കുട്ടിക്കാലത്തെ ഒരു പാഠപുസ്തകത്തിലെ കുട്ടിക്കവിതയുടെ അവസാന വരികള്‍ ഇങ്ങനെയായിരുന്നു: “മഴ മാറി തെളിയുമ്പോള്‍ തിരുവോണം നമുക്കെല്ലാം.” ഋതുക്കളും മനുഷ്യജീവിതവുമായുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ ആ കവിതയിലുണ്ടായിരുന്നു. “മഞ്ഞുകാലം വരുന്നേരം മാവുതോറും പൂവ് കാണാം, മഞ്ഞു നീങ്ങി വേനലായാല്‍ മാമ്പഴത്തിന് കാലമായി” അങ്ങനെ പോകുന്നു അത്. പിന്നെയാണ് മഴവരുന്നത്. ഇക്കൊല്ലം മഴ മാറി തെളിഞ്ഞപ്പോള്‍ ഓണവും പെരുന്നാളും ആഘോഷിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല നമ്മള്. അത്രക്ക് വലിയ ഒരു ദുരന്തമാണല്ലോ നാട് കണ്ടത്.
മഴക്കാലത്ത് എെൻറ മനസ്സ്, മയിലുമധികം മദിക്കുന്നു എന്ന് നമ്മുടെ ഒരു കവി പാടുകയുണ്ടായി. വിനോദസഞ്ചാരികള്‍ക്കായി മണ്‍സൂണ്‍ ടൂറിസം സംഘടിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഇടക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച പലരും മഴയെ കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഭീതിയോടെ എഴുതി. പ്രകൃതിയില്‍നിന്ന് നാം എത്ര അകന്നിരിക്കുന്നു! നാം പ്രണയിച്ച മഴ ശത്രുവായി മാറുകയായിരുന്നില്ല. മഴവെള്ളത്തിെൻറ വഴിമുടക്കി നാം മഹാപ്രളയം സൃഷ്ടിക്കുകയായിരുന്നു. വനനശീകരണവും അതിെൻറ ഫലമായുണ്ടാകുന്ന ജൈവവൈവിധ്യനാശവും കാലാവസ്ഥയെയും നമ്മുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളുണ്ട്. അതെല്ലാം പരിസ്ഥിതി മൗലികവാദികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥകളെന്നു പറഞ്ഞു തള്ളിക്കൊണ്ട് വിനാശകരമായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന വികസന മൗലികവാദികളായ ഭരണാധികാരികളുടെ പട്ടിക ഡോണാൾഡ് ട്രംപ് മുതല്‍ നരേന്ദ്ര മോദിയും പിണറായി വിജയനും വരെ നീളുന്നു.
അമ്മയെ തല്ലിയാലും രണ്ടുപക്ഷമുള്ള നാട്ടില്‍ ദുരന്തത്തിെൻറ കാരണങ്ങളെക്കുറിച്ച് ഏകാഭിപ്രായം പ്രതീക്ഷിക്കാനാവില്ല. എങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. മഴപെയ്യാന്‍ കാട് വേണ്ടെന്ന് വാദിച്ച ഒരു നേതാവ് നമുക്കുണ്ടായിരുന്നു. അദ്ദേഹം അതിനു തെളിവും നല്കി: കാടില്ലാത്ത കടലിലും മഴയുണ്ട്! ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നിരവധിപേര്‍ സാക്ഷരകേരളത്തിലുണ്ട്. സാക്ഷരത കണക്കുകളില്‍ പരിസ്ഥിതി സാക്ഷരത ഉൾപ്പെടുന്നില്ലല്ലോ. താത്ത്വികമായ അവലോകനങ്ങള്ക്കൊന്നും മുതിരാതെ, നീണ്ടകാല ജീവിതത്തില്‍ കണ്ടറിഞ്ഞ ചില കാര്യങ്ങള്‍ മാത്രം ഇവിടെ പറയാം. ഞാന്‍ 1944ല്‍ ആണ് മലയാള പത്രങ്ങള്‍ വായിച്ചു തുടങ്ങിയത്. അക്കാലത്ത് പത്രങ്ങളിലൊന്നും ഇല്ലാതിരുന്ന പല വാക്കുകളും ഇപ്പോള്‍ കാണാം. അതിലൊന്നാണ് ഉരുള്‍പൊട്ടല്‍. ആ പ്രതിഭാസം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത് 1970കളിലാണ്. ആദ്യം ഉരുള്‍പൊട്ടല്‍ റിപ്പോർട്ടുകള്‍ വന്നത് തിരുവിതാംകൂറിലെ മലയോരങ്ങളില്നിന്നാണ്. രണ്ടോ മൂന്നോ പതിറ്റാണ്ട് കഴിഞ്ഞ് മലബാറിലെ മലയോരങ്ങളില്‍നിന്നും ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. വനംൈകയേറ്റ ചരിത്രത്തിനു പിന്നാലെയാണ് ഉരുള്‍പൊട്ടല്‍ ചരിത്രം നീങ്ങിയത്. ഇത്തവണ മിക്ക ജില്ലകളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ൈകയേറ്റക്കാര്‍ എല്ലായിടത്തും എത്തിയെന്നർഥം.
