കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രത്തിൽ വലിയൊരു മുന്നേറ്റമാണ് കീഴാറ്റൂരിലെ വയൽക്കിളികളുടേത്. വലിയ ജനപിന്തുണയും മാനസികമായ ഐക്യപ്പെടലും കേരളീയർക്കുണ്ടായ അതിപ്രധാനമായ ഒരു ജീവിതസമരമായി കീഴാറ്റൂർ പ്രക്ഷോഭം മാറിക്കഴിഞ്ഞു. ഈ സമരം ഉയർത്തുന്ന അടിസ്ഥാനപരമായ ആവശ്യങ്ങളിൽ കവിഞ്ഞ ഒരു പ്രതീകാത്മകമൂല്യം കേരളീയജനത ഇതിൽ ദർശിക്കുന്നുണ്ട്. പാരിസ്ഥിതിക നൈതികതയുടെ ഒരു ആഗോളവീക്ഷണവും അതിജീവനത്തിെൻറ ഒരു പ്രാദേശിക സർഗാത്മകതയും ചേർന്ന് ഈ സമരത്തെ ഇന്ത്യയിൽ ഇന്ന് നടക്കുന്ന സിവിൽസമൂഹ ഇടപെടലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറ്റിയിരിക്കുകയാണ്.
എഴുപതുകളുടെ അവസാനം മുതൽ കേരളത്തിൽ ശക്തമായ പരിസ്ഥിതിവാദത്തിെൻറ രാഷ്ട്രീയത്തിന് എണ്ണിപ്പറയാൻ നേട്ടങ്ങൾ കുറവാണ്. യഥാർഥത്തിൽ ലോകത്തെല്ലായിടത്തും അതുതന്നെയാണ് സ്ഥിതി. മുതലാളിത്തം കടിഞ്ഞാണുകളില്ലാത്ത പ്രകൃതിചൂഷണത്തിൽ അധിഷ്ഠിതമായ ഉൽപാദനരീതിയാണ്. മുതലാളിത്തത്തിലെ അധ്വാനചൂഷണമാണ് ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ജന്മംനൽകിയതെങ്കിൽ അതിെൻറ പ്രകൃതിചൂഷണമാണ് ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് കാരണമായത്. മുതലാളിത്തത്തിെൻറ ആദ്യകാല വിമർശകരിൽ പ്രധാനിയായിരുന്ന കാൾ മാർക്സിെൻറ വിശകലനങ്ങളിൽ വ്യവസായിക വളർച്ചയും കൃഷിയുടെ വ്യവസായികവത്കരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള വേവലാതികൾ കടന്നുവന്നിരുന്നു. അന്ന് ഇക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന പരിമിതമായ ജ്ഞാനസമുച്ചയത്തെ മുൻനിർത്തി മൂലധനത്തിലും മറ്റു കൃതികളിലും ഇക്കാര്യം സൂചിപ്പിക്കാനും അർഥശങ്കയില്ലാതെതന്നെ രേഖപ്പെടുത്താനും മാർക്സും എംഗൽസും തയാറായിരുന്നു. എന്നാൽ, മനുഷ്യാധ്വാനം ചൂഷണം ചെയ്യപ്പെടുന്നതിെൻറ ചരിത്രപരമായ രീതികളെക്കുറിച്ചും അതിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെ നേരിടേണ്ട രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഏജൻസിയെക്കുറിച്ചുമെല്ലാമുള്ള ആകാംക്ഷകളാൽ മാർക്സിസം ലോകത്തെ മാറ്റുകയെന്ന മുദ്രാവാക്യത്തിെൻറ അർഥവത്തായ ചില സാധ്യതകൾ കണ്ടെത്തുന്നുണ്ടെങ്കിലും മുതലാളിത്ത ഉൽപാദനരീതി മുന്നോട്ടുവെക്കുന്ന പ്രകൃതിചൂഷണാധിഷ്ഠിത സമീപനത്തെ അത്രയും കൃത്യമായി കണ്ടെത്തുന്നതിൽ വേണ്ടത്ര ശ്രദ്ധനൽകിയില്ല എന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് സംഭവിച്ച ഒരു വലിയ പാളിച്ചയായി പിൽക്കാലത്ത് മാറുന്നുണ്ട്.
