ജി​ഗ്​​നേ​ഷ്​ മേ​വാ​നി​യും ദ​ലി​ത്‌ ഉ​ട്ടോ​പ്യ​യും

ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത്‌ മർദനത്തി​െൻറ വിഡിയോ യൂട്യൂബില്‍ വന്നതിനു ശേഷമുണ്ടായ പ്രതിഷേധ സമരങ്ങളുടെ നേതാവ് എന്നനിലയില്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ച യുവ ദലിത് ആക്ടിവിസ്റ്റാണ് ജിഗ്നേഷ് മേവാനി. ഇന്ത്യയിൽ എമ്പാടും ദലിത് രാഷ്ട്രീയത്തി​െൻറ സന്ദേശവുമായി അദ്ദേഹം സഞ്ചരിക്കുന്നുണ്ട്. ഇതിനകം പലതവണ അദ്ദേഹം കേരളത്തിലും വന്നുപോയി. എന്നാൽ, അദ്ദേഹത്തി​െൻറ ഒരു ധൈഷണികമായ ഇടപെടല്‍ നേരിട്ട് ശ്രദ്ധിക്കാന്‍ അവസരമുണ്ടായത് ഈ കഴിഞ്ഞദിവസം ഹൈദരാബാദില്‍ അന്വേഷി എന്ന സംഘടന അദ്ദേഹത്തി​െൻറ പ്രഭാഷണവും സംവാദവും സംഘടിപ്പിച്ചപ്പോഴാണ്. 1985ല്‍ സൂസിതാരു അടക്കമുള്ള ഫെമിനിസ്റ്റ് സൈദ്ധാന്തികരും ആക്ടിവിസ്റ്റുകളും കൂടി രൂപംകൊടുത്ത രാഷ്ട്രീയ- സാംസ്കാരിക ഗവേഷണ സ്ഥാപനമാണ് അന്വേഷി. സ്ത്രീ പഠനങ്ങള്‍ക്കാണ് സംഘടന പ്രാമുഖ്യം നല്‍കുന്നത്. വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കാറുള്ള അന്വേഷി ഇത്തവണ ജിഗ്നേഷ് മേവാനിയെയാണ് ഈ  സമ്മേളനത്തെക്കുറിച്ച് അൽപം വൈകിയാണ് ഞാന്‍ അറിഞ്ഞത്. അതുകൊണ്ട് ജിഗ്നേഷി​െൻറ പ്രസംഗത്തി​െൻറ തുടക്കം എനിക്ക് കേള്‍ക്കാനായില്ല. എങ്കിലും, പിന്നീട് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വ്യക്തതയും തെളിമയുമുള്ള നിരീക്ഷണങ്ങളായിരുന്നു. തീര്‍ച്ചയായും ഉപരിചര്‍ച്ച ആവശ്യമുള്ള ചില അഭിപ്രായങ്ങള്‍ അദ്ദേഹം പങ്കുെവച്ചിരുന്നു. ആ ആശയങ്ങളെക്കുറിച്ചാണ് ഈ കുറിപ്പില്‍ ചര്‍ച്ചചെയ്യുന്നത്.

