കും.
എത്ര കാലം വൈറസ് സജീവമായിരിക്കും എന്നറിയില്ല, എങ്കിലും മുൻകാല അനുഭവങ്ങൾ ഇത് മനസ്സിലാക്കാൻ സഹായിക്കും. കഴിഞ്ഞ മുന്നൂറു വർഷത്തിൽ എട്ട് ഫ്ലൂ പകർച്ചവ്യാധികളുണ്ടായി. അതിൽ ഏഴും ആറു മാസത്തിനുള്ളിൽ രണ്ടാമത് വന്നു. ഏതാനും ചിലത് ലഘു തരംഗങ്ങളായി രണ്ടുവർഷം വന്നുകൊണ്ടിരുന്നു. ഇക്കുറിയും ചരിത്രം ഭിന്നമാകാനിടയില്ല. കോവിഡ് 19 രണ്ടു വർഷക്കാലം ഏറ്റക്കുറച്ചിലോടെ നമ്മോടൊപ്പമുണ്ടാകും. ഇപ്പോഴത്തെ വ്യാപനം പിൻവാങ്ങിയശേഷം ആറു മാസത്തിനകം മറ്റൊരു പൊട്ടിപ്പുറപ്പെടൽ ഉണ്ടായിക്കൂടെന്നില്ല.
അങ്ങനെയാണെങ്കിൽ ഘട്ടംഘട്ടമായി ലോക്ഡൗൺ ഉദാരമാക്കുകയും തുടർന്ന് പിൻവലിക്കുകയും വേണ്ടിവരും. അപ്പോഴും സുരക്ഷിതരായിരിക്കേണ്ടത് എങ്ങനെ? കൂടുതൽ പേർ പുറത്ത് നിറയുമ്പോൾ വൈറസ് നമ്മെ ബാധിക്കില്ലെന്നും നമ്മിലുണ്ടെങ്കിൽ മറ്റുള്ളവർക്ക് നൽകില്ലെന്നും ഉറപ്പാക്കണം. യോനാഥാൻ കേയ് ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധം അതിവ്യാപനത്തിെൻറ രഹസ്യങ്ങൾ തേടുന്നു. ഉദാഹരണത്തിന് ചില വ്യക്തികൾ ചില സാഹചര്യങ്ങളിൽപെടുമ്പോൾ അതിവ്യാപനകർത്താക്കൾ (super spreaders) ആയി മാറുന്നു. ജർമൻ ശാസ്ത്രജ്ഞനായ കാറൽ ഫ്ലൂഗേ (1899) നടത്തിയ പഠനങ്ങളിലാണ് മനുഷ്യ സ്രവങ്ങൾ അന്തരീക്ഷത്തിലൂടെ രോഗവ്യാപനം നടത്തുന്നതെങ്ങനെ എന്ന് കണ്ടെത്തിയത്. സാധാരണ ശ്വസനത്തിലും സൂക്ഷ്മകണങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നുവെങ്കിലും അവ നൽകുന്ന റിസ്ക് തുലോം പരിമിതമാണ്. എന്നാൽ സംസാരിക്കുക, ചുമയ്ക്കുക, തുമ്മുക എന്നിവയിൽകൂടി വളരെയധികം ഫ്ലൂഗേ തുള്ളികൾ പുറത്തേക്കു വ്യാപിക്കും. പുതിയ പഠനങ്ങളനുസരിച്ചു ഇതിലെ വലിയ കണങ്ങളുടെ ഭാരം കൊണ്ടുതന്നെ അധികദൂരം സഞ്ചരിക്കാതെ ഭൂമിയിൽ പതിക്കും. എന്നാൽ, അതിസൂക്ഷ്മമായവ, പത്ത് മിറോ മീറ്ററിലും കൃശമായവ ഏറോസോൾ രൂപത്തിലും അന്തരീക്ഷത്തിൽ കൂടുതൽ സമയം നിൽക്കും. ലോക്ഡൗണിനു ശേഷം പരസ്പരദൂരം പാലിക്കേണ്ടതിെൻറ പ്രാധാന്യം ഈ പഠനം കാട്ടിത്തരുന്നു.
കോവിഡ് പനിക്ക് വളരെ കുറച്ചു വൈറസുകൾ ശരീരത്തിൽ കടന്നാൽ മതി. ഇത് കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും, 1000 വൈറസ് ശരീരത്തിൽ കടന്നാൽ മതി, പനിയെത്താൻ എന്ന് പല വിദഗ്ധരും കരുതുന്നു. ഏതെങ്കിലും പ്രതലത്തിൽനിന്ന് നമ്മുടെ വിരലുകളിൽ വൈറസുകൾ പതിഞ്ഞെങ്കിൽ അത് കണ്ണിൽ തിരുമ്മിയാൽ അണുബാധയായി. കോവിഡ് ബാധിതരുടെ ശ്വാസത്തിൽനിന്ന് നൂറോളം വൈറസുകൾ പുറത്തേക്കുവരും; പത്തു ശ്വാസം നമ്മിൽ പതിഞ്ഞാൽ അണുബാധ സാധ്യതയേറും.