വ്യവസായ വിപ്ലവത്തിെൻറ അനന്തരഫലങ്ങളിൽ ഒന്നായിരുന്നു ആഗോളതലത്തിൽ ഒരു ഉപഭോഗസമൂഹം സൃഷ്ടിക്കപ്പെട്ടു എന്നത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട ഉപഭോഗസമൂഹത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്രം എന്ന നിലക്കാണ് ധനതത്ത്വശാസ്ത്രം എന്ന പഠനമേഖല തന്നെ ഉണ്ടാവുന്നത്. രാഷ്ട്രീയ സമ്പദ്ശാസ്ത്രം എന്ന് അറിയപ്പെട്ടിരുന്ന ഈ പഠനമേഖലയുടെ വിമർശനം എന്ന നിലക്കാണ് മാർക്സ് തന്നെ തെൻറ ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തിക ഇടപെടലുകളെ മനസ്സിലാക്കിയിരുന്നത്. ഉപയോഗമൂല്യങ്ങളെ ചരക്കുകളാക്കുകയും ആ ചരക്കുകളുടെ അനുസ്യൂതമായ നിർമിതിയും വിതരണവും ഉപഭോഗവും ദേശീയ/ആഗോള സാമ്പത്തിക സംഘാടനത്തിെൻറ അടിസ്ഥാനമാക്കുകയും ചെയ്യുന്ന മുതലാളിത്തം എങ്ങനെയാണ് സ്വയം അനിഷേധ്യമായ സ്ഥാനം ചരിത്രത്തിൽ ഉറപ്പിക്കുന്നതെന്ന്, ആ വ്യവസ്ഥയുടെ അടിവേരുകൾ ആഴത്തിൽ ചികഞ്ഞു ബോധ്യപ്പെടുത്താനാണ് മാർക്സ് തെൻറ ധൈഷണികജീവിതത്തിെൻറ സിംഹഭാഗവും ചെലവഴിച്ചത്.
ആ പരിശോധനയുടെ ഏറ്റവും കാതലായ ഒരു സന്ദർഭത്തിലാണ് അതായത്, അധ്വാനശക്തിയുടെ ചൂഷണത്തിെൻറ ചരിത്രഘട്ടം കേവല മിച്ചമൂല്യത്തിൽ നിന്ന് ശാസ്ത്രസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ സാധ്യമാവുന്ന ആപേക്ഷിക മിച്ചമൂല്യ നിർമിതിയിലേക്ക് കടക്കുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ സൈദ്ധാന്തിക വിചാരത്തിെൻറ സന്ദർഭത്തിലാണ്, മാർക്സ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മെറ്റബോളിക് ഉഭയബന്ധത്തിെൻറ സന്തുലനങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്താൻ ശ്രമിക്കുന്നത്. ഈ വസ്തുതയും അതിെൻറ സാധ്യതകളും എന്താണ് എന്നത് പലപ്പോഴും മാർക്സിസത്തെ സംബന്ധിച്ച ചർച്ചകളിൽ അവഗണിക്കപ്പെടുന്നതായാണ് കാണുന്നത്.
പ്രകൃതിയും മനുഷ്യനും തമ്മിൽ മുതലാളിത്തത്തിൽ സംഭവിക്കുന്ന വിഘടനത്തെ അതിെൻറ ആത്യന്തികമായ ചരിത്രസാമ്പത്തിക രാഷ്ട്രീയ മാനങ്ങളിൽ വിശദീകരിക്കാൻ കഴിവുള്ള ഒന്നാക്കി തെൻറ ജ്ഞാനസിദ്ധാന്തത്തെ മാർക്സ് മാറ്റുന്നില്ല എങ്കിലും ഈ വിഘടനത്തെ മെറ്റബോളിക് റിഫ്റ്റ് എന്ന്, ജൈവരാസപ്രക്രിയയിലെ വിള്ളൽ എന്ന് പേരെടുത്തു വിളിച്ചുകൊണ്ട്, മനുഷ്യരാശി ശ്രദ്ധിക്കേണ്ട ഒരു അടിസ്ഥാനപ്രശ്നമായി രേഖപ്പെടുത്താൻ അദ്ദേഹം മറന്നുപോയില്ല എന്നത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
