അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിെൻറ (എൻ.ആർ.സി) കെടുതികൾക്ക് ഇരയായവരുമായി സംവദിച്ച് അടുത്തിടെ തിരിെച്ചത്തിയ ആക്ടിവിസ്റ്റായ ഡോക്ടറുമായി കഴിഞ്ഞ ദിവസം വൈകുന്നേരം സംസാരിക്കുകയായിരുന്നു ഞാൻ. എൻ.ആർ.സി ഓരോ കുടുംബത്തെയും എത്ര മാരകമായാണ് ബാധിച്ചതെന്ന് കേട്ടുകൊണ്ടിരുന്നു. ഒന്നോ രണ്ടോ അംഗങ്ങൾക്ക് മാരക രോഗങ്ങൾ ബാധിച്ച് മരണപ്പെടുകയോ അല്ലെങ്കിൽ നാടുകടത്തൽ വിഭാഗത്തിലേക്ക് മാറ്റപ്പെടുകയോ ചെയ്യപ്പെട്ട് കുടുംബങ്ങൾ ചിതറിത്തെറിച്ചതിെൻറ വിവരണങ്ങളായിരുന്നു എല്ലാം. സന്തോഷത്തോടെ ജീവിച്ചിരുന്ന ഇടങ്ങളിൽനിന്ന് നുള്ളിയെടുത്ത് അങ്ങുമിങ്ങും കൊണ്ടുചെന്ന് നടതള്ളിയ ജീവിതത്തിൽ ഇരകളെല്ലാം ചത്തതിനൊക്കുമേ എന്ന അവസ്ഥയിലായിരുന്നു.
രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലും എൻ.ആർ.സി നടപ്പാക്കുമെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ച സന്ദർഭത്തിൽ അത്യന്തം പ്രകോപിതയായാണ് ഇൗ കോളം എഴുതാൻ ഇരിക്കുന്നത്. ഈ സാഹചര്യത്തിൽ തന്നെ അസമിൽ തെറ്റുകളും പിഴവുകളും തിരുത്തലും രാഷ്ട്രീയതാൽപര്യങ്ങൾക്കനുസരിച്ചുള്ള പരിഷ്കരണനടപടികളുമൊക്കെ ഇക്കാര്യത്തിൽ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എൻ.ആർ.സി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിൽ പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇതുവരെ അസമിൽ മാത്രമാണ് എൻ.ആർ.സി തയാറാക്കിയിട്ടുള്ളത്. അവിടെ പൗരത്വപ്പട്ടികയിൽ തങ്ങളുടെ പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയ 329 ദശലക്ഷം പേരിൽ 1.9 ദശലക്ഷം പൗരത്വത്തിന് ഇപ്പോൾ യോഗ്യരല്ലെന്നാണ് പറയുന്നത്.
അസമിൽ പ്രകൃതിദുരന്തങ്ങളും വിപത്തുകളും ഭരണകൂടം നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലെ പൗരന്മാരിലേക്കും താമസക്കാരിലേക്കും കൂടി ഈ ഭയവിഹ്വലത കടത്തിവിടുന്ന സ്ഥിതിവിശേഷമാണ് എൻ.ആർ.സി രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഉണ്ടായിട്ടുള്ളത്. ഇൗ പ്രഖ്യാപനം നിരവധി സുപ്രധാന ചോദ്യങ്ങൾ ഉയർത്തുക സ്വാഭാവികമാണ്. അതിൽ ഏറ്റവും പ്രധാനം യഥാർഥ പൗരന്മാരിൽ എത്ര പേരെ ഇത് ബാധിക്കുമെന്നതുതന്നെ. രാജ്യത്തുടനീളം നടക്കുന്ന പൗരത്വം രേഖപ്പെടുത്തൽ പരിപാടിയിൽ ബോധപൂർവം ചില വിഭാഗങ്ങൾ ലക്ഷ്യംവെക്കപ്പെടുകയോ പിഴുതെറിയപ്പെടുകയോ ചെയ്യില്ലെന്ന് പറയാനാകില്ല.
മതപരമായ ഒരു വിവേചനവും ഉണ്ടാകില്ലെന്ന ഉറപ്പാണ് ഇേപ്പാൾ പറയുന്നത്. എന്നാൽ, നമ്മളിൽ ആർക്ക് നിഷ്കളങ്കമായി രാഷ്ട്രീയക്കാരെയും അവരുടെ ഉറപ്പുകളെയും വിശ്വസിക്കാനാകും? കശ്മീർ സാധാരണ നിലയിലായി എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പരിഗണിച്ചാൽ, എൻ.ആർ.സിയിൽ അദ്ദേഹം നൽകിയ ഉറപ്പുകളെ കുറിച്ച് ഗൗരവമായ പുനരാലോചന വേണ്ടിവരും. കശ്മീർതാഴ്വര ഇതുവരെ സാധാരണനിലയിലേക്ക് മടങ്ങിയിട്ടില്ല എന്നതിനൊപ്പം അതിനുള്ള വിദൂര സാധ്യതപോലും ഇപ്പോഴുമില്ലെന്നത് യാഥാർഥ്യമാണ്.