ഒരു ശക്തമായ ചുമയിൽ 3000 സൂക്ഷ്മകണങ്ങൾ ഉണ്ടാകും, തുമ്മുമ്പോൾ 30000 വും. ഈ സൂക്ഷ്മ പദാർഥങ്ങൾ നിലത്തു പതിക്കും മുമ്പ് അമ്പതു മുതൽ ഇരുനൂറു കിലോമീറ്റർ വരെ വേഗത്തിലാണ് സഞ്ചരിക്കുക. ഓരോ സൂക്ഷ്മകണങ്ങളിലും അസംഖ്യം വൈറസുകളുണ്ട്. കോവിഡ് ബാധിച്ചയാളിെൻറ തുമ്മലിൽ 20 കോടിയോളം വൈറസുകൾ ഉണ്ടാകാം. നമ്മുടെ മുഖത്തേക്കുതന്നെ തുമ്മിയാൽ മാത്രമേ വൈറസ് ബാധയുണ്ടാകൂ എന്നില്ല. മുറികൾ, അടഞ്ഞ സ്ഥലങ്ങൾ, ഹോട്ടലുകൾ, തിയറ്റർ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ ഒന്നിച്ചുകൂടുമ്പോൾ അണുബാധയുള്ളവർ വൈറസ് അവിടെ നിക്ഷേപിക്കും. അത് അന്തരീക്ഷത്തിൽ കൂടുതൽ സമയം തങ്ങി നിൽക്കുകയും വൈറസ് നിക്ഷേപിച്ചയാൾ പോയിക്കഴിഞ്ഞു വരുന്ന മറ്റൊരാളിലേക്ക് വ്യാപനം നടക്കുകയും ചെയ്യും. സമ്പർക്കത്തിലൂടെ രോഗവ്യാപനം നടക്കും എന്നുപറയുമ്പോൾ സമ്പർക്കത്തിലേർപ്പെട്ട വ്യക്തികൾ നേരിട്ട് കണ്ടുകൊള്ളണമെന്നില്ല. അടഞ്ഞപരിസരങ്ങളിൽ അടുത്തടുത്ത് നിന്ന് സംസാരിക്കുന്നതും വൈറസ് വ്യാപനത്തെ സഹായിക്കും. ലിഫ്റ്റ്, മാർക്കറ്റുകൾ, തിരക്കുള്ള യാത്രകൾ എന്നിവ ഇൗ ഗണത്തിൽ പെടും.
ഇതൊക്കെ ഇത്ര പ്രശ്നമാണോ എന്ന് ചോദിക്കാം. രോഗലക്ഷണമുള്ളവരിൽനിന്ന് അകൽച്ച പാലിച്ചാൽ പോരേ? ഒറ്റനോട്ടത്തിൽ ഇത് മതിയെന്നു തോന്നാം. എന്നാൽ, അങ്ങനെയല്ല. പഠനങ്ങൾ കാട്ടുന്നത് 40-50 ശതമാനം വരെ കോവിഡ് ബാധിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാവില്ലെന്നാണ്. പകുതിയോളം പേർക്കും രോഗലക്ഷണങ്ങൾ കാണില്ല. അവർക്കുതന്നെ രോഗമുള്ളതായി തോന്നുകയുമില്ല. എന്നാൽ, അവരിൽനിന്ന് രോഗം പിടിപെടുന്നവർക്ക് രോഗം സാധാരണയെന്നപോലെ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യും. അതാണ് രോഗവ്യാപനത്തിെൻറ കാര്യത്തിൽ നാം നൽകേണ്ട പ്രത്യേക ശ്രദ്ധ അത്യാവശ്യമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇടത്തരം പ്രവൃത്തിസ്ഥലങ്ങൾ രോഗവ്യാപനത്തിൽ ഉൾപ്പെടുന്നത്. വിവാഹം, ജന്മദിന ആേഘാഷം, മുറികൾ ഹാളുകൾ എന്നിവകളിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകൾ ഒക്കെ വലിയ റിസ്ക് ആകുന്നത്. അടഞ്ഞ സ്പേസ് കൂടുതൽ റിസ്ക് നൽകുന്നു. വായു കടന്നുപോകുന്നതും മുറിക്കുള്ളിലെ വായു മാറ്റപ്പെടുന്നതുമായ ഇടങ്ങളിൽ റിസ്ക് കുറയുകയും ചെയ്യും.
സമൂഹത്തിൽ പാലിക്കേണ്ട ശാരീരിക അകലമാണ് നമ്മുടെ രക്ഷാകവചം. അനേകം മാസം നീണ്ടുനിൽക്കാവുന്ന പെരുമാറ്റ രീതിയാവണം ഇത്. ‘കാപ്സ്യൂൾ കേരളം’ എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിൽ അസംഘടിത മേഖലയിൽ 85.5 ശതമാനം പേർക്കും വരുമാനം ഗണ്യമായി കുറഞ്ഞു എന്നു കാണിക്കുന്നു. 44 ശതമാനം പേർക്ക് കടബാധ്യത വർധിച്ചു. ജീവിതഗുണത പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നവർ 59 ശതമാനമുണ്ട്. ചെറിയ സാമ്പിളിൽ ചെയ്ത പഠനമാണെങ്കിലും ഏതാണ്ട് ഇതേ രീതിയിൽതന്നെയാണ് മറ്റു പഠനങ്ങളിലും കാണാനാകുന്നത്. സാമൂഹിക സാമ്പത്തികമേഖലയിൽ പിന്നാക്കം നിൽക്കുന്നവരിൽ ഉണ്ടായിവരുന്ന നിശ്ശബ്ദമായ പ്രതിസന്ധിയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികകരുതൽ അവരിലും കൂടിവേണം എന്നതിനാൽ ലോക് ഡൗണിൽ മെല്ലെ അയവുണ്ടാകണം. വൈറസ്സാന്നിധ്യം നീണ്ടകാലത്തേക്കുണ്ടാകും എന്നതിനാൽ നാം അനുവർത്തിക്കേണ്ട സാമൂഹിക പെരുമാറ്റ രീതി ഗൗരവമായി കാണണം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.