ഭാവിയെക്കുറിച്ചുള്ള വിഷാദപൂർണവും ഭയസങ്കുലവുമായ കാഴ്ചപ്പാടുകളെ ഡിസ്ടോപ്യ എന്നും വരുംകാലത്തെക്കുറിച്ച് പ്രത്യാശഭരിതവും പ്രസാദപൂർണവും ശുഭസൂചകവുമായ ആദര്‍ശചിന്തകള്‍ െവച്ചുപുലർത്തുന്നതിനെ ഉട്ടോപ്യ എന്നും പറയാറുണ്ട്‌. ഇത് വളരെ ലളിതമായ ഒരു വിശദീകരണമാണ് എന്നത് ഞാന്‍ മറച്ചുെവക്കുന്നില്ല. ഉട്ടോപ്യ എന്നുപറഞ്ഞാല്‍ വ്യർഥ സങ്കൽപങ്ങൾ എന്ന ഒറ്റയര്‍ഥം മാത്രം വായിച്ചെടുക്കേണ്ടതില്ല. ഉട്ടോപ്യയെക്കുറിച്ചുള്ള എ​െൻറ ചില സന്ദേഹങ്ങള്‍ ഈയിടെ വിജി തമ്പി ചീഫ് എഡിറ്ററായുള്ള ‘എഴുത്ത്’ മാസികയില്‍ ഞാന്‍ പങ്കുെവച്ചിരുന്നു (ഉട്ടോപ്യകള്‍ക്കപ്പുറം നീളുന്ന ബദല്‍രാഷ്ട്രീയം, ജനുവരി 2016). ഈ ആശയത്തി​െൻറ ചരിത്ര -ദാര്‍ശനിക മാനങ്ങളില്‍ ചിലത് അതില്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ജിഗ്നേഷ് മേവാനിയുടെ സമീപനങ്ങളില്‍ തെളിഞ്ഞുകണ്ട ഉട്ടോപ്യന്‍ ധാരകളെ അൽപം സന്തോഷത്തോടും എന്നാല്‍ സംശയത്തോടും കൂടിയാണ് ഞാന്‍ വീക്ഷിക്കുന്നത്. അദ്ദേഹവുമായുള്ള സദസ്സി​െൻറ സംവാദം വിശേഷിച്ചും രണ്ടുവഴികളില്‍ പിരിയുകയായിരുന്നു. അദ്ദേഹത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ച ആക്ടിവിസ്റ്റുകളും ഗവേഷകരുംപുലർത്തിയത്‌ അദ്ദേഹത്തി​െൻറ ദാര്‍ശനിക സമീപനത്തോടുള്ള അടിസ്ഥാനപരമായ ഒരു അവിശ്വാസവും വിയോജിപ്പുമായിരുന്നു എന്നാണ് ഞാന്‍ മനസ്സുകൊണ്ട് അൽപം അകലെനിന്ന് ആ സംവാദം കേട്ടപ്പോള്‍ മനസ്സിലാക്കിയത്‌. ആ സംവാദത്തില്‍ പങ്കെടുക്കുക എന്നതിനെക്കാള്‍ അവിടത്തെ പ്രവര്‍ത്തകര്‍ക്കും ജിഗ്നേഷിനും പറയാനുള്ളത് ശാന്തമായി കേള്‍ക്കുക എന്ന അജണ്ടയാണ് എനിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പിന്നീട് അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ താൽപര്യമുണ്ടായി.

ത​െൻറ പ്രസംഗത്തി​െൻറ ആദ്യഭാഗത്ത്‌  ഗുജറാത്തിലെ സംഭവങ്ങളും അതി​െൻറ തുടര്‍ച്ചയായുണ്ടായ രാഷ്ട്രീയ സമരത്തി​െൻറ പശ്ചാത്തലവുമാണ് അദ്ദേഹം വിശദീകരിച്ചത്. അവിടെ ഉന സംഭവത്തി​െൻറ സാഹചര്യത്തില്‍ ഉണ്ടായ രാഷ്ട്രീയമായ ഉണര്‍വ് എങ്ങനെ ദലിത്^മുസ്ലിം ഐക്യത്തിലേക്കും ദലിത്‌^മുസ്ലിം സംഘടനകളുടെ യോജിച്ചുള്ള രാഷ്ട്രീയ മുന്നേറ്റത്തിലേക്കും നയിച്ചുവെന്നതി​െൻറ സമഗ്രമായ ഒരു ചിത്രംതന്നെ അദ്ദേഹം വരച്ചുകാട്ടി. ഇപ്പോൾ നടക്കുന്ന യോജിച്ചുള്ള പദയാത്രകളും മറ്റു സമരങ്ങളും ഉയര്‍ത്തുന്ന സാമൂഹിക ചലനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായി പറയുന്നുണ്ടായിരുന്നു. ഈ അടുത്തകാലംവരെ ഗുജറാത്തില്‍ താമസിച്ചിരുന്ന എനിക്ക് നേരിട്ട് ബോധ്യമുള്ള വസ്തുതകളായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ജാതിപരവും മതപരവുമായ വിവേചനങ്ങള്‍ അതി​െൻറ ഉച്ചകോടിയില്‍ നില്‍ക്കുന്ന ഗുജറാത്തിൽ ഉന സംഭവം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. അതിനു മുമ്പും ശേഷവും അവിടെ ദലിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉന സമരത്തിനുശേഷം അവിടെ നിലനില്‍ക്കുന്നത് സവർണ ഭീഷണികളുടെയും ദലിത്‌ ഭീതിയുടെയും അന്തരീക്ഷമാണ്. അതിനെ മറികടക്കാനുള്ള രാഷ്ട്രീയമായാണ് ദലിത്‌ -ന്യൂനപക്ഷ ഐക്യം അവിടെ ഉയര്‍ന്നുവന്നത്. ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യശക്തികളുടെ വിശാലമായ ഐക്യമില്ലാതെ ആ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. ആ രാഷ്ട്രീയം തന്നെയും പരിമിതമായ നേട്ടങ്ങളേ ഉണ്ടാക്കുന്നുള്ളൂ. കാലുഷ്യം നിറഞ്ഞ സവർണ മേധാവിത്വം ഗുജറാത്തിലെ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലുമെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. ആ സാഹചര്യത്തിൽ ജിഗ്നേഷ് മുന്നോട്ടുവെക്കുന്ന വിശാലമായ ഐക്യത്തി​െൻറ രാഷ്ട്രീയത്തിനുള്ള പ്രസക്തി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതല്ല.