രാജ്യത്തെ മുസ്ലിംകൾ ഒഴികെ വിവിധ ജാതികളിലെയും മതങ്ങളിലെയും അംഗങ്ങൾ എൻ.ആർ.സിയെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും അവെര ബാധിക്കില്ലെന്നും നേരത്തേ നടത്തിയ പ്രസംഗങ്ങളിെലാന്നിൽ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. മുസ്ലിംകൾ ഒഴികെ മതവിഭാഗങ്ങളെന്നുതന്നെ വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിെൻറ പ്രസംഗം. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷങ്ങളോട് ‘ഹിന്ദുത്വ’ ഇതുവരെ നടത്തിയ ഇടപെടലുകളുടെ പശ്ചാത്തലം പരിശോധിക്കുേമ്പാൾ ഇത് വിചിത്രമോ അയഥാർഥമോ ആയി തോന്നില്ല. അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ വലിയ തോതിൽ ലംഘിക്കാതെതന്നെ മുസ്ലിംസമുദായത്തോട് പക്ഷപാതപരമായി പെരുമാറുന്നതിെൻറ ഉദാഹരണങ്ങളാണ് ഒന്നിനു പിറകെ ഒന്നായി പുറത്തുവരുന്നത്.
മറ്റു സുപ്രധാന വശങ്ങളുണ്ട്. റൊട്ടിയടക്കം അടിസ്ഥാന ഭക്ഷണ പദാർഥങ്ങൾക്കായി പൗരന്മാർ കാത്തിരിക്കുേമ്പാൾ എൻ.ആർ.സി നടപ്പാേക്കണ്ടതിെൻറ അടിയന്തര ആവശ്യമെന്താണ്? പോഷകാഹാരക്കുറവ്, ദാരിദ്ര്യം, പട്ടിണി, രോഗം എന്നിവ മൂലം മനുഷ്യർ നശിക്കുന്നിെല്ലന്ന് ഉറപ്പുവരുത്തുന്നതിനുപകരം ആരാണ് ഇന്ത്യക്കാരൻ ആരാണ് അല്ലാത്തത് എന്ന് ഉറപ്പുവരുത്താനുള്ള പണിയാണ് ഇന്നത്തെ സർക്കാർ ചെയ്യുന്നത്. ചുരുങ്ങിയത് ഓരോ ഇന്ത്യക്കാരനും നിലനിൽക്കാനും സ്വസ്ഥമായി ശ്വസിക്കാനും കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. അതാണ് ഏറ്റവും പ്രധാനം. അതിനുശേഷം മാത്രമേ മറ്റു സങ്കീർണ വിഷയങ്ങളിലേക്ക് കടക്കേണ്ടതുള്ളൂ. എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കാൻ സർക്കാർ മുന്നോട്ടുപോകുന്നത് എന്തിനെന്ന് അടിയന്തരമായി ചോദ്യം ചെയ്തേ തീരൂ.
എൻ.ആർ.സിക്ക് വളരെയധികം ഊന്നൽ നൽകുന്നതിലൂടെ ഗവൺമെൻറിന് സുപ്രധാനവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ സാധിക്കുന്നുണ്ട്. ജീവൻ നിലനിർത്താനുള്ള ഭക്ഷണം ചോദിക്കാൻ പോലും ആർക്കും കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടുക. രാജ്യത്തിെൻറ യഥാർഥ പൗരന്മാരാണെങ്കിൽപോലും പൗരത്വം തെളിയിക്കാനുള്ള രേഖകളായിരിക്കും അവർ തിരയുക. അവരെ കേൾക്കാനും പതിറ്റാണ്ടുകളോ അതിൽ കൂടുതലോ കാലമായി ഈ മണ്ണിൽ നിലനിൽക്കുന്ന അവരുടെ വസ്തുതകൾ അറിയാനും ആർക്കാണ് നേരമുണ്ടാകുക? യഥാർഥ പൗരന്മാർ ആെണങ്കിലും അവരുടെ ആത്മാർഥമായ അപേക്ഷകൾ പരിഗണിക്കാൻ ആരുണ്ടാകും? വിവിധ തടങ്കൽകേന്ദ്രങ്ങളിൽ നിന്ന് അവരെ പുറത്തുകടത്താനും രക്ഷപ്പെടുത്താനും ആരാണുണ്ടാകുക? വെള്ളപ്പൊക്കത്തിലും ഭൂകമ്പത്തിലും മറ്റു ദൈനംദിന ദുരന്തങ്ങളിലും സുപ്രധാന പൗരത്വരേഖകൾ നശിച്ചതിനാൽ ഈ വികസിത കാലഘട്ടത്തിലും കുടുംബങ്ങൾ വിഭജിക്കപ്പെട്ട് ഇല്ലാതാക്കപ്പെടുന്ന കുടുംബങ്ങളെ കുറിച്ച് ആരാണ് ചിന്തിക്കുക?