എന്നാൽ, ഒരു കാലത്തും ലോക സോഷ്യലിസ്റ്റ് രാഷ്ട്രീയം ഇത് വികസിപ്പിക്കുന്നതിനു മുൻകൈയെടുത്തില്ല. മുതലാളിത്തത്തെ അതിെൻറ കേവലമായ രാഷ്ട്രീയ പ്രതിനിധാനത്തിൽ മാത്രം എതിർക്കുകയും അതിെൻറ ഉൽപാദനരീതിയെ വിഭവശക്തിയുടെ നിരന്തരമായ വളർച്ചയായി മാത്രം കാണുകയും ചെയ്യുന്ന ഒരു പൊതുസമീപനത്തിനാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ സാംഗത്യം കിട്ടിയത്. ഇതാവട്ടെ, മുത
ലാളിത്ത രാഷ്ട്രീയ സംവിധാനത്തിെൻറ ചരിത്രരൂപമായി മാറിയ ലിബറൽ പ്രാതിനിധ്യ ജനാധിപത്യത്തിനു ചരിത്രത്തിൽ ആദ്യമായി പ്രായോഗിക ബദൽ ഉയർത്തിക്കാട്ടിയ ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ്വിപ്ലവങ്ങളെ ഏറ്റവും വലിയ അപചയങ്ങളിലേക്ക് വഴിതെളിച്ചുവിടുകയും ചെയ്തു. ഇനിയും സാങ്കേതികമായ അർഥത്തിൽ പരാജയപ്പെട്ടിട്ടില്ലാത്ത ചൈനീസ് വിപ്ലവത്തിെൻറ സ്ഥിതി നോക്കുക. ലോക മുതലാളിത്തത്തിനു പാദസേവ ചെയ്യുന്ന, ജനാധിപത്യ നിഷേധത്തിെൻറയും പരിസ്ഥിതി വിനാശത്തിെൻറയും ഒരു സമഗ്രാധിപത്യ മാതൃക മാത്രമായി ആ രാജ്യം മാറിയിരിക്കുന്നു. മറ്റു സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ ഇരുപതാം നൂറ്റാണ്ടു കടക്കാതെ ചരിത്രത്തിൽനിന്ന് ദയനീയമായി പിൻവാങ്ങുകയും ചെയ്തു.
ഇവിടെയാണ് ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് സ്വീകരിക്കേണ്ട സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ അതിപ്രധാനമായ ഒന്നായി പരിസ്ഥിതി നൈതികത കടന്നുവരേണ്ടത്. കീഴാറ്റൂരിലെ ജനകീയസമരം അതിെൻറ രാഷ്ട്രീയമായ സവിശേഷതകൊണ്ട് ചരിത്രപരമായി ലോക സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട പാളിച്ചയെക്കുറിച്ച് ഓർമിപ്പിക്കുന്ന അതിജീവനസമരമായി മാറുന്നത് അതിനോട് ഇടതുപക്ഷ സർക്കാറും സി.പി.എമ്മും സ്വീകരിച്ച സമീപനം മാർക്സിസത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പിനെ അവഗണിക്കുകയും ചതിക്കുകയും ചെയ്യുന്നു എന്നുകൂടി ബോധ്യപ്പെടുത്തുന്നതിനാലാണ്. ഇത് കേവലം ഒരു നാലുവരിപ്പാതയുടെ ഭൂമി ഏറ്റെടുക്കൽ പ്രശ്നം മാത്രമല്ല. ഒരു പാർട്ടിയുടെ, സർക്കാറിെൻറ, സമീപനത്തിെൻറയും പ്രത്യയശാസ്ത്രപരമായ നിലപാടുകളുടെയും കൂടി പ്രശ്നമായി മാറിയിരിക്കുന്നു. ആ തലത്തിലേക്ക് ഈ സമരത്തെ വളർത്താൻ കഴിഞ്ഞു എന്നതാണ് വയൽക്കിളികളുടെ സമരത്തെ ചരിത്രപരമായി കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