എന്നാൽ, അതിനപ്പുറം അംബേദ്‌കറിസത്തെക്കുറിച്ചും ജാതിരാഷ്ട്രീയത്തെക്കുറിച്ചുമുള്ള ത​െൻറ വ്യത്യസ്തമായ ചില ഭാവിചിന്തകള്‍, അവ എത്രമാത്രം ഭ്രൂണാവസ്ഥയിലാണ് എന്ന ക്ഷമാപണത്തോടെ തന്നെ ജിഗ്നേഷ് അവതരിപ്പിക്കുകയുണ്ടായി. ഇതാണ് പ്രധാനമായും ചര്‍ച്ചയില്‍ വിയോജിപ്പുകള്‍ക്ക് വഴിെവച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ആക്ടിവിസത്തി​െൻറയും സൈദ്ധാന്തികാന്വേഷണങ്ങളുടെയും വഴികളില്‍ ദീര്‍ഘകാലം സഞ്ചരിച്ചവരാണ്. തെലങ്കാനയിലെയും ആന്ധ്രയിലെയും അറിയപ്പെടുന്ന എഴുത്തുകാരാണ്. വിയോജിപ്പുകൾ രേഖപ്പെടുത്തിയവരില്‍ പലരുടെയും നിലപാടുകളോട് എനിക്ക് സഹഭാവം ഉണ്ടെങ്കിലും ജിഗ്നേഷി​െൻറ സമീപനം ഉണര്‍ത്തുന്ന കൗതുകങ്ങള്‍ നിസ്സാരമായി തള്ളിക്കളയാവുന്നവയല്ല. ഒന്നാമതായി അദ്ദേഹം തനിക്ക് സ്വത്വരാഷ്ട്രീയത്തോടുള്ള വിയോജിപ്പ് എന്താണ് എന്നുള്ളത് രേഖപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ്. സ്വത്വരാഷ്ട്രീയത്തി​െൻറ പ്രയോഗത്തില്‍ മുഴുകിനില്‍ക്കുന്ന ഒരു ആക്ടിവിസ്റ്റ് അതി​െൻറ ചില സൈദ്ധാന്തിക പരിമിതികള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിലെ സാംഗത്യം ശ്രദ്ധയര്‍ഹിക്കുന്നതാണ്. അദ്ദേഹം പറയുന്നത് ത​െൻറ രാഷ്ട്രീയം ഊന്നുന്നത് ജാതിയെ ശക്തിപ്പെടുത്തുന്നതിലല്ല, അതിനെ ഇല്ലായ്മ ചെയ്യുന്നതിലാണ് എന്നാണ്. സവർണരും അവർണരും ഇല്ലാത്ത ഒരു ഇന്ത്യ ഉണ്ടാവണം എന്നാണു അദ്ദേഹം ആഗ്രഹിക്കുന്നത്. സ്വത്വത്തില്‍ മാത്രം ഊന്നിയുള്ള രാഷ്ട്രീയം ആത്യന്തികമായി സ്വത്വങ്ങളുടെ ചരിത്രപരമായ ഫലശൂന്യതയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടും എന്ന ഒരു വീക്ഷണമാണ് അദ്ദേഹത്തിനുള്ളത് എന്ന് തോന്നി. കാരണം, ഇതിനോട് പലരും വിയോജിച്ചപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് അവർണര്‍ക്കിടയില്‍ത്തന്നെ നിലനില്‍ക്കുന്ന ജാതിശ്രേണികളെക്കുറിച്ചും അതി​െൻറ പേരില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചുമാണ്. കേരളത്തില്‍പോലും തികച്ചും അപരിചിതമല്ല ഈ വാദം എന്ന് നമുക്കറിയാം. സ്വത്വത്തി​െൻറ ചരിത്രപരമായ പരിമിതികളെക്കുറിച്ച് സൂചിപ്പിക്കുന്നതെല്ലാം പ്രായോഗികവും സത്താവിരുദ്ധവുമായ ഒരു സ്ട്രാറ്റജിക് സ്വത്വരാഷ്ട്രീയത്തിന് എതിരാണ് എന്ന് ഒരു കാലത്തും ഞാന്‍ വിചാരിച്ചിട്ടില്ല എന്നതിനാല്‍ ജിഗ്നേഷി​െൻറ അഭിപ്രായത്തെ അൽപംകൂടി സഹിഷ്ണുതയോടെ കാണാനാണ് ആഗ്രഹിക്കുന്നത്.