ശശിഭൂഷൺ പാണ്ഡെ: ശബ്ദവും ആവിഷ്കാരവും
ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥിയായ ശശിഭൂഷൺ പാണ്ഡെ ഹബീബ് ജാലിബിെൻറ വരികൾ ചൊല്ലുന്നത് കഴിഞ്ഞ ഗ്രീഷ്മകാലത്ത് കേട്ടത് വീണ്ടെടുക്കുകയാണ് ഞാൻ. ആ വിഡിയോയിലും ശബ്ദത്തിലും ആകൃഷ്ടയായി അദ്ദേഹത്തിെൻറ ഓരോ വരികളും കേട്ടുകൊണ്ടിരുന്നു. ഇടക്കിടെ ശശിഭൂഷൺ പാണ്ഡെയുടെ വിഡിയോ കണ്ടുകൊണ്ടിരിക്കുേമ്പാഴും തിരിച്ചറിഞ്ഞിരുന്നില്ല, ആ യുവവിദ്യാർഥി കാഴ്ചവെല്ലുവിളി നേരിടുന്നയാളാണെന്ന്. വ്യവസ്ഥയും ഭരണസംവിധാനങ്ങളും ചേർന്ന് വിഷാദത്തിലേക്കും നിരാശയിലേക്കുമെല്ലാം തള്ളിയിടുേമ്പാൾ സാന്ത്വനമായി എത്തിയിരുന്നത് ശശിഭൂഷൺ പാണ്ഡെയുടെ ശബ്ദമാണ്. ഹബീബ് ജാലിബിെൻറ തീക്ഷ്ണവും വിമർശാത്മകവുമായ വരികൾ ഇറ്റിറ്റുവീഴുന്നതും ചുറ്റുമിരിക്കുന്ന വിദ്യാർഥികൾക്കിടയിൽനിന്ന് ശശിഭൂഷൺ പാടുന്നതും കാണുേമ്പാൾ നഷ്ടപ്പെട്ട ഉൗർജം തിരിച്ചുകിട്ടുന്ന അനുഭവമാണ്.
ജെ.എൻ.യുവിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പൊലീസിെൻറ ക്രൂരമർദനത്തിനും മോശം പെരുമാറ്റങ്ങൾക്കും ഇരയായ ഈ വിദ്യാർഥിയിലേക്ക് മാധ്യമശ്രദ്ധ തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇക്കഴിഞ്ഞ മാസങ്ങളിെലല്ലാം തെൻറ ശബ്ദം കൊണ്ട് എന്നെ ആകർഷിച്ച അതേ വിദ്യാർഥിയാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞു. യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് യൂനിയനിലെ കൗൺസിലറായ കാഴ്ചവെല്ലുവിളി നേരിടുന്ന ശശിഭൂഷൺ പാണ്ഡെ തന്നെയാണത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മധ്യവർഗ കുടുംബത്തിൽ നിന്നാണ് വരുന്നത്. ചെലവുകൾ സ്വയം കണ്ടെത്തുന്നുവെന്നതാണ് ഏറെ ആശ്ചര്യപ്പെടുത്തിയത്. പിതാവ് മരണപ്പെെട്ടന്നും മാതാവ് ഗോരഖ്പുരിൽ വീട്ടമ്മയാണെന്നുമാണ് റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കിയത്.
ഈ സാഹചര്യത്തിലാണ് സ്വന്തം ചെലവുകൾക്കുള്ള വരുമാനം കണ്ടെത്താനുള്ള ഉത്തരവാദിത്തം ഈ വിദ്യാർഥി ഏറ്റെടുത്തത്. സാമ്പത്തിക- തൊഴിൽ വിഷയങ്ങളിൽ സർക്കാർ പിന്തുണക്കേണ്ട സ്ഥാനത്ത് നേർവിപരീതമായി ഡൽഹി പൊലീസുകാർ തല്ലിച്ചതക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തത് ഏറെ ഭയാനകമായിരുന്നു. നമ്മുടെ യഥാർഥ പൗരന്മാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണൂ. ഏതു രീതിയിലാണ് ചെറുപ്പക്കാരോട് പെരുമാറുന്നതെന്നും നോക്കൂ. ശശിഭൂഷൺ പാണ്ഡെയെ പോലെ കഴിവും ധൈര്യവും ബോധ്യവുമുള്ള യുവാക്കളാണ് പ്രതീക്ഷ. അവർ മാത്രമാണ് ഒരേയൊരു പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.