വനം കൈയേറ്റ ചരിത്രം രാഷ്ട്രീയ കേരളത്തിെൻറ ആദിവാസി വഞ്ചനയുടെ ചരിത്രം കൂടിയാണ്. കൈയേറ്റം വ്യാപകമായി നടന്ന ഇടുക്കി, വയനാട് ജില്ലകള്‍ കൂടാതെ ചെങ്ങന്നൂര്‍, ആറന്മുള, പന്തളം, റാന്നി, ആലുവ, ചാലക്കുടി എന്നിങ്ങനെ പല നഗരങ്ങളിലും മലപ്പുറം ജില്ലയിലും മഴ ഏറെ നാശം വിതച്ചു. അതിവേഗ നഗരവത്കരണം നടക്കുന്ന ഇടങ്ങളാണ് ഇവയെല്ലാം. വ്യവസായവത്കരണവും നഗരവത്കരണവും കൂടാതെയാണ് കേരളം കഴിഞ്ഞ നൂറ്റാണ്ടില്‍ വലിയ സാമൂഹിക പുരോഗതി നേടിയത്. പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറിയ എൻജിനീയർമാരും ഡോക്ടര്‍മാരും നഴ്സുമാരും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ കണ്ടെത്തിയ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കുകയും അത് കെട്ടിട നിർമാണത്തിലും മറ്റു മേഖലകളിലും എത്തുകയും ചെയ്തതോടെ ഗ്രാമങ്ങള്‍ നഗരങ്ങളായി, നഗരങ്ങള്‍ വന്‍നഗരങ്ങളായി. ഇപ്പോള്‍ വന്‍നഗരങ്ങള്‍ മെട്രോകളായിക്കൊണ്ടിരിക്കുന്നു. അഴിമതിക്കാരെ തൃപ്തിപ്പെടുത്തി പാടങ്ങള്‍ നികത്തിയും കുന്നുകള്‍ നിരത്തിയും കായലുകള്‍ കൈയേറിയും പാറകള്‍ പൊട്ടിച്ചും നാം നാട് വികസിപ്പിച്ചപ്പോള്‍ മഴവെള്ളത്തിനു ഒഴുകിപ്പോകാന്‍ ഇടമുണ്ടാകണമെന്നു നാം ഓര്‍ത്തില്ല. പലയിടത്തും വെള്ളം പൊങ്ങി മന്ദിരങ്ങളുടെ രണ്ടാം നില വരെയെത്തി.