അതുപോലെ, ജിഗ്നേഷ് സൂചിപ്പിച്ച മറ്റൊരു പ്രധാന കാര്യം മാര്‍ക്സിസത്തോടുള്ള അദ്ദേഹത്തി​െൻറ സമീപനമാണ്. നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തരുന്ന നിരാശകളെയും അദ്ദേഹം അടക്കമുള്ള ദലിത്‌ പ്രവര്‍ത്തകര്‍ കേരളത്തിലെ സി.പി.ഐ^സി.പി.എം കക്ഷികളോട് പുലര്‍ത്തുന്ന അഭിപ്രായഭിന്നതകളെയും സി.പി.എം കേരളത്തില്‍ നടപ്പാക്കുന്ന ദലിത്‌വിരുദ്ധ നയങ്ങളെയും അദ്ദേഹം വിസ്മരിക്കുന്നില്ല. എന്നാൽ, മാര്‍ക്സിസത്തി​െൻറ ചില ധാരകളെ അദ്ദേഹം തന്നെ സൂചിപ്പിക്കുന്ന സ്വത്വവാദവിരുദ്ധമായ ഒരു രാഷ്ട്രീയവുമായി കണ്ണിചേര്‍ക്കേണ്ടതുണ്ട് എന്നും ഇതാണ് ശരിയായ അംബേദ്‌കറിസമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതിനോടുള്ള ചില ശക്തമായ വിയോജിപ്പുകള്‍, വിശേഷിച്ചും അദ്ദേഹം ത​െൻറ എത്തിസ്റ്റ്-^മാര്‍ക്സിസ്റ്റ് നിലപാടുകള്‍ മുന്നോട്ടുെവച്ചപ്പോള്‍ ഉണ്ടായ ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് ജിഗ്നേഷ് പറഞ്ഞവ, ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞത് എന്തുകൊണ്ട് തനിക്കൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിക്കൂടാ എന്നാണു താന്‍ ചിന്തിക്കുന്നത് എന്നാണ്. അതെങ്ങനെയാണ്‌ അംബേദ്‌കറിസമാവുക എന്ന ചോദ്യത്തിന് അദ്ദേഹത്തി​െൻറ മറുപടി അംബേദ്‌കര്‍ ഒരു രാഷ്ട്രീയപാര്‍ട്ടി  തുടങ്ങിയപ്പോള്‍ അത് ജാതിപാര്‍ട്ടി ആയിരുന്നില്ല, ലേബര്‍ പാര്‍ട്ടി ആയിരുന്നു എന്നും അതി​െൻറ കൊടി നീലയായിരുന്നില്ല, ചുവപ്പായിരുന്നുഎന്നുമായിരുന്നു. ജാതി എന്ന യാഥാർഥ്യം ഉള്‍ക്കൊള്ളാന്‍പോലും കഴിയാത്ത വ്യര്‍ഥമായ ഒരുവർഗ രാഷ്ട്രീയത്തില്‍ ഇവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിരമിച്ചിരുന്ന കാലത്താണ് അംബേദ്‌കര്‍ ഈ പേരും കൊടിയും സ്വീകരിക്കുന്നത്.

തീര്‍ച്ചയായും അദ്ദേഹത്തി​െൻറ രാഷ്ട്രീയ-ദാര്‍ശനിക വിചാരങ്ങള്‍ ഒരു ദലിത്‌ ഉട്ടോപ്യ ആണ് സമകാല ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിവേകപൂർണമായ വിമര്‍ശനത്തിനു സാംഗത്യമുണ്ട്. പക്ഷേ, പ്രാന്തവത്കരണത്തിനെതിരെ വ്യത്യസ്തമായ ഒരു രാഷ്ട്രീയം ഒരു പ്ലൂറലിസ്റ്റ് സമൂഹത്തില്‍ വളർത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവനേതാവ് എന്നനിലയില്‍ അദ്ദേഹത്തിന് ഇൗ വിചാരങ്ങള്‍ െവച്ചുപുലര്‍ത്താനും അതി​െൻറ അടിസ്ഥാനത്തില്‍ ഭാവിസമൂഹത്തെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്യാനുമുള്ള  അവകാശമുണ്ട്‌. മനസ്സിൽ ഉട്ടോപ്യൻ സ്വപ്‌നങ്ങളില്ലാത്ത വരട്ടുനേതൃത്വങ്ങളെക്കാള്‍ ചരിത്രം കാതോർത്തിട്ടുള്ളത്‌ ദാര്‍ശനികതയുടെ സംവാദങ്ങള്‍ ഉയർത്തുന്നവരുടെ വാക്കുകള്‍ക്കുവേണ്ടിയാണ്.

Tags:    
News Summary - jighnash mevani and dalit uttopya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.