എൺപതുകൾ മുതൽ കേരളത്തിലെ വിവിധ പരിസ്ഥിതി സമരങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ളയാൾ എന്നനിലക്ക് ഈ സമരത്തിനും ഇതിനോടുള്ള എതിർപ്പുകൾക്കും നിരവധി ഭൂതകാല സാമ്യതകൾ കണ്ടെത്താൻ കഴിയും. സൈലൻറ്വാലി സമരം, മാവൂർ റയോൺസ് സമരം, പെരിങ്ങോം ആണവനിലയ വിരുദ്ധ സമരം, പ്ലാച്ചിമട സമരം തുടങ്ങി കേരളത്തിെൻറ രാഷ്ട്രീയ മണ്ഡലത്തിൽ ആഴത്തിലുള്ള പിളർപ്പുകൾ സൃഷ്ടിച്ച പരിസ്ഥിതിവാദ സമരങ്ങൾ പലഘട്ടങ്ങളിലും ഒരുവശത്ത് ജനകീയ താൽപര്യങ്ങളും മറുവശത്ത് ഇടതുപക്ഷ മർക്കടമുഷ്ടിയുടെ വിചാരശൂന്യതയും വ്യർഥ ധാർഷ്ട്യങ്ങളും തമ്മിലുള്ള സംഘർഷത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം ജനകീയമായ ഇച്ഛകളെ മനസ്സിലാക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടിരുന്നു. ആണവനിലയവിരുദ്ധ സമരത്തിൽ ഇ.കെ. നായനാർ സ്വീകരിച്ച അതേ ജനവിരുദ്ധ സമീപനമാണ് ഇപ്പോൾ കീഴാറ്റൂരിലെ സമരത്തിൽ പിണറായി വിജയൻ സ്വീകരിക്കുന്നത്. പെരിങ്ങോം ഗ്രാമവാസികൾ മുഴുവൻ ആണവനിലയത്തിന് അനുകൂലമാണെന്നും അവിടെ പുറത്തുനിന്നുള്ള വികസനവിരോധികൾ കുത്തിത്തിരിപ്പുണ്ടാക്കുകയാണ് എന്നുമൊക്കെ നായനാരും വിളിച്ചുപറഞ്ഞിരുന്നു.
പൊലീസിനെയും പാർട്ടി സംവിധാനത്തെയും സമരത്തെ പരാജയപ്പെടുത്താൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. അങ്ങേയറ്റം അപലപനീയമായ കുതന്ത്രങ്ങളും ഭീഷണിയും ആക്രമണങ്ങളും സമരപ്രവർത്തകർക്കെതിരെ അഴിച്ചുവിട്ടിരുന്നു. പക്ഷേ, പെരിങ്ങോം സമരം കേരള ജനത ഏറ്റെടുത്തതോടെ, കേരളത്തിൽ പരക്കെ ആണവനിലയത്തിനെതിരെ ഉണ്ടായ ശക്തമായ ജനകീയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും മുന്നിൽ നായനാർക്ക് മുട്ടുമടക്കേണ്ടിവന്നു. വിമാനം തകർന്ന് ആളുകൾ മരിക്കുന്നതുപോെലയേയുള്ളൂ ആണവനിലയം തകരുമ്പോഴുള്ള അപകടവും എന്ന ഇ.എം.എസിെൻറ ഒരു കൈ സൈദ്ധാന്തിക സഹായം പോലും നായനാർക്ക് അന്ന് രക്ഷയായില്ല.
കീഴാറ്റൂർ സമരം ആറന്മുളയിലെ വിമാനത്താവളത്തിനെതിരെയുണ്ടായ സമരംപോലെ എല്ലാവിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ചിരിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും മറ്റു സംഘടനകളും കൈകോർത്താണ് ആറന്മുളയിൽ ഉമ്മൻ ചാണ്ടിക്കെതിരെ സമരംചെയ്തതെങ്കിൽ ഇവിടെ സി.പി.എം നിലപാടിനെതിരാണ് സമരം എന്ന വ്യത്യാസമേയുള്ളൂ.
സി.പി.എമ്മിെൻറ എതിർപ്പാവട്ടെ, അവർ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഇടതുപക്ഷ നൈതികതയിൽ നിന്നുണ്ടാവുന്ന എതിർപ്പല്ല. മറിച്ച്, അധികാരം നിയോലിബറൽ നയങ്ങൾ കൂടുതൽ നന്നായി നടപ്പാക്കിക്കൊടുത്ത് ഭരണവർഗങ്ങളുടെ പ്രീതിപറ്റാനുള്ള മറയാക്കി ഉപയോഗിക്കുന്ന എക്കാലത്തെയും ഇടതുസർക്കാറുകളുടെ ഏതോ നൈസർഗിക ദുർവാസനയിൽനിന്ന് ഉണ്ടായിട്ടുള്ളതാണ്. അത് പരാജയപ്പെടുത്തുക എന്നത് കേരളത്തിെൻറ പാരിസ്ഥിതിക ഇച്ഛാശക്തിയുടെ കടമയും കർത്തവ്യവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.