സന്ദര്‍ഭത്തിനൊത്തുയരാന്‍ ജനങ്ങള്‍ക്കും അധികാരികള്ക്കുമായെന്നതാണ് ഈ ദുരന്തകാലത്തെ കുറിച്ച് പറയാവുന്ന ഏറ്റവും നല്ല കാര്യം. വെള്ളം പൊങ്ങിയപ്പോള്‍ വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ ഏതാനും കൊല്ലം മുമ്പ് മാത്രം രൂപവത്കരിക്കപ്പെട്ട ദേശീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങളെ കൂടാതെ രക്ഷാപ്രവർത്തനം ചെയ്യുന്ന പാരമ്പര്യമുള്ള എല്ലാ സംസ്ഥാന കേന്ദ്ര ഏജൻസികളും സജീവമായി. നിരവധി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ തീരപ്രദേശത്തുനിന്നു സ്വന്തം വള്ളങ്ങളുമായെത്തി ആയിരക്കണക്കിനാളുകളെ വെള്ളം കയറിയ വീടുകളുടെ മുകളിൽ നിന്ന് രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ച മത്സ്യത്തൊഴിലാളികള്‍ എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടി. ശ്രമകരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തലത്തില്‍ നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയനും കീഴ്ത്തട്ടിലുള്ള ജീവനക്കാര്‍ മുതല്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥനിരയും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ദുരന്തം എത്ര ജീവനെടുത്തെന്നു വ്യക്തമല്ല. എല്ലാവരും ഔദ്യോഗിക മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് യഥാസമയം സുരക്ഷിത ഇടങ്ങളിലേക്ക് നീങ്ങിയിരുന്നെങ്കില്‍ മരണസംഖ്യ കുറക്കാനാകുമായിരുന്നു.
ഒരുപക്ഷേ, അക്കൂട്ടത്തില്‍ പോകാനിടമില്ലാത്തവരും ഉണ്ടായിരുന്നിരിക്കാം. പല വീടുകളുടെയും മുകളിലുള്ള അലുമിനിയം മേൽക്കൂര ടെറസില്‍ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതി ഇട്ടുകൊടുക്കുന്നതിനും അവരെ ഹെലികോപ്ടർ വഴി രക്ഷിക്കുന്നതിനും തടസ്സമായി. ഈ വിധ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസ്ഥാന ദുരന്തനിവാരണ സംവിധാനം നടപടിക്രമങ്ങള്‍ ഉചിതമായ രീതിയില്‍ പരിഷ്കരിക്കണം. പ്രകൃതിയെ കുറിച്ച് പാടിയതു കൂടാതെ കവികള്‍ പരിസ്ഥിതിനശീകരണത്തിനെതിരെ മുന്നറിയിപ്പുകളും തന്നിരുന്നു. അവ ഏറെയും അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ ഭൂമിക്ക് ചരമഗീതം രചിച്ചിട്ടാണ് ഒ.എന്‍.വി പോയത്. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിച്ച അവസരങ്ങളുമുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരുടെ സംഘടനകളും ട്രേഡ് യൂനിയനുകളും പിന്തുണച്ച സൈലൻറ് വാലി വൈദ്യുതി പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഒരുദാഹരണം. ഒരു എൽ.ഡി.എഫ് സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി.ജെ. ജോസഫ് മലയോര ഹൈവേ ഉണ്ടാക്കാന്‍ പദ്ധതിയിട്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ എം.കെ. മുനീര്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ രണ്ടു പദ്ധതികളും നടപ്പിലായിരുന്നെങ്കില്‍ മലയോര മേഖലയുടെ അവസ്ഥ എന്താകുമായിരുന്നു?
തീരദേശത്തുകൂടി പോകുന്ന ദേശീയപാത ആറു വരിയാക്കാനുള്ള പരിപാടി പൊതുസമൂഹ സംഘടനകളുടെ എതിര്‍പ്പുമൂലം ഇതുവരെ തുടങ്ങാനായിട്ടില്ല. ഇത്തവണ വലിയ ക്ഷതം ഏല്‍ക്കാഞ്ഞ വന്‍നഗരങ്ങളിലൂടെ കടന്നുപോകുന്ന പാതയാണിത്. അവിടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കില്‍ അതിെൻറ ആഘാതം നാം ഇപ്പോള്‍ കണ്ടതിലുമേറെ ഗുരുതരമായിരുന്നേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.